Showing posts with label വാര്‍ത്തയും വീക്ഷണവും. Show all posts
Showing posts with label വാര്‍ത്തയും വീക്ഷണവും. Show all posts

2008-02-29

കളി... കളത്തിനു പുറത്തേക്ക്‌




ഇന്ത്യ ഓസിസ്‌ താരങ്ങളെ വിവാദങ്ങള്‍ ഒഴിയാബാധയായി പിന്തുടരുകയാണെന്ന്‌ തോന്നുന്നു. വിവാദങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാനായി ബി സി സി ഐയും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ഇരു രാജ്യങ്ങളിലെ മാധ്യമങ്ങളും ആരാധകരും പരസ്‌പരം മത്സരിക്കുകയാണ്‌. ടെസ്റ്റ്‌ പരമ്പരയ്‌ക്കും ത്രിരാഷ്‌ട്ര ഏകദിന പരമ്പരയ്‌ക്കുമായി ഓസ്‌ട്രേലിയയിലേക്കു പോയ ഇന്ത്യന്‍ ടീം വിവാദങ്ങളെ വിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്‌ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഓസിസ്‌ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ ഓസിസ്‌ ടീം നല്‍കിയ പരാതിയില്‍ മാച്ച്‌ റഫറി ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ മൂന്ന്‌ ടെസ്റ്റുകളില്‍ നിന്ന്‌ വിലക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്നാല്‍ ഇന്ത്യന്‍ ടീം പര്യടനം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുമെന്നറിയിച്ചത്‌ ഫലം കണ്ടതുകൊണ്ടാവണം വിവാദ അമ്പയര്‍ സ്റ്റീവ്‌ ബക്‌നറെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നൊഴിവാക്കാന്‍ ഐ സി സി തയ്യാറായതും ഹര്‍ഭജനെതിരെ എടുത്ത തീരുമാനം ഇന്ത്യയുടെ അപ്പീല്‍ തീര്‍പ്പാകും വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതും.
എന്തുകൊണ്ടെന്നറിയില്ല, കമ്മീഷന്‌ മുന്നിലെത്തിയപ്പോള്‍ `മങ്കി' `തേരെ മാ കി' യായി മാറി. ഒടുവില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ ജസ്റ്റിസ്‌ ജോണ്‍ ഹാന്‍സണ്‍ ഹര്‍ഭജന്‍ കുറ്റക്കാരനല്ലെന്നുള്ള വിധി പ്രഖ്യാപിച്ചു. ഒപ്പം അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന്‌ ഹര്‍ഭജന്‌ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനം പിഴയും. കുംബ്ലെയും പോണ്ടിംഗും പരസ്‌പരം കൈകൗടുത്തു പിരിഞ്ഞു. ക്രിക്കറ്റ്‌ ബോര്‍ഡില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന്‌ ബി സി സി ഐയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡും അറിയിച്ചു. സംഗതി ശുഭമായി അവസാനിച്ചെന്ന്‌ എല്ലാവരും കരുതി.
1998 നു ശേഷം ഐ സി സിയുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടികള്‍ക്കൊന്നും വിധേയനായിട്ടില്ലെന്ന കാരണത്താലാണ്‌ ഹര്‍ഭജന്റെ ശിക്ഷ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനമായി നിജപ്പെടുത്താന്‍ അപ്പീല്‍ കമ്മീഷണകര്‍ തയ്യാറായത്‌. അല്ലെങ്കില്‍ ഈ കുറ്റത്തിന്‌ മാച്ച്‌ ഫീ പൂര്‍ണ്ണമായി പിഴ ഈടാക്കുകയോ ഒരു ടെസ്റ്റില്‍ അല്ലെങ്കില്‍ രണ്ട്‌ ഏകദിനത്തില്‍ വിലക്കുകയോ ചെയ്യാവുന്നതാണെന്ന്‌ കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇത്‌ കേടേടപാടെ ചില വീരന്മാര്‍ ഹര്‍ഭജന്റെ കരിയറിലെ മുഴുവന്‍ വിവരങ്ങളുമായി പുറത്തു വന്നു. ഇതില്‍ മുമ്പില്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തന്നെയാണ്‌. 2001ല്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തതിന്‌ മാച്ച്‌ ഫീയുടെ 75 ശതമാനം പിഴയും ഒരു ടെസ്റ്റില്‍ നല്ല നടപ്പ്‌ ശിക്ഷയും വിധിച്ചത്‌ ഉള്‍പ്പെടെയുള്ള മുന്‍കാല പെരുമാറ്റ ദൂഷ്യങ്ങള്‍ അപ്പീല്‍ കമ്മീഷന്‌ മുന്നില്‍ സമര്‍പ്പിക്കാന്‍ ഐ സി സിക്ക്‌ കഴിയാതെ പോയെന്നായി അവര്‍. അത്‌ ഐ സി സി സമ്മതിക്കുകയും ചെയ്‌തു. കഴിയാതെ പോയതാണോ മനഃപൂര്‍വ്വമാണോ എന്നത്‌ വോറെ കാര്യം. എന്തായാലും ഇതോടെ കൈ കൊടുത്തവര്‍ വീണ്ടും ഇടഞ്ഞു തുടങ്ങി. ത്രിരാഷ്‌ട്ര മത്സരത്തിലെത്തിയപ്പോഴേക്കും യുദ്ധം മുറുകി തുടങ്ങിയിരുന്നു.സിഡ്‌നി ഏകദിനത്തില്‍ ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ സൈമണ്ട്‌സിനെ പവനിയനിലേക്ക്‌ ചൂണ്ടി ഇഷാന്ത്‌ യാത്രയാക്കിയതാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ കാരണം. അതിന്‌ മാച്ച്‌ ഫീയുടെ പതിനഞ്ച്‌ ശതമാനം പിഴയടക്കാനും വിധിയുണ്ടായി. അതേസമയം, ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ മാച്ച്‌ റഫറി ജെഫ്‌ ക്രോയ്‌ക്ക്‌ ഇന്ത്യന്‍ ടീം പരാതി നല്‍കിയിട്ടുണ്ട്‌ (ന്യൂട്ടന്റെ സിദ്ധാന്തവുമായി ഇതിന്‌ ബന്ധമുണ്ടോയെന്ന്‌ സംശയിക്കുന്നു).
ഇന്ത്യ ഓസിസ്‌ മത്സരം ഇപ്പോള്‍ പൂര്‍ണ്ണമായും കളത്തിനു പുറത്തേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. ബ്രസ്‌ബേന്‍ റേഡിയോക്ക്‌ ഹെയ്‌ഡന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പരാമര്‍ശമാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുന്നത്‌. ഹര്‍ഭജന്‍ സിംഗ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കളയാണെന്നാണ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍ പറഞ്ഞുവെച്ചത്‌. സിഡ്‌നിയില്‍ നടന്ന മത്സരത്തിനിടെ ഹര്‍ഭജനെ തുടര്‍ച്ചയായി `മാഡ്‌ ബോയെന്ന്‌' വിളിച്ചാക്ഷേപിച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ പുതിയ പരാമര്‍ശവുമായി ഹെയ്‌ഡന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സമനില തെറ്റിയിരിക്കുകയാണെന്ന്‌ പറഞ്ഞ്‌ ഹര്‍ഭജന്‍ അതിനെതിരെ തിരിച്ചടിക്കാനും തുടങ്ങിയിരിക്കുന്നു. സമനില തെറ്റിയില്ലെങ്കില്‍ വെറ്ററന്‍ താരമായ ഹെയ്‌ഡന്‍ 19കാരനായ ഇഷാന്ത്‌ ശര്‍മ്മയെ ബോക്‌സിംഗ്‌ റിംഗില്‍ നേരിടാന്‍ തയ്യാറാവുമായിരുന്നില്ലെന്നാണ്‌ ഭാജിയുടെ അഭിപ്രായം. ഇതിനു മുമ്പ്‌ സൈമണ്ട്‌സുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വരുന്ന വേളയില്‍ പേസ്‌ ബൗളര്‍ ശ്രീ ശാന്ത്‌ നല്‍കിയ അഭിപ്രായ പ്രകടനങ്ങള്‍ ഇതിലും ഞെട്ടിക്കുന്നതായിരുന്നു. കളിക്കളത്തിലെ ചൂടന്‍ സ്വഭാവത്തിലൂടെ വിവാദ നായകനായി മാറിയ ശ്രീ ``ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കറിയാം'' എന്നു എടുത്തടിച്ചു. തുകൊണ്ട്‌ സംഭവിക്കാന്‍ പോകുന്നത്‌ കൂടിയാല്‍ ആറു പന്തും സിക്‌സറടിച്ചെന്നു വരും. അത്‌ ശ്രീശാന്തിനെ സംബന്ധിച്ചും ക്രിക്കറ്റിനെ സംബന്ധിച്ചുമുള്ള അഭിപ്രായം. അതിന്‌ പുറത്തേക്ക്‌ ചിന്തിക്കാന്‍ ശ്രീ തയ്യാറാവാത്തത്‌ പൂജ ഫലിക്കാത്തതു കൊണ്ടായിരിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനി വരാന്‍ പോകുന്നത്‌ ഇതിലും രസമുള്ള കാര്യങ്ങളാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിനുള്ള കളിക്കാരെ കോടികള്‍ മുടക്കി ലേലത്തിനെടുത്തിരിക്കുകയാണ്‌. വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ ഹര്‍ഭജന്‍ സിംഗിന്റെയും ഇഷാന്ത്‌ ശര്‍മ്മയുടെയും പന്ത്‌ സൈമണ്ട്‌സും ഹെയ്‌ഡനും ബൗണ്ടറി കടത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളും കൈയ്യടിച്ചേക്കാം. അവിടെ കളിക്കുന്നത്‌ ഇന്ത്യയും ഓസിസുമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൊഹാലിയും ഹൈദരാബാദും ചെന്നൈയും കൊല്‍ക്കത്തയും ഉള്‍പ്പെടുന്ന എട്ട്‌ ടീമുകളാണ്‌. ഒരുടീമില്‍ കളിക്കുമ്പോഴെങ്കിലും താരങ്ങള്‍ വിവാദങ്ങളെ പടിക്കു പുറത്ത്‌ വെക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
***വാല്‍കഷ്‌ണം- അണ്ടര്‍ 19 ലോക കപ്പ്‌ സെമി ഫൈനലിനിടെ ന്യൂസിലാന്റ്‌ ബാറ്റ്‌സ്‌മാന്‍ കോറി ജെ ആന്‍ഡേഴ്‌സണിന്റെ വിക്കറ്റെടുത്തതിനു ശേഷം പവലിയനിലേക്കു കയറിപോകാന്‍ ആംഗ്യം കാട്ടിയയ ഇന്ത്യന്‍ ബൗളര്‍ തന്മയ്‌ ശ്രീവാസ്‌തവയ്‌ക്ക്‌ താക്കീതു നല്‍കി.

Read More......

2008-02-27

ബീഹാറി കാണാത്ത `ലാലു മാജിക്ക്‌'











ബസുകളും ഓട്ടോറിക്ഷകളും കറുത്ത പുക നിറച്ച ചെളി നിറഞ്ഞ തെരുവുകള്‍. റോഡു വക്കില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍ ഭക്ഷണം തിരയുന്ന പട്ടികള്‍. അതിന്‌ സമീപമിരുന്ന്‌ ഭക്ഷണം കഴിക്കുന്ന ആളുകള്‍.

ഇത്‌ ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ ഒരു തെരുവില്‍ നിന്നുള്ള കാഴ്‌ചയാണ്‌. വികലമായ സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച്‌ ഒരു കൂട്ടം ജനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഇവിടെ താമസിക്കുന്നു. ഇത്‌ ഇപ്പോള്‍ ഇവിടെ എഴുതാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന്‌ നിങ്ങള്‍ ചിലപ്പോള്‍ സംശയിച്ചേക്കാം. ഒരു പക്ഷെ ഇതിന്റെ തലക്കെട്ടില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധ്യതയുണ്ട്‌. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യന്‍ റെയില്‍വെയെ ലാഭത്തിലാക്കി ലാലു പ്രസാദ്‌ യാദവിന്റെ `ഇന്ദ്രജാലം' തുടരുന്നു. ഇത്‌ ഞാന്‍ പറഞ്ഞതല്ല. ഇപ്രാവശ്യത്തെ റെയില്‍വെ ബജറ്റിനെ അനുമോദിച്ചുകൊണ്ട്‌ കേരളത്തിലെ പത്രങ്ങള്‍ എഴുതിപിടിപ്പിച്ചതാണ്‌. കാര്യം ശരിയായിരിക്കാം. ഇരുപ്പത്തയ്യായിരം കോടിയാണ്‌ ഈ വര്‍ഷത്തെ റെയില്‍വെയുടെ ലാഭം. മാത്രമല്ല, കേരളത്തിന്‌ കോച്ച്‌ ഫാക്‌ടറിയും പുതിയ നാല്‌ വണ്ടികളും കിട്ടിയിട്ടുണ്ട്‌. ലാലു നമുക്ക്‌ തന്ന പ്രസാദമായാണ്‌ പത്രങ്ങള്‍ ഇതിനെ കാണുന്നത്‌. ഇത്രയൊക്കെ നമുക്ക്‌ തന്ന ലാലുവിനെ പുകഴ്‌ത്തിയില്ലെങ്കിലെ അത്ഭുതമുള്ളു.

റെയില്‍വെയുടെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക്‌ ലാലുവിന്റെ സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കാം. ബീഹാറില്‍ അരാജകത്വം നടമാടുകയാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്‌ അവിടെയുണ്ടായ ചെറിയൊരു സംഭവത്തെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ലാലു മറുപടി പറഞ്ഞത്‌. ബീഹാറിലെ ഗ്രാമപ്രമാണിയുടെ വീട്ടില്‍ മോഷണം നടത്തിയത്‌ അടുത്ത ഗ്രാമത്തിലെ ഏതാനും യുവാക്കളാണെന്നേരോപിച്ച്‌ നാട്ടുകാര്‍ അവരില്‍ പത്തുപേരെ തല്ലിക്കൊന്നതാണ്‌ സംഭവം. ഈ കാര്യത്തില്‍ ലാലുവിനെ പറഞ്ഞിട്ട്‌ കാര്യമില്ല. ലാലുവല്ലല്ലോ ഇപ്പോള്‍ മുഖ്യമന്ത്രി. പക്ഷെ ഒരു കാലത്ത്‌ അതായത്‌ ഡല്‍ഹിക്കു പോകുന്നതിനു മുമ്പ്‌ ഏറെക്കാലം നേരിട്ടും ഭാര്യ റാബ്രി ദേവിയെ ബിനാമിയാക്കിയും സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ്‌ ഇപ്പോഴത്തെ റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌. ഇന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി തന്റെ രാഷ്‌ട്രീയ പ്രതിയോഗിയായതിനാല്‍, തന്റെ കാലത്തും ബീഹാറിന്റെ ഗതി ഇതുതന്നെയായിരുന്നുവെന്ന വസ്‌തുത സൗകര്യപൂര്‍വ്വം ലാലു മറന്നു. ഇവിടെയുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളും മറ്റും കണ്ടാല്‍ ജനങ്ങളോട്‌ ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവും എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറിയും അക്രമങ്ങള്‍ തടഞ്ഞും അമര്‍ച്ച ചെയ്‌തും ജനങ്ങള്‍ക്ക്‌ സൈ്വര്യ ജീവിതം സാധ്യമാക്കാന്‍ ചുമതലപ്പെട്ട പോലീസും ഉള്ള ജനാധിപത്യ ഭാരതത്തിലെ സംസ്ഥാനമാണ്‌ ബീഹാര്‍ എന്നു വിശ്വസിക്കാന്‍ വിഷമം തോന്നും.

ഭാരതത്തിന്റെ നല്ല ഭാവിയും വികസന സ്വപ്‌നങ്ങളും മാത്രം സംസാരിക്കുമ്പോഴും ഇന്ത്യയുടെ ജനസംഖ്യയുടെ പത്ത്‌ ശതമാനമുള്ള ബീഹാറിനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. സൗത്ത്‌ ഏഷ്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ ബീഹാര്‍. 47 ശതമാനമാണ്‌ ബീഹാറിലെ സാക്ഷരതാ നിരക്ക്‌. സ്‌ത്രീ സാക്ഷരത ഇവിടെ 3.12 ശതമാനം മാത്രമാണ്‌. അതേസമയം, ശിശു മരണ നിരക്ക്‌ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ്‌ ബീഹാര്‍. ഉദയ സൂര്യനെന്നും അസ്‌തമന സൂര്യനെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ഡവലപ്പ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. അതില്‍ അസ്‌തമന്‌ സൂര്യനെന്ന വിഭാഗ്‌ത്തില്‍ ബീഹാറും ഉത്തര്‍പ്രദേശുമാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. 1990 കളുടെ ആദ്യ പകുതിയില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കാത്ത ബീഹാറിന്‌ കഴിഞ്ഞ ഡിസംബര്‍ അവസാനം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ വേണ്ടി ലോകബേങ്ക്‌ 225 മില്ല്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്‌. ലോകബേങ്ക്‌ സഹായത്തോടെ പുതിയൊരു യുഗത്തിന്‌ പിറവി നല്‍കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ വിലയിരുത്തല്‍. ലാലുവിന്റെയത്ര മാനേജ്‌മെന്റ്‌ തന്ത്രങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്‌ അറിയില്ലെങ്കിലും നവ യുഗം പിറക്കുമോയെന്ന്‌ നമുക്ക്‌ കണ്ടറിയാം.

ബീഹാറില്‍ തൊഴില്‍ രഹിതരുടെ ശതമാനം 66.3 ആണ്‌. ബീഹാറില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക്‌ തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്‌ നീങ്ങികൊണ്ടിരിക്കുകയാണ്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബീഹാറിലെ നല്ലൊരു ശതമാനം ജനങ്ങളും ബ്രിട്ടന്റെ കോളനി രാജ്യങ്ങളിലേക്കാണ്‌ തൊഴില്‍ തേടി പോയിരുന്നത്‌. പിന്നീട്‌ ആസ്സാമിലെ തേയിലത്തോട്ടങ്ങളിലും പശ്ചിമ ബംഗാളിലെ ഫാക്‌ടറികളിലും തൊഴിലെടുക്കുന്ന ബീഹാറികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇന്ന്‌ എല്ലാ സംസ്ഥാനങ്ങളിലേക്കും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ബീഹാറികളെ കാണാം.ആളുകളെ തട്ടികൊണ്ടു പോയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതാവണം ലാലുവിന്റെ കാലത്ത്‌ വളര്‍ന്നുവന്ന വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇരുന്നൂറിലധികം അഴിമതി കേസുകളാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നേരെ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പതിനായിരം കേസുകളാണ്‌ 2007ല്‍ അതിവേഗ കോടതി തീര്‍പ്പാക്കിയത്‌. ന്യൂഡല്‍ഹിയിലെ ജനസംഖ്യയില്‍ പതിനൊന്ന്‌ ശതമാനവും ബീഹാറികളാണെന്നാണ്‌ പുതിയ പഠനം. ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ മുന്‍ നിരയില്‍ ബീഹാറികള്‍ തന്നെയാണെന്നാണ്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ അഭിപ്രായപ്പെട്ടത്‌. ബീഹാറില്‍ വികസനം വരാതെ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാവില്ലെന്നാണ്‌ എ ഡി ആര്‍ ഐ വക്താവിന്റെ അഭിപ്രായം. ബീഹാര്‍ എന്റെ പ്രശ്‌നമല്ലെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. പക്ഷെ സമീപ ഭാവിയില്‍ അത്‌ നമ്മുടെ പ്രശ്‌നമായി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.

*** മദ്രാസിയും ബീഹാറിയും തമ്മിലെന്ത്‌?

തെക്ക്‌ നിന്നുള്ളവരെ ഒന്നാകെ താഴ്‌ത്തികെട്ടുന്ന വാക്കായിരുന്നു മദ്രാസി; മോശപ്പെട്ടവന്‍ കൊള്ളരുതാത്തവന്‍ എന്നതിനു പര്യായം. ബീഹാറി എന്ന വാക്കിന്റെ പര്യായവും ഏറെക്കുറെ ഇതുതന്നെ. ദേഷ്യം വന്നാല്‍ ശകാരിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന വാക്കു കൂടിയാണ്‌ ബീഹാറി.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu