Showing posts with label വ്യക്തിയും ജീവിതവും. Show all posts
Showing posts with label വ്യക്തിയും ജീവിതവും. Show all posts

2013-06-10

അവസാന ആണിയും തറച്ച് മോഡിയുടെ ഗുരുദക്ഷിണ

ബി ജെ പിയുടെ എക്കാലത്തെയും മുഖം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രം ഗോവയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ അവസാന ദിവസം വരെ അതായിരുന്നു ലാല്‍ കൃഷ്ണ അഡ്വാനി. ഹിന്ദുത്വ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ തീവ്ര ഹിന്ദുത്വ ആശയങ്ങളിലൂടെ വളര്‍ത്തിയെടുത്തു. ഒടുവില്‍ താന്‍ തന്നെ വളര്‍ത്തികകൊണ്ടുവന്ന അതിതീവ്രതക്കു മുന്നില്‍ സ്വയം മുട്ടുമടക്കേണ്ടി വന്നു.
അവിഭക്ത കറാച്ചിയില്‍ ജനിച്ച്, വിഭജനത്തിനു ശേഷം ഇന്ത്യയിലെ മുംബൈയില്‍ സ്ഥിരതാമസമാക്കിയ അന്നു മുതല്‍ സ്വപ്നം കണ്ടതാണ് അഖണ്ഡ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം. അഖണ്ഡ ഭാരതമെന്നാല്‍ ഇപ്പോഴത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഉള്‍പ്പെടുമെങ്കിലും അത്രയും വലിയ ഒരു പ്രദേശത്തെ നയിക്കണമൊന്നും ആഗ്രഹമില്ല. കുറഞ്ഞത് ഭാരതത്തിന്റെയെങ്കിലും പ്രധാനമന്ത്രിയാകണം. ആഗ്രഹം വളരെ ലളിതമാണ്. അതിനു വേണ്ടി മാത്രമാണ് ശരാശരി മനുഷ്യായുസ്സിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അധികാരം പിടിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പയറ്റി. അത് ഫലം കാണില്ലെന്ന ചിന്ത മനസ്സില്‍ ശക്തമായതോടെ നിലപാടുകള്‍ സ്വയം മയപ്പെടുത്തി. പല തവണ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് നഷ്ടപ്പെട്ടപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷക്കു മേലാണ് അവസാന ആണിയും അടിച്ചത്. ഹിന്ദുത്വ ആശയങ്ങള്‍ വിട്ട് ഒരിക്കല്‍ പോലും തൊഴിലാളി വര്‍ഗത്തിനൊപ്പമോ പൊതു സമൂഹത്തിന്റെ കൂടെയോ ബി ജെ പിക്ക് നില്‍ക്കില്ല. നില്‍ക്കാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഒരിക്കലും ബി ജെ പിക്കൊപ്പം നില്‍ക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ എന്തിന് വീണ്ടും രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ നിലപാടുകള്‍ എടുത്തിട്ട് തന്റെ മോഹങ്ങള്‍ക്ക് സ്വയം തടയിടണമെന്ന് അഡ്വാനി ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാനാകില്ല. പക്ഷേ, ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന് അത് മനസ്സിലാകില്ല.

പതിനഞ്ചാം വയസ്സില്‍ രാഷ്ട്രീയ സ്വയം സേവക സംഘിന്റെ പ്രവര്‍ത്തകനായാണ് അഡ്വാനിയുടെ തുടക്കം. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ആര്‍ എസ് എസിന്റെ കറാച്ചി പ്രാന്തത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഭാരതത്തിലേക്ക് വ്യാപിപ്പിച്ചു. ആര്‍ എസ് എസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെ മുഖമായ ജനസംഘില്‍ ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ പരിവാര്‍ മന്ത്രിസഭയില്‍ അംഗമായി. എ ബി വാജ്പയിയും അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു. ഇരുവരും ഒരേ സമയം ജനസംഘിലും ആര്‍ എസ് എസിലും അംഗങ്ങളായി തുടരുന്നത് ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള മതേതര സോഷ്യലിസ്റ്റുകള്‍ക്ക് സഹിച്ചില്ല. ഇതെച്ചൊല്ലി ഉയര്‍ന്ന കലഹം ജനതാ പാര്‍ട്ടിയുടെ ഭിന്നിപ്പില്‍ കലാശിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ താഴെ വീണു. ചൗധരി ചരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. പാര്‍ലിമെന്റ് കാണും മുമ്പ് ചരണ്‍ സിംഗ് മന്ത്രിസഭക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു.

1980ല്‍ ബി ജെ പി രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രധാനികളായിരുന്നു  എ ബി വാജ്പയിയും എല്‍ കെ അഡ്വാനിയും. പക്ഷേ, ലോക്‌സഭയില്‍ രണ്ട് സീറ്റില്‍ ഒതുങ്ങാനായിരുന്നു ബി ജെ പിയുടെ വിധി. 1986ല്‍ അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റായതോടെ ചിത്രം മാറി. ബോഫോഴ്‌സ് കോഴക്കേസില്‍ പെട്ട് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉലയുന്ന കാലം. മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിറങ്ങിയ വി പി സിംഗ് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി. 1989ലെ തിരഞ്ഞെടുപ്പോടെ ബി ജെ പി പ്രധാന ശക്തികളില്‍ ഒന്നായി. വി പി സിംഗ് സര്‍ക്കാറിനെ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം പുറമെ നിന്ന് പിന്തുണച്ചു. അപ്പോഴേക്കും അയോധ്യ പ്രശ്‌നം രാജ്യത്താകെ ചര്‍ച്ചാവിഷയമാക്കാന്‍ അഡ്വാനിക്ക് കഴിഞ്ഞിരുന്നു. 1990ല്‍ രാമക്ഷേത്രം നിര്‍മിക്കാനെന്നു പറഞ്ഞ് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി. രഥയാത്ര ബീഹാറില്‍ വെച്ച് തടയുകയും അഡ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ വി പി സിംഗ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു.

1992 ഡിംസബറോടെ അയോധ്യയിലേക്ക് നീങ്ങിയ കര്‍സേവകരുടെ നേതൃപദവിയില്‍ അഡ്വാനിയുണ്ടായിരുന്നു. ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കര്‍സേവകര്‍ക്കും മറ്റ് പാര്‍ട്ടി അണികള്‍ക്കും ആവേശം പകര്‍ന്നു നല്‍കിക്കൊണ്ട് എല്‍ കെ അഡ്വാനി സ്ഥലത്തുണ്ടായിരുന്നു. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 1998ലും ഇത് ആവര്‍ത്തിച്ചു. പതിമൂന്ന് മാസം അധികാരത്തിലിരുന്ന വാജ്പയ് മന്ത്രിസഭയില്‍ അംഗമായി. 1999ല്‍ എന്‍ ഡി എ സഖ്യം ഭൂരിപക്ഷം നേടിയപ്പോള്‍ വാജ്പയ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ഉപപ്രധാനമന്ത്രിയും. അന്നൊക്കെ വാജ്പയ് ബി ജെ പിയുടെ മിതവാദ മുഖവും അഡ്വാനി തീവ്രവാദ മുഖവുമായിരുന്നു.
2004ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പരാജയപ്പെട്ടതോടെ വാജ്പയിയുടെ മിതവാദ മുഖംമൂടി അഡ്വാനി എടുത്തണിഞ്ഞു. ജന്‍മദേശമുള്‍ക്കൊള്ളുന്ന പാക്കിസ്ഥാനിലേക്ക് യാത്ര നടത്തി. മുസ്‌ലിം ലീഗ് നേതാവും പാക്കിസ്ഥാന്റെ രാഷ്ട്രപിതാവുമായ മുഹമ്മദലി ജിന്നയുടെ മതേതര നിലപാടുകള്‍ കണ്ടെത്തി, അതേക്കുറിച്ച് വാചാലനായി. ഇതോടെ ആര്‍ എസ്  എസ് പിണങ്ങി. ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, മദന്‍ ലാല്‍ ഖുറാന തുടങ്ങിയവരെല്ലാം അഡ്വാനിക്ക് എതിരായി. വാജ്പയിയും അഡ്വാനിയും പുതുതലമുറക്കായി വഴിമാറണമെന്ന് ആര്‍ എസ് എസ് മേധാവിയായിരുന്ന കെ സുദര്‍ശന്‍ പരസ്യമായി ആവശ്യപ്പെട്ടു. അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

ഗുജറാത്ത് വംശഹത്യയുടെ മുള്‍മുനയില്‍ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ നിന്നപ്പോള്‍ പിന്തുണ നല്‍കി ബി ജെ പിയുടെ തീവ്ര മുഖം ഒരിക്കല്‍ കൂടി അഡ്വാനി പുറത്തെടുത്തു. വാജ്പയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോഡിയെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ രാജിവെച്ചാല്‍ ആരോപണത്തിന്റെ മുന ബി ജെ പി നേതൃത്വത്തിലേക്ക് നീങ്ങുമെന്ന രാഷ്ട്രീയ ബുദ്ധി മോഡിയെ രക്ഷിച്ചു. പക്ഷേ, ഇന്ന് അതേ മോഡി തിരിഞ്ഞുകുത്തുമ്പോള്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന അവസ്ഥയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരായിരിക്കണമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് മോഡിയെ അരിയിട്ടു വാഴിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാണ്. മോഡി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രത്യക്ഷത്തില്‍ രാജ്‌നാഥ് സിംഗ് അത് വ്യക്തമാക്കിയിട്ടില്ലെങ്കിലും അഡ്വാനിക്കത് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ഒരു വെള്ള കടലാസില്‍ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ച് ചെറിയൊരു കുറിപ്പ് പാര്‍ട്ടി അധ്യക്ഷന് ആ വന്ധ്യവയോധികന്‍ എഴുതിവെച്ചത്.

Read More......

2011-11-29

നിലച്ചത്‌ ബ്രഹ്മപുത്രയുടെ ഗോത്ര ശബ്ദം


ഇന്ത്യന്‍ സംഗീതത്തിലെ വേറിട്ട ശബ്‌ദം. അസമിന്റെ തനത്‌ നാടോടി സംഗീതത്തെ അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ ലോക ജനതക്കു മുന്നില്‍ അവതരിപ്പിച്ച്‌ ലക്ഷക്കണക്കിന്‌ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ബ്രഹ്മപുത്രയുടെ സംഗീതജ്ഞന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സൗന്ദര്യം പൂര്‍ണമായും തന്റെ ഗാനങ്ങളില്‍ പ്രതിഫലിപ്പിച്ച അപൂര്‍വ വ്യക്തിത്വം. അതായിരുന്നു ഭുപന്‍ ഹസാരിക.

സംഗീത സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്‌, തിരക്കഥാകൃത്ത്‌, അഭിനേതാവ്‌, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ സര്‍വ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയാണ്‌ ഭുപന്‍ ഹസാരിക. അസമീസ്‌ നാടോടി ഗാനങ്ങള്‍ ഉപയോഗപ്പെടുത്തി ഹസാരിക ഉണ്ടാക്കിയ തരംഗം അദ്ദേഹത്തിന്‌ ബ്രഹ്മപുത്രയുടെ നാടോടിഗായകന്‍ എന്ന വിശേഷണം നല്‍കി. 1993ല്‍ പുറത്തിറങ്ങിയ രുദാലി എന്ന ചിത്രത്തിലെ `ദില്‍ ഹൂം ഹൂം കരേ' എന്ന ഒരൊറ്റ ഗാനം മാത്രം മതിയാകും ഭുപന്‍ ഹസാരിക എന്ന സംഗീത ചക്രവര്‍ത്തിയെ എന്നും ഓര്‍മിക്കാന്‍.

1926ല്‍ അസമിലെ സാദിയയില്‍ അധ്യാപക കുടുംബത്തിലാണ്‌ ഹസാരികയുടെ ജനനം. അക്കാദമിക രംഗത്ത്‌ മികവ്‌ പുലര്‍ത്തിയ ഹസാരിക, 1942ല്‍ ഗുവാഹത്തിയില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസവും ബനാറസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദവും രാഷ്‌ട്ര മീമാംസയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട്‌ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന്‌ മാസ്‌ കമ്മ്യൂണിക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടി. വിദ്യാഭ്യാസ പുരോഗതിക്ക്‌ ചലച്ചിത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ യു എസില്‍ പഠനം നടത്തുന്നതിന്‌ ചിക്കാഗോ സര്‍വകലാശാലയുടെ ഫെല്ലോഷിപ്പും ഹസാരിക നേടി.

യു എസിലെ താമസത്തിനിടയിലാണ്‌ കറുത്ത വംശജനായ പ്രശസ്‌ത ഗായകന്‍ പോള്‍ റോബ്‌സണെ ഹസാരിക പരിചയപ്പെടുന്നത്‌. റോബ്‌സണിന്റെ പ്രസിദ്ധമായ ഗാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഹസാരിക ഹിന്ദിയിലേക്ക്‌ മൊഴിമാറ്റം ചെയ്‌തു. ഓ ഗംഗാ ബെഹ്‌തി ഹോ എന്ന ഗാനം ദീര്‍ഘകാലം യുവാക്കള്‍ നെഞ്ചേറ്റുകയും ചെയ്‌തു. `കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഗോത്ര വിഭാഗങ്ങളുടെ ഗാനങ്ങള്‍ നിരീക്ഷിക്കാറുണ്ട്‌. അതിന്റെ സ്വരലയം ഗാനങ്ങളില്‍ പ്രതിഫലിക്കാറുണ്ട്‌. മാതാവില്‍ നിന്നാണ്‌ ഗായകനെന്ന കഴിവ്‌ ലഭിച്ചത്‌.'- മിക്ക അഭിമുഖങ്ങളിലും ഹാസാരിക പറയാറുണ്ട്‌.

അസമില്‍ നിന്നുള്ള രണ്ടാമത്തെ ശബ്‌ദ ചിത്രമായ ഇന്ദ്രമാലതിയില്‍ ബാലതാരമായാണ്‌ ഹസാരിക തന്റെ കലാ ജീവിതം തുടങ്ങുന്നത്‌. അതിന്‌ മുമ്പ്‌ തന്റെ പത്താം വയസ്സില്‍ ആദ്യ ഗാനം എഴുതുകയും അത്‌ സ്വയം ആലപിക്കുകയും ചെയ്‌തിരുന്നു. അസം ചലച്ചിത്ര മേഖലക്കു പുറമെ 1930- 1990 കാലഘട്ടത്തില്‍ നിരവധി ബംഗാളി, ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക്‌ വേണ്ടിയും ഗാനങ്ങള്‍ രചിക്കുകയും സംഗീത സംവിധാനം ചെയ്‌ത്‌ ആലപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആയിരത്തോളം കവിതകള്‍, നിരവധി ചെറുകഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവയും ഹസാരികയുടെ തൂലികയിലൂടെ പിറവികൊണ്ടു.

അസം ഭാഷയില്‍ പുറത്തിറങ്ങിയ എറ ബത്തര്‍ സൂര്‍, ശാകുന്തള, ലോത്തി ഗോട്ടി, പ്രതിധ്വനി, ചിക്‌ മിക്‌ ബിജുലി, സിരജ്‌ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണം, സംവിധാനം, സംഗീത സംവിധാനം, ഗാനാലാപനം എന്നിവ ഹസാരെ സ്വയം ചെയ്‌തു. അന്തരിച്ച പ്രമുഖ ചിത്രകാരന്‍ എം എഫ്‌ ഹുസൈന്‍ സംവിധാനം ചെയ്‌ത ഗജഗാമിനിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്‌ ഹസാരികയാണ്‌. ഇതിന്‌ പുറമെ ജീവിതയാത്രയില്‍ സഹയാത്രികയായ കല്‍പ്പന ലക്ഷ്‌മിയുടെ രുദാലി, എക്‌ പാല്‍, ധരമിയാന്‍, ദമാന്‍ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംഗീത സംവിധാനമാണ്‌ ഹസാരികയെ ഇന്ത്യ മുഴുവന്‍ പ്രശസ്‌തനാക്കിയത്‌. `താങ്കള്‍ ഗാനങ്ങള്‍ കൊണ്ട്‌ ചിത്രങ്ങള്‍ വരയ്‌ക്കുന്നു. എന്നാല്‍, എന്റെ ബ്രഷ്‌ ഉപയോഗിച്ച്‌ ഗാനം ആലപിക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ലെ'ന്നാണ്‌ ഹസാരികയെ അഭിനന്ദിച്ചുകൊണ്ട്‌ എം എഫ്‌ ഹുസൈന്‍ പറഞ്ഞത്‌. ദില്‍ ഹൂം ഹൂം കരേ എന്ന ഗാനം 1993ലെ ഏഷ്യാ പസഫിക്‌ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹസാരികക്ക്‌ നേടിക്കൊടുത്തു. ആഗോളതലത്തില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകനെന്ന അംഗീകാരം ഈ പുരസ്‌കാര നേട്ടത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. ഇടക്കാലത്ത്‌ രാഷ്‌ട്രീയ പ്രവേശം നടത്തിയെങ്കിലും സജീവമാകാതെ പിരിഞ്ഞു.

1977ല്‍ പത്മശ്രീ ലഭിച്ച ഹസാരികയെ തേടി 2003ല്‍ പത്മഭൂഷണും എത്തി. അസം ചമേലി മേംസാബ്‌ എന്ന ചിത്രത്തിന്‌ 1975ല്‍ ദേശീയ അവാര്‍ഡും ശാകുന്തള, പ്രതിധ്വനി, ലോട്ടിഗോട്ടി എന്നീ ചിത്രങ്ങള്‍ക്ക്‌ രാഷ്‌ട്രപതിയുടെ മെഡലും ലഭിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, ദാദാ സാഹിബ്‌ ഫാല്‍കെ അവാര്‍ഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര വികസന കൗണ്‍സില്‍ അംഗം, സംഗീത നാടക അക്കാദമി ചെയര്‍മാന്‍, പ്രസാര്‍ ഭാരതി ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഗീത ലോകത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാറും ആദരിച്ചിട്ടുണ്ട്‌.

Read More......

2011-03-22

വൈകോ മടയിലൊളിക്കുന്നു


1993 ഒക്‌ടോബര്‍ 13. ജയലളിത തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. ഡി എം കെ ജനറല്‍ സെക്രട്ടറി മുത്തുവേല്‍ കരുണാനിധി നടത്തിയ വെളിപ്പെടുത്തല്‍ കേട്ട്‌ തമിഴകം ഞെട്ടിവിറച്ചു. `എന്നെ എല്‍ ടി ടി ഇ ഇല്ലാതാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ വിവരം ലഭിച്ചിരിക്കുന്നു' - സംസ്ഥാന ചീഫ്‌ സെക്രട്ടറിയില്‍ നിന്ന്‌ ലഭിച്ചത്‌ എന്ന ആമുഖത്തോടെ കലൈഞ്‌ജര്‍ പറഞ്ഞു. ഡി എം കെയില്‍ വൈകോയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കലൈഞ്‌ജറെ വെട്ടിയൊതുക്കുകയായിരുന്നുവത്രെ പുലികളുടെ ലക്ഷ്യം.

തീപാറുന്ന പ്രസംഗങ്ങളിലൂടെ തമിഴ്‌ രാഷ്‌ട്രീയത്തെ വൈകോ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലമായിരുന്നു അത്‌. കരുണാനിധിക്കു ശേഷം വൈകോ ഡി എം കെയുടെ ചുക്കാന്‍ പിടിക്കുമെന്ന്‌ വിശ്വസിച്ചിരുന്ന കാലം. ഈ സമയത്താണ്‌ രണ്ടാം ഭാര്യ ദയാലു അമ്മാളിലുണ്ടായ രണ്ടാമത്തെ മകന്‍ എം കെ സ്റ്റാലിനെ അനന്തരാവകാശിയായി കലൈഞ്‌ജര്‍ കണ്ടെത്തിയത്‌. രക്തത്തിന്‌ വെള്ളത്തേക്കാള്‍ കട്ടി കൂടുതലാണെന്നാണല്ലോ? എന്നിട്ടും നേരെ മൂത്ത സഹോദരന്‍ അഴഗിരിക്കു പോലും ആ തീരുമാനം അത്ര പിടിച്ചിട്ടില്ല. അത്‌ അംഗീകരിക്കാന്‍ അഴഗിരി ഇതുവരെ തയ്യാറായിട്ടുമില്ല. പിന്നെങ്ങനെ വൈകോക്ക്‌ സ്വീകാര്യമാകും? വൈകോയും അനുയായികളും പാര്‍ട്ടിക്കുള്ളില്‍ ചെറിയ തോതില്‍ ഒച്ചവെച്ചു തുടങ്ങിയ കാലത്താണ്‌ കരുണാനിധിയുടെ മേല്‍പ്പറഞ്ഞ ഹൃദയഭേദകമായ വെളിപ്പെടുത്തല്‍. പുലിക്കുട്ടിയായിരുന്ന വൈകോയെ അതേവര്‍ഷം നവംബര്‍ പതിനൊന്നിന്‌ പൂച്ചക്കുട്ടിയെ പോലെ ചെവിക്കുപിടിച്ച്‌ കലൈഞ്‌ജര്‍ പുറത്താക്കി.

പുറത്താക്കപ്പെട്ട രാഷ്‌ട്രീയക്കാരൊന്നും അടങ്ങിയിരുന്ന ചരിത്രമില്ല. വൈകോ ചരിത്രം തിരുത്താന്‍ തുനിഞ്ഞുമില്ല. 1994ല്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴക (എം ഡി എം കെ) വുമായി വൈകോ രംഗത്തെത്തി. മറുമലര്‍ച്ചി എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ എന്ന്‌ അര്‍ഥം. കുരിശിലേറ്റിയ ക്രിസ്‌തു മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ്‌ ബൈബിള്‍ വചനം. ഇതുപോലൊരു തിരിച്ചുവരവ്‌ പേരിലെങ്കിലും ഇരിക്കട്ടെ എന്ന്‌ തോന്നിയെങ്കില്‍ അതില്‍ വൈകോയെ കുറ്റം പറയാനൊക്കില്ല.

ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ്‌ ജയലളിത മൈസുരില്‍ ജനിച്ച്‌ ചെന്നൈയിലേക്ക്‌ കുടിയേറിയാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. അതിനു സമാനമായി തെലുങ്ക്‌ സംസാരിക്കുന്ന കമ്മാ നായിഡു കുടുംബത്തിലാണ്‌ വൈകോയുടെ ജനനം. വൈയാപുരം ഗോപാല സ്വാമി. അതാണ്‌ യഥാര്‍ഥ നാമം. തമിഴര്‍ അങ്ങനെയാണ്‌. ഹൃദയത്തിലേറ്റി കഴിഞ്ഞാല്‍ പേരുകള്‍ ചുരുങ്ങും. അങ്ങനെ വി ഗോപാലസ്വാമി വൈകോയായി.

തമിഴ്‌ ഈഴത്തിന്‌ വാദിക്കുന്ന എല്‍ ടി ടി ഇക്കും വേലുപ്പിള്ള പ്രഭാകരനും വൈകോ അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌ ഈഴമെന്നത്‌ സ്വന്തം സ്വപ്‌നമായും കൊണ്ടുനടന്നു. ശ്രീലങ്കയില്‍ തമിഴ്‌ പുലികളും സൈന്യവും ശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കെ 1989ല്‍ അതീവ രഹസ്യമായി വൈകോ കടല്‍ കടന്ന്‌ വേലുപ്പിള്ള പ്രഭാകരനുമായി കൂടിക്കാഴ്‌ച നടത്തിയത്‌ വന്‍ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചു. അന്ന്‌ വൈകോ രാജ്യസഭാ എം പിയാണ്‌. കലൈഞ്‌ജര്‍ കരുണാനിധി തമിഴ്‌നാട്‌ മുഖ്യമന്ത്രിയും. വിവാദങ്ങളില്‍ നിന്ന്‌ ഒരുവിധത്തിലാണ്‌ കരുണാനിധി തലയൂരിയത്‌. 91ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട ശേഷം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ വീഡിയോ ചിത്രങ്ങളിലും വൈകോയും പുലിത്തലവനുമായുള്ള കൂടിക്കാഴ്‌ചകളുണ്ടായിരുന്നു. പ്രഭാകരനെ തലൈവരെന്ന്‌ വിളിച്ചപ്പോള്‍ വൈകോവിനെ അണ്ണ (സഹോദരന്‍)നായാണ്‌ പ്രഭാകരന്‍ തിരികെ വിശേഷിപ്പിച്ചത്‌. രാജീവ്‌ ഗാന്ധി വധത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വൈകോയെ പരാമര്‍ശിക്കുന്നുണ്ട്‌. രാജീവ്‌ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

ഡി എം കെയിലെ രണ്ടാമനായിരുന്ന വൈകോ 1978 മുതല്‍ 96 വരെ പതിനെട്ട്‌ വര്‍ഷം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്നു. ഡി എം കെ വിട്ട്‌ എം ഡി എം കെ രൂപവത്‌കരിച്ച ശേഷം നടന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യത്തിനും ഡി എം കെ- തമിഴ്‌ മനിലാ കോണ്‍ഗ്രസിനും എതിരായി സി പി എമ്മുമായി സഖ്യമുണ്ടാക്കിയായിരുന്നു വൈകോയുടെ പ്രവര്‍ത്തനം. എന്നാല്‍ കാര്യമായെന്നല്ല, വരവറിയിക്കാന്‍ തന്നെ വൈകോക്ക്‌ സാധിച്ചില്ല. പിന്നീട്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലൈവി കോണ്‍ഗ്രസ്‌ വിട്ട്‌ ബി ജെ പി പാളയത്തിലെത്തിയപ്പോള്‍ പട്ടാളി മക്കള്‍ കക്ഷിക്കൊപ്പം എം ഡി എം കെയും തലൈവിക്കൊപ്പം നിന്നു. കരുണാനിധിയോടുള്ള വിദ്വേഷം ഒന്നുമാത്രമായിരുന്നു ശത്രുപക്ഷത്തുണ്ടായിരുന്ന തലൈവിക്കൊപ്പം നില്‍ക്കാനുള്ള പ്രേരണ.

1999ലെ തിരഞ്ഞെടുപ്പില്‍ പതിമൂന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കുമെതിരെ എം ഡി എം കെ ഒറ്റക്ക്‌ ജനവിധി തേടിയെങ്കിലും ഒരിടത്ത്‌ പോലും വിജയിക്കാന്‍ സാധിച്ചില്ല. 2002ല്‍ എല്‍ ടി ടി ഇ അനുകൂല നിലപാട്‌ കൈക്കൊണ്ട വൈകോയെ പോട്ട നിയമപ്രകാരം ജയലളിത സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസിനൊപ്പം നിന്ന വൈകോ, യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ജയില്‍ മോചിതനായി. 2006ലെ തിരഞ്ഞെടുപ്പ്‌ അടുത്തതോടെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി പി എ സഖ്യം വിട്ട്‌ തലൈവിക്കൊപ്പം ചേര്‍ന്നു. അന്നും പുലികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വൈകോ തയ്യാറായിരുന്നില്ല. മൂന്ന്‌ സീറ്റ്‌ നേടിയാണ്‌ അന്ന്‌ വരവറിയിച്ചത്‌.

2008ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി വൈകോയെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നായിരുന്നു വൈകോയുടെ ആവശ്യം. അന്ന്‌ കരുണാനിധിയാണ്‌ മുഖ്യമന്ത്രി. വൈകോയുടെ അറസ്റ്റ്‌ രാഷ്‌ട്രീയ പകവീട്ടലാണെന്ന്‌ പറഞ്ഞ്‌ രംഗത്തെത്തിയത്‌ തലൈവി ജയലളിതയും. പിന്നീട്‌ കോടതി ഉത്തരവ്‌ പ്രകാരം ജയില്‍മോചിതനായി.

ഒടുവില്‍ വീണ്ടും തമിഴ്‌നാട്‌ തിരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ വരുമ്പോള്‍ വൈകോ പുറത്താണ്‌. തലൈവി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇരുപത്തൊന്ന്‌ സീറ്റില്‍ നിന്ന്‌ പിന്മാറാന്‍ വൈകോയും പന്ത്രണ്ടിനപ്പുറമില്ലെന്ന്‌ പുരട്‌ചി തലൈവിയും ഉറപ്പിച്ചപ്പോള്‍ വൈകോക്ക്‌ പിന്മാറേണ്ടി വന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ ത്രാണിയില്ല. മുന്നണികളിലൊന്നിനും പിന്തുണ പ്രഖ്യാപിക്കാനും സാധിക്കില്ല. പിന്നെ ഒരേയൊരു വഴി തന്ത്രപരമായ പിന്‍വാങ്ങലാണ്‌. പുലികളുടെ രീതി അതാണ്‌. അതുകൊണ്ടു തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം ഡി എം കെ മത്സരിക്കേണ്ടെന്ന്‌ വൈകോ തീരുമാനിച്ചു. മത്സരിക്കാതിരിക്കുന്നതിലും ഭേദം പന്ത്രണ്ട്‌ സീറ്റ്‌ സ്വീകരിക്കുന്നതാണെന്ന്‌ പാര്‍ലിമെന്ററി വ്യാമോഹികള്‍ ഉപദേശിച്ചുവെങ്കിലും ഫലിച്ചിട്ടില്ല. പത്രികാ സമര്‍പ്പണം അവസാനിക്കും വരെ മനസ്സ്‌ മാറാന്‍ സമയമുണ്ട്‌. പക്ഷേ, പുലികളുടെ മനംമാറ്റം അത്ര എളുപ്പമാകില്ല തന്നെ.

Read More......

2011-03-19

തോല്‍ക്കാന്‍ മടിക്കുന്ന ദ്രാവീഡക്കനി


ദ്രാവിഡ ദേശീയതയുടെ ആള്‍രൂപം. കറയറ്റ തമിഴ്‌ സ്‌നേഹി. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം. അഞ്ച്‌ തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി - അതാണ്‌ മുത്തുവേല്‍ കരുണാനിധി.

1924 ജൂണ്‍ മൂന്നിന്‌ തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുവാലൈ ഗ്രാമത്തിലാണ്‌ ജനനം. ധനാഢ്യ കുടുംബത്തിലെ വത്സല പുത്രനായിരുന്നില്ല താനെന്നാണ്‌ തന്റെ കുടുംബത്തെ കുറിച്ച്‌ കരുണാനിധി തന്നെ പറയുന്നത്‌. നാടകം, കവിത, തമിഴ്‌ സാഹിത്യം എന്നിവയില്‍ കുട്ടിക്കാലത്തു തന്നെ കഴിവ്‌ തെളിയിച്ചു. പതിനാലാം വയസ്സിലാണ്‌ രാഷ്‌ട്രീയത്തിലേക്കുള്ള കടന്നുവരവ്‌. ജസ്റ്റിസ്‌ പാര്‍ട്ടി നേതാവായിരുന്ന അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്‌ടനായാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. പിന്നീട്‌ ദ്രവീഡിയന്‍ ആശയങ്ങളെ താലോലിച്ച്‌ തുടങ്ങിയതോടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി `മാനവര്‍ നേശം' എന്ന പേരില്‍ കൈയെഴുത്ത്‌ പത്രം പ്രസിദ്ധീകരിച്ചു. ദ്രാവിഡ മുന്നേറ്റമെന്ന ആശയത്തിന്റെ ഭാഗമായി തമിഴ്‌നാട്‌ തമിഴ്‌ മാനവര്‍ മന്‍റം എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. നാടകങ്ങളിലൂടെയും കവിതകളിലൂടെയും കുട്ടിക്കാലത്തു തന്നെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കരുണാനിധി, വൈകാതെ ചലച്ചിത്ര ലോകത്തേക്കും പ്രവേശിച്ചു.

ജസ്റ്റിസ്‌ പാര്‍ട്ടി രൂപം മാറി ദ്രാവിഡ കഴകമായി മാറിയപ്പോള്‍ അതിന്റെ പതാകക്ക്‌ രൂപം നല്‍കിയത്‌ കരുണാനിധിയായിരുന്നു. അന്നത്തെ ബ്രാഹ്മിണ മേല്‍ക്കോയ്‌മയില്‍ പ്രതിഷേധിച്ച ഇ വി രാമസ്വാമി നായ്‌ക്കരെന്ന പെരിയോറാണ്‌ ദ്രാവിഡ കഴകം എന്ന പാര്‍ട്ടി രൂപവത്‌കരിച്ചത്‌. ദ്രാവിഡ രാജ്യം സ്ഥാപിക്കുക, തൊട്ടുകൂടായ്‌മ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പ്രവര്‍ത്തനം. പിന്നീടുണ്ടായ എല്ലാ ദ്രാവിഡ പാര്‍ട്ടികളുടെയും പിതൃസ്ഥാനം ദ്രാവിഡ കഴകത്തിനാണ്‌. മണിയമ്മ എന്ന യുവതിയെ പെരിയോര്‍ വിവാഹം കഴിക്കുകയും തന്റെ പിന്‍ഗാമി അവരാണെന്ന്‌ ഉറച്ച നിലപാടെടുക്കുകയും ചെയ്‌തതോടെ ദ്രാവിഡ കഴകം പിളര്‍പ്പിന്റെ വക്കിലെത്തി. സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ചതോടെ പിളര്‍പ്പ്‌ യാഥാര്‍ഥ്യമായി. ആദ്യം പെരിയോര്‍ക്കൊപ്പം നിന്നെങ്കിലും പിന്നീട്‌ ഡി എം കെയിലേക്ക്‌ കരുണാനിധി ചുവടുമാറ്റി. അണ്ണാദുരൈക്ക്‌ തൊട്ടുതാഴെ രണ്ടാമനായി കലൈഞ്‌ജര്‍ വളരുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ തമിഴകം കണ്ടത്‌. എം ജി ആറിനെ ഡി എം കെയിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നതിലും കരുണാനിധി മുഖ്യ പങ്ക്‌ വഹിച്ചു.

ത്രിഭാഷാ പദ്ധതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള പോരാട്ടം ഡി എം കെക്കും കരുണാനിധിക്കും ഇന്നും തമിഴ്‌ മനസ്സുകളിലുള്ള ജനപിന്തുണക്ക്‌ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിനൊപ്പം ഹിന്ദിയെ രാഷ്‌ട്ര ഭാഷയാക്കി ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. തമിഴിനെ ഹൃദയത്തില്‍ കൊണ്ടുനടന്ന കരുണാനിധിക്കും ഡി എം കെക്കും അതൊട്ടും സ്വീകാര്യമായിരുന്നില്ല. തമിഴ്‌ ജനത കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി അത്‌ വളര്‍ത്തിയെടുക്കുന്നതില്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി എം കെക്ക്‌ സാധിച്ചു. 1967ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന കാഴ്‌ചയാണ്‌ അത്‌ കാണിച്ചുതന്നത്‌. അതുവരെ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്‌ വലിയ തിരിച്ചുവരവിന്‌ പിന്നീടിതുവരെ സാധിച്ചിട്ടില്ല. അണ്ണാദുരൈ മന്ത്രിസഭയില്‍ കരുണാനിധി പൊതുമരാമത്ത്‌ മന്ത്രിയായി.

1969ല്‍ സി എന്‍ അണ്ണാദുരൈ മരിച്ചതോടെ കരുണാനിധിയെന്ന പേരല്ലാതെ ഡി എം കെക്ക്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദേശിക്കാന്‍ മറ്റൊന്നുണ്ടായിരുന്നില്ല. 1971ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ വീണ്ടും ഡി എം കെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ നിന്നിറങ്ങിപ്പോയ എം ജി ആര്‍, 1972ല്‍ ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ച്‌ ഡി എം കെയെ പിളര്‍ത്തി. പിന്നീട്‌ എം ജി ആറിന്റെയും എ ഐ എ ഡി എം കെയുടെയും കാലമായിരുന്നു. എം ജി ആറിന്റെ മരണത്തിനു ശേഷമാണ്‌ കരുണാനിധി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നത്‌. 89ലെ തിരഞ്ഞെടുപ്പില്‍ കലൈഞ്‌ജര്‍ തിരിച്ചുവന്നു. 91ലെ പൊതുതിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌ കരുണാനിധിക്ക്‌ തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി. സഹതാപ തരംഗത്തില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യം അധികാരത്തില്‍ തിരിച്ചെത്തി.

96ലെ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം മുതലെടുത്ത്‌ കരുണാനിധി മുഖ്യമന്ത്രിക്കസേര തിരിച്ചു പിടിച്ചു. 2001ല്‍ അധികാരം നഷ്‌ടപ്പെട്ടു. 2001ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ചെന്നൈയിലെ വസതിയില്‍ നിന്ന്‌ അര്‍ധരാത്രി കരുണാനിധിയെ തമിഴ്‌നാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സണ്‍ ടി വി ഈ ചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടു. 2006ല്‍ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുന്നതാണ്‌ അതിന്റെ അനന്തരഫലം.

ദേശീയ രാഷ്‌ട്രീയത്തിലേക്കിറങ്ങിയില്ലെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത പേരായി കലൈഞ്‌ജര്‍ മാറി. 1989ല്‍ വി പി സിംഗ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പിന്തുണക്കാന്‍ ഡി എം കെയുമുണ്ടായിരുന്നു. കോണ്‍ഗ്രസിനെയും ബി ജെ പിയെയും തരാതരം പോലെ പ്രണയിച്ചായിരുന്നു ഡി എം കെയുടെ പിന്നീടുള്ള ജീവിതം. 1998ലെ എ ന്‍ ഡി എ സര്‍ക്കാറിനുള്ള പിന്തുണ എ ഐ എ ഡി എം കെ പിന്‍വലിച്ചതോടെ ബി ജെ പി പാളയത്തിലേക്ക്‌ ഡി എം കെ നുഴഞ്ഞുകയറി. പിന്നീട്‌ കോണ്‍ഗ്രസിനൊപ്പം നിന്ന ഡി എം കെ, രണ്ട്‌ യു പി എ സര്‍ക്കാറിലെയും ഒഴിവാക്കാന്‍ പറ്റാത്ത ശക്തിയായി മാറി. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനൊപ്പം നിന്ന്‌ സീറ്റുകള്‍ തൂത്തുവാരി.

ഡി എം കെ കുടുംബ രാഷ്‌ട്രീയത്തിലേക്ക്‌ ചുരുങ്ങിയപ്പോള്‍ കരുണാനിധിയും സ്വയം ചെറുതാകുന്ന കാഴ്‌ചയാണ്‌ തമിഴകം കണ്ടത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന്‌ സ്വയം വിരമിക്കുന്നതിന്റെ സൂചനകള്‍ നല്‍കി മകന്‍ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി അവരോധിച്ചു. സ്റ്റാലിനാണ്‌ തന്റെ രാഷ്‌ട്രീയ പിന്‍ഗാമിയെന്നതായിരുന്നു സൂചന. കരുണാനിധിയെ അല്ലാതെ മറ്റൊരാളെ അനുസരിക്കില്ലെന്ന നിലപാടുമായി മകന്‍ അഴഗിരി രംഗത്തെത്തിയതോടെ കരുണാനിധി ചുവട്‌ മാറ്റി. വിരമിക്കുന്നില്ലെന്നും ഇത്തവണയും പാര്‍ട്ടിയെ നയിക്കുമെന്നും ഡി എം കെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി താനായിരിക്കുമെന്നുമാണ്‌ കലൈഞ്‌ജര്‍ ഇപ്പോള്‍ പറയുന്നത്‌.

Read More......

2011-03-13

വംഗനാടിന്റെ റാണിയാകാന്‍ മമത


വംഗനാട്ടിലെ യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. 1977നു ശേഷം ബംഗാള്‍ കണ്ട ഏറ്റവും വലിയ യുദ്ധത്തിന്റെ അവസാനഘട്ടം. 34 വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 1972ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്‌ മന്ത്രിസഭക്കു ശേഷമുണ്ടായ അതേ അവസ്ഥയിലൂടെയാണ്‌ പശ്ചിമ ബംഗാള്‍ കടന്നുപോകുന്നത്‌. സിദ്ധാര്‍ഥ്‌ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ മന്ത്രിസഭയുടെ കാലത്ത്‌ നക്‌സലൈറ്റുകള്‍ സംസ്ഥാനത്ത്‌ സജീവമായിരുന്നു. ഇപ്പോള്‍ സി പി ഐ (മാവോയിസ്റ്റ്‌) യുടെ സജീവ സാന്നിധ്യമുണ്ട്‌. 1977ല്‍ ഭൂമി വലിയ രാഷ്‌ട്രീയ പ്രശ്‌നമായിരുന്നു. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമി അനുവദിക്കുന്നത്‌ സി പി എമ്മും ഇടത്‌ പാര്‍ട്ടികളും ഉന്നയിച്ചു. ഇന്നും ഭൂമി പ്രധാന പ്രശ്‌നമാണ്‌. കൃഷി ഭൂമി വ്യാവസായിക ആവശ്യത്തിന്‌ ഏറ്റെടുക്കുന്നതാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണമാക്കുന്നത്‌ എന്ന്‌ മാത്രം.

1977ല്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിക്കൊപ്പം നിന്നു. പിന്നീടിത്രകാലം ന്യൂനപക്ഷത്തിന്റെ പിന്തുണ അവര്‍ക്കുണ്ടായി. എന്നാല്‍ ന്യൂനപക്ഷം സി പി എമ്മിനെയും ഇടത്‌ മുന്നണിയെയും കൈവിടുന്നുവെന്ന തോന്നലാണ്‌ 2011ലുള്ളത്‌. ഈ മാറ്റത്തിന്റെയെല്ലാം നേതൃത്വത്തില്‍ ദീദിയാണ്‌. ലാല്‍ഗഢിലൂടെ ജംഗല്‍ മഹലിലാകെയും അവിടെ നിന്ന്‌ മറ്റിടങ്ങളിലേക്കും സി പി ഐ (മാവോയിസ്റ്റ്‌) സ്വാധീനം വ്യാപിപ്പിക്കുന്നതും ദീദിയിലൂടെ ഉയര്‍ന്ന മാറ്റങ്ങളുടെ മറപിടിച്ചാണ്‌.

കോണ്‍ഗ്രസ്‌ ഐയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മമത, മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകം സെക്രട്ടറിയായതോടെയാണ്‌ രാഷ്‌ട്രീയത്തില്‍ ശോഭിച്ച്‌ തുടങ്ങിയത്‌. 1984ല്‍ എട്ടാമത്‌ ലോക്‌സഭയിലേക്ക്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ച്‌ ജയിക്കുകയും ചെയ്‌തു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ സോമനാഥ്‌ ചാറ്റര്‍ജിയെ ജാദവ്‌പൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ്‌ മമതയുടെ രംഗപ്രവേശം. കോണ്‍ഗ്രസ്‌ വിരുദ്ധ വികാരം ആഞ്ഞടിച്ച 89ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 91ലെ തിരഞ്ഞെടുപ്പില്‍ മമത തിരിച്ചെത്തി. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ന്യൂനപക്ഷ മന്ത്രിയഭയില്‍ സ്‌പോര്‍ട്‌സ്‌, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയുമായി. കായിക രംഗത്ത്‌ തന്റെ നിലപാടുകള്‍ക്ക്‌ കേന്ദ്രം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന്‌ രാജിവെച്ചെങ്കിലും പിന്നീട്‌ അതേ വകുപ്പുകള്‍ തന്നെ മമതക്ക്‌ തിരിച്ചു നല്‍കി. പശ്ചിമ ബംഗാളില്‍ സി പി എമ്മിനോട്‌ കോണ്‍ഗ്രസ്‌ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമത വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസ്‌ വിടുന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കി യഥാര്‍ഥ കോണ്‍ഗ്രസിനു വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേയുള്ളൂവെന്ന്‌ പൊതുപരിപാടിയില്‍ പറയുകയും ചെയ്‌തു.

96ലെ പതിനൊന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മമത, ഭരണപക്ഷത്തിരിക്കെ പെട്രോള്‍ വില വര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി. 97ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന രാം വിലാസ്‌ പാസ്വാനും മമതയുടെ ചൂട്‌ അറിഞ്ഞതാണ്‌. റെയില്‍വേ ബജറ്റില്‍ ബംഗാളിനെ തഴഞ്ഞുവെന്നാരോപിച്ച്‌ പാസ്വാന്റെ നേര്‍ക്ക്‌ തന്റെ ഷാള്‍ വലിച്ചെറിഞ്ഞാണ്‌ മമത പ്രതിഷേധം അറിയിച്ചത്‌. തുടര്‍ന്ന്‌ രാജി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍, സ്‌പീക്കര്‍ പി എ സാംഗ്‌മ രാജി സ്വീകരിക്കാന്‍ തയ്യാറായില്ല.

97ല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്തുവന്ന മമത ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ച്‌ പ്രവര്‍ത്തനം ബംഗാളില്‍ വ്യാപിപ്പിച്ചു. വളരെ വൈകാതെ തൃണമൂല്‍ ബംഗാളിലെ മുഖ്യ പ്രതിപക്ഷമായി. അവസരങ്ങള്‍ക്കൊത്ത്‌ സഖ്യങ്ങളിലും മാറ്റം വരുത്തിയായിരുന്നു പിന്നീട്‌ മമതയുടെ യാത്ര. 99ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഘടകക്ഷിയായി നിലകൊണ്ട മമത ജയിച്ചുകയറിയപ്പോള്‍ ആദ്യമായി റെയില്‍വേ മന്ത്രിയുമായി. ബംഗാളിന്‌ വാരിക്കോരി നല്‍കിക്കൊണ്ട്‌ തന്നെയായിരുന്നു 2000ത്തിലെ മമതയുടെ ആദ്യ റെയില്‍വേ ബജറ്റും.
അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നിലെത്തിയതോടെ എന്‍ ഡി എയോട്‌ വിട പറഞ്ഞ്‌ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചു. കോണ്‍ഗ്രസ്‌- തൃണമൂല്‍ സഖ്യമാണ്‌ 2001ലെ പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ബി ജെ പിയുമായി സഖ്യത്തിലെത്തിയ മമത വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. 2004 ജനുവരിയില്‍ എന്‍ ഡി എ മന്ത്രിസഭയിലെത്തിയ മമതക്ക്‌ കല്‍ക്കരി, ഖനനം വകുപ്പുകളാണ്‌ ലഭിച്ചത്‌. 2004ലെ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനാണ്‌ ബംഗാള്‍ സാക്ഷ്യം വഹിച്ചത്‌. തൃണമൂല്‍- ബി ജെ പി സഖ്യം, കോണ്‍ഗ്രസ്‌ ഇടതുമുന്നണി എന്നിവ മത്സരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം എന്ന പേരുമായാണ്‌ മമത അത്തവണ ലോക്‌സഭ കണ്ടത്‌. 42 സീറ്റുകളില്‍ 35 എണ്ണത്തിലും ഇടതുപക്ഷം വിജയിച്ചു. ആറെണ്ണം കോണ്‍ഗ്രസിന്‌ ലഭിച്ചു.

2004ലെ പൊതുതിരഞ്ഞെടുപ്പിന്‌ ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം തന്നെ വരുത്തി. ഒരു കരണത്തടിച്ചാല്‍ എതിരാളിയുടെ ഇരു കരണത്തും ആഞ്ഞടിക്കുക എന്നായി രീതി. അതിന്‌ മാവോയിസ്റ്റ്‌ സംഘടനകളുമായി രഹസ്യമായ ധാരണയിലെത്തിയതായും ഇടത്‌ കക്ഷികള്‍ ആരോപിക്കുന്നു. സംഘര്‍ഷാത്മകമായ രാഷ്‌ട്രീയത്തിനാണ്‌ അത്‌ വഴിതെളിച്ചത്‌. അവസരവാദ രാഷ്‌ട്രീയത്തിന്റെ മറയുമായി മമത കോണ്‍ഗ്രസുമായി അടുത്തത്‌ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ വരുന്നതോടെയാണ്‌.

ഇപ്പോഴില്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്ന്‌ ആവര്‍ത്തിച്ചാണ്‌ അന്ന്‌ തിരഞ്ഞെടുപ്പിനെ മമത നേരിടുന്നത്‌. എന്നാല്‍, സംസ്ഥാനത്ത്‌ കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ മമതക്കോ തൃണമൂലിനോ സാധിച്ചില്ല. ബംഗാളിലെ ജനങ്ങള്‍ അത്തവണയും ഇടതിനെ തുണച്ചപ്പോള്‍ മുപ്പത്‌ സീറ്റുമായി മമത ഇല്ലാത്ത പ്രതിപക്ഷത്തിരുന്നു.
വ്യവസായവത്‌കരണമാണ്‌ ബംഗാളില്‍ ഇനി വേണ്ടതെന്ന പിന്നീട്‌ അധികാരത്തിലെത്തിയ ബുദ്ധദേവ്‌ സര്‍ക്കാറിന്റെ തീരുമാനം മമതക്ക്‌ തുണയായി. ടാറ്റയുടെ ചെറു കാര്‍ നിര്‍മിക്കുന്നതിന്‌ സിംഗൂരിലെ കൃഷി ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധദേവും സി പി എമ്മും തീരുമാനിച്ചതോടെ ഇടതിന്റെ ശനിദശ തുടങ്ങി. അതിനെതിരെ ഉയര്‍ന്ന കര്‍ഷക രോഷത്തില്‍ തൃണമൂലും എസ്‌ യു സി ഐ, പാര്‍ട്ടി ഓഫ്‌ ഡെമോക്രാറ്റിക്‌ സോഷ്യലിസവും മാവോയിസ്റ്റുകളും സാമൂഹിക സംഘടനകളും കൈകോര്‍ത്തപ്പോള്‍ അതിന്റെ മുന്നണിപ്പോരാളിയായി മമത നിന്നു. ഏറ്റുമുട്ടലുകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഒടുവില്‍ കാര്‍ നിര്‍മാണ യൂനിറ്റ്‌ ടാറ്റ ഗുജറാത്തിലേക്ക്‌ മാറ്റി.

ഇതിനിടെ ജക്കാര്‍ത്തയിലെ സലീം ഗ്രൂപ്പിന്‌ കെമിക്കല്‍ ഹബ്ബ്‌ നിര്‍മിക്കാന്‍ നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു. സിംഗൂരിലെ അതേ വീര്യവുമായി മമത നന്ദിഗ്രാമിലേക്ക്‌ കുതിച്ചു. അവിടെ സി പി എം മമതയെ കാത്തുനിന്നു.
സിംഗൂരില്‍ നടന്നതിനേക്കാളും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക്‌ നന്ദിഗ്രാം വേദിയായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു. കെമിക്കല്‍ ഹബ്ബിന്‌ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ച്‌ സര്‍ക്കാര്‍ തടിയൂരി.

സിംഗൂരും നന്ദിഗ്രാമും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി മമതക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതോടെ ഇടതുവിരുദ്ധ മുന്നണിക്ക്‌ 1977നു ശേഷം ചരിത്രത്തില്‍ ഏറ്റവുമധികം സീറ്റ്‌ ലഭിച്ച തിരഞ്ഞെടുപ്പായി 2009ലെ പൊതുതിരഞ്ഞെടുപ്പ്‌ മാറി.
ഒന്‍പത്‌ സീറ്റുകള്‍ സി പി എം നേടിയപ്പോള്‍ പത്തൊന്‍പത്‌ സീറ്റാണ്‌ തൃണമൂല്‍ വാരിക്കൂട്ടിയത്‌. 84ലെ ഇന്ദിരാ സഹതാപ തരംഗത്തേപ്പോലും അത്‌ കടത്തിവെട്ടി. അന്ന്‌ ഇടത്‌വിരുദ്ധ കക്ഷികള്‍ക്ക്‌ ലഭിച്ചത്‌ പതിനാറ്‌ സീറ്റായിരുന്നു.
ഏഴാം തവണയും ലോക്‌സഭയിലെത്തുകയും രണ്ടാം തവണയും റെയില്‍വേ മന്ത്രിയാകുകയും ചെയ്‌ത മമത, ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നുണ്ട്‌. ഇടതിനെ തകര്‍ത്ത്‌ കോണ്‍ഗ്രസ്‌- തൃണമൂല്‍ സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ തന്റെ ചിരകാല അഭിലാഷമായ ബംഗാള്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ മമത എത്താതിരിക്കില്ല.

Read More......

2009-08-20

പുറത്തുപോകുന്നു, വലിയ ചുമതലക്കാരന്‍


രാജ കുടുംബത്തിന്റെ പാരമ്പര്യം. കരസേനയിലെ അനുഭവ സമ്പത്ത്‌. ജസ്വന്ത്‌ സിംഗ്‌ എന്ന രാഷ്ട്രീയ നേതാവിന്റെ പൂര്‍വകാലം ഇതൊക്കെയാണ്‌. പക്ഷേ, രാഷ്‌ട്രീയത്തില്‍ ഒരിക്കലും പോരാളിയായിരുന്നില്ല ജസ്വന്ത്‌ സിംഗ്‌. ഒടുവില്‍ പൊരുതാന്‍ തയ്യാറായപ്പോഴേക്കും അദ്ദേഹത്തെ ബി ജെ പി വെട്ടി വീഴ്‌ത്തുകയും ചെയ്‌തു. നിലപാടില്‍ മാറ്റമില്ലെന്ന്‌ വീറോടെ വാദിക്കുന്നുണ്ട്‌ പഴയ സൈനികന്‍.

1938 ജനുവരി മൂന്നിന്‌ രാജസ്ഥാനിലെ ബാമര്‍ ജില്ലയിലുള്ള ജാസോളില്‍ താക്കൂര്‍ സര്‍ദാര്‍ സിംഗ്‌ജിയുടെയും കുന്‍വര്‍ ബൈസയുടെയും മകനായാണ്‌ ജനനം. താക്കൂറും കുന്‍വറും ചിത്തോഗഢിലുള്ള രാജ കുടുംബത്തിന്റെ സ്ഥാനചിഹ്നങ്ങളായിരുന്നു. അജ്‌മീറിലെ മയോ കോളജില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നു. രാജ കുടുംബത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ കുറഞ്ഞത്‌ ഇന്ത്യന്‍ പട്ടാളത്തില്‍ ഉദ്യോഗസ്ഥനെങ്കിലും ആകണമെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. 1960കളില്‍ കരസേനയില്‍ ഓഫീസറായിരുന്നു. അന്നുണ്ടായ യുദ്ധങ്ങളില്‍ വീരേതിഹാസം രചിച്ചതിന്റെ പേരില്‍ ജസ്വന്ത്‌ അറിയപ്പെട്ടിട്ടില്ല.

സൈനിക ഉദ്യോഗസ്ഥര്‍ക്കല്ല, രാഷ്‌ട്രീയ നേതാക്കള്‍ക്കാണ്‌ കൂടുതല്‍ അധികാരമെന്ന്‌ തിരിച്ചറിഞ്ഞത്‌ സൈന്യത്തില്‍ നിന്ന്‌ വിട്ടതിനു ശേഷം. 1980ല്‍ രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം. അന്ന്‌ ബി ജെ പി തുടങ്ങിയിട്ടേ ഉള്ളൂ. തുടങ്ങുന്ന പാര്‍ട്ടിയാകുമ്പോള്‍ സ്ഥാനങ്ങള്‍ കിട്ടാന്‍ എളുപ്പമാണെന്ന ലളിത ഗണിതം ഫലം കണ്ടു. 1980ല്‍ തന്നെ രാജ്യസഭാംഗമായി. പിന്നീട്‌ പാര്‍ട്ടി വളര്‍ന്നതിനൊപ്പം ജസ്വന്തും വളര്‍ന്നു. രാജ്യസഭയിലെ പതിവുകാരനുമായി. 1996ല്‍ പതിമൂന്ന്‌ ദിവസത്തെ വാജ്‌പയ്‌ സര്‍ക്കാറില്‍ ധനമന്ത്രിയായി. 1998 മുതല്‍ 2002 വരെ വാജ്‌പയ്‌ പതിമൂന്ന്‌ മാസം ഭരിച്ചപ്പോള്‍ ജസ്വന്ത്‌ സിംഗ്‌ വിദേശകാര്യം കൈകാര്യം ചെയ്‌തു. 1999ല്‍ വാജ്‌പയ്‌ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ജസ്വന്ത്‌ വിദേശകാര്യ മന്ത്രിയായി തുടര്‍ന്നു. പിന്നീട്‌ ധനകാര്യ വകുപ്പിലേക്ക്‌ യശ്വന്ത്‌ സിംഗിനെ മാറ്റി. പ്രതിരോധ ഇടപാടുകളിലെ അഴിമതിയെക്കുറിച്ചുള്ള തെഹല്‍ക്കയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ രാജിവെച്ച ഒഴിവില്‍ തത്‌കാലത്തേക്ക്‌ പകരക്കാരനായതും ജസ്വന്തായിരുന്നു. വലിയ ചുമതലകളായിരുന്നു ബി ജെ പി ഏല്‍പ്പിച്ചിരുന്നത്‌ എന്ന്‌ ചുരു-ക്കം.

അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍കൈ എടുത്തതും ജസ്വന്താണ്‌. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായിരിക്കെ ആരംഭിച്ച ഈ നടപടികള്‍ ധന, വിദേശ വകുപ്പുകള്‍ കൈകാര്യം ചെയ്‌തപ്പോള്‍ അദ്ദേഹം ഊര്‍ജിതമാക്കി. മന്‍മോഹനു മുമ്പ്‌ അമേരിക്കയുമായി ഇത്രമാത്രം ബന്ധം സ്ഥാപിച്ച സമകാലികനായ നേതാവ്‌ ജസ്വന്ത്‌ മാത്രമായിരിക്കും. 1998ലെ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണത്തിന്‌ ശേഷം ഇന്ത്യാ-അമേരിക്ക ബന്ധം മോശമായപ്പോള്‍ ജസ്വന്തിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. വാജ്‌പയിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ വഴിയൊരുക്കിയതിലും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക്‌ കൊണ്ടുവന്നതിലും അദ്ദേഹം നിര്‍ണായക പങ്ക്‌ വഹിച്ചു. വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ തന്നെയാണ്‌ ജസ്വന്ത്‌ സിംഗിന്‌ കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതും. ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം തട്ടിയെടുത്ത്‌ കാന്‍ഡഹാറിലിറക്കിയ റാഞ്ചികള്‍ മൗലാനാ മസ്‌ഊദ്‌ അസ്‌ഹറടക്കമുള്ള ഭീകരവാദികളെ വിട്ടയക്കണമെന്ന ആവശ്യമാണ്‌ മുന്നോട്ടുവെച്ചത്‌. ഈ ആവശ്യം അംഗീകരിച്ച്‌ ബന്ദികളെ മോചിപ്പിച്ചത്‌ വിവാദത്തിന്‌ കാരണമായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗിനെ ദുര്‍ബലനായ പ്രധാനമന്ത്രിയായി ബി ജെ പി വിശേഷിപ്പിച്ചപ്പോള്‍ മറുപടിയായി കിട്ടിയത്‌ കാന്‍ഡഹാര്‍ എപ്പിസോഡായിരുന്നു. ബി ജെ പിക്ക്‌ മൊഴിമുട്ടുകയും ചെയ്‌തു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബാമര്‍ സീറ്റ്‌ മകന്‍ മാനവേന്ദ്ര സിംഗിന്‌ നേടിക്കൊടുക്കാന്‍ ജസ്വന്ത്‌ കരുനീക്കിയത്‌ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്‌ടപ്പെടുത്തി. മകന്റെ സീറ്റ്‌ ഉറപ്പാക്കിയ ശേഷമാണ്‌ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ ജസ്വന്ത്‌ കണ്ണുവെച്ചത്‌. ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നതിനാല്‍ ജസ്വന്ത്‌ ലോക്‌സഭയിലെത്തി. ബാമറില്‍ നിന്ന്‌ മകനും. തിരഞ്ഞെടുപ്പില്‍ ബി ജെ പി തോറ്റെങ്കിലും ജസ്വന്തിന്‌ മറ്റ്‌ പ്രതീക്ഷകളുണ്ടായിരുന്നു. അഡ്വാനി മാറി നില്‍ക്കും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകാം. അഡ്വാനി തുടര്‍ന്നാല്‍ തന്നെ ഉപനേതൃത്വപദവി തനിക്കു തന്നെ...അങ്ങനെ പലതും. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റി. ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ രാജ്യസഭയിലെ നേതൃസ്ഥാനവും പോയി. രാജരക്തം സിരകളിലോടുമ്പോള്‍ അവഗണന സഹിക്കയോ? പഴയ സൈനികന്‍ ഉണര്‍ന്നു. പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി വിശദമായ കുറിപ്പ്‌ തയ്യാറാക്കി നേതൃയോഗത്തില്‍ വെച്ചു. കാലത്തിനനുസരിച്ച്‌ പാര്‍ട്ടി നയം മാറണമെന്ന്‌ നിര്‍ദേശിച്ചു. ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്‌തു. എല്ലാവരുടെയും പാര്‍ട്ടിയായി ബി ജെ പി മാറണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു. ഇത്‌ നേതാക്കള്‍ പരിഗണിച്ചില്ലെങ്കില്‍ ജനങ്ങളെങ്കിലും അറിയണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. നേതൃയോഗത്തില്‍ കൊടുത്ത കുറിപ്പ്‌ അതേപടി മാധ്യമങ്ങളിലെത്തി. കുറിപ്പ്‌ കൊടുത്തപ്പോഴേ നോട്ടമിട്ടതാണ്‌ രാജ്‌നാഥ്‌ സിംഗും ആര്‍ എസ്‌ എസ്സും. അത്‌ മാധ്യമങ്ങളിലേക്ക്‌ ചോര്‍ന്നതോടെ അവര്‍ വിധി തീരുമാനിച്ചു. അത്‌ എപ്പോള്‍ നടപ്പാക്കണമെന്ന്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ ചരിത്ര വ്യാഖ്യാനം പുറത്തിറങ്ങിയത്‌.

ഗ്രന്ഥരചന ജസ്വന്തിന്‌ പുതുമയല്ല. `ദേശീയ സുരക്ഷ - നമ്മുടെ ആശങ്കകളുടെ രേഖാചി്രത്രം, `ഇന്ത്യയെ പ്രതിരോധിക്കല്‍', തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്‌. 2006ല്‍ `എ കോള്‍ ടു ഓണര്‍ - ഇന്‍ സര്‍വീസ്‌ ഓഫ്‌ എമര്‍ജന്റ്‌ ഇന്ത്യ' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. `ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം' എന്ന അവസാന കൃതി വിവാദങ്ങളുടെ തണലില്‍ വേണ്ടത്ര വിറ്റുപോകും. ബി ജെ പിയിലുണ്ടെങ്കിലും ഇല്ലെങ്കിലും ജസ്വന്തിന്‌ ലാഭം. ഇനി അദ്ദേഹത്തിന്‌ വേണമെങ്കില്‍ തന്റെ ബി ജെ പി ജീവിതത്തെക്കുറിച്ച്‌ എഴുതാം. ബി ജെ പി - സത്യവും മിഥ്യയും എന്നു പേരിട്ടാല്‍ വിപണിവിജയം ഉറപ്പ്‌.

Read More......

2009-05-19

പ്രഭാകരന്‍ എന്ന പ്രഹേളിക

`ഭയം ദൗര്‍ബല്യത്തില്‍ നിന്നുള്ളതാണ്‌, ഒരു ഭീരുവിന്റെ സുഹൃത്ത്‌. ധീരന്റെ അടിയുറച്ച ശത്രു. മരണത്തോടുള്ള ഭയമാണ്‌ മനുഷ്യന്റെ ഭയത്തിന്റെ അടിസ്ഥാനം. മരണത്തോടുള്ള ഭയത്തെ തോല്‍പ്പിച്ചവന്‍ സ്വയം വിജയിച്ചവനാണ്‌. അവനാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിക്കുന്നത്‌. ഒപ്പം അവന്റെ മനസ്സിന്റെ തടവറയില്‍ നിന്നും' തമിഴ്‌ ഈഴത്തിനു വേണ്ടി പോരാടുന്നവരോട്‌ ഇതു പറയുമ്പോള്‍ വേലുപ്പിള്ള പ്രഭാകരന്റെ മനസ്സില്‍ തെല്ലും ഇല്ലാതിരുന്നത്‌ മരണ ഭയമാണ്‌. ഒടുവില്‍ നീണ്ട പോരാട്ടത്തിന്റെ വീഥിയില്‍ പ്രഭാകരനും വീണിരിക്കുന്നു.
തമിഴ്‌ ഈഴത്തിനു വേണ്ടി ശ്രീലങ്കന്‍ സൈന്യത്തോട്‌ പോരാടി വീണ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കുന്ന മാവീരര്‍ ദിനത്തില്‍ പ്രഭാകരന്‍ എല്‍ ടി ടി ഇ പോരാളികളുടെ ആത്മബലം വര്‍ധിപ്പിച്ചത്‌ ഇത്തരം ശക്തമായ വാക്കുകളിലൂടെയായിരുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ച പ്രസംഗങ്ങളിലൂടെ. ശ്രീലങ്കന്‍ സൈന്യത്തെ ആക്രമിച്ച്‌ അവരുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി അവര്‍ക്കെതിരെ പോരാടിയ പ്രഭാകരന്റെ ആദ്യ ആയുധം കുട്ടികള്‍ കൊണ്ടു നടക്കുന്ന തെറ്റാലിയായിരുന്നു. ലക്ഷ്യം പക്ഷികളും അണ്ണാനും മറ്റും. ഒടുവില്‍ അത്‌ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഗറില്ലാ പോരാട്ടങ്ങളിലേക്ക്‌ മാറിയത്‌ നീണ്ട ചരിത്രം.

എല്‍ ടി ടി ഇ രൂപവത്‌കരിച്ച്‌ തമിഴ്‌ ഈഴത്തിനായി പോരാടിയ പ്രഭാകരന്‍ മുപ്പത്‌ വര്‍ഷത്തിലധികമായി അതീവ സുരക്ഷിതമായ ബങ്കറുകളിലിരുന്നാണ്‌ എല്‍ ടി ടി ഇയെ നയിച്ചത്‌. തമിഴ്‌ ഈഴത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായവന്‍. ഈഴം പ്രവര്‍ത്തകരുടെ കഴുത്തില്‍ സയനൈഡ്‌ മാലയണിയിക്കും മുമ്പ്‌ സ്വയം അതണിഞ്ഞവന്‍. പിടിക്കപ്പെടും മുമ്പ്‌ സ്വയം മരിച്ചുകളയണമെന്ന്‌ പറയുമ്പോഴും പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം കൊടുക്കുന്നവന്‍. അതെ. ഈഴത്തിലെ ഓരോ അംഗത്തെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്‌ പ്രഭാകരന്‍ കണ്ടിരുന്നത്‌. തെറ്റുകണ്ടാല്‍ ശിക്ഷിച്ചും വിജയിച്ചുവരുന്ന പ്രവര്‍ത്തകര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം കൊടുത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍വാക്ക്‌ ഉണ്ടാക്കിയെടുക്കാതെയായിരുന്നു ഈഴത്തിന്റെ പ്രവര്‍ത്തനം. എന്നിട്ടും വിമത ശബ്‌ദങ്ങളുയര്‍ന്നു. ഇടക്കാലത്ത്‌ എല്‍ ടി ടി ഇയില്‍ നിന്ന്‌ പ്രഭാകരന്‌ പുറത്തുപോകേണ്ടിവന്നു. ചെറിയ ഇടവേളക്കു ശേഷം പുലികളുടെ നേതൃസ്ഥാനത്ത്‌ തിരിച്ചെത്തുകയും ചെയ്‌തു. മഹാത്തായ എന്നറിയപ്പെട്ട മഹേന്ദ്ര രാജനും കിഴക്കന്‍ മേഖലയില്‍ ഈഴത്തിന്റെ ചുമതലയുണ്ടായിരുന്ന കേണല്‍ കരുണയും പ്രഭാകരന്‌ വലിയ വെല്ലുവിളിയുയര്‍ത്തി. ഇതില്‍ മഹാത്തായയെ പിന്നീട്‌ പുലികള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. വിമത ശബ്‌ദമുയര്‍ത്തി പുറത്തു പോയ കേണല്‍ കരുണ പ്രഭാകരന്റെ വീഴ്‌ചയില്‍ സുപ്രധാന പങ്ക്‌ വഹിക്കുകയും ചെയ്‌തു.
1954ല്‍ ശ്രീലങ്കയിലെ ഉപദ്വീപായ വാള്‍വെട്ടിത്തുറൈയിലായിരുന്നു പ്രഭാകരന്റെ ജനനം. തിരുവെങ്കടം വേലുപ്പിള്ളയുടെയും പാര്‍വതിയുടെയും ഇളയ മകന്‍. കുട്ടിക്കാലത്ത്‌ തീര്‍ത്തും അന്തര്‍മുഖനായിരുന്ന പ്രഭാകരന്‌ പുസ്‌തകങ്ങളിലായിരുന്നു കമ്പം. വളരെ ചെറുപ്പത്തിലെ തന്നെ പ്രഭാകരന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. തമിഴ്‌ വംശജരോട്‌ തൊഴില്‍, വിദ്യാഭ്യാസം, രാഷ്‌ട്രീയം തുടങ്ങി എല്ലാ മേഖലകളിലും വിവേചനം കാണിക്കുന്നുവെന്ന്‌ മനസ്സിലാക്കിയ ഒരു തമിഴ്‌ കൗമാരക്കാരന്റെ പ്രതിഷേധമായിരുന്നു അത്‌. സ്‌കൂള്‍ പഠനം നിര്‍ത്തിയപ്പോള്‍ തന്നെ കായികാഭ്യാസം പഠിക്കാന്‍ പ്രഭാകരന്‍ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ തമിഴ്‌ വംശജര്‍ക്കെതിരെ വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ യുവാക്കള്‍ ചേര്‍ന്ന്‌ രൂപവത്‌കരിച്ച സംഘടനയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു പ്രഭാകരന്റെ ആദ്യ പ്രവര്‍ത്തനം. അവിടെ നിന്ന്‌ പെട്ടെന്നായിരുന്നു വളര്‍ച്ച. ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴമെന്ന ലോകം കണ്ട ഏറ്റവും വലിയ ഗറില്ല സംഘത്തിന്റെ, അനിഷേധ്യ നേതാവിലേക്ക്‌. ഇന്ത്യന്‍ സ്വാതന്ത്ര്യന്‌ വേണ്ടി പോരാടിയ സുഭാഷ്‌ ചന്ദ്ര ബോസിന്റെയും ഭഗത്‌സിംഗിന്റെയും ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആദ്യകാലത്തു തന്നെ പ്രഭാകരന്‍ ആകൃഷ്‌ടനായിരുന്നു. ഇവര്‍ രണ്ടു പേരും സായുധ പോരാത്തിലൂടെ മാത്രമേ ബ്രിട്ടനില്‍ നിന്നു ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കൂ എന്ന്‌ വിശ്വസിച്ചിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്‌. പോരാട്ടത്തിലൂടെ മാത്രമേ തമിഴ്‌ ഈഴം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സാധിക്കൂ എന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെ മുല്ലത്തീവും കിളിനൊച്ചിയും പിടിച്ച്‌ പ്രഭാകരന്‍ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരുന്നു.
പ്രഭാകരനുമായി ലഭിക്കുന്ന അപൂര്‍വം ചില അഭിമുഖ സംഭാഷണങ്ങളില്‍ അദ്ദേഹം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെയും നെപ്പോളിയന്റെയും ജീവിതങ്ങളില്‍ ആകൃഷ്‌ടനായിരുന്നുവെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഇവര്‍ രണ്ടു പേരേയും പറ്റിയുള്ള പുസ്‌തകങ്ങള്‍ പഠിക്കാനും പ്രഭാകരന്‍ സമയം കണ്ടെത്തി. 1974ലാണ്‌ പ്രത്യേക തമിഴ്‌ ഈഴം എന്ന ലക്ഷ്യം ഉയര്‍ത്തി പ്രഭാകരന്‍ തന്റെ പ്രവര്‍ത്തന മേഖല ശക്തമാക്കിയത്‌. 1976 മെയ്‌ അഞ്ചിന്‌ ന്യൂ തമിഴ്‌ ടൈഗേഴ്‌സിന്റെ പേര്‌ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്നാക്കി മാറ്റി. അന്നു മുതല്‍ എല്‍ ടി ടി ഇയുടെ രാഷ്‌ട്രീയ നേതാവും സൈനിക കമാന്‍ഡറും പ്രഭാകരന്‍ തന്നെ.
1975ല്‍ ജാഫ്‌ന മേയറായിരുന്ന ആല്‍ഫ്രഡ്‌ ദുരയപ്പയെ വെടിവെച്ചു കൊലപ്പെടുത്തിയതോടെയാണ്‌ പ്രഭാകരന്‍ ലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്‌. തമിഴ്‌ ഈഴത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ ആദ്യം കൊല്ലപ്പെടുന്നതും ജാഫ്‌ന മേയറാണ്‌. അതിനു ശേഷം എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. വിവിധ പേരുകളിലാണ്‌ പ്രഭാകരന്‍ അറിയപ്പെടുന്നതു തന്നെ. ചിലര്‍ക്ക്‌ തമ്പിയാണെങ്കില്‍ മറ്റു ചിലര്‍ക്ക്‌ അത്‌ എല്‍ ടി ടി ഇയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും വരെ ആകാറുണ്ട്‌. പക്ഷേ, ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രഭാകരന്‍ എന്നും അറിയപ്പെട്ടിരുന്നത്‌ തമിഴ്‌ ഈഴത്തിനു വേണ്ടി പോരാടുന്ന ഗറില്ലാ നേതാവായും ഭീകരനുമൊക്കെയായാണ്‌. പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ പ്രധാന പ്രതിയായതോടെ ഇന്ത്യയിലും പ്രഭാകരന്‍ ഭീകരനായി. രാജീവ്‌ ഗാന്ധി കൊലപാതക കേസിലെ അപ്രഖ്യാപിത ഒന്നാം പ്രതി കൂടിയാണ്‌ പ്രഭാകരന്‍. രാജീവ്‌ ഗാന്ധിയെ വധിച്ചതിന്‌ എല്‍ ടി ടി ഇ പിന്നീട്‌ മാപ്പു പറയുകയും ചെയ്‌തു.
പ്രഭാകരന്റെ നേതൃത്വമാണ്‌ എല്‍ ടി ടി ഇയെ ശക്തമായ ലക്ഷ്യവും അച്ചടക്കവുമുള്ള ഗറില്ലാ സംഘടനയായി വളര്‍ത്തിയെടുത്തത്‌. കര്‍ശനമായ അച്ചടക്കം, ലക്ഷ്യം നേടുംവരെ പോരാടാനുള്ള മനോവീര്യം, ജീവത്യാഗം ചെയ്യാനുള്ള പ്രതിബദ്ധത ഇതൊക്കെയായിരുന്നു എല്‍ ടി ടി ഇയില്‍ അംഗമാവുന്നതിന്‌ വേണ്ട യോഗ്യത. കടല്‍പ്പുലികള്‍, കരിമ്പുലികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി അറിയപ്പെടുന്ന എല്‍ ടി ടി ഇയുടെ കേന്ദ്ര ബിന്ദു പ്രഭാകരനില്‍ മാത്രം ഒതുങ്ങി. തമിഴ്‌ വംശജര്‍ക്കു വേണ്ടി പോരാടുന്ന ഒരേയൊരു സംഘടന മാത്രമേ പാടുള്ളു എന്ന്‌ വിശ്വസിച്ചു പ്രവര്‍ത്തിച്ചു. തമിഴര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ്‌ സംഘടനകളെ എല്‍ ടി ടി ഇയിലേക്ക്‌ ആകര്‍ഷിക്കാനായിരുന്നു പ്രഭാകരന്റെ ശ്രമം. അല്ലാത്ത സംഘടനകളുടെ നേതാക്കളെ കൊന്നു തള്ളുക എന്നായിരുന്നു നിലപാട്‌. കിഴക്കന്‍ മേഖലയുടെ അധിപനായി പ്രഭാകരന്‍ നിയമിച്ച കേണല്‍ കരുണ ശ്രീലങ്കന്‍ സര്‍ക്കാറിനോടൊപ്പം നിന്നതും അതിനു പിന്നാലെ എല്‍ ടി ടി ഇയിലെ പ്രധാനിയായിരുന്ന ആന്റണ്‍ ബാലശിങ്കം മരിച്ചതും പ്രഭാകരന്‌ കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു.
ഒടുവില്‍ ശ്രീലങ്കന്‍ സേന ശക്തമായ ആക്രമണം ആരംഭിച്ചതോടെ ചുരുങ്ങിയ പ്രദേശത്തേക്ക്‌ എല്‍ ടി ടി ഇയുടെ ആധിപത്യം ചുരുങ്ങി. സമീപകാലത്തുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രഭാകരന്റെ ഏകാധിപത്യത്തിനാണ്‌ ഇന്നലെ അവസാനമായിരിക്കുന്നത്‌. ഓരോ തവണ പ്രഭാകരന്‍ മരിച്ചെന്ന്‌ ശ്രീലങ്കന്‍ സൈന്യം അവകാശപ്പെടുമ്പോഴും രഹസ്യ സങ്കേതത്തിലിരുന്ന്‌ പുറത്തുവിടുന്ന വീഡിയോ ചിത്രങ്ങളായിരുന്നു പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന്‌ മനസ്സിലാക്കാനുള്ള തെളിവുകള്‍. അത്തരത്തിലുള്ള ഒരു വീഡിയോ ദൃശ്യം തമിഴ്‌ പോരാട്ടവേദിയിലുള്ളവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്‌.

Read More......

2008-02-11

ഭയമില്ലാത്ത മനുഷ്യന്‍


"മഹാ വൃക്ഷങ്ങള്‍ നിലം പതിക്കുകയാണ്‌. നമ്മില്‍ വന്‍ വിടവുകള്‍ സൃഷ്ടിച്ചുകൊണ്ട്‌"




സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ആട്ടിപ്പായിക്കപ്പെട്ടവര്‍ക്ക്‌ മാര്‍ഗദീപമായി സ്വയം കത്തിയെരിഞ്ഞ ജീവിതമായിരുന്നു ബാബ ആംതയുടേത്‌. ഈ നൂറ്റാണ്ടിലും ആളുകള്‍ അറപ്പോടു കൂടി മാത്രം നോക്കികാണുന്ന കുഷ്‌ഠരോഗികളുടെ കണ്ണീരൊപ്പി അവരില്‍ ഒരാളായി കഴിഞ്ഞ ആംതെ ഇന്ത്യ കണ്ട മഹത്വ്യക്തികളില്‍ ഒരാളാണ്‌.മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ഹിംഗര്‍ഘട്ട്‌ ഗ്രാമത്തില്‍ 1914 ല്‍ ധനാഢ്യനായ ബ്രാഹ്മണ ഭൂവുടമയുടെ മകനായാണ്‌ ബാബാ ആംതെ എന്ന മുരളീധര്‍ ദേവദാസ്‌ ആംതെയുടെ ജനനം. ചുറ്റുപാടുമുള്ള എന്തിനെയും കൗതുകപൂര്‍വ്വം നോക്കികണ്ടിരുന്ന തന്റെ കണ്ണുകളെ പുറം ലോകത്തെ ദാരിദ്ര്യകാഴ്‌ചകളില്‍ നിന്ന്‌ മറച്ചു പിടിക്കാന്‍ ആംതെ ഒരിക്കലും ശ്രമിച്ചിരുന്നില്ല.അഭിഭാഷകനായാണ്‌ തന്റെ ഔദ്യോഗിക ജീവിതം ആംതെ തുടങ്ങിയത്‌. ഗാന്ധി ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ ആംതെ നിയമ പഠനം പൂര്‍ത്തിയാക്കിയ ഉടനെ പൈതൃകമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റ്‌ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുകയായിരുന്നു. ഇന്നും ആളുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപ്പോകുന്ന കുഷ്‌ഠരോഗികളുടെ ഇടയിലേക്ക്‌ സ്‌നേഹത്തിന്റെ മൃദു മന്ത്രങ്ങളുമായി ഇറങ്ങിചെന്ന ആംതെ അവരെ ഒറ്റപ്പെടലിന്റെ വേദനകളില്‍ നിന്നും കരകയറ്റുകയായിരുന്നു. മരുന്നിന്‌ മാറ്റാന്‍ കഴിയാത്ത രോഗത്തെ സ്‌നേഹം കൊണ്ട്‌ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന്‌ മനസ്സിലാക്കിയ അപൂര്‍വ്വം ചില വ്യക്തിത്വങ്ങളില്‍ ഒന്നാണ്‌ ആംതെ.നാഗ്‌പൂരിനടുത്ത്‌ ആംതെ സ്ഥാപിച്ച ആനന്ദഭവന്‍ ആശ്രമം കുഷ്‌ഠരോഗികള്‍ക്ക്‌ താങ്ങും തണലുമായി മാറി. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കുഷ്‌ഠരോഗികളുടെ പരിചരണം ഏറ്റെടുത്ത ആംതെ അവരെ സമൂഹത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു. സ്‌നേഹമില്ലാത്തിടത്ത്‌ ദൈവമില്ല എന്ന തിരിച്ചറിവാണ്‌ ബാബയെ മറ്റൊരു മനുഷ്യനാക്കി തീര്‍ത്തത്‌.ഗാന്ധിജിയുടെ ദര്‍ശനത്തിന്‌ പകരമായി മറ്റൊരു ഗര്‍ശനമില്ലെന്ന്‌ അവസാനം വരെ വിശ്വസിക്കുകയും അതിലൂന്നി ജീവിക്കുകയും ചെയ്‌തയാളാണ്‌ ആംതെ. ഗാന്ധി ദര്‍ശനത്തിലൂന്നികൊണ്ട്‌ വൈദേശ ശക്തികളെ ഇന്ത്യയില്‍ നിന്ന്‌ പുറത്താക്കാന്‍ ആംതെ മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഗാന്ധിയന്‍ ആശയങ്ങള്‍ പോലെതന്നെ രവീന്ദ്ര നാഥ ടാഗോറിന്റെ സംഗീതം ബാബയെ ശാന്തിനികേതനിലേക്കും ആകര്‍ഷിച്ചു.കുഷ്‌ഠരോഗികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ബാബ ഒതുങ്ങി നിന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളുണ്ടായി. പരിസ്ഥിതി ചൂഷണത്തിനെതിരെ കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെയും ഗുജറാത്തില്‍ നിന്ന്‌ അരുണാചല്‍ പ്രദേശിലേക്കും ബാബ 'ഭാരത്‌ ജോദോ' യാതേര നടത്തി. 1990ല്‍ രോഗാതുരനായ അവസ്ഥയിലും നര്‍മ്മദ പദ്ധതിയില്‍ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ബാബ 'നര്‍മ്മദ ബച്ചാവോ ആന്ദോളന്‍' പ്രക്ഷോഭത്തില്‍ മേധാപട്‌ക്കര്‍ക്കു ശക്തമായ പിന്തുണ നല്‍കി. ആദി വാസികളെ അവരുടെ താമസ സ്ഥലങ്ങളില്‍ നിന്നും മാറ്റിയാല്‍ അവരുടെ സംസ്‌കാരം പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന്‌ ബാബ ഭയന്നിരുന്നു. വര്‍ധയിലെ അഭിഭാഷകനായിരിക്കെ തോട്ടികളുടെ യൂണിയനുണ്ടാക്കിയ ആംതെക്ക്‌ ആ ജോലിയുടെ മഹത്വമറിയാന്‍ അതും സ്വയം ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. സേവാഗ്രാമത്തില്‍ കഴിയു്‌ന്ന കാലത്ത്‌ 'ഭയമില്ലാത്ത മനുഷ്യന്‍' എന്ന്‌ ഗാന്ധി വിളിച്ച ആംതെ തനിക്ക്‌ കുഷ്‌ഠരോഗമുണ്ടോ എന്ന പരിശോധന ഒരിക്കല്‍പോലും നടത്തിയിട്ടില്ല്‌. ഭയമുള്ളിടത്ത്‌ സ്‌നേഹമുണ്ടാവില്ല, സ്‌നേഹമില്ലാത്തിടത്ത്‌ ദൈവവുമില്ല എന്ന തിരിച്ചറിവാണ്‌ മുരളീധര്‍ ദേവദാസ്‌ ആംതയെ ബാബ ആംതയാക്കി മാറ്റിയത്‌.ജീവിച്ചിരുന്ന കാലത്ത്‌ തന്നെ ഇതിഹാസമായി മാറിയ ആംതയെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്‌. ഏഷ്യയിലെ നോബേലായ മാഗ്‌സസെ 1985ല്‍ ആംതയെ തേടിയെത്തി. 2000 ലെ ഗാന്ധി സമാധാന പുരസ്‌കാരവും, ഡോ.അംബേദ്‌കര്‍ അന്താരാഷ്ട്ര പുരസ്‌കാരവും ആംതെക്ക്‌ ലഭിച്ചു. 1971ല്‍ പത്മശ്രീയും 1986ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ബാബയെ ആദരിച്ചു. ഒടുവില്‍ സമാധാന സന്ദേശവുമായി പാക്കിസ്ഥാനിലേക്ക്‌ യാത്രചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ്‌ ബാബ നമ്മോട്‌ വിട പറഞ്ഞത്‌.

Read More......

2008-02-02

ടെന്നീസ്‌ കോര്‍ട്ടിലെ യുവ മാന്ത്രികന്‍







ikiആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുതിയ അവകാശിയായി ദ്യോക്കോവിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍സിന്റെ അട്ടിമറി വീരന്‍ ജോ വില്‍ഫ്രെഡ്‌ സോംഗയെ പുരുഷ വിഭാഗം ഫൈനലില്‍ തോല്‍പ്പിച്ചാണ്‌ സെര്‍ബിയയുടെ താരം നൊവാക്ക്‌ ദ്യോക്കോവിച്ച്‌ ജേതാവായത്‌. (4-6, 6-4, 6-3, 7-6).നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ചെത്തിയ ദ്യോക്കോവിച്ചും രണ്ടാം നമ്പര്‍ താരം റാഫേല്‍ നഡാലിനെ അട്ടിമറിച്ചെത്തിയ സോംഗയും ഫൈനലില്‍ ഉജ്ജ്വലപോരാട്ടമാണ്‌ പുറത്തെടുത്തത്‌.ആദ്യമായാണ്‌ സെര്‍ബിയയില്‍ നിന്ന്‌ ഒരു താരം ഗ്രാന്റ്‌സ്ലാം കിരീടം നേടുന്നത്‌. ഇതോടെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ ഇരുപതുകാരന്‍ സ്വന്തമാക്കി. അമേരിക്കയുടെ ജിം കൊറിയറുടെ റെക്കോര്‍ഡാണ്‌ ദ്യോക്കോവിച്ചിന്‌ മുന്നില്‍ വഴിമാറിയത്‌. എതിരാളികളില്ല എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫെഡററോട്‌ കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 1987 മെയ്‌ 27 നാണ്‌ സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച ദ്യോക്കോവിച്ച്‌ തന്റെ കരിയറിലെ ആദ്യ ഗ്രാന്റ്‌സ്ലാം കിരീടം സ്വന്തമാക്കിയതോടെ എക്കാലത്തെയും മികച്ച ടെന്നീസ്‌ താരമാകാനുള്ള പ്രയാണത്തിലാണ്‌. സ്രദാന്റെയും ഭിജ്‌നയുടെയും മൂന്നു മക്കളില്‍ ആദ്യ മകനായി ജനിച്ച ദ്യോക്കോവിച്ചിന്റെ ഇളയ രണ്ടു സഹോദരന്മാരും പ്രൊഫഷണല്‍ ടെന്നീസ്‌ കളിക്കാരാണ്‌. നാലാം വയസില്‍ ടെന്നീസ്‌ കളിക്കാനാരംഭിച്ച ദ്യോക്കോവിച്ച്‌ പന്ത്രണ്ടാം വയസില്‍ നിക്കോളാ പിലിക്‌സ്റ്റിന്റെ ടെന്നീസ്‌ അക്കാദമിയിസല്‍ പരിശീലനം നേടി. പതിനാലാം വയസ്സില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ സിംഗിള്‍സിലും ഡബിള്‍സിലും കിരീടം നേടുക വഴി അന്താരാഷ്‌ട്ര കരിയറിന്‌ തുടക്കമായി. 2006ലെ ഹോപ്പ്‌മാന്‍ കപ്പില്‍ നേരിയ വ്യത്യാസത്തിനാണ്‌ ദ്യോക്കോവിച്ചിന്‌ ഫൈനല്‍ നഷ്‌ടമായത്‌. തന്റെ വിജയങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചത്‌ വഴി 2006ല്‍ റാങ്കിംഗ്‌ നിലയിലും മെച്ചമായി. റാങ്കിംങ്ങില്‍ 78ല്‍ നിന്ന്‌ തുടങ്ങിയ ദ്യോക്കോവിച്ച്‌ ഫ്രഞ്ച്‌ ഓപ്പണിന്റെ ക്വാര്‍ട്ടറിലും വിംബിള്‍ഡണിന്റെ നാലാം റൗണ്ടിലും എത്തുക വഴി ആദ്യ 40റാങ്കിനുള്ളിലെത്തി. തന്റെ നേര്‍ക്കുയര്‍ന്ന അഭിപ്രായ പ്രകടനങ്ങളൊന്നും തന്നെ ദ്യോക്കോവിച്ചിന്റെ കളിയെ ബാധിച്ചിരുന്നില്ല. കഴിഞ്ഞ വിംബിള്‍ഡണു ശേഷം നടന്ന ആമേര്‍സ്‌ഫൂര്‍ട്ട്‌ കിരീടം ഒരു സെറ്റു പോലും നഷ്‌ടപ്പെടാതെയാണ്‌ ദ്യോക്കോവിച്ച്‌ നേടിയത്‌. ഫൈനലില്‍ നിക്കോളസ്‌ മസുവിനെയാണ്‌ പരാജയപ്പെടുത്തിയത്‌. തുടര്‍ന്ന്‌ മേട്‌സ്‌കപ്പിലെ വിജയത്തിലൂടെ 20റാങ്കിനുള്ളിലെത്തുകയും ചെയ്‌തു ഈ സെര്‍ബിയക്കാരന്‍. അഡലെയ്‌ഡില്‍ നടന്ന മത്സരത്തില്‍ ആസ്‌ത്രേലിയന്‍ താരം ക്രിസ്‌ ഫൈനലില്‍ തോല്‍പ്പിച്ച്‌ 2007 നന്നായി തുടങ്ങിയ ദ്യോക്കോവിച്ച്‌ ഈവര്‍ഷം തന്നെ ആദ്യ പത്ത്‌ റാങ്കിനുള്ളിലുമെത്തി. റാഫേല്‍ നദാലുമായി മത്സരിച്ച ഇന്ത്യന്‍ വെല്‍സ്‌ ഫൈനലില്‍ കിരീടം നഷ്‌ടപ്പെട്ടെങ്കിലും മിയാമിയില്‍ നദാലിനെ പരാജയപ്പെടുത്തി ഇതിനു സുന്ദരമായി പകരം വീട്ടുകയും ചെയ്‌തു. 2007ലെ ഫ്രഞ്ച്‌ ഓപ്പണ്‍ സെമിയില്‍ ഫെഡററോഡ്‌ തോറ്റെങ്കിലും ഇപ്രാവശ്യത്തെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ചിനായിരുന്നു വിജയം. ഈ ഗ്രാന്‍ഡ്‌സ്ലാം സ്വന്തമാക്കിയതോടെ എക്കാലത്തേയും മികച്ച താരമാകാനുള്ള പുറപ്പാടിലാണ്‌ ദ്യോക്കോവിച്ച്‌. കളം നിറഞ്ഞ്‌ കളിക്കുന്ന ദ്യോക്കോവിച്ചിന്റെ വജ്രായുധം കരുത്തുറ്റ സെര്‍വ്വുകളാണ്‌. ദ്യോക്കോവിച്ചിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ഗ്രൗണ്ട്‌ ഷോട്ടുകള്‍ക്കും മുന്‍പില്‍ എതിരാളികള്‍ നിശബ്‌ദരാകുമ്പോള്‍ ടെന്നീസില്‍ ഒരു താരം ഉദിച്ചുയരുകയായി. പ്രതിഭകള്‍ക്ക്‌ ക്ഷാമമില്ലാത്ത പുരുഷടെന്നീസില്‍ പുതിയൊരു പ്രതിഭയായി.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu