2008-12-13

26/11അവശേഷിപ്പിച്ചത്‌...


`അച്ഛാ എന്നെയും തീവ്രവാദികള്‍ കൊല്ലുമോ?' പന്ത്രണ്ടുകാരന്‍ ഉയര്‍ത്തിയ ചോദ്യത്തിനു മുന്നില്‍ നിസഹായനായിരിക്കാനേ പിതാവിനു കഴിഞ്ഞുള്ളൂ. മുംബൈയിലെ ഒരു വിഭാഗം കുട്ടികള്‍ ഭയന്നു ഇത്തരം ചോദ്യങ്ങളുന്നയിക്കുമ്പോള്‍ മറുവശം അതിനേക്കാള്‍ ഭീകരമാണ്‌.
`യുദ്ധോപകരണങ്ങളുടെയും തോക്കുകളുടെയും മാതൃകകള്‍ക്ക്‌ ഇപ്പോള്‍ നല്ല ചെലവാണ്‌'-മുംബൈയിലെ ഒരു കളിപ്പാട്ട വ്യാപാരിയുടെ വാക്കുകളാണിത്‌. രാജ്യത്തുണ്ടായ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ കാഠിന്യമെത്ര എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവരുടെ വാക്കുകളില്‍ നിന്നു വ്യക്തമാണ്‌. അതെ, 60 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ഒരായുസ്സിന്റെ ഏറ്റുമുട്ടലായി പിഞ്ചു മനസ്സില്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
മുംബൈ ആക്രമണത്തെ ആഘോഷമാക്കിയ ചാനലുകള്‍ തൊടുത്തുവിട്ട ദൃശ്യങ്ങള്‍ കൂരമ്പുകളായാണ്‌ കുഞ്ഞു മനസ്സുകളില്‍ തറച്ചത്‌. മുംബൈ സംഭവത്തെ തുടര്‍ന്ന്‌ നിരവധി കുട്ടികളാണ്‌ മാനസിക പ്രശ്‌നങ്ങളുമായി കൗണ്‍സിലിംഗ്‌ സെന്ററുകളിലെത്തുന്നത്‌. തങ്ങളുടെ കുട്ടികള്‍ ഇരുട്ടിനെ ഭയപ്പെടുന്നതായി പല രക്ഷിതാക്കളും ഡോക്‌ടര്‍മാരോട്‌ പരാതി പറയുന്നുണ്ട്‌.ചില കുട്ടികള്‍ ഭീകരാക്രമണത്തെ ഇഷ്‌ടപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. മുംബൈ ആക്രമണ പരമ്പരകള്‍ക്കു ശേഷം കളിത്തോക്കും യുദ്ധവുമായി ബന്ധപ്പെട്ട ഗെയിമുകള്‍ എന്നിവയുടെ വില്‍പനയും വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നതും ഇതിനു തെളിവാണ്‌. ഇത്‌ കുട്ടികളുടെ മനസ്സില്‍ വന്നുഭവിച്ചിട്ടുള്ള ആക്രമണ വാസനയെയാണ്‌ സൂചിപ്പിക്കുന്നത്‌. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ വീരപരിവേഷവും ഈ കുരുന്നുകള്‍ നല്‍കുന്നു.
ദക്ഷിണ മുംബൈയില്‍ കുട്ടികള്‍ക്കായി നടത്തിയ പെയിന്റിംഗ്‌ ക്യാമ്പില്‍ ചിത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികളും വരച്ചതും മുംബൈ ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങള്‍, കൈകാലുകള്‍ നഷ്‌ടപ്പെട്ട്‌ അലറിക്കരയുന്നവര്‍, വെടിവെപ്പ്‌ നടത്തുന്ന ജവാന്മാര്‍, കുരുന്നു മനസ്സുകള്‍ കടലാസിലേക്ക്‌ മനസില്‍ തറച്ചത്‌ ആവിഷ്‌കരിക്കുകയായിരുന്നു. ഇതില്‍ ഒരു കുട്ടി തീവ്രവാദികളെ നേരിടുന്ന എന്‍ എസ്‌ ജി കമാന്റോയായി സ്വന്തം ദൃശ്യവും വരച്ചു ചേര്‍ത്തിട്ടുണ്ട്‌.ടെലിവിഷനുകളില്‍ കണ്ട ദൃശ്യങ്ങളാണ്‌ ഇപ്പോഴും കുട്ടികളുടെ സംസാര വിഷയം. ചോരയില്‍ കുളിച്ച പോലീസുകാര്‍, ആശുപത്രികള്‍, സ്‌ഫോടനം ഇവയൊക്കെ സംസാരത്തില്‍ നിറയുന്നു.1992 കലാപത്തിനു ശേഷവും 1993 ലെ ലത്തൂര്‍ ഭൂകമ്പത്തിനു ശേഷവും കുട്ടികളില്‍ ഉണ്ടായ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ ഡോ. ധപാലെയുടെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്‌. ഇതു നേരിട്ടനുഭവിച്ച പല കുട്ടികള്‍ക്കും മൂത്ര സഞ്ചിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ഉറക്കത്തില്‍ മൂത്ര വിസര്‍ജനം നടത്തുക, മറ്റു ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നും ഡോക്‌ടര്‍ പറയുന്നു.
കറുത്ത വാനില്‍ നിന്നുമിറങ്ങുന്ന ഭീകരര്‍ എപ്പോഴാണ്‌ വെടിയുതിര്‍ക്കുന്നതെന്ന്‌ അവര്‍ കാത്തിരിക്കുന്നു. തങ്ങളുടെ ശരീരത്തില്‍ എന്നാണ്‌ ചോര പടരുന്നതെന്ന്‌ അവര്‍ ആശങ്കപ്പെടുന്നു.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu