2008-12-13

26/11അവശേഷിപ്പിച്ചത്‌...


`അച്ഛാ എന്നെയും തീവ്രവാദികള്‍ കൊല്ലുമോ?' പന്ത്രണ്ടുകാരന്‍ ഉയര്‍ത്തിയ ചോദ്യത്തിനു മുന്നില്‍ നിസഹായനായിരിക്കാനേ പിതാവിനു കഴിഞ്ഞുള്ളൂ. മുംബൈയിലെ ഒരു വിഭാഗം കുട്ടികള്‍ ഭയന്നു ഇത്തരം ചോദ്യങ്ങളുന്നയിക്കുമ്പോള്‍ മറുവശം അതിനേക്കാള്‍ ഭീകരമാണ്‌.
`യുദ്ധോപകരണങ്ങളുടെയും തോക്കുകളുടെയും മാതൃകകള്‍ക്ക്‌ ഇപ്പോള്‍ നല്ല ചെലവാണ്‌'-മുംബൈയിലെ ഒരു കളിപ്പാട്ട വ്യാപാരിയുടെ വാക്കുകളാണിത്‌. രാജ്യത്തുണ്ടായ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ കാഠിന്യമെത്ര എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവരുടെ വാക്കുകളില്‍ നിന്നു വ്യക്തമാണ്‌. അതെ, 60 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ഒരായുസ്സിന്റെ ഏറ്റുമുട്ടലായി പിഞ്ചു മനസ്സില്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
മുംബൈ ആക്രമണത്തെ ആഘോഷമാക്കിയ ചാനലുകള്‍ തൊടുത്തുവിട്ട ദൃശ്യങ്ങള്‍ കൂരമ്പുകളായാണ്‌ കുഞ്ഞു മനസ്സുകളില്‍ തറച്ചത്‌. മുംബൈ സംഭവത്തെ തുടര്‍ന്ന്‌ നിരവധി കുട്ടികളാണ്‌ മാനസിക പ്രശ്‌നങ്ങളുമായി കൗണ്‍സിലിംഗ്‌ സെന്ററുകളിലെത്തുന്നത്‌. തങ്ങളുടെ കുട്ടികള്‍ ഇരുട്ടിനെ ഭയപ്പെടുന്നതായി പല രക്ഷിതാക്കളും ഡോക്‌ടര്‍മാരോട്‌ പരാതി പറയുന്നുണ്ട്‌.ചില കുട്ടികള്‍ ഭീകരാക്രമണത്തെ ഇഷ്‌ടപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. മുംബൈ ആക്രമണ പരമ്പരകള്‍ക്കു ശേഷം കളിത്തോക്കും യുദ്ധവുമായി ബന്ധപ്പെട്ട ഗെയിമുകള്‍ എന്നിവയുടെ വില്‍പനയും വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നതും ഇതിനു തെളിവാണ്‌. ഇത്‌ കുട്ടികളുടെ മനസ്സില്‍ വന്നുഭവിച്ചിട്ടുള്ള ആക്രമണ വാസനയെയാണ്‌ സൂചിപ്പിക്കുന്നത്‌. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ വീരപരിവേഷവും ഈ കുരുന്നുകള്‍ നല്‍കുന്നു.
ദക്ഷിണ മുംബൈയില്‍ കുട്ടികള്‍ക്കായി നടത്തിയ പെയിന്റിംഗ്‌ ക്യാമ്പില്‍ ചിത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികളും വരച്ചതും മുംബൈ ആക്രമണത്തിന്റെ വിവിധ ദൃശ്യങ്ങള്‍, കൈകാലുകള്‍ നഷ്‌ടപ്പെട്ട്‌ അലറിക്കരയുന്നവര്‍, വെടിവെപ്പ്‌ നടത്തുന്ന ജവാന്മാര്‍, കുരുന്നു മനസ്സുകള്‍ കടലാസിലേക്ക്‌ മനസില്‍ തറച്ചത്‌ ആവിഷ്‌കരിക്കുകയായിരുന്നു. ഇതില്‍ ഒരു കുട്ടി തീവ്രവാദികളെ നേരിടുന്ന എന്‍ എസ്‌ ജി കമാന്റോയായി സ്വന്തം ദൃശ്യവും വരച്ചു ചേര്‍ത്തിട്ടുണ്ട്‌.ടെലിവിഷനുകളില്‍ കണ്ട ദൃശ്യങ്ങളാണ്‌ ഇപ്പോഴും കുട്ടികളുടെ സംസാര വിഷയം. ചോരയില്‍ കുളിച്ച പോലീസുകാര്‍, ആശുപത്രികള്‍, സ്‌ഫോടനം ഇവയൊക്കെ സംസാരത്തില്‍ നിറയുന്നു.1992 കലാപത്തിനു ശേഷവും 1993 ലെ ലത്തൂര്‍ ഭൂകമ്പത്തിനു ശേഷവും കുട്ടികളില്‍ ഉണ്ടായ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ ഡോ. ധപാലെയുടെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്‌. ഇതു നേരിട്ടനുഭവിച്ച പല കുട്ടികള്‍ക്കും മൂത്ര സഞ്ചിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ഉറക്കത്തില്‍ മൂത്ര വിസര്‍ജനം നടത്തുക, മറ്റു ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നും ഡോക്‌ടര്‍ പറയുന്നു.
കറുത്ത വാനില്‍ നിന്നുമിറങ്ങുന്ന ഭീകരര്‍ എപ്പോഴാണ്‌ വെടിയുതിര്‍ക്കുന്നതെന്ന്‌ അവര്‍ കാത്തിരിക്കുന്നു. തങ്ങളുടെ ശരീരത്തില്‍ എന്നാണ്‌ ചോര പടരുന്നതെന്ന്‌ അവര്‍ ആശങ്കപ്പെടുന്നു.

Read More......

2008-08-22

ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ നാടകം പുതിയ വഴിത്തിരിവില്‍


ഷിബു സോറന്റെ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ച മധുകോഡ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഝാര്‍ഖണ്ഡില്‍ വീും രാഷ്‌ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്‌. സോറന്‍ കാരാട്ടിനെ പോലെയല്ല. പിന്‍വലിക്കും എന്നു പറഞ്ഞാല്‍ തിരഞ്ഞെടുപ്പ്‌ അടുക്കാനൊന്നും മൂപ്പര്‍ കാത്തുനില്‍ക്കില്ല. അതോടു കൂടി ഏതാനും ദിവസങ്ങളായി നടന്നുവന്ന രാഷ്‌ട്രീയ നാടകത്തിന്‌ അതോടെ പുതിയവഴിത്തിരിവായിരിക്കുകയാണ്‌.
പിന്തുണ പിന്‍വലിക്കാന്‍ സോറന്‌ അതിന്റേതായ കാരണമു്‌. ലോക്‌സഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ യു പി എ സര്‍ക്കാറിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം സോറന്‌ കേന്ദ്രമന്ത്രി സ്ഥാനമോ ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി പദമോ വാഗ്‌ദാനം ചെയ്‌തിരുന്നു. പറഞ്ഞ വാക്ക്‌ പാലിക്കാത്തതാണ്‌ ജെ എം എമ്മിന്റെ ഇപ്പോഴത്തെ പിന്തുണ പിന്‍വലിക്കലിനു കാരണം. കോണ്‍ഗ്രസ്‌ നേതൃത്വം ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ്‌ ജൂലൈ 22നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സോറന്റെ ഝാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ചയുടെ അഞ്ച്‌ എം പിമാര്‍ സര്‍ക്കാറിനു പിന്തുണ നല്‍കിയത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തെ വട്ടം കറക്കി സോറന്‍ പെട്ടെന്നാണ്‌ മുഖ്യമന്ത്രി പദത്തില്‍ ഉറച്ചുനിന്നത്‌. യു പി എ സര്‍ക്കാറിനു പിന്തുണ പ്രഖ്യാപിച്ചതിനു പകരമായി മധു കോഡയെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന്‌ സോറന്‍ പരസ്യമായി ആവശ്യമുന്നയിക്കുകയായിരുന്നു. ജെ എം എമ്മിന്റെ 17 എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ കോഡ മന്ത്രിസഭക്ക്‌ ഭൂരിപക്ഷം നഷ്‌ടമാകും. അതോടെ ഝാര്‍ഖണ്ഡ്‌ രൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധിയിലാകും.
പുതിയ സംസ്ഥാനങ്ങളിലൊന്നായ ഝാര്‍ഖണ്ഡില്‍ സമീപ കാലത്താണ്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടന്നത്‌. അന്ന്‌ കേന്ദ്ര യു പി എ മന്ത്രിസഭയില്‍ അംഗമായിരുന്ന ഷിബു സോറന്‍ നാട്ടില്‍ച്ചെന്ന്‌ ജെ എം എം മന്ത്രിസഭയുാക്കി. വിശ്വാസവോട്ട്‌ നേടുന്നതിനു മുമ്പു തന്നെ കോടതിവിധിയെ തുടര്‍ന്ന്‌ രാജിവെക്കേി വന്നു. ഇതേ തുടര്‍ന്നാണ്‌ ആര്‍ക്കും തനിച്ച്‌ ഭൂരിപക്ഷമില്ലാത്ത 82 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ 30 അംഗങ്ങളുള്ള ബി ജെ പിയുടെ നേതൃത്വത്തില്‍ മു മന്ത്രിസഭ അധികാരത്തില്‍ വന്നത്‌. മു മന്ത്രിസഭയില്‍ നിന്ന്‌ സ്വാതന്ത്രരായ മധു കോഡ ഉള്‍പ്പെടെ നാലുപേര്‍ രാജിവെച്ചതോടെയാണ്‌ പ്രതിസന്ധി ഉടലെടുത്തത്‌. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും അതിനുമെനക്കെടാതെ രാജിവെച്ച്‌ പുറത്തേക്കിറങ്ങി. അതോടെ ജെ എം എമ്മും കോണ്‍ഗ്രസും രാഷ്‌ട്രീയ ജനതാദളും ചില സ്വതന്ത്രരും ഉള്‍പ്പെടുന്ന ഐക്യ പുരോഗമന സഖ്യം (യു പി എ) മന്ത്രിസഭയുാക്കാന്‍ അവകാശവാദമുന്നയിച്ചു രംഗത്തെത്തി. മുയെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്ത സ്വതന്ത്രനായ കോഡയെ തന്നെ സഖ്യം നേതാവായി തിരഞ്ഞെടുത്തു.
മു രാജിവെച്ച ഒഴിവില്‍ കോഡ അധികാരത്തില്‍ വന്നത്‌ 43 അംഗങ്ങളുടെ പിന്‍ബലത്തോടെയാണ്‌. കേവല ഭൂരിപക്ഷത്തിനു വേതിലും ഒരാളുടെ പിന്തുണ മാത്രം അധികം. ആദ്യം മുതല്‍ തന്നെ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ നടത്തിയ കുതിരക്കച്ചവടത്തേക്കാള്‍ വലിയ കച്ചവടമാണ്‌ ഝാര്‍ഖണ്ഡില്‍ നടന്നത്‌. ഇപ്പോള്‍ നടന്നുകൊിരിക്കുന്നതും ഇനി നടക്കാന്‍ പോകുന്നതും അതു തന്നെയാണ്‌. ഒന്നോ രാേ ആളുടെ മാത്രം കൂറുമാറ്റം മതി ഇവിടെ സര്‍ക്കാറിനെ നിലത്തിടാന്‍. ജനാധിപത്യത്തിന്റെ നിലനില്‍പ്പ്‌ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്‌. ഝാര്‍ഖണ്ഡില്‍ മന്ത്രിസഭ നിലംപൊത്തുകയാണെങ്കില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന ഒരു സംസ്ഥാനം കൂടി ഇല്ലാതാകും.

Read More......

2008-05-19

തുടരുന്ന തീവ്രവാദം നിലയ്‌ക്കുന്ന അന്വേഷണം


ദ്യം ഞെട്ടല്‍, പിന്നെ അപലപിക്കല്‍, തുടര്‍ന്ന്‌ ഇരുട്ടില്‍ തപ്പല്‍. ഒടുവില്‍ എല്ലാം വിസമൃതിയിലേക്ക്‌ തള്ളല്‍. രാജ്യത്ത്‌ ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും സ്ഥിരമായി അരങ്ങേറുന്ന കാഴ്‌ചയാണിത്‌. ഇതിന്‌ ഇന്നു വരെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല. ദുരന്തമുണ്ടായി രണ്ടു ദിവസങ്ങളില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ കയറിപറ്റുന്ന വാര്‍ത്തകള്‍ പിന്നീട്‌ ഉള്‍പേജുകളിലേക്ക്‌ ചുരുങ്ങുന്നു. പിന്നെ പതുക്കെ അപ്രത്യക്ഷമാവുന്നതോടുകൂടി ആ ദുരന്തം അവിടെ അവസാനിക്കുന്നു.

കഴിഞ്ഞ ദിവസം ജയ്‌പൂരിലും ഒരു സ്‌ഫോടനം നടന്നു. ഒന്നല്ല തുടര്‍ച്ചയായി ഏഴു സ്‌ഫോടനങ്ങള്‍. ഈ സ്‌ഫോടന പരമ്പരയില്‍ എണ്‍പതുപേര്‍ മരിച്ചെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എല്ലാ പത്രങ്ങളും അത്‌ ഒന്നാം പേജില്‍ തന്നെ വലിയ പ്രാധാന്യത്തോടുകൂടി തന്നെ നല്‍കിയിരിക്കുന്നു. അതില്‍ തന്നെ മലയാളത്തിലെ ഒരു പ്രമുഖ പത്രം പറഞ്ഞിരിക്കുന്നത്‌ ഇപ്രകാരമാണ്‌ ``ഭീകരാക്രമണമെന്ന്‌ രാജസ്ഥാന്‍ പോലീസ്‌ മേധാവി''. ഇത്രയും വലിയ ദുരന്തമുണ്ടായിട്ട്‌ രാജസ്ഥാന്‍ പോലീസ്‌ മേധാവിക്ക്‌ മനസ്സിലായത്‌ ഇതൊരു ഭീകരാക്രമണമാണെന്നു മാത്രമാണോ? അല്ലെങ്കില്‍ പത്രത്തിന്‌ അത്രയും മാത്രമേ ലഭിച്ചിട്ടുള്ളു? ഇതാണ്‌ പോലീസിന്റെയും പത്രങ്ങളുടെയും അവസ്ഥ.

പോലീസിന്റെയും സൈന്യത്തിന്റെയും ജോലി എളുപ്പമാക്കി തീര്‍ക്കാന്‍ സ്‌ഫോടനത്തിനു ശേഷം ആരെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്‌ സ്ഥിരം കാഴ്‌ചയാണ്‌. സാധാരണഗതിയില്‍ പാക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്‌ബയോ ജയ്‌ഷ്‌ ഇ മുഹമ്മദോ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനോ ആയിരിക്കും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ടു കടന്നു വരിക. അതോടു കൂടി എല്ലാവര്‍ക്കും സമാധാനമായി. ആളെ കിട്ടിയില്ലെങ്കിലും സംഘടന ഏതാണെന്നെങ്കിലും മനസ്സിലായല്ലോ. സമാധാനമായി.

ജയ്‌പൂര്‍ സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇത്തവണയും സംഘടനയെത്തിയിട്ടുണ്ട്‌. ഇപ്രാവശ്യം പാക്‌ തീവ്രവാദികള്‍ക്കു പകരം ബംഗ്ലാദേശ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനായണത്രെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. ഇത്തവണ പാക്കിസ്ഥാനെ കുറ്റം പറയാതിരുന്നതുകൊണ്ട്‌ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയെ പുകഴ്‌ത്തുകയും ചെയ്‌തത്രെ. ഇത്തവണത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്‌ പുറത്തിറങ്ങിയ ഇ മെയില്‍ വ്യാജമല്ലെന്നാണ്‌ പോലീസ്‌ പറഞ്ഞിരിക്കുന്നത്‌. മുജാഹിദ്ദീന്‍ അനുയായികള്‍ക്ക്‌ ഇ മെയില്‍ അയയ്‌കാകന്‍ സൗകര്യം നല്‍കിയ കഫേ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ സൂചനയുള്ളതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കഫേയിലെത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാത്തതാണ്‌ ഇവര്‍ക്കെതിരെയുള്ള കുറ്റം. കേരളത്തില്‍ അത്‌ നടപ്പാക്കാന്‍ നോക്കിയത്‌ നമ്മള്‍ കണ്ടതാണല്ലോ? (ചെയ്‌തവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക)സംശയത്തിന്റെ നിഴലില്‍ കുറച്ച്‌ ബംഗ്ലാദേശ്‌ പൗരന്മാരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാനും ദുരന്തത്തില്‍ പരിക്കേറ്റവരും മറ്റും പറഞ്ഞുകൊടുത്ത വിവരങ്ങളനുസരിച്ച്‌ രേഖാചിത്രം പുറത്തു വിടുകയും ചെയ്‌തിട്ടുണ്ട്‌. സാധാരണ ചെയ്യുന്ന ഇക്കാര്യങ്ങള്‍ക്കുമപ്പുറം ഒന്നും ചെയ്യാന്‍ സാധിക്കാറില്ല എന്നതാണ്‌ സത്യം.

ഇതിനു മുമ്പ്‌ പല സ്‌ഫോടനങ്ങളും രാജ്യത്ത്‌ നടന്നിട്ടുണ്ട്‌. മക്കാ മസ്‌ജിദിലും ഹൈദരാബാദിലും മലേഗാവിലും ബനാറസിലുമൊക്കെയായി നിരവധി സ്‌ഫോടനങ്ങള്‍. മക്ക മസ്‌ജിദിലെ സ്‌ഫോടനം നടന്നിട്ട്‌ മെയ്‌ 18ന്‌ ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്‌. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ മേല്‍ പഴിചാരി രക്ഷപ്പെടാമെന്നല്ലാതെ കൂടുതലൊന്നും ഇവിടുത്തെ ഭരണപ്രതിപക്ഷാംഗങ്ങള്‍ ചെയ്‌തിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനുള്ള നമ്മുടെ പ്രാപ്‌തികുറവിലേക്കാണ്‌ ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്‌.ഓരോ പൊട്ടിത്തെറിയുണ്ടാവുമ്പോഴും എന്നോ തയ്യാറാക്കിവെച്ച സിദ്ധാന്തങ്ങള്‍ തങ്ങള്‍ ഒരുക്കി നിര്‍ത്തിയ മാധ്യമപ്രവര്‍ത്തകരിലൂടെ പ്രചരിപ്പിക്കുന്നതും ശ്രദ്ധ പലവഴിയിലൂടെ തിരിച്ചു വിടുന്നതും പതിവു നാടകങ്ങള്‍ മാത്രം. സ്‌ഫോടനത്തെകുറിച്ച്‌ പോലീസോ മറ്റ്‌ ഔദ്യോഗികവൃത്തങ്ങളോ പറയാത്ത വല്ലതും ഇവിടുത്തെ മാധ്യമങ്ങള്‍ പറഞ്ഞിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.ഇന്ത്യന്‍ ജനതയുടെ സൈ്വര്യജീവിതത്തില്‍ അസ്വസ്ഥത പടര്‍ത്തുന്ന തീവ്രവാദി ആക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ ജയ്‌പൂര്‍ സ്‌ഫോടനം. ഇത്‌ ഒരു തുടക്കമല്ല. ഒരു തുടര്‍ച്ച മാത്രമാണ്‌. പോലീസോ സൈന്യമോ മാത്രം വിച്രിച്ചാല്‍ ഭീകരത തടയാന്‍ സാധ്യമല്ല. ഭരണത്തിലേറാന്‍ ആരുടെയും കൂട്ടുപിടിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ നല്ലൊരു പങ്ക്‌ വഹിക്കാനുണ്ട്‌.

Read More......

2008-05-04

ആത്മഹത്യയും പെണ്‍വിരോധവും

സമൂഹം വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ട രണ്ടു വിഷയങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി മലയാളത്തിലെ രണ്ടു പത്രങ്ങള്‍ മുന്നോട്ട്‌ കൊണ്ടുവന്നിട്ടുള്ളത്‌. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത `മാതൃഭൂമി' മെയ്‌ മൂന്നിന്‌ ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നു. മൂന്നു വര്‍ഷത്തിനിടെ പതിനാറായിരം വിദ്യാര്‍ഥികളാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളെ ഉദ്ദരിച്ചുകൊണ്ട്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
സ്‌കൂള്‍ കോളേജ്‌ വിദ്യാര്‍ഥികളടക്കം 2004ല്‍ 5610 പേരാണ്‌ ആത്മഹത്യ ചെയ്‌തതത്രെ. തൊട്ടടുത്ത വര്‍ഷം ഇത്‌ 5138 ആയി കുറഞ്ഞു. എന്നാല്‍ 2006ല്‍ വിദ്യാര്‍ഥി ആത്മഹത്യ 5857 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യ നിരക്ക്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അത്‌ കുറയാനുള്ള സാധ്യതയും വളരെ കുറവാണ്‌.
ഉത്‌കണ്‌ഠയും മാനസിക സമ്മര്‍ദ്ദവും വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നതായി വിദഗ്‌ധരും ലോകാരോഗ്യ സംഘടനാ പ്രതിനിധികളും അഭിപ്രായപ്പെടുന്നു. വിദ്യാര്‍ഥികളിലുണ്ടാകുന്ന ആത്മഹത്യയുടെ കാരണങ്ങള്‍ നമുക്ക്‌ മനഃശാസ്‌ത്രജ്‌ഞര്‍ക്ക്‌ വിടാം.
ആത്മഹത്യയെ ഒരു നാട്ടു നടപ്പാക്കി മാറ്റുന്നതില്‍ നമ്മുടെ പത്രങ്ങള്‍ വളരെ വലുതായ രീതിയില്‍ തന്നെ പങ്കു വഹിക്കുന്നുണ്ട്‌ എന്നതാണ്‌ സത്യം. പിതാവ്‌ മൊബൈല്‍ഫോണ്‍ വാങ്ങി തരാത്തതില്‍ മനംനൊന്ത്‌ വിദ്യാര്‍ഥി ജീവനൊടുക്കി. ഇത്‌ മലയാള പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണ്‌. മകന്‍ മോശമായ രീതിയിലേക്ക്‌ പോകാതിരിക്കാന്‍ വേണ്ടിയാവാം പിതാവ്‌ മൊബൈല്‍ഫോണ്‍ വാങ്ങികൊടുക്കാതിരുന്നത്‌. ആ പിതാവിന്റെ മുന്നിലേക്കാണ്‌ ഈ പത്രവാരത്ത എത്തുന്നത്‌. ആ കാര്യം പത്രങ്ങള്‍ മറന്നുപോകുന്നു അല്ലെങ്കില്‍ അത്‌ നമ്മെ സംബന്ധിക്കുന്ന വിഷയമല്ല എന്നരീതിയില്‍ പത്രങ്ങള്‍ ഒഴിഞ്ഞു മാറുന്നു. അതോടൊപ്പം തന്നെ മറ്റ്‌ കുട്ടികളുടെ ഇടയിലേക്ക്‌ ഒരു സന്ദേശമെത്തിക്കാനും പത്രങ്ങള്‍ ശ്രമിക്കുന്നു. `എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹാരം ആത്മഹത്യ തന്നെ' എന്ന്‌ വിദ്യാര്‍ഥികളെ ഉത്‌ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ ഇത്തരം വാര്‍ത്തകളിലൂടെ പത്രങ്ങള്‍ ചെയ്യുന്നത്‌.
ഇതു മാത്രമല്ല, ആത്മഹത്യ ചെയ്യേണ്ടത്‌ എങ്ങനെയാണ്‌, തൂങ്ങിമരിക്കണമെങ്കില്‍ എന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌ എന്ന്‌ തുടങ്ങി എല്ലാത്തിന്റെയും വിശദ വിവരങ്ങള്‍ അറിയണമെങ്കില്‍ പത്രം ഒന്നു നന്നായി വായിച്ചാല്‍ മതി. പൊതുവെ സായാഹ്ന പത്രം ചെയ്‌തു വരുന്ന ഈ ജോലികള്‍ മൂഖ്യധാരാ പത്രങ്ങള്‍ കൂടി ഏറ്റെടുത്തതാണ്‌ ആത്മഹത്യ വര്‍ദ്ധിപ്പിച്ചതെന്ന്‌ പറഞ്ഞാല്‍ എതിര്‍ക്കാന്‍ പത്രങ്ങള്‍ക്ക്‌ വാക്കുകളുണ്ടാവില്ല.
ആത്മഹത്യ ഒരാഘോഷമാക്കി മാറ്റുന്നതിനു പകരം ഒരു പരാമര്‍ശം മാത്രമാക്കി വേണമെങ്കില്‍ പത്രങ്ങള്‍ക്ക്‌ നിര്‍ത്താം. പോലീസിന്റെ രേഖകളില്‍ ആത്മഹത്യയായും പത്രത്തില്‍ അത്‌ വെറും മരണമായും തന്നെ നിലനില്‍ക്കട്ടെ.
************************
രണ്ടാമതായി `മാധ്യമം' `പെണ്‍വിരോധം' എന്ന പേരിലെഴുതിയ മുഖപ്രസംഗമാണ്‌ ചര്‍ച്ചചെയ്യപ്പെടേണ്ടത്‌ എന്ന്‌ എനിക്കു തോന്നിയിട്ടുള്ളത്‌.രാജ്യത്തിനും സംസ്ഥാനത്തിനും നാണക്കേടുണ്ടാക്കുന്ന കണക്കുകളാണ്‌ ആണ്‍-പെണ്‍ അനുപാതം സംബന്ധിച്ച്‌ പുറത്തു വന്നിരിക്കുന്നത്‌. പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഇല്ലായ്‌മ ചെയ്യുന്നത്‌ സ്‌ത്രീ വര്‍ഗത്തോടുള്ള പക്ഷപാതവും മനുഷ്യരാശിയോടുള്ള ധിക്കാരവുമാണെന്ന്‌ മുഖപ്രസംഗത്തിലെഴുതിയിരിക്കുന്നു.
നൂറു ശതമാനം സാക്ഷരത നേടിയ കേരളം പോലുള്ള ആരോഗ്യ രംഗത്ത്‌ മുന്‍പന്തിയിലുള്ള സംസ്ഥാനത്ത്‌ ലിംഗനിര്‍ണയ പരിശോധനകളും ഗര്‍ഭഛിദ്രവും യഥേഷ്‌ടം നടക്കുന്നതായാണ്‌ സൂചന. 2001ലെ സെന്‍സസ്‌ പ്രകാരം ആറു വയസുവരെയുള്ളവരില്‍ 1000ത്തിന്‍ 960 എന്നായിരുന്നു എനുപാതമെങ്കില്‍ 2008 മാര്‍ച്ചില്‍ ഇത്‌ 1000 ത്തിന്‌ 946 ആയി ചുരുങ്ങിയിരിക്കുന്നു .
വളരെ വിശദമായ ചര്‍ച്ചകളിലൂടെ നടത്തുന്ന നിയമ നിര്‍മ്മാണത്തിലൂടെയും ഉള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ സാധിക്കുകയുള്ളു. വനിതാ സംവരണവുമായി ബന്ധപ്പെട്ട്‌ പലതവണ മുഖലേഖനമെഴുതിയ മാധ്യമം ഒളിഞ്ഞും തെളിഞ്ഞും സ്‌ത്രീകളുടെ പൊതു ജീവിത പ്രവേശനത്തെ പരിഹസിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.
ഐസ്‌ക്രീം വാണിഭകേസില്‍ ചില കൊമ്പന്‍സ്രാവുകളെ വലയിലാക്കാന്‍ കരുക്കള്‍ നീക്കിയത്‌ അന്നത്തെ സിറ്റി കമ്മീഷണറായിരുന്ന ഒരു വനിതയും കോഴിക്കോട്ടെ സാമൂഹ്യപ്രവര്‍ത്തകരായ ഏതാനും പെണ്ടകുട്ടികളുമായിരുന്നല്ലോ. ഈ സമയം ജമാ അത്തെ ഇസ്ലാമിയുടെ ഒരു സമുന്നതന്‍ അവരുടെ പത്രത്തിലെഴുതിയത്‌ `` ഓഫീസുകളില്‍ നിന്നും പണിശാലകളില്‍ നിന്നും സാമൂഹ്യ രംഗങ്ങളില്‍ നിന്നുമൊക്കെ പെണ്ണുങ്ങളെ തിരിച്ചു വിളിച്ച്‌ പകരം പുരുഷന്മാര്‍ക്ക്‌ തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗമാവും'' എന്നാണ്‌. അമ്പത്‌ കൊല്ലത്തിനപ്പുറം തനി യാഥാസ്ഥിതിക പുരോഹിതന്മാര്‍ പോലും പറയാനറയ്‌ക്കുന്ന ഇത്തരം വെളിപാടുകളാണ്‌ സമുദായിക പുരോഗതിക്കായി നിലകൊള്ളുന്നവര്‍ തങ്ങളുടെ പത്രം വഴി എഴുതി വിടുന്നത്‌. (ഇതു പോലെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആയികൊണ്ടാണോ ഈ മുഖപ്രസംഗവും എഴുതിയിരിക്കുന്നത്‌ എന്ന്‌ സംശയിക്കുന്നു.)

Read More......

2008-04-23

പുതുതായി നിങ്ങള്‍ക്കെന്താണ്‌ തരാനുള്ളത്‌ ?


ഇന്ത്യയിലിപ്പോള്‍ ചലച്ചിത്രമേളകള്‍ നിരവധിയാണ്‌. ഓരോ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രവും അതിന്റേതായ മേളയ്‌ക്ക്‌ രൂപം കൊടുത്തുകൊണ്ടിരിയ്‌ക്കുന്ന സമയമാണ്‌. ഇവിടെ, കേരളത്തിന്റെ വടക്കുഭാഗത്ത്‌ കോഴിക്കോട്‌ നഗരത്തിലും ഒരു ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നു. സംസ്ഥാന ചലച്ചിത്ര മേളകള്‍ കാണാന്‍ കേരളത്തിന്റെ വടക്കു ഭാഗത്തു നിന്നും കൂടുതല്‍ ആളുകള്‍ വരുന്നു എന്നതാണ്‌ ഇവിടെയൊരു ചലച്ചിത്ര മേള സംഘടിപ്പിക്കുവാന്‍ സംഘാടകരെ പ്രേരിപ്പിച്ചതത്രെ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോഴിക്കോട്‌ കോര്‍പ്പറേഷനും സംയുക്തമായി പതിമൂന്നാമത്‌ യൂറോപ്പയന്‍ യൂനിയന്‍ ഫിലീം ഫെസ്റ്റിവല്‍ ഈ മാസം (ഏപ്രില്‍ 17-21) വിപുലമായ രീതിയില്‍ തന്നെ സംഘടിപ്പിച്ചിരിക്കുന്നു.
സ്ലൊവാനിയ, ഫിന്‍ലാന്‍ഡ്‌, ആസ്‌ട്രിയ, നെതര്‍ലാന്‍ഡ്‌, ജര്‍മ്മനി, പോളണ്ട്‌, അയര്‍ലാന്‍ഡ്‌, ലക്‌സംബര്‍ഗ്‌, ഡെന്മാര്‍ക്ക്‌, ഫ്രാന്‍സ്‌, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ട്‌ സിനിമകളാണ്‌ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. അതോടൊപ്പം തന്നെ പറഞ്ഞുപഴകിയ വിഷയങ്ങള്‍ കൊണ്ടുള്ള ചര്‍ച്ചകളും.
`അവാര്‍ഡാണോ മികച്ച സിനിമയുടെ മാനദണ്‌ഡം', `സിനിമയും സാഹിത്യവും', `സ്‌ത്രീകളും സിനിമയും' തുടങ്ങിയ ക്ലീഷേകളായ കൂറേ വിഷയങ്ങള്‍ കൊണ്ട്‌ ചിലരുടെ പ്രകടനങ്ങളും. ഓപ്പണ്‍ ഫോറത്തില്‍ അവാര്‍ഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത്‌ സംസാരിച്ചത്‌ സിവിക്‌ ചന്ദ്രനാണ്‌. എല്ലാ വര്‍ഷവും അവാര്‍ഡ്‌ പ്രഖ്യാപനത്തിനു ശേഷമുള്ള കുറച്ചു ദിവസങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ള ചര്‍ച്ചകളും അതില്‍ സ്ഥിരമായി കേള്‍ക്കാറുള്ള അഭിപ്രായങ്ങളും മാത്രമാണ്‌ ആ ചര്‍ച്ചിയിലും ഉണ്ടായിട്ടുള്ളത്‌. മിക്ക പത്രങ്ങളും ` ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച' എന്ന രീതിയിലുള്ള തലക്കെട്ടോടുകൂടി വാര്‍ത്തയും നല്‍കി അതിനെ പ്രോത്സാഹിപ്പിച്ചു.
ഇത്രയും കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ഞാന്‍ പറയാനുദ്ദേശിച്ചത്‌ മേളയുടെ കാഴ്‌ചക്കാരെ കുറിച്ചാണ്‌. ഇപ്പോള്‍ നടക്കുന്ന ഏതൊരു ചലച്ചിത്ര മേളകളിലെയും ഡെലിഗേറ്റ്‌സുകളില്‍ കൂടുതലും ചെറുപ്പക്കാരാണ്‌. അതില്‍ തന്നെ കൂടുതലും വിദ്യാര്‍ഥികള്‍.സിനിമ കാണുന്നതിനേക്കാളുപരിയായി അതു പഠിക്കാനുള്ള വഴി കൂടി അവര്‍ ഇതുവഴി അന്വേഷിക്കുന്നു. അതിന്റെ ആദ്യ പടിയായാണ്‌ ഇരുട്ടില്‍ അവര്‍ നിശബ്‌ദമായി ഇരിക്കുന്നത്‌.കേരളമാകെ വിഷ്വല്‍ മീഡിയ, മാസ്‌ കമ്മ്യൂണിക്കേഷന്‍ പഠനം വ്യാപകമായിരിക്കുന്ന സമയമാണിത്‌. സ്‌കൂളുകളിലും കോളേജുകളിലും ധാരാളം കോഴ്‌സുകള്‍. ഒരു മിനുട്ടിലും അഞ്ച്‌ മിനുട്ടിലും പത്ത്‌ മിനുട്ടിലുമായി അനേകം ചെറു ചിത്രങ്ങള്‍ വിദ്യാര്‍ഥികളുടേതായി പുറത്തു വരുന്നുകൊണ്ടിരിക്കുന്നു. വലിയ ബാനറില്ലാതെ വലിയ സാമ്പത്തികമോ അഭിനേതാക്കളോ ഇല്ലാത്ത ഇത്തരം സിനിമകള്‍ ഒരു തരംഗമായി മാറികൊണ്ടിരിക്കുകയാണ്‌. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ പോലും സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഒപ്പം സിനിമ എന്താണെന്ന്‌ മനസ്സിലാക്കാനും ശ്രമിക്കുന്ന ഒരു കാലഘട്ടമാണിത്‌. ക്യാമ്പസുകള്‍ക്ക്‌ രാഷ്‌ട്രീയത്തേക്കാള്‍ ഇന്ന്‌ പ്രണയം സിനിമകളോടാണ്‌.
കാഴ്‌ചയില്‍ തങ്ങളെ പിടിച്ചുലയ്‌ക്കാന്‍ കഴിയുന്ന, തങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എന്താണ്‌ നിങ്ങളുടെ കൈകളിലുള്ളതെന്ന അവരുടെ ചോദ്യത്തിന്‌ മുന്നില്‍ സംഘാടകര്‍ നിശബ്‌ദരായിപോകുന്ന അവസ്ഥയാണ്‌ ഇന്ന്‌ മേളകളില്‍ കാണുന്നത്‌. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാമത്‌ യൂറോപ്പ്യന്‍ യൂനിയന്‍ ഫിലീം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണം സംഘാടകര്‍ മറന്നിട്ടുണ്ടാകില്ലെന്ന്‌ കരുതുന്നു.
സംഘാടകര്‍ നേരിടുന്ന പുതിയ വെല്ലുവിളിയായി ഈ സ്ഥിതി വിശേഷം മാറികൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷത്തെ മേളയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇത്തവണ മേള കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ യഥാര്‍ഥ്യമാണ്‌. പക്ഷെ, പ്രേക്ഷകരെ മുഴുവനായും തൃപ്‌തിപ്പെടുത്താന്‍ ഇത്തവണയും സംഘാടകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല്‌ എന്നതൊരു നഗ്നസത്യമാണ്‌.

Read More......

2008-04-12

`സിമി'ക്കു വേണ്ടി വിലപിക്കുന്നവര്‍

കഴിഞ്ഞ മാസം അവസാനം മധ്യപ്രദേശ്‌ പോലീസ്‌ അറസ്റ്റു ചെയ്‌ത നിരോധിത സംഘടനയായ സ്റ്റുഡന്റ്‌ ഇസ്ലാമിക്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി) യുടെ പ്രവരത്തകര്‍ക്കുവേണ്ടി ഇവിടെ കേരളത്തില്‍ ഒരു പത്രം വിലപിക്കുകയാണ്‌. സിമിയുടെ ഭാഗം പറയാന്‍ ശ്രമിക്കുന്നത്‌ ആറു രാഷ്‌ട്രങ്ങളില്‍ പ്രസിദ്ധീകരണം നടത്തുന്നു എന്നവകാശപ്പെടുന്ന `മാധ്യമം' ദിനപത്രമാണ്‌. മലയാളിയടക്കമുള്ള സിമിയുടെ 13 ഉന്നത നേതാക്കളെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. സിമിയുടെ മുന്‍മേധാവി സഫ്‌ദര്‍ നഗോരി, സഹോദരനും ആദ്ധ്രപ്രദേശില്‍ സംഘടനയുടെ ചുമതലക്കാരനുമായ കമറുദ്ദീന്‍ നഗോരി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ പ്രമുഖരാണ്‌.
സിമി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത വാര്‍ത്തയറിഞ്ഞ്‌ മാധ്യമം പത്രാധിപര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായതിനെ തുടര്‍ന്നാണ്‌ `നിലക്കാത്ത സിമി വേട്ട' എന്ന പേരില്‍ മുഖപ്രസംഗം തന്നെ എഴുതി പിടിപ്പിച്ചിരിക്കുന്നത്‌. രാജ്യത്തിന്റെ ഭരണഗടനയിലോ മതേതരത്വത്തിലോ വിശ്വാസമില്ലാത്ത സംഛടനയാണ്‌ സിമി.
സംഘടനയുടെ അഭിപ്രായ പ്രകാരം അല്‍-ഖ്വയ്‌ദ നേതാവ്‌ ഒസാമ ബിന്‍ ലാദനാണ്‌ മികച്ച നേതാവ്‌.ഇത്തരത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തകരെ പിടികൂടുകയാണെങ്കില്‍ അവര്‍ക്കു മേല്‍ ചുമത്തുന്ന കുറ്റങ്ങള്‍ തന്നെയാണ്‌ ഇത്തവണയും ചുമത്തിയിട്ടുള്ളത്‌. അതിനു പകരം അവര്‍ക്കു മേല്‍ മോഷണം, പിടിച്ചു പറി തുടങ്ങിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണോ മാദ്യമം പത്രാധിപര്‍ പറയുന്നതെന്ന്‌ തോന്നുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത മുസ്ലീം യുവാക്കളെ പിന്നീട്‌ നിഡൂഢ കേന്ദ്രങ്ങളില്‍ നിന്ന്‌ പിടികൂടിയതായി വാര്‍ത്ത സഡഷ്‌ടിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ സി പി ഐ ചൂണ്ടിക്കാട്ടുന്നു എന്ന്‌ മുഖപ്രസംഗം പറയുന്നു. സാധാരണ എഡിറ്റോറിയലില്‍ പത്രത്തിന്റെ അഭിപ്രായം തുറന്നു പറയാറാണ്‌ പതിവ്‌. എന്നാല്‍ ഇവിടെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന നിലയിലാണ്‌ മുഖപ്രസംഗം എഴുതിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ മാധ്യമം പറയേണ്ടകാര്യം സി പി ഐയെ മുന്‍ നിര്‍ത്തി ഇവിടെ പറഞ്ഞത്‌. മഹാഭാരതത്തില്‍ അര്‍ജുനന്‍ ശിഖണ്‌ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്‌തതു പോലെ.
`ഇസ്ലാമും കമ്മ്യൂണിസവും' ചേര്‍ത്തു കെട്ടി സാംസ്‌കാരിക മുന്നണിയുണ്ടാക്കാന്‍ ഇന്ന്‌ ഇടതുപക്ഷ കലാസാഹിത്യകാരന്മാര്‍ ഇന്ന്‌ ആനയിച്ചെഴുന്നള്ളിക്കുന്നത്‌ ജമാ അത്തെ ഇസ്ലാംമിക്കാരായ മുസ്ലീം തെഗാഡിയമാരെയാണ്‌.ബാംഗ്ലൂരിലെ ഐ ടി മേഖലയില്‍ വിദഗ്‌ധരായ മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതായാണ്‌ സൂചന എന്നും പത്രം പറഞ്ഞിരിക്കുന്നു. ഇതിനെകുറിച്ച്‌ ഒ അബ്‌ദുല്ല ഒരിക്കല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയിട്ടുമുണ്ട്‌. ( ഒ അബ്‌ദുല്ലയെ അറിയില്ലേ വിവാദങ്ങള്‍ മാത്രം എഴുതിപിടിപ്പിക്കുന്ന ഒരാള്‍.). സിമിയുടെ സാദാ പ്രവര്‍ത്തപര്‍ പോലും സാങ്കേതിക വിദ്യയിലും മറ്റും അതിവിദഗ്‌ധരായിട്ടുള്ളവരാണ്‌. സ്ഥാപക പ്രസിഡന്റ്‌ മുഹമ്മദ്‌ അഹമ്മദുല്ല സിദ്ദിഖി വെസ്റ്റേണ്‍ ഇല്ല്യനോയ്‌ഡ്‌ യൂനിവേഴ്‌സിറ്റിയിലെ ജേണലിസം ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിലെ പ്രൊഫസറായിരുന്നു. ഇക്കാരണങ്ങളാണ്‌ മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതെന്നാണ്‌ അബ്‌ദുല്ല പറഞ്ഞു വെക്കുന്നത്‌ (മോഷ്‌ടിക്കാത്തവന്‍ ഭയക്കേണ്ട കാര്യമുണ്ടോ).
ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പത്രമാണ്‌ മാധ്യമം. ഈ സംഘടനയെ കുറിച്ച്‌ രമ്‌ടു വാക്ക്‌. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ആര്‍ എസ്‌ എസിനൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി, നേതാക്കളുടെ ജയില്‍ മോചനത്തിനായി ഉണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണാദ്യമായി ഇന്ത്യയെന്നൊരു സ്വതന്ത്ര റിപ്പബ്ലിക്കിനെയും ഭരണ ഘടനയെയും അംഗീകരിക്കാനും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമുണ്ടെന്ന്‌ വാചാ സമ്മതിക്കാനും തയ്യാറായത്‌. അക്കാലം വരെ അവര്‍ക്ക്‌ ഇസ്ലാമികം എന്നതില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമായിരുന്നില്ല. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതു പോലും `ഹരാമമായി പ്രഖ്യാപിച്ച്‌ നിരവധി ചെറുപ്പക്കാര്‍ക്ക്‌ തൊഴിലു നിഷേധിച്ച അതേ ആളുകളാണ്‌ സമുദായത്തിന്‌ സര്‍ക്കാര്‍ വിഹിതം കിട്ടിയില്ല എന്നു മുറവിളി കൂട്ടുന്നത്‌.
ഇതിനു മുമ്പും ഇതു പോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ ഭാഷയില്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തുന്ന മുഖപ്രസംഗങ്ങള്‍ മാധ്യമത്തില്‍ അച്ചടിച്ചു വന്നിട്ടുണ്ട്‌. സംഘപരിവാറിന്റെ `അമ്മിഞ്ഞക്കൂറ്‌' എം എഫ്‌ ഹുസൈന്‍ എന്ന ചിത്രകാരന്റെ വസതിക്കു നേരെ തിരിഞ്ഞ സന്ദര്‍ഭത്തിലാണ്‌ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച്‌ മാധ്യമം പത്രാധിപര്‍ക്ക്‌ ബോധോദയമുണ്ടായത്‌. അന്നീ പത്രം എഴുതിയ മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ്‌ താഴെ എഴുതിയിരിക്കുന്നത്‌.
`` ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിര പരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണ പ്രകടനത്തിന്‌ മറ്റു വിശദീകരണങ്ങളില്ല''........`` ഇക്കാലത്ത്‌ കവല ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്‌ത്രീകള്‍ വിവസ്‌ത്രകളായി കുളിക്കുന്നത്‌ ഒളിഞ്ഞു നോക്കാന്‍ മരത്തില്‍ കയറി ഇരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്‌ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണ്‌ കാണേണ്ടത്‌..........കല്ല്‌ കരട്‌ കാഞ്ഞിരകുറ്റികളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരന്റെ ആരാധനാ മൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനുമെല്ലാം പെടും....'' (മാധ്യമം മുഖപ്രസംഗം 1998 മേയ്‌ 4). ഇതെഴുതി പിടിപ്പിച്ചവരുടെ വിവരക്കേട്‌ തിരിച്ചറിഞ്ഞതാണ്‌ ഒരു സമുദായം നേടിയ കഴിവ്‌. നിരോധിത സംഘടന.യുടെ പേരില്‍ നടത്തുന്ന നടപടികലെകുറിച്ച്‌ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന മാധ്യമം ഒന്ന്‌ പിരകോട്ട്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.

Read More......

2008-04-03

കസ്‌തൂരി മഞ്ഞളിന്റെ കാന്തിയില്‍ വഞ്ചിതരാകുന്ന പെണ്‍കുട്ടികള്‍




മുഖകാന്തി വര്‍ധിപ്പിക്കണമെന്ന്‌ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. എന്നാല്‍ അതിനു വേണ്ടി ബ്യൂട്ടി പാര്‍ലറില്‍ പോകുന്ന ശീലം നല്ലതല്ലെന്ന തോന്നലുള്ളവര്‍ `ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ' എന്ന പരസ്യ വാചകം അന്വര്‍ത്ഥമാക്കാന്‍ ശ്രമിക്കും. അതിനുള്ള വഴികള്‍ അന്വേഷിച്ച്‌ അവര്‍ അധികം ബുദ്ധിമുട്ടേണ്ടി വരികയില്ല. പുരാതന കാലത്തെ താളിയോല ഗ്രന്ഥങ്ങളില്‍ കസ്‌തൂരി മഞ്ഞളും രാമച്ചവും അടങ്ങിയ സോപ്പ്‌ ഉപയോഗിച്ചാല്‍ മതിയെന്ന്‌ എഴുതിവച്ചിട്ടുണ്ട്‌ . ഇതില്‍ പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന്‌ ചിന്തിക്കുന്നവര്‍ നേരെ തെരുവിലേക്കിറങ്ങുകയായി. അവിടെ നിരത്തിവെച്ചിരിക്കുകയാണ്‌ താളിയോല ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന അതേ സാധനങ്ങള്‍. എന്നാല്‍ അവിടെയും നിങ്ങളെ കാത്തിരിക്കുന്നത്‌ ചതിക്കുഴികളാണ്‌.
കസ്‌തൂരി മഞ്ഞളിനെ തിരിച്ചറിയാനുള്ള സാമാന്യ ജനങ്ങളുടെ കഴിവുകേടിനെ തെരുവു കച്ചവടക്കാര്‍ മുതലെടുക്കുന്നത്‌ നഗരങ്ങളിലെ സ്ഥിരം കാഴ്‌ചയാണ്‌. പല ചര്‍മ്മരോഗങ്ങള്‍ക്കും മുഖകാന്തി വര്‍ധിപ്പിക്കുന്നതിനുമായുള്ള ഒറ്റമൂലി എന്ന നിലക്കാണ്‌ പലരും കസ്‌തൂരി മഞ്ഞള്‍ തേടി എത്തുന്നത്‌. ഇക്കാര്യം അറിയാവുന്ന കച്ചവടക്കാര്‍ വ്യാജ കസ്‌തൂരി മഞ്ഞളിന്റെ വില്‍പ്പനയിലൂടെ കച്ചവടം പൊടിപൊടിപ്പിക്കുകയാണ്‌. ഇത്തരക്കാര്‍ വില്‍പ്പനക്ക്‌ വെച്ചിരിക്കുന്ന ഇളം മഞ്ഞ നിറത്തിലുള്ള ഇതിന്റെ ~ഒരു കഷ്‌ണത്തിന്‌ പത്തും പതിനഞ്ചും രൂപ വരെ വിലയിടാറുമുണ്ട്‌. കുറേ മഞ്ഞള്‍ എപ്പോഴും തങ്ങളുടെ സമീപത്ത്‌ അരിഞ്ഞുകൂട്ടി ഉഭഭോക്താക്കളെ ആകര്‍ഷിക്കാനും തെരുവുകച്ചവടക്കാര്‍ ശ്രമിക്കുന്നു. പാവം പെണ്‍കുട്ടികളും വീട്ടമ്മമാരുമാണ്‌ ഇവരുടെ വാക്‌ധോരണിക്കു മുന്നില്‍ മുട്ടുമടക്കുന്നത്‌.
മഞ്ഞള്‍ എന്നാല്‍ മഞ്ഞനിറത്തിലുള്ള വിളയാണെന്നാണ്‌ മലയാളികളുടെ സങ്കല്‍പ്പം. സങ്കല്‍പ്പവും സത്യവും എപ്പോഴും ഒത്തുപോകാറില്ല എന്നത്‌ മഞ്ഞളിന്റെ കാര്യത്തില്‍ മഞ്ഞളിക്കാത്ത സത്യം മാത്രമാണ്‌.
മഞ്ഞള്‍ മഞ്ഞനിറത്തിന്‌ പര്യായമായിപോലും ഉപയോഗിക്കുന്നുണ്ടെങ്കിലും പേരിനോടൊപ്പം മഞ്ഞള്‍ ചേര്‍ന്നതെല്ലാം മഞ്ഞയായികൊള്ളണമെന്നില്ല. മഞ്ഞളിന്‌ മഞ്ഞ നിറം കൊടുക്കുന്ന ഘടകമാണ്‌ കുര്‍ക്കുമിന്‍. ഇന്ത്യയില്‍ നാല്‍പ്പതോളം കുര്‍ക്കുമ സ്‌പീഷീസ്‌ ഉണ്ട്‌. കുര്‍ക്കുമ എന്ന പദത്തോട്‌ സ്‌പീഷീസ്‌ പേരു പ്രത്യയമായി ചേര്‍ത്താണ്‌ എല്ലാ കുര്‍ക്കുമ വിഭാഗങ്ങളും ശാസ്‌ത്രീയമായി നാമകരണം ചെയ്‌തിട്ടുള്ളത്‌. കുര്‍ക്കുമ ലോംഗ (കറി മഞ്ഞള്‍), കുര്‍ക്കുമ അരോമാറ്റിക്ക (കസ്‌തൂരി മഞ്ഞള്‍), കുര്‍ക്കുമ അംഗ്വിസ്റ്റി ഫോളിയ (വെള്ളക്കൂവ), കുര്‍ക്കുമ സിഡേരിയ (മഞ്ഞക്കൂവ) എന്നിവ ഉദാഹരണങ്ങള്‍ മാത്രം.
കറി മഞ്ഞളില്‍ കുര്‍ക്കിമിന്റെ അളവ്‌ രണ്ടു മുതല്‍ എട്ടു ശതമാനം വരെയാണ്‌. മറ്റു വിഭാഗങ്ങളില്‍ കുര്‍ക്കുമിന്റെ അളവ്‌ ഇതിലും കുറവാണ്‌. അതുകൊണ്ട്‌ തന്നെ മിക്ക കുര്‍ക്കുമ കുടുംബക്കാര്‍ക്കും മഞ്ഞ നിറവുമില്ല.
യഥാര്‍ത്ഥ കസ്‌തൂരി മഞ്ഞളിന്‌ മഞ്ഞനിറം തീരെ കുറവാണ്‌. വെണ്ണ (cream) യുടെ നിറമായിരിക്കും ഇവക്ക്‌ കൂടുതലും. കുര്‍ക്കുമിന്റെ അളവ്‌ കുറവായിരിക്കും എന്നതു തന്നെയാണ്‌ ഇവയുടെ നിറവ്യത്യാസത്തിന്‌ കാരണം. കസ്‌തൂരി മഞ്ഞളിന്റെ പ്രധാന ഗുണം അതിന്റെ മണമാണ്‌. ശുദ്ധ കസ്‌തൂരി മഞ്ഞളിന്‌ കര്‍പ്പൂരത്തിന്റെ മണം ഉണ്ടായിരിക്കും. അതു പോലെ തന്നെ നാക്കില്‍വെച്ചാല്‍ കര്‍പ്പൂരം നാക്കില്‍ വെച്ചതിന്റെ അനുഭവമായിരിക്കും.
തെരുവു കച്ചവടക്കാര്‍ക്കും ഒറ്റമൂലി വൈദ്യന്മാര്‍ക്കും പുറമെ പല അങ്ങാടികടകളിലും സാധാരണ കറി മഞ്ഞള്‍ കസ്‌തൂരി മഞ്ഞളായി വിറ്റഴിച്ച്‌ ചിലരെങ്കിലും ലാഭം കൊയ്യാറുണ്ട്‌. കടകളില്‍ നിന്ന്‌ ലഭിക്കുന്ന ഉണങ്ങിയ മഞ്ഞള്‍ കസ്‌തൂരി മഞ്ഞളാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇത്‌ തേച്ചു പിടിപ്പിക്കാറുമുണ്ട്‌. എന്തിനേറെ പറയുന്നു സംസ്ഥാന സര്‍ക്കാറിന്റെ വനോല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി വിറ്റഴിക്കുന്ന കസ്‌തൂരി മഞ്ഞളും മഞ്ഞക്കൂവ തന്നെ.
വ്യാപകമായ രീതിയിലുള്ള കസ്‌തൂരി മഞ്ഞള്‍കൃഷി ഇന്ന്‌ സംസ്ഥാനത്ത്‌ കുറവാണ്‌. എന്നാല്‍ നമ്മുടെ വനങ്ങളില്‍ ഇന്നും കസ്‌തൂരി മഞ്ഞള്‍ ലഭ്യമാണ്‌. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മഞ്ഞക്കൂവയോ സാധാരണ മഞ്ഞളോ ദേഹത്ത്‌ തേയ്‌ക്കുന്നതുകൊണ്ട്‌ യാതൊരു ദോഷവും വരാനില്ല. കസ്‌തൂരി മഞ്ഞള്‍ തേയ്‌ക്കുന്ന ഗുണം കിട്ടില്ല എന്നു മാത്രം. യാഥാര്‍ത്ഥ്യമിതായിരിക്കേ അടുത്ത തവണ തെരുവില്‍ നിന്നു കസ്‌തൂരി മഞ്ഞള്‍ വാങ്ങുമ്പോള്‍ ഇതിലെത്ര കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ടെന്നൊന്നും വില്‍പ്പനക്കാരനോടു ചോദിച്ചു കളയരുത്‌.

Read More......

2008-03-13

ഭാഷയിലും സ്‌ത്രീ വിരുദ്ധത?






കാലമിത്ര മാറിയിട്ടും ഇപ്പോഴും പുരുഷ മേധാവിത്വം നിലനില്‍ക്കുകയാണെന്നാണ്‌ പൊതുവേയുള്ള ആക്ഷേപം. സ്‌ത്രീകള്‍ക്കെതിരെ വല്ലതും പറഞ്ഞു പോയാല്‍ സ്‌ത്രീസംഘടനകള്‍ ഉണരും. ഇങ്ങനെ ഉണര്‍ന്നതു കൊണ്ടുതന്നെയാവണം കലാ സാംസ്‌കാരിക ശാസ്‌ത്ര വ്യവസായ രംഗങ്ങളിലെല്ലാം തന്നെ സ്‌ത്രീകള്‍ കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്നത്‌. ഈയടുത്ത കാലത്ത്‌ പാര്‍ട്ടിയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കികൊണ്ട്‌ ബി ജെ പിയും മുന്നോട്ടു വന്നിട്ടുണ്ട്‌.
കാര്യങ്ങള്‍ ഇങ്ങനൊക്കെ തന്നെയാണെങ്കിലും ഭാഷയില്‍ സ്‌ത്രീ പുരുഷന്റെ ചുവട്ടില്‍ തന്നെയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ സാധാരണ ഉയര്‍ന്നു കേള്‍ക്കുന്ന വാക്കാണ്‌ സാംസ്‌കാരിക നായകന്‍ എന്നത്‌. അക്രമത്തെ സാംസ്‌കാരിക നായകന്മാര്‍ അപലപിച്ചു എന്നു പത്രങ്ങളില്‍ വായിച്ചിട്ടുണ്ടാകും. സുകുമാര്‍ അഴീക്കോട്‌ ഒരു സാംസ്‌കാരിക നായകനായാണ്‌ വിലയിരുത്തപ്പെടുന്നത്‌. സാംസ്‌കാരിക നായിക ഇതുവരെ ഉണ്ടായിട്ടില്ലെന്നാണോ? ഇടചതുപക്ഷ പാര്‍ട്ടികളില്‍ സാധാരണ ഉപയോഗിക്കുന്ന പദമാണ്‌ `സഖാവ്‌' എന്നത്‌. ഇവിടെ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയും മുഖ്യമന്ത്രി വി എസും സഖാക്കളാണ്‌.
സ്‌ത്രീ വിവേചനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നു മനസ്സിലാക്കാന്‍ ചരിത്രം പരിശോധിച്ചാല്‍ മതി. ചരിത്രം ആണിനും പെണ്ണിനും ഒരു പോലെ അവകാശപ്പെട്ടതാണെന്ന്‌ സ്‌ത്രീകള്‍ വാദിക്കുമെങ്കിലും അവിടെയും സ്‌ത്രീകളെ പുരുഷന്മാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. ചരിത്രം പറയുമ്പോള്‍ അവിടെ പുരുഷനെ മാത്രം പരാമര്‍ശിച്ചാല്‍ മതി എന്ന നിലപാടാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ മുന്‍ നിരയില്‍ നിന്ന്‌ പോരാടിയ ഒരുപാട്‌ ചരിത്ര പുരുഷന്മാരെ കുറിച്ച്‌ നമ്മള്‍ പഠിച്ചിട്ടുണ്ട്‌. പക്ഷെ അവിടെയൊന്നും `ചരിത്ര സ്‌ത്രീയെ' കണ്ടതായി ഓര്‍ക്കുന്നില്ല. സ്വന്തം ആദര്‍ശങ്ങളിലുറച്ച്‌ നിന്ന്‌ ജീവിച്ച ഒരുപാട്‌ വ്യക്തികളുണ്ട്‌. അവരെ മൊത്തമായങ്ങ്‌ പറയുകയാണെങ്കില്‍ `ആദര്‍ശ പുരുഷന്‍' എന്ന വാക്കിലങ്ങ്‌ ഒതുക്കാം. അവിടെയും സ്‌ത്രീകള്‍ പിന്തള്ളപ്പെട്ടു പോയിരിക്കണം. ആദര്‍ശ സ്‌ത്രീയെന്ന്‌ വിശേഷിപ്പിക്കാന്‍ പറ്റിയ സ്‌ത്രീ ഇവിടെ ഇല്ലാത്തതു കൊണ്ടല്ല. മദര്‍ തെരേസയെ ഒരിക്കലും ഒരു ആദര്‍ശ സ്‌ത്രീയായി വിശേഷിപ്പിച്ച്‌ കേട്ടിട്ടില്ല.
ഒരുപാട്‌ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ട്‌. അക്കൂട്ടത്തില്‍ സ്‌ത്രീകള്‍ ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന മറുപടി തെറ്റായിരിക്കും. ഇതു പോലെ ഒരുപാട്‌ പദങ്ങള്‍ക്ക്‌ സ്‌ത്രീ ലിംഗമില്ല എന്നത്‌ ഒരു സത്യമാണ്‌. ചെഗുവേരയെയും ഫിദറല്‍ കാസ്‌ട്രോവിനെയും കുറിച്ച്‌ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. കലാപകാരി, വിപ്ലവകാരി എന്നീ പദങ്ങള്‍ അവര്‍ക്കു വേണ്ടി മാത്രമുള്ളതാണോ? അധികാരി, നേതാവ്‌, മന്ത്രി തുടങ്ങിയ ഒരുപാട്‌ പദങ്ങള്‍ക്ക്‌ സ്‌ത്രീ ലിംഗമില്ല എന്നത്‌ നഗ്നസത്യമാണ്‌. ഇത്തരം പദങ്ങളെ കുറിച്ച്‌ അവസാനം ചര്‍ച്ച നടന്നത്‌ ഇന്തയയുടെ ചരിത്രത്തിലാധ്യമായി ഒരു വനിത രാഷ്‌ട്രപതിയാവാന്‍ സാധ്യതയുണ്ട്‌ എന്ന വാര്‍ത്ത വന്നപ്പോഴാണ്‌. പ്രതിഭാ പാട്ടീല്‍ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും ഇപ്പോഴും ഒരു വ്യക്തമായ ഉത്തരമുണ്ടായിട്ടില്ല. പാട്ടീലിനെ ?രാഷ്‌ട്രപതിയായി?സ്വീകരിക്കാന്‍ മാത്രമേ ജനങ്ങള്‍ക്ക്‌ കഴിയൂ എന്ന്‌ കരുതുന്നു. സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാണ്‌ അധികവും. അത്‌ ആണായാലും പെണ്ണായാലും ശരി. പക്ഷെ അത്‌ പറയുമ്പോള്‍ ?അവനവന്റെ? എന്നേ പറയൂ. ?അവളവളുടെ? എന്നു പറയുന്നതില്‍ തെറ്റില്ലെങ്കിലും ചിരിക്കാനുള്ള വകയുണ്ട്‌.
സാധാരണ ഉപയോഗിക്കുന്ന ?മനുഷ്യന്‍? എന്ന വാക്കുകൊണ്ട്‌ പുരുഷനെയാണ്‌ പരാമര്‍ശിക്കുന്നതെങ്കിലും അതില്‍ സ്‌ത്രീയും ഉള്‍പ്പെടുന്നുണ്ട്‌. മനുഷ്യന്‍ തന്റെ എല്ലാ ഗുണങ്ങളെയും ഉള്ളിലേക്ക്‌ പ്രവേശിപ്പിച്ചതിന്റെ ഒറ്റ വാക്കാണ്‌ ആണത്തമെന്നത്‌. ഇവിടെ പുരുഷന്‌ വേണ്ടത്‌ തന്റേടമാണങ്കില്‍ സ്‌ത്രീക്ക്‌ വേണ്ടത്‌ ലജ്ജയും അടക്കവുമാണ്‌ ( കാല്‍വിരല്‍ കൊണ്ടവള്‍ വര വരച്ചു).ഇതെല്ലാം അവഗണനയാണെങ്കില്‍ മലയാളത്തിന്റെ പഴമയില്‍ സ്‌ത്രീകളെ താഴ്‌ത്തികെട്ടാന്‍ ശ്രമിക്കുന്നതായി കാണാം. ?പെണ്‍ ബുദ്ധി പിന്‍ ബുദ്ധി?, ?പെണ്‍ ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി?, ?പെണ്ണു കെട്ടിയാല്‍ കാലുകെട്ടി? തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.

Read More......

2008-03-06

ഗോള്‍വല കുലുക്കിയതിന്റെ ഓര്‍മ്മയില്‍

കഴിഞ്ഞ വര്‍ഷം കോഴിക്കോട്‌ വെസ്റ്റ്‌ഹില്‍ മൈതാനത്ത്‌ സ്വാതന്ത്ര്യ ദിന പരേഡ്‌ കാണാനെത്തിയ എ പ്രദീപ്‌ കുമാര്‍ എം എല്‍ എ പുവര്‍ ഹോമില്‍ കഴിയുന്ന ലോക ഫുട്‌ബോള്‍ താരം ജോര്‍ജ്‌ തോമസിനെ സന്ദര്‍ശിക്കുകയുണ്ടായി. അതിനു ശേഷം എം എല്‍ എ മുഖ്യ മന്ത്രിക്കയച്ച കത്ത്‌ പത്രകുറിപ്പായി ലഭിച്ചതാണ്‌ ജോര്‍ജിനെ പോയി കാണാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ജോര്‍ജിനെ കണ്ടു മടങ്ങുമ്പോള്‍ അവസാനമായി പറഞ്ഞത്‌ തന്നെ കുറിച്ച്‌ എഴുതി വന്ന പത്രം കാണിച്ചു കൊടുക്കണമെന്നായിരുന്നു. സമ്മതം പറഞ്ഞു കൊണ്ടാണ്‌ അവിടെ നിന്നിരങ്ങിയത്‌. ഒടുവില്‍ ചിലരുടെ മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയത്‌ ഇന്ന്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത്‌ കാണാന്‍ ജോര്‍ജ്‌ തോമസ്‌ ഇല്ലെന്ന കാര്യം ഓര്‍മ്മിച്ചുകൊണ്ട്‌. കാല്‍പ്പന്തിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ വിവാഹം പോലും മറന്നു പോയ ജോര്‍ജ്‌ ഓര്‍മ്മകളുടെ കളിക്കളത്തില്‍ ഇപ്പോള്‍ തനിച്ചാണ്‌. ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങിയെങ്കിലും ജോര്‍ജ്‌ തോമസിനു ചുറ്റും കളിക്കളത്തിന്റെ നിലയ്‌ക്കാത്ത ആരവവും ഗോള്‍ വല കുലുക്കിയതിന്റെ കാഴ്‌ചകളും ഇന്നും മായാതെ നില്‍ക്കുന്നു.കാല്‍പ്പന്ത്‌ കളിയില്‍ മാസ്‌മരികത സൃഷ്‌ടിച്ച്‌ ഒരു കാലഘട്ടത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ തിളങ്ങി നിന്ന ജോര്‍ജ്‌ തോമസ്‌ ഇപ്പോള്‍ വെസ്റ്റ്‌ഹില്ലിലെ പുവര്‍ ഹോമിലെ നാലു ചുമരുകള്‍ക്കിടയില്‍ ആരോടെല്ലാമുള്ള പരിഭവങ്ങള്‍ ഉള്ളിലൊതുക്കി പഴയകാല പ്രതാപവും പറഞ്ഞ്‌ സായൂജ്യമടയുന്നു.

1918 ഏപ്രില്‍ 13ന്‌ തിയോഡര്‍ തോമസിന്റെയും സലോമ ആഴുവങ്കയുടെയും മകനായി ജനനം. കോഴിക്കോട്‌ കോട്ടപ്പറമ്പ്‌ സ്വദേശിയാണ്‌ ജോര്‍ജ്‌. ബന്ധുവെന്ന്‌ പറയാന്‍ ആകെയുണ്ടായിരുന്നത്‌ ബി ഇ എം ഗേള്‍സ്‌ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്‌തിരുന്ന സഹോദരി കെര്‍ലിന്‍ തോമസ്‌ മാത്രം. സഹോദരിയുടെ മരണത്തോടു കൂടി തികച്ചും അനാഥന്‍.
കോയമ്പത്തൂരില്‍ ടെക്‌നീഷ്യനായിരിക്കെയാണ്‌ ജോര്‍ജ്‌ മിലിട്ടറിയില്‍ ചേരുന്നത്‌. രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ ആര്‍മിയില്‍ അംഗമായിരുന്ന ജോര്‍ജിന്‌ വിരമിക്കുന്നതു വരെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നിട്ടില്ല. കളി മാത്രമായിരുന്നു ജീവിതവും ലക്ഷ്യവും. ഈ ജീവിതത്തിനിടയ്‌ക്ക്‌ ഏറ്റവും സന്തോഷമുണ്ടാക്കിയതെന്താണെന്ന്‌ ചോദിച്ചാല്‍ ജോര്‍ജിന്‌ ഉത്തരം പറയാന്‍ തീരെ ആലോചിക്കോണ്ടതില്ല. 1946ല്‍ പഞ്ചാബിലെ സിയാല്‍ക്കോട്ടില്‍ നടന്ന ലോക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്വാട്ടര്‍ ഫൈനലില്‍ സ്‌പെയിനിനെതിരെ രണ്ടു ഗോളുകളും സെമി ഫൈനലില്‍ ഇറ്റലിക്കെതിരെ രണ്ടു ഗോളുകളും നേടി ഫൈനലില്‍ പ്രവേശിക്കുകയും അമേരിക്കയെ ഒരു ഗോളിന്‌ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കുകയും ചെയ്‌തതാണെന്ന്‌ പറയുമ്പോള്‍ വാര്‍ദ്ധക്യത്തിലും യുവത്വത്തിന്റെ പ്രസരിപ്പാണ്‌ ആ മുഖത്ത്‌.
ഇന്ത്യാ വിഭജനത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ കളിയെ പാടെ ഉപേക്ഷിക്കാന്‍ ജോര്‍ജ്‌ തയ്യാറായിരുന്നില്ല. മലബാര്‍ ഫുട്‌ബോള്‍ ലീഗിലും യൂണിവേഴ്‌സല്‍ ക്ലബിലുമായി വീണ്ടും തുടക്കം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായിരുന്ന അഹമ്മദാബാദിലെ കേരള സ്‌പോട്‌സ്‌ ക്ലബിലും അഹമ്മദാബാദ്‌ ന്യൂ ഷറാക്ക്‌ മില്‍സിനു വേണ്ടിയും ജോര്‍ജ്‌ ജഴ്‌സിയണിഞ്ഞു. ഗുജറാത്തിനെ പ്രതിനിധീകരിച്ച്‌ സന്തോഷ്‌ ട്രോഫി, റോവേഴ്‌സ്‌ കപ്പ്‌, ഡ്യൂറാന്റ്‌ കപ്പ്‌ ടൂര്‍ണമെന്റുകളിലും കളിച്ചു. 1952ല്‍ ഗുജറാത്ത്‌ കമ്പൈന്‍ഡ്‌ ടീമിനു വേണ്ടിയുള്ള മത്സരത്തില്‍ മികച്ച ഫോര്‍വേഡറായിരുന്നു ജോര്‍ജ്‌ തോമസ്‌. പിന്നീട്‌ യെങ്‌ മെന്‍സ്‌, മെഹബൂബ്‌, യങ്‌ ചലഞ്ചേഴ്‌സ്‌ എന്നീ ടീമുകള്‍ക്കു വേണ്ടിയും ജോര്‍ജ്‌ ജഴ്‌സിയണിഞ്ഞു. കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്ത്‌ കളിച്ചതിന്റെ ഓര്‍മ്മകള്‍ ജോര്‍ജിന്റെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്‌.
പന്തു കളിയോട്‌ വിട പറഞ്ഞുകൊണ്ടാണ്‌ ജോര്‍ജ്‌ സിനിമ ഓപ്പറേറ്ററുടെ മേലങ്കി എടുത്തണിഞ്ഞത്‌. ബേപ്പൂരിലെയും മാങ്കാവിലെയും പല തിയേറ്ററുകളിലും ഫിലീം ഓപ്പറേറ്ററായി ജീവിതത്തെ നേരിടാന്‍ ശ്രമിച്ചു. ബൂട്ടണിയാന്‍ സാധിക്കാത്ത കായിക താരത്തെ ആര്‍ക്കു വേണം എന്ന ജോര്‍ജിന്റെ ചോദ്യത്തിനു മുന്നില്‍ എനിക്ക്‌ ഉത്തരമുണ്ടായിരുന്നില്ല. വെസ്റ്റ്‌ഹില്ലിലെ പുവര്‍ ഹോമില്‍ എത്തുന്നതിനു മുമ്പ്‌ ചേവായൂരിലെ കരുണാഭവനിലെ അന്തേവാസിയായിരുന്നു ജോര്‍ജ്‌. കായിക പ്രേമികളും സംഘാടകരും മറന്നു പോയ ഈ കായികതാരത്തിന്‌ ഇനി ബൂട്ടണിയാന്‍ സാധിക്കില്ല. ഒരു കാലത്ത്‌ കളിക്കളത്തിന്റെ ആവേശമായിരുന്ന ഈ കായികതാരം മൂന്ന്‌ വര്‍ഷമായി അധികാരികളുടെ ദയ കാത്ത്‌ ഇവിടെ കഴിയുന്നു.

Read More......

2008-02-29

കളി... കളത്തിനു പുറത്തേക്ക്‌




ന്ത്യ ഓസിസ്‌ താരങ്ങളെ വിവാദങ്ങള്‍ ഒഴിയാബാധയായി പിന്തുടരുകയാണെന്ന്‌ തോന്നുന്നു. വിവാദങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാനായി ബി സി സി ഐയും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ഇരു രാജ്യങ്ങളിലെ മാധ്യമങ്ങളും ആരാധകരും പരസ്‌പരം മത്സരിക്കുകയാണ്‌. ടെസ്റ്റ്‌ പരമ്പരയ്‌ക്കും ത്രിരാഷ്‌ട്ര ഏകദിന പരമ്പരയ്‌ക്കുമായി ഓസ്‌ട്രേലിയയിലേക്കു പോയ ഇന്ത്യന്‍ ടീം വിവാദങ്ങളെ വിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്‌ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഓസിസ്‌ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ ഓസിസ്‌ ടീം നല്‍കിയ പരാതിയില്‍ മാച്ച്‌ റഫറി ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ മൂന്ന്‌ ടെസ്റ്റുകളില്‍ നിന്ന്‌ വിലക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്നാല്‍ ഇന്ത്യന്‍ ടീം പര്യടനം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുമെന്നറിയിച്ചത്‌ ഫലം കണ്ടതുകൊണ്ടാവണം വിവാദ അമ്പയര്‍ സ്റ്റീവ്‌ ബക്‌നറെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നൊഴിവാക്കാന്‍ ഐ സി സി തയ്യാറായതും ഹര്‍ഭജനെതിരെ എടുത്ത തീരുമാനം ഇന്ത്യയുടെ അപ്പീല്‍ തീര്‍പ്പാകും വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതും.
എന്തുകൊണ്ടെന്നറിയില്ല, കമ്മീഷന്‌ മുന്നിലെത്തിയപ്പോള്‍ `മങ്കി' `തേരെ മാ കി' യായി മാറി. ഒടുവില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ ജസ്റ്റിസ്‌ ജോണ്‍ ഹാന്‍സണ്‍ ഹര്‍ഭജന്‍ കുറ്റക്കാരനല്ലെന്നുള്ള വിധി പ്രഖ്യാപിച്ചു. ഒപ്പം അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന്‌ ഹര്‍ഭജന്‌ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനം പിഴയും. കുംബ്ലെയും പോണ്ടിംഗും പരസ്‌പരം കൈകൗടുത്തു പിരിഞ്ഞു. ക്രിക്കറ്റ്‌ ബോര്‍ഡില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന്‌ ബി സി സി ഐയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡും അറിയിച്ചു. സംഗതി ശുഭമായി അവസാനിച്ചെന്ന്‌ എല്ലാവരും കരുതി.
1998 നു ശേഷം ഐ സി സിയുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടികള്‍ക്കൊന്നും വിധേയനായിട്ടില്ലെന്ന കാരണത്താലാണ്‌ ഹര്‍ഭജന്റെ ശിക്ഷ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനമായി നിജപ്പെടുത്താന്‍ അപ്പീല്‍ കമ്മീഷണകര്‍ തയ്യാറായത്‌. അല്ലെങ്കില്‍ ഈ കുറ്റത്തിന്‌ മാച്ച്‌ ഫീ പൂര്‍ണ്ണമായി പിഴ ഈടാക്കുകയോ ഒരു ടെസ്റ്റില്‍ അല്ലെങ്കില്‍ രണ്ട്‌ ഏകദിനത്തില്‍ വിലക്കുകയോ ചെയ്യാവുന്നതാണെന്ന്‌ കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇത്‌ കേടേടപാടെ ചില വീരന്മാര്‍ ഹര്‍ഭജന്റെ കരിയറിലെ മുഴുവന്‍ വിവരങ്ങളുമായി പുറത്തു വന്നു. ഇതില്‍ മുമ്പില്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തന്നെയാണ്‌. 2001ല്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തതിന്‌ മാച്ച്‌ ഫീയുടെ 75 ശതമാനം പിഴയും ഒരു ടെസ്റ്റില്‍ നല്ല നടപ്പ്‌ ശിക്ഷയും വിധിച്ചത്‌ ഉള്‍പ്പെടെയുള്ള മുന്‍കാല പെരുമാറ്റ ദൂഷ്യങ്ങള്‍ അപ്പീല്‍ കമ്മീഷന്‌ മുന്നില്‍ സമര്‍പ്പിക്കാന്‍ ഐ സി സിക്ക്‌ കഴിയാതെ പോയെന്നായി അവര്‍. അത്‌ ഐ സി സി സമ്മതിക്കുകയും ചെയ്‌തു. കഴിയാതെ പോയതാണോ മനഃപൂര്‍വ്വമാണോ എന്നത്‌ വോറെ കാര്യം. എന്തായാലും ഇതോടെ കൈ കൊടുത്തവര്‍ വീണ്ടും ഇടഞ്ഞു തുടങ്ങി. ത്രിരാഷ്‌ട്ര മത്സരത്തിലെത്തിയപ്പോഴേക്കും യുദ്ധം മുറുകി തുടങ്ങിയിരുന്നു.സിഡ്‌നി ഏകദിനത്തില്‍ ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ സൈമണ്ട്‌സിനെ പവനിയനിലേക്ക്‌ ചൂണ്ടി ഇഷാന്ത്‌ യാത്രയാക്കിയതാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ കാരണം. അതിന്‌ മാച്ച്‌ ഫീയുടെ പതിനഞ്ച്‌ ശതമാനം പിഴയടക്കാനും വിധിയുണ്ടായി. അതേസമയം, ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ മാച്ച്‌ റഫറി ജെഫ്‌ ക്രോയ്‌ക്ക്‌ ഇന്ത്യന്‍ ടീം പരാതി നല്‍കിയിട്ടുണ്ട്‌ (ന്യൂട്ടന്റെ സിദ്ധാന്തവുമായി ഇതിന്‌ ബന്ധമുണ്ടോയെന്ന്‌ സംശയിക്കുന്നു).
ഇന്ത്യ ഓസിസ്‌ മത്സരം ഇപ്പോള്‍ പൂര്‍ണ്ണമായും കളത്തിനു പുറത്തേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. ബ്രസ്‌ബേന്‍ റേഡിയോക്ക്‌ ഹെയ്‌ഡന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പരാമര്‍ശമാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുന്നത്‌. ഹര്‍ഭജന്‍ സിംഗ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കളയാണെന്നാണ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍ പറഞ്ഞുവെച്ചത്‌. സിഡ്‌നിയില്‍ നടന്ന മത്സരത്തിനിടെ ഹര്‍ഭജനെ തുടര്‍ച്ചയായി `മാഡ്‌ ബോയെന്ന്‌' വിളിച്ചാക്ഷേപിച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ പുതിയ പരാമര്‍ശവുമായി ഹെയ്‌ഡന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സമനില തെറ്റിയിരിക്കുകയാണെന്ന്‌ പറഞ്ഞ്‌ ഹര്‍ഭജന്‍ അതിനെതിരെ തിരിച്ചടിക്കാനും തുടങ്ങിയിരിക്കുന്നു. സമനില തെറ്റിയില്ലെങ്കില്‍ വെറ്ററന്‍ താരമായ ഹെയ്‌ഡന്‍ 19കാരനായ ഇഷാന്ത്‌ ശര്‍മ്മയെ ബോക്‌സിംഗ്‌ റിംഗില്‍ നേരിടാന്‍ തയ്യാറാവുമായിരുന്നില്ലെന്നാണ്‌ ഭാജിയുടെ അഭിപ്രായം. ഇതിനു മുമ്പ്‌ സൈമണ്ട്‌സുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വരുന്ന വേളയില്‍ പേസ്‌ ബൗളര്‍ ശ്രീ ശാന്ത്‌ നല്‍കിയ അഭിപ്രായ പ്രകടനങ്ങള്‍ ഇതിലും ഞെട്ടിക്കുന്നതായിരുന്നു. കളിക്കളത്തിലെ ചൂടന്‍ സ്വഭാവത്തിലൂടെ വിവാദ നായകനായി മാറിയ ശ്രീ ``ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കറിയാം'' എന്നു എടുത്തടിച്ചു. തുകൊണ്ട്‌ സംഭവിക്കാന്‍ പോകുന്നത്‌ കൂടിയാല്‍ ആറു പന്തും സിക്‌സറടിച്ചെന്നു വരും. അത്‌ ശ്രീശാന്തിനെ സംബന്ധിച്ചും ക്രിക്കറ്റിനെ സംബന്ധിച്ചുമുള്ള അഭിപ്രായം. അതിന്‌ പുറത്തേക്ക്‌ ചിന്തിക്കാന്‍ ശ്രീ തയ്യാറാവാത്തത്‌ പൂജ ഫലിക്കാത്തതു കൊണ്ടായിരിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനി വരാന്‍ പോകുന്നത്‌ ഇതിലും രസമുള്ള കാര്യങ്ങളാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിനുള്ള കളിക്കാരെ കോടികള്‍ മുടക്കി ലേലത്തിനെടുത്തിരിക്കുകയാണ്‌. വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ ഹര്‍ഭജന്‍ സിംഗിന്റെയും ഇഷാന്ത്‌ ശര്‍മ്മയുടെയും പന്ത്‌ സൈമണ്ട്‌സും ഹെയ്‌ഡനും ബൗണ്ടറി കടത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളും കൈയ്യടിച്ചേക്കാം. അവിടെ കളിക്കുന്നത്‌ ഇന്ത്യയും ഓസിസുമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൊഹാലിയും ഹൈദരാബാദും ചെന്നൈയും കൊല്‍ക്കത്തയും ഉള്‍പ്പെടുന്ന എട്ട്‌ ടീമുകളാണ്‌. ഒരുടീമില്‍ കളിക്കുമ്പോഴെങ്കിലും താരങ്ങള്‍ വിവാദങ്ങളെ പടിക്കു പുറത്ത്‌ വെക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
***വാല്‍കഷ്‌ണം- അണ്ടര്‍ 19 ലോക കപ്പ്‌ സെമി ഫൈനലിനിടെ ന്യൂസിലാന്റ്‌ ബാറ്റ്‌സ്‌മാന്‍ കോറി ജെ ആന്‍ഡേഴ്‌സണിന്റെ വിക്കറ്റെടുത്തതിനു ശേഷം പവലിയനിലേക്കു കയറിപോകാന്‍ ആംഗ്യം കാട്ടിയയ ഇന്ത്യന്‍ ബൗളര്‍ തന്മയ്‌ ശ്രീവാസ്‌തവയ്‌ക്ക്‌ താക്കീതു നല്‍കി.

Read More......

2008-02-27

ബീഹാറി കാണാത്ത `ലാലു മാജിക്ക്‌'











ബസുകളും ഓട്ടോറിക്ഷകളും കറുത്ത പുക നിറച്ച ചെളി നിറഞ്ഞ തെരുവുകള്‍. റോഡു വക്കില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍ ഭക്ഷണം തിരയുന്ന പട്ടികള്‍. അതിന്‌ സമീപമിരുന്ന്‌ ഭക്ഷണം കഴിക്കുന്ന ആളുകള്‍.

ഇത്‌ ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ ഒരു തെരുവില്‍ നിന്നുള്ള കാഴ്‌ചയാണ്‌. വികലമായ സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച്‌ ഒരു കൂട്ടം ജനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഇവിടെ താമസിക്കുന്നു. ഇത്‌ ഇപ്പോള്‍ ഇവിടെ എഴുതാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന്‌ നിങ്ങള്‍ ചിലപ്പോള്‍ സംശയിച്ചേക്കാം. ഒരു പക്ഷെ ഇതിന്റെ തലക്കെട്ടില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധ്യതയുണ്ട്‌. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യന്‍ റെയില്‍വെയെ ലാഭത്തിലാക്കി ലാലു പ്രസാദ്‌ യാദവിന്റെ `ഇന്ദ്രജാലം' തുടരുന്നു. ഇത്‌ ഞാന്‍ പറഞ്ഞതല്ല. ഇപ്രാവശ്യത്തെ റെയില്‍വെ ബജറ്റിനെ അനുമോദിച്ചുകൊണ്ട്‌ കേരളത്തിലെ പത്രങ്ങള്‍ എഴുതിപിടിപ്പിച്ചതാണ്‌. കാര്യം ശരിയായിരിക്കാം. ഇരുപ്പത്തയ്യായിരം കോടിയാണ്‌ ഈ വര്‍ഷത്തെ റെയില്‍വെയുടെ ലാഭം. മാത്രമല്ല, കേരളത്തിന്‌ കോച്ച്‌ ഫാക്‌ടറിയും പുതിയ നാല്‌ വണ്ടികളും കിട്ടിയിട്ടുണ്ട്‌. ലാലു നമുക്ക്‌ തന്ന പ്രസാദമായാണ്‌ പത്രങ്ങള്‍ ഇതിനെ കാണുന്നത്‌. ഇത്രയൊക്കെ നമുക്ക്‌ തന്ന ലാലുവിനെ പുകഴ്‌ത്തിയില്ലെങ്കിലെ അത്ഭുതമുള്ളു.

റെയില്‍വെയുടെ കാര്യം അവിടെ നില്‍ക്കട്ടെ. നമുക്ക്‌ ലാലുവിന്റെ സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കാം. ബീഹാറില്‍ അരാജകത്വം നടമാടുകയാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്‌ അവിടെയുണ്ടായ ചെറിയൊരു സംഭവത്തെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ ലാലു മറുപടി പറഞ്ഞത്‌. ബീഹാറിലെ ഗ്രാമപ്രമാണിയുടെ വീട്ടില്‍ മോഷണം നടത്തിയത്‌ അടുത്ത ഗ്രാമത്തിലെ ഏതാനും യുവാക്കളാണെന്നേരോപിച്ച്‌ നാട്ടുകാര്‍ അവരില്‍ പത്തുപേരെ തല്ലിക്കൊന്നതാണ്‌ സംഭവം. ഈ കാര്യത്തില്‍ ലാലുവിനെ പറഞ്ഞിട്ട്‌ കാര്യമില്ല. ലാലുവല്ലല്ലോ ഇപ്പോള്‍ മുഖ്യമന്ത്രി. പക്ഷെ ഒരു കാലത്ത്‌ അതായത്‌ ഡല്‍ഹിക്കു പോകുന്നതിനു മുമ്പ്‌ ഏറെക്കാലം നേരിട്ടും ഭാര്യ റാബ്രി ദേവിയെ ബിനാമിയാക്കിയും സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ്‌ ഇപ്പോഴത്തെ റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌. ഇന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി തന്റെ രാഷ്‌ട്രീയ പ്രതിയോഗിയായതിനാല്‍, തന്റെ കാലത്തും ബീഹാറിന്റെ ഗതി ഇതുതന്നെയായിരുന്നുവെന്ന വസ്‌തുത സൗകര്യപൂര്‍വ്വം ലാലു മറന്നു. ഇവിടെയുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളും മറ്റും കണ്ടാല്‍ ജനങ്ങളോട്‌ ഉത്തരവാദിത്തമുള്ള എക്‌സിക്യൂട്ടീവും എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറിയും അക്രമങ്ങള്‍ തടഞ്ഞും അമര്‍ച്ച ചെയ്‌തും ജനങ്ങള്‍ക്ക്‌ സൈ്വര്യ ജീവിതം സാധ്യമാക്കാന്‍ ചുമതലപ്പെട്ട പോലീസും ഉള്ള ജനാധിപത്യ ഭാരതത്തിലെ സംസ്ഥാനമാണ്‌ ബീഹാര്‍ എന്നു വിശ്വസിക്കാന്‍ വിഷമം തോന്നും.

ഭാരതത്തിന്റെ നല്ല ഭാവിയും വികസന സ്വപ്‌നങ്ങളും മാത്രം സംസാരിക്കുമ്പോഴും ഇന്ത്യയുടെ ജനസംഖ്യയുടെ പത്ത്‌ ശതമാനമുള്ള ബീഹാറിനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. സൗത്ത്‌ ഏഷ്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ ബീഹാര്‍. 47 ശതമാനമാണ്‌ ബീഹാറിലെ സാക്ഷരതാ നിരക്ക്‌. സ്‌ത്രീ സാക്ഷരത ഇവിടെ 3.12 ശതമാനം മാത്രമാണ്‌. അതേസമയം, ശിശു മരണ നിരക്ക്‌ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ്‌ ബീഹാര്‍. ഉദയ സൂര്യനെന്നും അസ്‌തമന സൂര്യനെന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ഡവലപ്പ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. അതില്‍ അസ്‌തമന്‌ സൂര്യനെന്ന വിഭാഗ്‌ത്തില്‍ ബീഹാറും ഉത്തര്‍പ്രദേശുമാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. 1990 കളുടെ ആദ്യ പകുതിയില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കാത്ത ബീഹാറിന്‌ കഴിഞ്ഞ ഡിസംബര്‍ അവസാനം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ വേണ്ടി ലോകബേങ്ക്‌ 225 മില്ല്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്‌. ലോകബേങ്ക്‌ സഹായത്തോടെ പുതിയൊരു യുഗത്തിന്‌ പിറവി നല്‍കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ വിലയിരുത്തല്‍. ലാലുവിന്റെയത്ര മാനേജ്‌മെന്റ്‌ തന്ത്രങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്‌ അറിയില്ലെങ്കിലും നവ യുഗം പിറക്കുമോയെന്ന്‌ നമുക്ക്‌ കണ്ടറിയാം.

ബീഹാറില്‍ തൊഴില്‍ രഹിതരുടെ ശതമാനം 66.3 ആണ്‌. ബീഹാറില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക്‌ തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്‌ നീങ്ങികൊണ്ടിരിക്കുകയാണ്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബീഹാറിലെ നല്ലൊരു ശതമാനം ജനങ്ങളും ബ്രിട്ടന്റെ കോളനി രാജ്യങ്ങളിലേക്കാണ്‌ തൊഴില്‍ തേടി പോയിരുന്നത്‌. പിന്നീട്‌ ആസ്സാമിലെ തേയിലത്തോട്ടങ്ങളിലും പശ്ചിമ ബംഗാളിലെ ഫാക്‌ടറികളിലും തൊഴിലെടുക്കുന്ന ബീഹാറികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇന്ന്‌ എല്ലാ സംസ്ഥാനങ്ങളിലേക്കും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ബീഹാറികളെ കാണാം.ആളുകളെ തട്ടികൊണ്ടു പോയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതാവണം ലാലുവിന്റെ കാലത്ത്‌ വളര്‍ന്നുവന്ന വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇരുന്നൂറിലധികം അഴിമതി കേസുകളാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നേരെ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പതിനായിരം കേസുകളാണ്‌ 2007ല്‍ അതിവേഗ കോടതി തീര്‍പ്പാക്കിയത്‌. ന്യൂഡല്‍ഹിയിലെ ജനസംഖ്യയില്‍ പതിനൊന്ന്‌ ശതമാനവും ബീഹാറികളാണെന്നാണ്‌ പുതിയ പഠനം. ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ മുന്‍ നിരയില്‍ ബീഹാറികള്‍ തന്നെയാണെന്നാണ്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ അഭിപ്രായപ്പെട്ടത്‌. ബീഹാറില്‍ വികസനം വരാതെ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാവില്ലെന്നാണ്‌ എ ഡി ആര്‍ ഐ വക്താവിന്റെ അഭിപ്രായം. ബീഹാര്‍ എന്റെ പ്രശ്‌നമല്ലെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. പക്ഷെ സമീപ ഭാവിയില്‍ അത്‌ നമ്മുടെ പ്രശ്‌നമായി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.

*** മദ്രാസിയും ബീഹാറിയും തമ്മിലെന്ത്‌?

തെക്ക്‌ നിന്നുള്ളവരെ ഒന്നാകെ താഴ്‌ത്തികെട്ടുന്ന വാക്കായിരുന്നു മദ്രാസി; മോശപ്പെട്ടവന്‍ കൊള്ളരുതാത്തവന്‍ എന്നതിനു പര്യായം. ബീഹാറി എന്ന വാക്കിന്റെ പര്യായവും ഏറെക്കുറെ ഇതുതന്നെ. ദേഷ്യം വന്നാല്‍ ശകാരിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന വാക്കു കൂടിയാണ്‌ ബീഹാറി.

Read More......

2008-02-18

ഹര്‍ത്താലില്‍ വലയുന്ന കേരള ജനത



നൂറു ശതമാനം സാക്ഷരത കൈവരിച്ചവര്‍. രാഷ്‌ട്രീയ സാമൂഹിക ബോധമുള്ളവര്‍. പറഞ്ഞു വന്നത്‌ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങളെ കുറിച്ചാണ്‌.പറഞ്ഞതു മുഴുവന്‍ ശരിയാണ്‌. പക്ഷെ ബന്ദിന്റെയും ഹര്‍ത്താലിന്റെയും പേരിലുള്ള ദുരിതം പതിവായി തേടിയെത്തുന്നത്‌ ഈ നാട്ടിലാണ്‌. ഹര്‍ത്താലിന്റെ മുന്നില്‍ നിന്ന്‌ ഒഴിവാകാന്‍ മലയാളികള്‍ക്ക്‌ മുന്നില്‍ വഴികളില്ല. സഹനശക്തി മാത്രമാണ്‌ ഒരേയൊരു ആശ്രയം. ബന്ദും ബലപ്രയോഗത്തീലൂടെയുള്ള ഹര്‍ത്താലും ആദ്യമായി നിരോധിച്ച സംസ്ഥാനമാണ്‌ നമ്മുടേത്‌. ബന്ദ്‌ നിരോധിച്ചുകൊണ്ടുള്ള 1998 ജൂലൈ 28ന്റെ ഹൈക്കോടതി ഫുള്‍ ബെഞ്ച്‌ വിധി സുപ്രീം കോടതി അപ്പടി ശരിവെച്ചതാണ്‌. ബന്ദ്‌ നിയമ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചതോടെ അത്‌ പേര്‌ മാറ്റി `ഹര്‍ത്താല്‍' ആയി മാറി. അതിനുശേഷം നിര്‍ബന്ധിത ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അധികാരമുണ്ടെന്ന്‌ വരെ ഹൈക്കോടതി വിധിച്ചു.ഹര്‍ത്താലും ബന്ദും സംഘടിപ്പിക്കുവാന്‍ നേതാക്കള്‍ പരസ്‌പരം മത്സരിക്കുകയാണ്‌. അതല്ലെങ്കില്‍ രാഷ്‌ട്രീയ മത്സരം അതിന്‌ അവരെ നിര്‍ബന്ധിതരാക്കുന്നു. ഒരിറ്റു വിയര്‍പ്പൊഴുക്കാതെ ഏത്‌ ഈര്‍ക്കില്‍ പാര്‍ട്ടിക്കും ഒരു പത്രകുറിപ്പിലൂടെ എടുത്തു പ്രയോഗിക്കാന്‍ പറ്റുന്ന ആയുധമായി ഹര്‍ത്താല്‍ മാറിയിരിക്കുന്നു. നാലംഗങ്ങളുള്ള പാര്‍ട്ടിവരെ ഹര്‍ത്താല്‍ നടത്തുന്ന സംസ്ഥാനമാണിത്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അവസാന വാരം ലീഗ്‌ നടത്തിയ മലബാര്‍ ഹര്‍ത്താല്‍ തന്നെ ഉദാഹരണം. സാധാരണ യു ഡി എഫ്‌ പ്രഖ്യാപിക്കുന്ന ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്ന ലീഗും ഇതോടെ തലപൊക്കി തുടങ്ങിയിരിക്കുകയാണ്‌. ഇതിന്‌ പിന്നില്‍ വ്യക്താമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്‌. കോയമ്പത്തൂരില്‍ നിന്ന്‌ ജയില്‍ വാസം കഴിഞ്ഞിറങ്ങിയവന്‌ മലപ്പുറത്തേക്ക്‌ ഒരു നോട്ടമുണ്ടെന്ന കാര്യം തങ്ങള്‍ക്ക്‌ മനസ്സിലായില്ലെങ്കിലും കുഞ്ഞാലിക്കുട്ടിക്കെങ്കിലും മനസ്സിലായി കാണണം. ലീഗിന്റെ ശക്തി ഒന്നു തെളിയിക്കേണ്ടത്‌ അത്യാവശ്യമാണ്‌. സ്വന്തമായി ആദ്യം ഒരു ഹര്‍ത്താല്‍ നടത്തുന്നുണ്ടെങ്കില്‍ അതിന്റെ വിഷയത്തെകുറിച്ച്‌ ആലോചിക്കേണ്ട ആവശ്യമില്ല. പ്രവാസികളാണ്‌ നമ്മുടെ ശക്തി. വിമാന താവളം നമ്മുടെ വിഷയം.അതിനുശേഷം കൃത്യമായി പറഞ്ഞാല്‍ അഞ്ചാം ദിവസം മറ്റൊരു ഹര്‍ത്താലിന്‌ കൂടി കേരളം സാക്ഷിയായി. നിയമ സഭയിലേക്ക്‌ ഒരംഗത്തെപ്പോലും തിരഞ്ഞെടുത്തയക്കാന്‍ ജനപിന്തുണ നേടാന്‍ സാധിക്കാത്ത ബി ജെ പിയാണ്‌ അതിന്റെ ഉപജ്ഞാതാക്കള്‍. ട്രയിന്‍ ഏതായാലും പോയി എന്നാല്‍ ഇനി റോഡു കൂടി അടച്ചേക്കാം എന്ന്‌ ബി ജെ പി ചിന്തിച്ചതില്‍ എന്താണ്‌ തെറ്റ്‌? ഹര്‍ത്താല്‍ നടത്താനുള്ള വിഷയം കിട്ടാതെ ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇതുവരെ ബുദ്ധിമുട്ടിയിട്ടില്ല. മുല്ലപ്പെരിയാര്‍, എ ഡി ബി, മാലിന്യ പ്രശ്‌നം, ദുരന്തങ്ങള്‍ തുടങ്ങിയവയൊക്കെ കേരളത്തില്‍ ഹര്‍ത്താലിന്‌ വിഷയങ്ങളാണ്‌. ഇതിനെല്ലാം പുറമെ ഗവ.ലോ കോളേജില്‍ നടന്ന പതിവു വിദ്യാര്‍ത്ഥി സംഘട്ടനവും ഹര്‍ത്താലിന്‌ വിഷയമാക്കി തീര്‍ത്തത്‌ ഇപ്പോഴത്തെ പ്രതിപക്ഷ മുന്നണിയാണ്‌. അവര്‍ തന്നെയാണ്‌ ഈ വര്‍ഷത്തെ ആദ്യ സംസ്ഥാന തലത്തിലുള്ള ഹര്‍ത്താലിന്‌ നേതൃത്വം കൊടുക്കുന്നത്‌. വിഷയമാകട്ടെ സാധാരണക്കാരായ പൊതു ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റവും. എന്നാല്‍ ഹര്‍ത്താല്‍ നടത്തി ആവശ്യം നേടിയെടുത്ത സംഭവം ആര്‍ക്കുമറിയില്ല. ഗാന്ധിജിയുടെ കാലം തൊട്ടുള്ള അക്രമരഹിത പ്രതിഷേധ മാര്‍ഗമാണിതെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌. ഹര്‍ത്താലിന്റെ ആശാന്മാര്‍ ഇപ്പോള്‍ ഭരണത്തിലായതുകൊണ്ട്‌ അഞ്ചു വര്‍ഷത്തേക്ക്‌ അവരുടെ ഹര്‍ത്താലാഹ്വാനങ്ങള്‍ക്ക്‌ കുറവുണ്ടാകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. സംസ്ഥാനം മുതല്‍ ജില്ല, താലൂക്ക്‌, മണ്‌ഡല തലം വരെ ഹര്‍ത്താലുകള്‍ കേരളീയ സമൂഹത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. അക്രമം ഉണ്ടായേക്കുമോ എന്ന ഭയം കൊണ്ടു മാത്രമാണ്‌ ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത്‌. ആ ഭയത്തെ ചൂഷണം ചെയ്‌ത്‌ ഈര്‍ക്കിലി രാഷ്‌ട്രീയ പാര്‍ട്ടികള്‍ വരെ അവരുടെ വിജയം ആഘോഷിക്കുന്നു. ഹര്‍ത്താല്‍ വിരുദ്ധ സംഘടനകളുടെ കണക്കനുസരിച്ച്‌ പ്രാദേശിക തലം മുതല്‍ സംസ്ഥാന തലം വരെ ഇരുനൂറ്റി അമ്പതിലേറെ ഹര്‍ത്താലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം മാത്രം 180ലേറെ ദിവസങ്ങളാണ്‌ ഹര്‍ത്താല്‍ കവര്‍ന്നെടുത്തത്‌. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു ഹര്‍ത്താലില്‍ നാലായിരം കോടി രൂപയുടെയെങ്കിലും നഷ്‌ടമുണ്ടാവുമെന്നാണ്‌ കണക്ക്‌. കഴിഞ്ഞ മലബാര്‍ ദിനത്തില്‍ അഞ്ചു കോടിയുടെ നഷ്‌ടമാണ്‌ കെ എസ്‌ ആര്‍ ടി സിക്കു മാത്രം ഉണ്ടായത്‌. സര്‍ക്കാര്‍ ഖജനാവില്‍ കോടികളുടെ നഷ്‌ടം വരുത്തിവെക്കുന്നതിനൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂരിതമാക്കിയാണ്‌ (ഹര്‍ത്താലിന്റെ മറവില്‍ വീട്ടില്‍ ചടഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒന്നും നഷ്‌ടപ്പെടാനില്ല) ഓരോ ഹര്‍ത്താലും കടന്നു പോകുന്നത്‌. വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു കുതിക്കാന്‍ കേരളം ഒരുങ്ങി നില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നാല്‍ അത്‌ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരേണ്ടവരാണ്‌ മാധ്യമങ്ങള്‍. ഹര്‍ത്താല്‍ പോലുള്ള സാമൂഹിക വിരുദ്ധ നിലപാടുകള്‍ക്ക്‌ പ്രചാരണം നല്‍കുന്നതില്‍ നിന്ന്‌ മാധ്യമങ്ങള്‍ പിന്തിരിയണം. അതോടൊപ്പം തന്നെ അതിനെതിരെ ശക്തമായ ഭാഷയില്‍ നിലപാടുകളെടുക്കാനും മാധ്യമങ്ങള്‍ തയ്യാറാകണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ജനങ്ങള്‍ സംഘടിതമായ രീതിയില്‍ തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭയന്ന്‌ അതിന്‌ കീഴടങ്ങുന്ന ശീലം സമൂഹം ഉപേക്ഷിക്കണം.

Read More......

2008-02-15

ഫ്‌ളെമിംഗ്‌ കളം വിടുന്നു


കഴിഞ്ഞ ലോകകപ്പ്‌ മത്സരത്തോടെ ഏകദിന കുപ്പായം അഴിച്ചുമാറ്റിയ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങളോട്‌ തന്നെ വിട പറയുകയാണ്‌. മാര്‍ച്ച്‌ 22 ന്‌ നേപ്പിയറില്‍ ഇംഗ്ലണ്ടുമായി നടക്കുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ്‌ മത്സരത്തിലായിരിക്കും ഫ്‌ളെമിംഗ്‌ അവസാനമായി പാഡണിയുന്നത്‌. ന്യൂസിലാന്റ്‌ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്‍ കളിക്കളം വിടുന്നതോടുകൂടി മികച്ച താരത്തെയാണ്‌ ന്യൂസിലാന്റിന്‌ നഷ്‌ടമാകുന്നത്‌.1973 ഏപ്രില്‍ ഒന്നിന്‌ ന്യൂസിലന്റില്‍ ജനിച്ച സ്റ്റീഫന്‍ ഫ്‌ളെമിംഗിന്‌ ലോകം കണ്ട ക്രിക്കറ്ററായി മാറാന്‍ അധിക സംയമൊന്നും വേണ്ടിവന്നിട്ടില്ല. മികച്ച ബാറ്റ്‌സ്‌മാന്‍ എന്നതിലുപരിയായി ലേകം കണ്ട മികച്ച നായകന്മാരില്‍ ഒരാളായാണ്‌ ഫ്‌ളെമിംഗ്‌ തിളങ്ങിയത്‌. 1992 ജനുവരിയില്‍ ഹാമില്‍ട്ടണില്‍ കാന്‍ഡര്‍ബറിക്കു വേണ്ടി കളിച്ചതാണ്‌ ഫ്‌ളെമിംഗിന്റെ ആദ്യ മത്സരം. 1994ല്‍ നേപിയറില്‍ ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്‌ട്ര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഫ്‌ളെമിംഗ്‌ ആ മത്സരത്തില്‍ 92 റണ്‍സ്‌ നേടി മാന്‍ ഓഫ്‌ ദ മാച്ച്‌ പദവിക്കര്‍ഹനായി. ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ കേമനായികൊണ്ടാണ്‌ ഫ്‌ളെമിംഗ്‌ തന്റെ വരവറിയിച്ചത്‌. 1997 ഫെബ്രുവരിയില്‍ പരിക്കേറ്റ ലീ ജാമോനു പകരം ടെസ്റ്റ്‌ ക്യാപ്‌റ്റനാകുമ്പോള്‍ ഫ്‌ളെമിംഗിന്‌ 24 തികഞ്ഞിരുന്നില്ല. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിക്കലും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതിരുന്ന ന്യൂസിലാന്റ്‌ ടീമിനെ വിജയ പാതയിലേക്ക്‌ നയിച്ചുകൊണ്ടാണ്‌ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ ലോക ക്രിക്കറ്റ്‌ ഭൂപടത്തില്‍ ഇടം നേടിയെടുത്തത്‌.ഒരു പിടി നേട്ടങ്ങളുമായാണ്‌ ഫ്‌ളെമിംഗ്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങളോട്‌ വിട പറയുന്നത്‌. 108 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നായി 39.73 ശരാശരിയോടെ 6,875 റണ്‍സാണ്‌ ഫ്‌ളെമിംഗ്‌ അടിച്ചുകൂട്ടിയത്‌. 279 ഏകദിനങ്ങള്‍ കളിച്ച ഫ്‌ളെമിംഗ്‌ 32.41 ശരാശരിയോടെ 8,007 റണ്‍സാണ്‌ സമ്പാദിച്ചു കൂട്ടിയത്‌. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത ന്യുസിലന്റുകാരന്‍ എന്ന വിശേഷണം ഫ്‌ളെമിംഗിന്‌ അവകാശപ്പെട്ടതാണ്‌. ടെസ്റ്റില്‍ ഒമ്പത്‌ സെഞ്ച്വറികളും 43 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയ ഫ്‌ളെമിംഗ്‌ ഏകദിനത്തില്‍ എട്ട്‌ സെഞ്ച്വറികളും 49 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്‌. ന്യൂസിലന്റിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയങ്ങളിലേക്ക്‌ നയിച്ച നായകന്‍ എന്ന സ്ഥാനം ഫ്‌ളെമിംഗിനര്‍ഹതപ്പെട്ടതാണ്‌. 80 ടെസ്റ്റുകളില്‍ ന്യൂസിലന്റിനെ നയിച്ച ഫ്‌ളെമിംഗ്‌ 28 എണ്ണത്തിലും വിജയം കണ്ടെത്തി. ന്യൂസിലന്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ ഫ്‌ളെമിംഗ്‌ 218 മത്സരങ്ങളില്‍ നായകനായിരുന്നിട്ടുണ്ട്‌. ഇതോടെ ഒരു രാജ്യത്തെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ നായകനാകുക എന്ന റെക്കോര്‍ഡ്‌ ഫ്‌ളെമിംഗ്‌ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജുന രണതുംഗെയുടെ പേരിലുള്ള റെക്കോര്‍ഡാണ്‌ ഫ്‌ളെമിംഗ്‌ തിരുത്തിയത്‌. 2004 മാര്‍ച്ചില്‍ ഫ്‌ളെമിംഗിനെ ന്യൂസിലാന്റ്‌ ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. മാര്‍ട്ടിന്‍ ക്രോയെ മറികടന്ന്‌ ന്യൂസിലാന്റിനു വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്‌റ്റ്‌ കളിക്കുകയും ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടുകയും ചെയ്‌ത താരമെന്ന ഫ്‌ളെമിംഗ്‌ സ്വന്തമാക്കി.2006ല്‍ കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയുമായി നടന്ന രണ്ടാം ടെസ്റ്റ്‌ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുക വഴി ടെസ്‌ററ്‌ മത്സരങ്ങളില്‍ മൂന്നു തവണ ഡബിള്‍ സെഞ്ച്വറി നേടുന്ന ന്യൂസിലന്റ്‌ താരമെന്ന ബഹുമതിയും ഫ്‌ളെമിംഗിനെ തേടിയെത്തി. ഒന്നാം സ്‌ളിപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ഫ്‌ളെമിംഗ്‌ ഈ സ്ഥാനത്തുനിന്ന്‌ ഏറ്റവുമധികം ക്യാച്ചുകളെടുത്തവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്‌. ഒരു ദശാബ്‌ദത്തിലധികം ന്യൂസിലന്റിനെ നയിച്ച ഫ്‌ളെമിംഗ്‌ സമീപകാല ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിശാലിയായ നായകനായാണ്‌ വിലയിരുത്തപ്പെടുന്നത്‌. 200ലെ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ കിരീടത്തിലേക്കും 1999ലും 2007ലും ലോകകപ്പ്‌ സെമിയിലേക്കും ന്യൂസിലാന്റ്‌ മുന്നേറിയതും ഈ നായകന്റെ കീഴിലായിരുന്നു.പത്ത്‌ വര്‍ഷത്തോളം ടീമിനെ നയിച്ച ഫ്‌ളെമിംഗിന്റെ ക്യാപ്‌റ്റന്‍ സ്ഥാനം കഴിഞ്ഞ സെപ്‌തംബറിലാണ്‌ തെറിച്ചത്‌. അന്താരാഷ്‌ട്ര മത്സരത്തില്‍ നിന്ന്‌ വിരമിച്ചെങ്കിലും ഏപ്രിലില്‍ നടക്കുന്ന ഇന്തയന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 മത്സരത്തില്‍ ഫ്‌ളെമിംഗ്‌ കളിക്കുമെന്നാണ്‌ ക്രിക്കറ്റ്‌ പ്രേമികളുടെ വിശ്വാസം

Read More......

2008-02-11

ഭയമില്ലാത്ത മനുഷ്യന്‍


"മഹാ വൃക്ഷങ്ങള്‍ നിലം പതിക്കുകയാണ്‌. നമ്മില്‍ വന്‍ വിടവുകള്‍ സൃഷ്ടിച്ചുകൊണ്ട്‌"




സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ആട്ടിപ്പായിക്കപ്പെട്ടവര്‍ക്ക്‌ മാര്‍ഗദീപമായി സ്വയം കത്തിയെരിഞ്ഞ ജീവിതമായിരുന്നു ബാബ ആംതയുടേത്‌. ഈ നൂറ്റാണ്ടിലും ആളുകള്‍ അറപ്പോടു കൂടി മാത്രം നോക്കികാണുന്ന കുഷ്‌ഠരോഗികളുടെ കണ്ണീരൊപ്പി അവരില്‍ ഒരാളായി കഴിഞ്ഞ ആംതെ ഇന്ത്യ കണ്ട മഹത്വ്യക്തികളില്‍ ഒരാളാണ്‌.മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ഹിംഗര്‍ഘട്ട്‌ ഗ്രാമത്തില്‍ 1914 ല്‍ ധനാഢ്യനായ ബ്രാഹ്മണ ഭൂവുടമയുടെ മകനായാണ്‌ ബാബാ ആംതെ എന്ന മുരളീധര്‍ ദേവദാസ്‌ ആംതെയുടെ ജനനം. ചുറ്റുപാടുമുള്ള എന്തിനെയും കൗതുകപൂര്‍വ്വം നോക്കികണ്ടിരുന്ന തന്റെ കണ്ണുകളെ പുറം ലോകത്തെ ദാരിദ്ര്യകാഴ്‌ചകളില്‍ നിന്ന്‌ മറച്ചു പിടിക്കാന്‍ ആംതെ ഒരിക്കലും ശ്രമിച്ചിരുന്നില്ല.അഭിഭാഷകനായാണ്‌ തന്റെ ഔദ്യോഗിക ജീവിതം ആംതെ തുടങ്ങിയത്‌. ഗാന്ധി ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ ആംതെ നിയമ പഠനം പൂര്‍ത്തിയാക്കിയ ഉടനെ പൈതൃകമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റ്‌ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുകയായിരുന്നു. ഇന്നും ആളുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപ്പോകുന്ന കുഷ്‌ഠരോഗികളുടെ ഇടയിലേക്ക്‌ സ്‌നേഹത്തിന്റെ മൃദു മന്ത്രങ്ങളുമായി ഇറങ്ങിചെന്ന ആംതെ അവരെ ഒറ്റപ്പെടലിന്റെ വേദനകളില്‍ നിന്നും കരകയറ്റുകയായിരുന്നു. മരുന്നിന്‌ മാറ്റാന്‍ കഴിയാത്ത രോഗത്തെ സ്‌നേഹം കൊണ്ട്‌ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന്‌ മനസ്സിലാക്കിയ അപൂര്‍വ്വം ചില വ്യക്തിത്വങ്ങളില്‍ ഒന്നാണ്‌ ആംതെ.നാഗ്‌പൂരിനടുത്ത്‌ ആംതെ സ്ഥാപിച്ച ആനന്ദഭവന്‍ ആശ്രമം കുഷ്‌ഠരോഗികള്‍ക്ക്‌ താങ്ങും തണലുമായി മാറി. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കുഷ്‌ഠരോഗികളുടെ പരിചരണം ഏറ്റെടുത്ത ആംതെ അവരെ സമൂഹത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു. സ്‌നേഹമില്ലാത്തിടത്ത്‌ ദൈവമില്ല എന്ന തിരിച്ചറിവാണ്‌ ബാബയെ മറ്റൊരു മനുഷ്യനാക്കി തീര്‍ത്തത്‌.ഗാന്ധിജിയുടെ ദര്‍ശനത്തിന്‌ പകരമായി മറ്റൊരു ഗര്‍ശനമില്ലെന്ന്‌ അവസാനം വരെ വിശ്വസിക്കുകയും അതിലൂന്നി ജീവിക്കുകയും ചെയ്‌തയാളാണ്‌ ആംതെ. ഗാന്ധി ദര്‍ശനത്തിലൂന്നികൊണ്ട്‌ വൈദേശ ശക്തികളെ ഇന്ത്യയില്‍ നിന്ന്‌ പുറത്താക്കാന്‍ ആംതെ മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഗാന്ധിയന്‍ ആശയങ്ങള്‍ പോലെതന്നെ രവീന്ദ്ര നാഥ ടാഗോറിന്റെ സംഗീതം ബാബയെ ശാന്തിനികേതനിലേക്കും ആകര്‍ഷിച്ചു.കുഷ്‌ഠരോഗികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ബാബ ഒതുങ്ങി നിന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളുണ്ടായി. പരിസ്ഥിതി ചൂഷണത്തിനെതിരെ കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെയും ഗുജറാത്തില്‍ നിന്ന്‌ അരുണാചല്‍ പ്രദേശിലേക്കും ബാബ 'ഭാരത്‌ ജോദോ' യാതേര നടത്തി. 1990ല്‍ രോഗാതുരനായ അവസ്ഥയിലും നര്‍മ്മദ പദ്ധതിയില്‍ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ബാബ 'നര്‍മ്മദ ബച്ചാവോ ആന്ദോളന്‍' പ്രക്ഷോഭത്തില്‍ മേധാപട്‌ക്കര്‍ക്കു ശക്തമായ പിന്തുണ നല്‍കി. ആദി വാസികളെ അവരുടെ താമസ സ്ഥലങ്ങളില്‍ നിന്നും മാറ്റിയാല്‍ അവരുടെ സംസ്‌കാരം പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന്‌ ബാബ ഭയന്നിരുന്നു. വര്‍ധയിലെ അഭിഭാഷകനായിരിക്കെ തോട്ടികളുടെ യൂണിയനുണ്ടാക്കിയ ആംതെക്ക്‌ ആ ജോലിയുടെ മഹത്വമറിയാന്‍ അതും സ്വയം ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. സേവാഗ്രാമത്തില്‍ കഴിയു്‌ന്ന കാലത്ത്‌ 'ഭയമില്ലാത്ത മനുഷ്യന്‍' എന്ന്‌ ഗാന്ധി വിളിച്ച ആംതെ തനിക്ക്‌ കുഷ്‌ഠരോഗമുണ്ടോ എന്ന പരിശോധന ഒരിക്കല്‍പോലും നടത്തിയിട്ടില്ല്‌. ഭയമുള്ളിടത്ത്‌ സ്‌നേഹമുണ്ടാവില്ല, സ്‌നേഹമില്ലാത്തിടത്ത്‌ ദൈവവുമില്ല എന്ന തിരിച്ചറിവാണ്‌ മുരളീധര്‍ ദേവദാസ്‌ ആംതയെ ബാബ ആംതയാക്കി മാറ്റിയത്‌.ജീവിച്ചിരുന്ന കാലത്ത്‌ തന്നെ ഇതിഹാസമായി മാറിയ ആംതയെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്‌. ഏഷ്യയിലെ നോബേലായ മാഗ്‌സസെ 1985ല്‍ ആംതയെ തേടിയെത്തി. 2000 ലെ ഗാന്ധി സമാധാന പുരസ്‌കാരവും, ഡോ.അംബേദ്‌കര്‍ അന്താരാഷ്ട്ര പുരസ്‌കാരവും ആംതെക്ക്‌ ലഭിച്ചു. 1971ല്‍ പത്മശ്രീയും 1986ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ബാബയെ ആദരിച്ചു. ഒടുവില്‍ സമാധാന സന്ദേശവുമായി പാക്കിസ്ഥാനിലേക്ക്‌ യാത്രചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ്‌ ബാബ നമ്മോട്‌ വിട പറഞ്ഞത്‌.

Read More......

2008-02-09

ഷാഡോസ്‌ ഓഫ്‌ കല്‍ക്കട്ട


സിനിമ എന്നും പുതുമകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കഥയിലും അവതരണത്തിലുമൊക്കെ പതിവു രീതിയില്‍ നിന്നു മാറിയുള്ള രീതികളാണ്‌ നല്ല പ്രേക്ഷകരെ സിനിമാശാലകളില്‍ എത്തിക്കുന്നത്‌. സ്വപ്‌നാനുഭവം നല്‍കുന്നതിനേക്കാള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ്‌ പ്രേക്ഷകര്‍ കൂടുതലും ഇഷ്‌ടപ്പെടുന്നത്‌. കുടുംബചിത്രം, വിനോദചിത്രം എന്നിങ്ങനെയുള്ള ലേബലുകളിലുള്ള മാറി മാറിയുള്ള വികലമായ പരീക്ഷണങ്ങള്‍ മാത്രമാണ്‌ മലയാളത്തില്‍ സാധാരണ ഉണ്ടായിരിക്കുന്നത്‌. ഇതിന്‌ ഒരപവാദം എന്ന നിലയിലാണ്‌ യുവ സംവിധായകന്‍ ബ്ലെസി ചിത്രങ്ങള്‍ സംവിധാനം ചെയ്‌തത്‌. ഇതിനു മുമ്പ്‌ ബ്ലെസി സംവിധാനം ചെയ്‌ത കാഴ്‌ചയും തന്മാത്രയും പളുങ്കുമൊക്കെ സിനിമയോടുള്ള സംവിധായകന്റെ സമീപനമാണ്‌ കാണിക്കുന്നത്‌.നല്ല സിനിലയിലേക്കുള്ള പ്രയാണത്തില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ്‌ കല്‍ക്കട്ട ന്യൂസ്‌ തിയേറ്ററുകളിലെത്തിയത്‌. ഈ കാര്യത്തില്‍ സംവിധായകന്‍ ബ്ലെസിക്ക്‌ പൂര്‍ണ്ണ സംതൃപ്‌തി അനുഭവിക്കാം. മലയാളികള്‍ കാത്തിരുന്ന ചിത്രമെന്ന പരസ്യവാചകത്തിന്റെ അകമ്പടിയോടെയാണ്‌ കല്‍ക്കട്ട ന്യൂസ്‌ പ്രദര്‍ശനത്തിനെത്തിയത്‌. എന്നാല്‍ മലയാളികള്‍ കാണേണ്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ ചിത്രമെന്ന്‌ അതിന്റെ പരസ്യ വാചകം മാറ്റിയെഴുതേണ്ടിയിരിക്കുന്നു.കലാപരമായി മുന്നിട്ടുനില്‍ക്കുന്ന കച്ചവട സിനിമയായിട്ടാണ്‌ ബ്ലെസിയുടെ ചിത്രത്തെ പ്രേക്ഷകര്‍ ആദ്യം വിലയിരുത്തുന്നത്‌.ഈ കാര്യത്തില്‍ ഇത്തവണയും കാര്യമായ വിത്യാസമൊന്നും സംഭവിച്ചിട്ടില്ല. ഇതിനു മുമ്പ്‌ പറഞ്ഞ കഥകളില്‍ നിന്നും ഏരെ വ്യത്യസ്‌തത പുലര്‍ത്തി ഇത്തവണ പെണ്‍വാണിഭ മാഫിയയെന്ന തീകച്ചും സമകാലീനമായ സാമൂഹ്യ പ്രശ്‌നത്തെകുറിച്ചാണ്‌ പറഞ്ഞിരിക്കുന്നത്‌. വിവാഹത്തിലൂടെ കബളിപ്പിക്കപ്പെട്ടും തൊഴില്‍ തേടിയും അന്യ നാടുകളിലെത്തുന്ന മലയാളി സ്‌ത്രീകളുടെ സുരക്ഷിതത്വമില്ലായ്‌മയാണ്‌ ചിത്രത്തിന്റെ പ്രമേയം. കല്‍ക്കട്ട നഗരത്തില്‍ വെച്ച്‌ സെക്‌സ്‌ റാക്കറ്റിന്റെ പിടിയില്‍പെട്ട്‌ ഒറ്റപ്പെട്ടുപോയ കൃഷ്‌ണപ്രിയ എന്ന നാട്ടിന്‍ പുറത്തുകാരിയിലൂടെയാണ്‌ കഥ നീങ്ങുന്നത്‌. അജിത്‌ തോമസ്‌ എന്ന മാധ്യമപ്രവര്‍ത്തകന്റെ മൊബൈലില്‍ ചിത്രീകരിച്ച ഷാഡോസ്‌ ഓഫ്‌ കല്‍ക്കട്ട എന്ന ഡേക്യുമെന്ററിയിലൂടെയാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. തിരക്കഥയ്‌ക്കുള്ളില്‍ നിന്ന്‌ കഥപറയുന്ന രീതിയില്‍ നിന്ന്‌ മാറി സംവിധായകന്റെ കാഴ്‌ചപ്പാടിലൂടെ പരീക്ഷണം നടത്താനുള്ള ശ്രമമാണ്‌ ബ്ലെസിയുടെ പുതിയ ചിത്രം. നായിക കഥാപാത്രമായ കൃഷ്‌ണപ്രിയയെ തന്നിലുള്ളിലേക്ക്‌ ആവാഹിച്ച്‌ മീരജാസ്‌മിന്‍ ചിത്രത്തില്‍ നല്ല പ്രകടനം കാഴ്‌ചവെക്കുമ്പോള്‍ പക്വതയാര്‍ന്ന മാധ്യ പ്രവര്‍ത്തകന്റെ കഥാപാത്രത്തിലേക്കെത്താന്‍ ദിലീപ്‌ പാടുപെടുകയാണ്‌. ഏതൊരു സംവിധായകനും പ്രണയം കൈകാര്യം ചെയ്യുമ്പോഴും സാധാരണ ഗതിയില്‍ സംഭവിക്കുന്നതു തന്നെയാണ്‌ ബ്ലെസിയും കാഴ്‌ചവെച്ചത്‌. നായികയെ പെണ്‍ വാണിഭ സംഘത്തില്‍ നിന്നും മൊബൈല്‍ ക്യാമറയും ദൃശ്യ മാധ്യമ സംവിധാനവും ഉപയോഗിച്ച്‌ രക്ഷപ്പെടുത്തുന്നു. അതോടൊപ്പം മാഫിയാ സംഘത്തെ ഒറ്റയടിക്ക്‌ ഇല്ലാതാക്കുകയാണ്‌ നായകന്‍. അവസാനം ശുഭം എന്ന്‌ എഴുതി കാണിച്ചിട്ടില്ല എന്നൊരു വ്യത്യാസം മാത്രം. സമകാലീന സമൂഹത്തിലെ പ്രധാന സാമൂഹ്യ പ്രശ്‌നമാണ്‌ ചിത്രത്തിലൂടെ അവതരിപ്പിച്ചത്‌. പ്രണയവും ത്രില്ലറും കൂടിക്കലര്‍ന്ന സാധാരണ സിനിമയുടെ നിലവാരത്തിലേക്ക്‌ ചിത്രം താഴ്‌ന്നു പോയോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഒഴിവാക്കാന്‍ സാധിക്കുന്ന പല ഘടകങ്ങളും ചിത്രത്തിലുണ്ടായിരുന്നു എന്നത്‌ നിരാശാജനകമാണ്‌. എങ്കിലും ഇത്തരമൊരു ചിത്രം പ്രേക്ഷകന്റെ മുന്നിലെത്തിച്ച അണിയറ പ്രവര്‍ത്തകര്‍ തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു.

Read More......

2008-02-02

ടെന്നീസ്‌ കോര്‍ട്ടിലെ യുവ മാന്ത്രികന്‍







ikiആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുതിയ അവകാശിയായി ദ്യോക്കോവിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫ്രാന്‍സിന്റെ അട്ടിമറി വീരന്‍ ജോ വില്‍ഫ്രെഡ്‌ സോംഗയെ പുരുഷ വിഭാഗം ഫൈനലില്‍ തോല്‍പ്പിച്ചാണ്‌ സെര്‍ബിയയുടെ താരം നൊവാക്ക്‌ ദ്യോക്കോവിച്ച്‌ ജേതാവായത്‌. (4-6, 6-4, 6-3, 7-6).നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ചെത്തിയ ദ്യോക്കോവിച്ചും രണ്ടാം നമ്പര്‍ താരം റാഫേല്‍ നഡാലിനെ അട്ടിമറിച്ചെത്തിയ സോംഗയും ഫൈനലില്‍ ഉജ്ജ്വലപോരാട്ടമാണ്‌ പുറത്തെടുത്തത്‌.ആദ്യമായാണ്‌ സെര്‍ബിയയില്‍ നിന്ന്‌ ഒരു താരം ഗ്രാന്റ്‌സ്ലാം കിരീടം നേടുന്നത്‌. ഇതോടെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ ഇരുപതുകാരന്‍ സ്വന്തമാക്കി. അമേരിക്കയുടെ ജിം കൊറിയറുടെ റെക്കോര്‍ഡാണ്‌ ദ്യോക്കോവിച്ചിന്‌ മുന്നില്‍ വഴിമാറിയത്‌. എതിരാളികളില്ല എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫെഡററോട്‌ കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 1987 മെയ്‌ 27 നാണ്‌ സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച ദ്യോക്കോവിച്ച്‌ തന്റെ കരിയറിലെ ആദ്യ ഗ്രാന്റ്‌സ്ലാം കിരീടം സ്വന്തമാക്കിയതോടെ എക്കാലത്തെയും മികച്ച ടെന്നീസ്‌ താരമാകാനുള്ള പ്രയാണത്തിലാണ്‌. സ്രദാന്റെയും ഭിജ്‌നയുടെയും മൂന്നു മക്കളില്‍ ആദ്യ മകനായി ജനിച്ച ദ്യോക്കോവിച്ചിന്റെ ഇളയ രണ്ടു സഹോദരന്മാരും പ്രൊഫഷണല്‍ ടെന്നീസ്‌ കളിക്കാരാണ്‌. നാലാം വയസില്‍ ടെന്നീസ്‌ കളിക്കാനാരംഭിച്ച ദ്യോക്കോവിച്ച്‌ പന്ത്രണ്ടാം വയസില്‍ നിക്കോളാ പിലിക്‌സ്റ്റിന്റെ ടെന്നീസ്‌ അക്കാദമിയിസല്‍ പരിശീലനം നേടി. പതിനാലാം വയസ്സില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ സിംഗിള്‍സിലും ഡബിള്‍സിലും കിരീടം നേടുക വഴി അന്താരാഷ്‌ട്ര കരിയറിന്‌ തുടക്കമായി. 2006ലെ ഹോപ്പ്‌മാന്‍ കപ്പില്‍ നേരിയ വ്യത്യാസത്തിനാണ്‌ ദ്യോക്കോവിച്ചിന്‌ ഫൈനല്‍ നഷ്‌ടമായത്‌. തന്റെ വിജയങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചത്‌ വഴി 2006ല്‍ റാങ്കിംഗ്‌ നിലയിലും മെച്ചമായി. റാങ്കിംങ്ങില്‍ 78ല്‍ നിന്ന്‌ തുടങ്ങിയ ദ്യോക്കോവിച്ച്‌ ഫ്രഞ്ച്‌ ഓപ്പണിന്റെ ക്വാര്‍ട്ടറിലും വിംബിള്‍ഡണിന്റെ നാലാം റൗണ്ടിലും എത്തുക വഴി ആദ്യ 40റാങ്കിനുള്ളിലെത്തി. തന്റെ നേര്‍ക്കുയര്‍ന്ന അഭിപ്രായ പ്രകടനങ്ങളൊന്നും തന്നെ ദ്യോക്കോവിച്ചിന്റെ കളിയെ ബാധിച്ചിരുന്നില്ല. കഴിഞ്ഞ വിംബിള്‍ഡണു ശേഷം നടന്ന ആമേര്‍സ്‌ഫൂര്‍ട്ട്‌ കിരീടം ഒരു സെറ്റു പോലും നഷ്‌ടപ്പെടാതെയാണ്‌ ദ്യോക്കോവിച്ച്‌ നേടിയത്‌. ഫൈനലില്‍ നിക്കോളസ്‌ മസുവിനെയാണ്‌ പരാജയപ്പെടുത്തിയത്‌. തുടര്‍ന്ന്‌ മേട്‌സ്‌കപ്പിലെ വിജയത്തിലൂടെ 20റാങ്കിനുള്ളിലെത്തുകയും ചെയ്‌തു ഈ സെര്‍ബിയക്കാരന്‍. അഡലെയ്‌ഡില്‍ നടന്ന മത്സരത്തില്‍ ആസ്‌ത്രേലിയന്‍ താരം ക്രിസ്‌ ഫൈനലില്‍ തോല്‍പ്പിച്ച്‌ 2007 നന്നായി തുടങ്ങിയ ദ്യോക്കോവിച്ച്‌ ഈവര്‍ഷം തന്നെ ആദ്യ പത്ത്‌ റാങ്കിനുള്ളിലുമെത്തി. റാഫേല്‍ നദാലുമായി മത്സരിച്ച ഇന്ത്യന്‍ വെല്‍സ്‌ ഫൈനലില്‍ കിരീടം നഷ്‌ടപ്പെട്ടെങ്കിലും മിയാമിയില്‍ നദാലിനെ പരാജയപ്പെടുത്തി ഇതിനു സുന്ദരമായി പകരം വീട്ടുകയും ചെയ്‌തു. 2007ലെ ഫ്രഞ്ച്‌ ഓപ്പണ്‍ സെമിയില്‍ ഫെഡററോഡ്‌ തോറ്റെങ്കിലും ഇപ്രാവശ്യത്തെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ചിനായിരുന്നു വിജയം. ഈ ഗ്രാന്‍ഡ്‌സ്ലാം സ്വന്തമാക്കിയതോടെ എക്കാലത്തേയും മികച്ച താരമാകാനുള്ള പുറപ്പാടിലാണ്‌ ദ്യോക്കോവിച്ച്‌. കളം നിറഞ്ഞ്‌ കളിക്കുന്ന ദ്യോക്കോവിച്ചിന്റെ വജ്രായുധം കരുത്തുറ്റ സെര്‍വ്വുകളാണ്‌. ദ്യോക്കോവിച്ചിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ഗ്രൗണ്ട്‌ ഷോട്ടുകള്‍ക്കും മുന്‍പില്‍ എതിരാളികള്‍ നിശബ്‌ദരാകുമ്പോള്‍ ടെന്നീസില്‍ ഒരു താരം ഉദിച്ചുയരുകയായി. പ്രതിഭകള്‍ക്ക്‌ ക്ഷാമമില്ലാത്ത പുരുഷടെന്നീസില്‍ പുതിയൊരു പ്രതിഭയായി.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu