2008-02-29

കളി... കളത്തിനു പുറത്തേക്ക്‌




ന്ത്യ ഓസിസ്‌ താരങ്ങളെ വിവാദങ്ങള്‍ ഒഴിയാബാധയായി പിന്തുടരുകയാണെന്ന്‌ തോന്നുന്നു. വിവാദങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാനായി ബി സി സി ഐയും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയും ഇരു രാജ്യങ്ങളിലെ മാധ്യമങ്ങളും ആരാധകരും പരസ്‌പരം മത്സരിക്കുകയാണ്‌. ടെസ്റ്റ്‌ പരമ്പരയ്‌ക്കും ത്രിരാഷ്‌ട്ര ഏകദിന പരമ്പരയ്‌ക്കുമായി ഓസ്‌ട്രേലിയയിലേക്കു പോയ ഇന്ത്യന്‍ ടീം വിവാദങ്ങളെ വിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്‌ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഓസിസ്‌ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ ഓസിസ്‌ ടീം നല്‍കിയ പരാതിയില്‍ മാച്ച്‌ റഫറി ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ മൂന്ന്‌ ടെസ്റ്റുകളില്‍ നിന്ന്‌ വിലക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ അനുകൂലമായ തീരുമാനം ഉണ്ടാകാതിരുന്നാല്‍ ഇന്ത്യന്‍ ടീം പര്യടനം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുമെന്നറിയിച്ചത്‌ ഫലം കണ്ടതുകൊണ്ടാവണം വിവാദ അമ്പയര്‍ സ്റ്റീവ്‌ ബക്‌നറെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നൊഴിവാക്കാന്‍ ഐ സി സി തയ്യാറായതും ഹര്‍ഭജനെതിരെ എടുത്ത തീരുമാനം ഇന്ത്യയുടെ അപ്പീല്‍ തീര്‍പ്പാകും വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതും.
എന്തുകൊണ്ടെന്നറിയില്ല, കമ്മീഷന്‌ മുന്നിലെത്തിയപ്പോള്‍ `മങ്കി' `തേരെ മാ കി' യായി മാറി. ഒടുവില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ ജസ്റ്റിസ്‌ ജോണ്‍ ഹാന്‍സണ്‍ ഹര്‍ഭജന്‍ കുറ്റക്കാരനല്ലെന്നുള്ള വിധി പ്രഖ്യാപിച്ചു. ഒപ്പം അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന്‌ ഹര്‍ഭജന്‌ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനം പിഴയും. കുംബ്ലെയും പോണ്ടിംഗും പരസ്‌പരം കൈകൗടുത്തു പിരിഞ്ഞു. ക്രിക്കറ്റ്‌ ബോര്‍ഡില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന്‌ ബി സി സി ഐയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡും അറിയിച്ചു. സംഗതി ശുഭമായി അവസാനിച്ചെന്ന്‌ എല്ലാവരും കരുതി.
1998 നു ശേഷം ഐ സി സിയുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടികള്‍ക്കൊന്നും വിധേയനായിട്ടില്ലെന്ന കാരണത്താലാണ്‌ ഹര്‍ഭജന്റെ ശിക്ഷ മാച്ച്‌ ഫീയുടെ അമ്പത്‌ ശതമാനമായി നിജപ്പെടുത്താന്‍ അപ്പീല്‍ കമ്മീഷണകര്‍ തയ്യാറായത്‌. അല്ലെങ്കില്‍ ഈ കുറ്റത്തിന്‌ മാച്ച്‌ ഫീ പൂര്‍ണ്ണമായി പിഴ ഈടാക്കുകയോ ഒരു ടെസ്റ്റില്‍ അല്ലെങ്കില്‍ രണ്ട്‌ ഏകദിനത്തില്‍ വിലക്കുകയോ ചെയ്യാവുന്നതാണെന്ന്‌ കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇത്‌ കേടേടപാടെ ചില വീരന്മാര്‍ ഹര്‍ഭജന്റെ കരിയറിലെ മുഴുവന്‍ വിവരങ്ങളുമായി പുറത്തു വന്നു. ഇതില്‍ മുമ്പില്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ തന്നെയാണ്‌. 2001ല്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തതിന്‌ മാച്ച്‌ ഫീയുടെ 75 ശതമാനം പിഴയും ഒരു ടെസ്റ്റില്‍ നല്ല നടപ്പ്‌ ശിക്ഷയും വിധിച്ചത്‌ ഉള്‍പ്പെടെയുള്ള മുന്‍കാല പെരുമാറ്റ ദൂഷ്യങ്ങള്‍ അപ്പീല്‍ കമ്മീഷന്‌ മുന്നില്‍ സമര്‍പ്പിക്കാന്‍ ഐ സി സിക്ക്‌ കഴിയാതെ പോയെന്നായി അവര്‍. അത്‌ ഐ സി സി സമ്മതിക്കുകയും ചെയ്‌തു. കഴിയാതെ പോയതാണോ മനഃപൂര്‍വ്വമാണോ എന്നത്‌ വോറെ കാര്യം. എന്തായാലും ഇതോടെ കൈ കൊടുത്തവര്‍ വീണ്ടും ഇടഞ്ഞു തുടങ്ങി. ത്രിരാഷ്‌ട്ര മത്സരത്തിലെത്തിയപ്പോഴേക്കും യുദ്ധം മുറുകി തുടങ്ങിയിരുന്നു.സിഡ്‌നി ഏകദിനത്തില്‍ ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ സൈമണ്ട്‌സിനെ പവനിയനിലേക്ക്‌ ചൂണ്ടി ഇഷാന്ത്‌ യാത്രയാക്കിയതാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ കാരണം. അതിന്‌ മാച്ച്‌ ഫീയുടെ പതിനഞ്ച്‌ ശതമാനം പിഴയടക്കാനും വിധിയുണ്ടായി. അതേസമയം, ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ മാച്ച്‌ റഫറി ജെഫ്‌ ക്രോയ്‌ക്ക്‌ ഇന്ത്യന്‍ ടീം പരാതി നല്‍കിയിട്ടുണ്ട്‌ (ന്യൂട്ടന്റെ സിദ്ധാന്തവുമായി ഇതിന്‌ ബന്ധമുണ്ടോയെന്ന്‌ സംശയിക്കുന്നു).
ഇന്ത്യ ഓസിസ്‌ മത്സരം ഇപ്പോള്‍ പൂര്‍ണ്ണമായും കളത്തിനു പുറത്തേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. ബ്രസ്‌ബേന്‍ റേഡിയോക്ക്‌ ഹെയ്‌ഡന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പരാമര്‍ശമാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുന്നത്‌. ഹര്‍ഭജന്‍ സിംഗ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കളയാണെന്നാണ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍ പറഞ്ഞുവെച്ചത്‌. സിഡ്‌നിയില്‍ നടന്ന മത്സരത്തിനിടെ ഹര്‍ഭജനെ തുടര്‍ച്ചയായി `മാഡ്‌ ബോയെന്ന്‌' വിളിച്ചാക്ഷേപിച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ പുതിയ പരാമര്‍ശവുമായി ഹെയ്‌ഡന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സമനില തെറ്റിയിരിക്കുകയാണെന്ന്‌ പറഞ്ഞ്‌ ഹര്‍ഭജന്‍ അതിനെതിരെ തിരിച്ചടിക്കാനും തുടങ്ങിയിരിക്കുന്നു. സമനില തെറ്റിയില്ലെങ്കില്‍ വെറ്ററന്‍ താരമായ ഹെയ്‌ഡന്‍ 19കാരനായ ഇഷാന്ത്‌ ശര്‍മ്മയെ ബോക്‌സിംഗ്‌ റിംഗില്‍ നേരിടാന്‍ തയ്യാറാവുമായിരുന്നില്ലെന്നാണ്‌ ഭാജിയുടെ അഭിപ്രായം. ഇതിനു മുമ്പ്‌ സൈമണ്ട്‌സുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വരുന്ന വേളയില്‍ പേസ്‌ ബൗളര്‍ ശ്രീ ശാന്ത്‌ നല്‍കിയ അഭിപ്രായ പ്രകടനങ്ങള്‍ ഇതിലും ഞെട്ടിക്കുന്നതായിരുന്നു. കളിക്കളത്തിലെ ചൂടന്‍ സ്വഭാവത്തിലൂടെ വിവാദ നായകനായി മാറിയ ശ്രീ ``ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കറിയാം'' എന്നു എടുത്തടിച്ചു. തുകൊണ്ട്‌ സംഭവിക്കാന്‍ പോകുന്നത്‌ കൂടിയാല്‍ ആറു പന്തും സിക്‌സറടിച്ചെന്നു വരും. അത്‌ ശ്രീശാന്തിനെ സംബന്ധിച്ചും ക്രിക്കറ്റിനെ സംബന്ധിച്ചുമുള്ള അഭിപ്രായം. അതിന്‌ പുറത്തേക്ക്‌ ചിന്തിക്കാന്‍ ശ്രീ തയ്യാറാവാത്തത്‌ പൂജ ഫലിക്കാത്തതു കൊണ്ടായിരിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനി വരാന്‍ പോകുന്നത്‌ ഇതിലും രസമുള്ള കാര്യങ്ങളാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിനുള്ള കളിക്കാരെ കോടികള്‍ മുടക്കി ലേലത്തിനെടുത്തിരിക്കുകയാണ്‌. വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ ഹര്‍ഭജന്‍ സിംഗിന്റെയും ഇഷാന്ത്‌ ശര്‍മ്മയുടെയും പന്ത്‌ സൈമണ്ട്‌സും ഹെയ്‌ഡനും ബൗണ്ടറി കടത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളും കൈയ്യടിച്ചേക്കാം. അവിടെ കളിക്കുന്നത്‌ ഇന്ത്യയും ഓസിസുമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൊഹാലിയും ഹൈദരാബാദും ചെന്നൈയും കൊല്‍ക്കത്തയും ഉള്‍പ്പെടുന്ന എട്ട്‌ ടീമുകളാണ്‌. ഒരുടീമില്‍ കളിക്കുമ്പോഴെങ്കിലും താരങ്ങള്‍ വിവാദങ്ങളെ പടിക്കു പുറത്ത്‌ വെക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
***വാല്‍കഷ്‌ണം- അണ്ടര്‍ 19 ലോക കപ്പ്‌ സെമി ഫൈനലിനിടെ ന്യൂസിലാന്റ്‌ ബാറ്റ്‌സ്‌മാന്‍ കോറി ജെ ആന്‍ഡേഴ്‌സണിന്റെ വിക്കറ്റെടുത്തതിനു ശേഷം പവലിയനിലേക്കു കയറിപോകാന്‍ ആംഗ്യം കാട്ടിയയ ഇന്ത്യന്‍ ബൗളര്‍ തന്മയ്‌ ശ്രീവാസ്‌തവയ്‌ക്ക്‌ താക്കീതു നല്‍കി.

2 comments:

***വാല്‍കഷ്‌ണം- അണ്ടര്‍ 19 ലോക കപ്പ്‌ സെമി ഫൈനലിനിടെ ന്യൂസിലാന്റ്‌ ബാറ്റ്‌സ്‌മാന്‍ കോറി ജെ ആന്‍ഡേഴ്‌സണിന്റെ വിക്കറ്റെടുത്തതിനു ശേഷം പവലിയനിലേക്കു കയറിപോകാന്‍ ആംഗ്യം കാട്ടിയയ ഇന്ത്യന്‍ ബൗളര്‍ തന്മയ്‌ ശ്രീവാസ്‌തവയ്‌ക്ക്‌ താക്കീതു നല്‍കി.
കമന്റ്‌ വല്ല്യേട്ടന്മാരുടെ പാത പിന്തുടരേണ്ടേ?

വല്ല്യേട്ടന്മാരുടെ പാത പിന്തുടരേണ്ടേ

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu