2008-03-06

ഗോള്‍വല കുലുക്കിയതിന്റെ ഓര്‍മ്മയില്‍

കഴിഞ്ഞ വര്‍ഷം കോഴിക്കോട്‌ വെസ്റ്റ്‌ഹില്‍ മൈതാനത്ത്‌ സ്വാതന്ത്ര്യ ദിന പരേഡ്‌ കാണാനെത്തിയ എ പ്രദീപ്‌ കുമാര്‍ എം എല്‍ എ പുവര്‍ ഹോമില്‍ കഴിയുന്ന ലോക ഫുട്‌ബോള്‍ താരം ജോര്‍ജ്‌ തോമസിനെ സന്ദര്‍ശിക്കുകയുണ്ടായി. അതിനു ശേഷം എം എല്‍ എ മുഖ്യ മന്ത്രിക്കയച്ച കത്ത്‌ പത്രകുറിപ്പായി ലഭിച്ചതാണ്‌ ജോര്‍ജിനെ പോയി കാണാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ജോര്‍ജിനെ കണ്ടു മടങ്ങുമ്പോള്‍ അവസാനമായി പറഞ്ഞത്‌ തന്നെ കുറിച്ച്‌ എഴുതി വന്ന പത്രം കാണിച്ചു കൊടുക്കണമെന്നായിരുന്നു. സമ്മതം പറഞ്ഞു കൊണ്ടാണ്‌ അവിടെ നിന്നിരങ്ങിയത്‌. ഒടുവില്‍ ചിലരുടെ മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയത്‌ ഇന്ന്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത്‌ കാണാന്‍ ജോര്‍ജ്‌ തോമസ്‌ ഇല്ലെന്ന കാര്യം ഓര്‍മ്മിച്ചുകൊണ്ട്‌. കാല്‍പ്പന്തിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ വിവാഹം പോലും മറന്നു പോയ ജോര്‍ജ്‌ ഓര്‍മ്മകളുടെ കളിക്കളത്തില്‍ ഇപ്പോള്‍ തനിച്ചാണ്‌. ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങിയെങ്കിലും ജോര്‍ജ്‌ തോമസിനു ചുറ്റും കളിക്കളത്തിന്റെ നിലയ്‌ക്കാത്ത ആരവവും ഗോള്‍ വല കുലുക്കിയതിന്റെ കാഴ്‌ചകളും ഇന്നും മായാതെ നില്‍ക്കുന്നു.കാല്‍പ്പന്ത്‌ കളിയില്‍ മാസ്‌മരികത സൃഷ്‌ടിച്ച്‌ ഒരു കാലഘട്ടത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ തിളങ്ങി നിന്ന ജോര്‍ജ്‌ തോമസ്‌ ഇപ്പോള്‍ വെസ്റ്റ്‌ഹില്ലിലെ പുവര്‍ ഹോമിലെ നാലു ചുമരുകള്‍ക്കിടയില്‍ ആരോടെല്ലാമുള്ള പരിഭവങ്ങള്‍ ഉള്ളിലൊതുക്കി പഴയകാല പ്രതാപവും പറഞ്ഞ്‌ സായൂജ്യമടയുന്നു.

1918 ഏപ്രില്‍ 13ന്‌ തിയോഡര്‍ തോമസിന്റെയും സലോമ ആഴുവങ്കയുടെയും മകനായി ജനനം. കോഴിക്കോട്‌ കോട്ടപ്പറമ്പ്‌ സ്വദേശിയാണ്‌ ജോര്‍ജ്‌. ബന്ധുവെന്ന്‌ പറയാന്‍ ആകെയുണ്ടായിരുന്നത്‌ ബി ഇ എം ഗേള്‍സ്‌ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്‌തിരുന്ന സഹോദരി കെര്‍ലിന്‍ തോമസ്‌ മാത്രം. സഹോദരിയുടെ മരണത്തോടു കൂടി തികച്ചും അനാഥന്‍.
കോയമ്പത്തൂരില്‍ ടെക്‌നീഷ്യനായിരിക്കെയാണ്‌ ജോര്‍ജ്‌ മിലിട്ടറിയില്‍ ചേരുന്നത്‌. രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ ആര്‍മിയില്‍ അംഗമായിരുന്ന ജോര്‍ജിന്‌ വിരമിക്കുന്നതു വരെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നിട്ടില്ല. കളി മാത്രമായിരുന്നു ജീവിതവും ലക്ഷ്യവും. ഈ ജീവിതത്തിനിടയ്‌ക്ക്‌ ഏറ്റവും സന്തോഷമുണ്ടാക്കിയതെന്താണെന്ന്‌ ചോദിച്ചാല്‍ ജോര്‍ജിന്‌ ഉത്തരം പറയാന്‍ തീരെ ആലോചിക്കോണ്ടതില്ല. 1946ല്‍ പഞ്ചാബിലെ സിയാല്‍ക്കോട്ടില്‍ നടന്ന ലോക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്വാട്ടര്‍ ഫൈനലില്‍ സ്‌പെയിനിനെതിരെ രണ്ടു ഗോളുകളും സെമി ഫൈനലില്‍ ഇറ്റലിക്കെതിരെ രണ്ടു ഗോളുകളും നേടി ഫൈനലില്‍ പ്രവേശിക്കുകയും അമേരിക്കയെ ഒരു ഗോളിന്‌ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കുകയും ചെയ്‌തതാണെന്ന്‌ പറയുമ്പോള്‍ വാര്‍ദ്ധക്യത്തിലും യുവത്വത്തിന്റെ പ്രസരിപ്പാണ്‌ ആ മുഖത്ത്‌.
ഇന്ത്യാ വിഭജനത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ കളിയെ പാടെ ഉപേക്ഷിക്കാന്‍ ജോര്‍ജ്‌ തയ്യാറായിരുന്നില്ല. മലബാര്‍ ഫുട്‌ബോള്‍ ലീഗിലും യൂണിവേഴ്‌സല്‍ ക്ലബിലുമായി വീണ്ടും തുടക്കം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായിരുന്ന അഹമ്മദാബാദിലെ കേരള സ്‌പോട്‌സ്‌ ക്ലബിലും അഹമ്മദാബാദ്‌ ന്യൂ ഷറാക്ക്‌ മില്‍സിനു വേണ്ടിയും ജോര്‍ജ്‌ ജഴ്‌സിയണിഞ്ഞു. ഗുജറാത്തിനെ പ്രതിനിധീകരിച്ച്‌ സന്തോഷ്‌ ട്രോഫി, റോവേഴ്‌സ്‌ കപ്പ്‌, ഡ്യൂറാന്റ്‌ കപ്പ്‌ ടൂര്‍ണമെന്റുകളിലും കളിച്ചു. 1952ല്‍ ഗുജറാത്ത്‌ കമ്പൈന്‍ഡ്‌ ടീമിനു വേണ്ടിയുള്ള മത്സരത്തില്‍ മികച്ച ഫോര്‍വേഡറായിരുന്നു ജോര്‍ജ്‌ തോമസ്‌. പിന്നീട്‌ യെങ്‌ മെന്‍സ്‌, മെഹബൂബ്‌, യങ്‌ ചലഞ്ചേഴ്‌സ്‌ എന്നീ ടീമുകള്‍ക്കു വേണ്ടിയും ജോര്‍ജ്‌ ജഴ്‌സിയണിഞ്ഞു. കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്ത്‌ കളിച്ചതിന്റെ ഓര്‍മ്മകള്‍ ജോര്‍ജിന്റെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്‌.
പന്തു കളിയോട്‌ വിട പറഞ്ഞുകൊണ്ടാണ്‌ ജോര്‍ജ്‌ സിനിമ ഓപ്പറേറ്ററുടെ മേലങ്കി എടുത്തണിഞ്ഞത്‌. ബേപ്പൂരിലെയും മാങ്കാവിലെയും പല തിയേറ്ററുകളിലും ഫിലീം ഓപ്പറേറ്ററായി ജീവിതത്തെ നേരിടാന്‍ ശ്രമിച്ചു. ബൂട്ടണിയാന്‍ സാധിക്കാത്ത കായിക താരത്തെ ആര്‍ക്കു വേണം എന്ന ജോര്‍ജിന്റെ ചോദ്യത്തിനു മുന്നില്‍ എനിക്ക്‌ ഉത്തരമുണ്ടായിരുന്നില്ല. വെസ്റ്റ്‌ഹില്ലിലെ പുവര്‍ ഹോമില്‍ എത്തുന്നതിനു മുമ്പ്‌ ചേവായൂരിലെ കരുണാഭവനിലെ അന്തേവാസിയായിരുന്നു ജോര്‍ജ്‌. കായിക പ്രേമികളും സംഘാടകരും മറന്നു പോയ ഈ കായികതാരത്തിന്‌ ഇനി ബൂട്ടണിയാന്‍ സാധിക്കില്ല. ഒരു കാലത്ത്‌ കളിക്കളത്തിന്റെ ആവേശമായിരുന്ന ഈ കായികതാരം മൂന്ന്‌ വര്‍ഷമായി അധികാരികളുടെ ദയ കാത്ത്‌ ഇവിടെ കഴിയുന്നു.

0 comments:

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu