2010-09-23

ഹരിത ലോകത്തെ ധവള പ്രകാശം


വൈദ്യുത വിളക്കുകള്‍ കണ്ടുപിടിച്ചതിനു പിന്നാലെ തന്നെ അതിന്റെ പരിണാമവും തുടങ്ങിയിട്ടുണ്ട്‌. ഫിലമെന്റുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സാധാരണ ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബുകളും അതിനു പിന്നാലെ വന്ന ട്യൂബ്‌ ലൈറ്റുകളും സമീപകാലത്താണ്‌ കോംപാക്‌ട്‌ ഫ്‌ളൂറസന്റ്‌ ലാമ്പുകള്‍ക്ക്‌ (CFL) വഴിമാറിയത്‌. ഇപ്പോഴിതാ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളിലെ സന്തതസഹചാരിയായ ഈ ഇത്തിരി കുഞ്ഞനും പ്രകാശത്തിന്റെ പുതിയ ലോകം തുറക്കുന്നു. ദിവസവും പലതവണ വിരലമര്‍ത്തുന്ന ടി വി റിമോട്ടുകളിലും ട്രാഫിക്‌ വിളക്കുകളിലും കളിപ്പാട്ടങ്ങളിലും മറ്റും നിറഞ്ഞുനിന്ന എല്‍ ഇ ഡിയെ (ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡ്‌) കുറിച്ചു തന്നെയാണ്‌ പറഞ്ഞുവന്നത്‌. ചുവപ്പ്‌, പച്ച, മഞ്ഞ, ഓറഞ്ച്‌ തുടങ്ങിയ വിവിധ വര്‍ണങ്ങളില്‍ നിന്ന്‌ മാറി വെളുത്ത പ്രകാശം പരത്താന്‍ തുടങ്ങിയതോടെയാണ്‌ എല്‍ ഇ ഡികള്‍ വന്‍തോതില്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്‌.


ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയുള്ളതാണ്‌ ഫ്‌ളൂറസെന്റ്‌ ലാമ്പുകള്‍. ചുരുങ്ങിയ വൈദ്യുതി ഉപയോഗവും നല്ല പ്രകാശവും ട്യൂബ്‌ ലൈറ്റുകള്‍ക്ക്‌ വന്‍ പ്രചാരമാണ്‌ നല്‍കിയത്‌. ചെറിയ രൂപമാറ്റത്തോടെ ഇതിനു പിന്നാലെ വന്ന സി എഫ്‌ എല്‍ വിളക്കുകളും ട്യൂബ്‌ ലൈറ്റുകളുടെ പുതുരൂപമാണെന്ന്‌ പറയാം. പ്രവര്‍ത്തനരീതിയാണ്‌ ഇവ രണ്ടിനെയും യോജിപ്പിച്ചു നിര്‍ത്തുന്നത്‌. കഴിഞ്ഞ രണ്ട്‌ ദശാബ്‌ദക്കാലമായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ സി എഫ്‌ എല്ലുകള്‍ ചുരുങ്ങിയ ചെലവില്‍ സ്വന്തമാക്കാവുന്ന തരത്തിലേക്ക്‌ മാറുകയും ചെയ്‌തു. 750 മണിക്കൂറുകള്‍ മുതല്‍ ആയിരം മണിക്കൂറുകള്‍ വരെ ഇന്‍കാന്‍ഡസന്റ്‌ ബള്‍ബുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സി എഫ്‌ എല്ലുകളുടെ ആയുസ്സ്‌ ആയിരം മുതല്‍ 15,000 മണിക്കൂറുകളാണ്‌. ആറ്‌ മുതല്‍ പത്ത്‌ ഇരട്ടിവരെ ഊര്‍ജം സംരക്ഷിക്കാന്‍ സാധിക്കുമെന്നതും കുറഞ്ഞ അളവില്‍ മാത്രം താപം പുറത്തുവിടുമെന്നതും സി എഫ്‌ എല്ലുകളെ വ്യത്യസ്‌തമാക്കി നിര്‍ത്തി.

എല്‍ ഇ ഡി വന്നവഴി
ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനായ എച്ച്‌ ജെ റൗണ്ട്‌ 1907-ല്‍ കണ്ടുപിടിച്ച ഇലക്‌ട്രോലൂമിനസന്‍സ്‌ എന്ന പ്രതിഭാസമാണ്‌ എല്‍ ഇ ഡി ലാമ്പുകള്‍ നിര്‍മിക്കുന്നതിനു പിന്നില്‍. ചില അര്‍ധചാലകങ്ങളില്‍ കൂടി വൈദ്യുതി കടത്തിവിടുമ്പോള്‍ അവയില്‍ നിന്ന്‌ പ്രകാശം പുറത്തുവരുന്ന പ്രതിഭാസമാണ്‌ ഇലക്‌ട്രോ ലൂമിനസന്‍സ്‌. ഇന്‍ഫ്രാറെഡ്‌ എല്‍ ഇ ഡിക്കുള്ള ആദ്യ പേറ്റന്റ്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞരായ റോബര്‍ട്ട്‌ ബിയാര്‍ഡും ഗാരി പിറ്റ്‌മാനും സ്വന്തമാക്കി. പ്രായോഗികതലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള എല്‍ ഇ ഡികള്‍ അടുത്ത വര്‍ഷം തന്നെ പുറത്തിറങ്ങി.
ചുവന്ന പ്രകാശം പ്രസരിപ്പിക്കുന്ന ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ നിക്‌ ഹോളോന്യക്‌ ആയിരുന്നു. എല്‍ ഇ ഡിയുടെ പിതാവെന്നാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌. 1972ല്‍ കൂടുതല്‍ പ്രകാശം പരത്തുന്ന ചുവപ്പ്‌ എല്‍ ഇ ഡിയും മഞ്ഞ എല്‍ ഇ ഡിയും പുറത്തിറങ്ങി.

പുതിയ പോരാളി
വെളുത്ത പ്രകാശം ചൊരിയുന്ന എല്‍ ഇ ഡികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടതോടെയാണ്‌ എല്‍ ഇ ഡി വിളക്കുകള്‍ വ്യാപകമായി തുടങ്ങിയത്‌. യഥാര്‍ഥത്തില്‍ നീല പ്രകാശം പരത്തുന്ന ഡയോഡുകളാണ്‌ ഇവ. പുറത്തുള്ള ഫോസ്‌ഫറസ്‌ ആവരണത്തില്‍ പതിച്ച്‌ പ്രകാശത്തിന്റെ അടിസ്ഥാന വര്‍ണങ്ങള്‍ (നീല, പച്ച, ചുവപ്പ്‌) പുറത്ത്‌ വരുന്നതോടെയാണ്‌ ധവള പ്രകാശം ലഭിക്കുന്നത്‌. സി എഫ്‌ എല്ലുകളെ ബഹുദൂരം പിന്നിലാക്കുന്നതാണ്‌ എല്‍ ഇ ഡി വിളക്കുകളുടെ പ്രത്യേകതകള്‍. ഒരു എല്‍ ഇ ഡി ബള്‍ബിന്റെ ശരാശരി ആയുസ്സ്‌ 50,000 മുതല്‍ ഒരു ലക്ഷം മണിക്കൂര്‍ വരെയാണ്‌. വളരെ ചെറിയ അളവിലുള്ള താപമെ അത്‌ പുറപ്പെടുവിക്കുന്നുള്ളൂ. സി എഫ്‌ എല്ലുകളെ അപേക്ഷിച്ച്‌ തീരെ ഭാരം കുറഞ്ഞ ഇവ സ്ഥാപിക്കാന്‍ ഏറെ സൗകര്യപ്രദമാണ്‌. സി എഫ്‌ എല്ലുകളില്‍ മെര്‍ക്കുറി ഉപയോഗിച്ചിരിക്കുന്നു എന്നത്‌ ഒരു പ്രധാന പോരായ്‌മയായി ശാസ്‌ത്രലോകം വിലയിരുത്തിയിട്ടുണ്ട്‌. പരിസ്ഥിതിക്ക്‌ ഏറെ ദോഷമേല്‍പ്പിക്കുന്ന മെര്‍ക്കുറിയുടെ സാന്നിധ്യം എല്‍ ഇ ഡികളില്‍ തീരെയില്ല. പരമ്പരാഗത വിളക്കുകളെ അപേക്ഷിച്ച്‌ 80 ശതമാനം വരെ കുറഞ്ഞ ഊര്‍ജ ഉപഭോഗം എല്‍ ഇ ഡിയിലൂടെ ഉറപ്പ്‌ വരുത്താം.

ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സി (BEE) യുടെ പദ്ധതി പ്രകാരം ഈ വര്‍ഷം ജൂലൈ ഏഴിന്‌ അസമിലെ ടിന്‍സുകിയ ജില്ലയിലെ മകുംപതാര്‍ നമ്പര്‍ 4 ഗ്രാമത്തിലെ വീടുകളിലും തെരുവുകളിലും എല്‍ ഇ ഡി പ്രകാശം ചൊരിഞ്ഞപ്പോള്‍ ഊര്‍ജസംരക്ഷണത്തിനായുള്ള പുതിയ വാതിലുകള്‍ രാജ്യത്ത്‌ തുറക്കപ്പെടുകയായിരുന്നു. സാധാരണ ബള്‍ബുകള്‍ക്കു പകരം സി എഫ്‌ എല്ലുകള്‍ വന്നതോടെ മാറ്റം അവിടെ അവസാനിച്ചുവെന്നു കരുതിയവര്‍ക്കു മുന്നിലാണ്‌ അത്ഭുത വെളിച്ചമായി എല്‍ ഇ ഡി വിളക്കുകള്‍ തെളിഞ്ഞത്‌. ഓരോ സംസ്ഥാനത്തെയും ഒരു ഗ്രാമത്തിലെ വീടുകളില്‍ എല്‍ ഇ ഡി ലാമ്പുകള്‍ സൗജന്യമായി നല്‍കുകയെന്ന പദ്ധതിക്കാണ്‌ ഇവിടെ തുടക്കം കുറിച്ചത്‌. വൈദ്യുതിയെത്തിയ വീടുകളില്‍ ആറ്‌ വാട്ടിന്റെ എല്‍ ഇ ഡി ബള്‍ബുകളാണ്‌ വിതരണം ചെയ്‌തത്‌. ഇതോടൊപ്പം തന്നെ നൂറ്‌ തെരുവ്‌ വിളക്കുകളും. കേരളത്തിലെ എല്‍ ഇ ഡി വിപ്ലവത്തിന്റെ ചെറിയ പതിപ്പ്‌ പാലക്കാട്ടും നടപ്പിലാക്കി. സംസ്ഥാനത്തെ ആദ്യത്തെ എല്‍ ഇ ഡി ഗ്രാമമായി പെരിങ്ങോട്ടുകുര്‍ശിയിലെ ആയക്കുര്‍ശി ഗ്രാമത്തെ വൈദ്യുതി മന്ത്രി എ കെ ബാലന്‍ ആഗസ്റ്റ്‌ 16ന്‌ പ്രഖാപിക്കുകയുണ്ടായി.

ചെന്നൈ നഗരവീഥികളിലെ സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റി എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പഠനം നടത്താന്‍ തീരുമാനിച്ചത്‌ അടുത്തിടെയാണ്‌. എഴുപത്‌ വാട്ട്‌ സോഡിയം വേപ്പര്‍ ലാമ്പിനു പകരം വിവിധ രൂപങ്ങളിലുള്ള നാല്‍പ്പത്‌ വാട്ട്‌ എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കാനാണ്‌ കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്‌. പ്രധാന നഗരങ്ങളിലും ചേരികളിലും മറ്റുമായി 1.32 ലക്ഷം തെരുവു വിളക്കുകളുണ്ടെന്നാണ്‌ കണക്ക്‌. ഇവക്കു പകരം എല്‍ ഇ ഡി ലാമ്പുകള്‍ സ്ഥാപിക്കുന്നതോടെ അമ്പത്‌ ശതമാനത്തിലധികം വൈദ്യുതി ലാഭിക്കുമെന്നാണ്‌ അധികൃതര്‍ കണക്കു കൂട്ടുന്നത്‌.

എല്‍ ഇ ഡിയുടെ ലോകം
സി എഫ്‌ എല്‍ വിളക്കുകളെ അപേക്ഷിച്ച്‌ വളരെയധികം വില കൂടുതലാണെന്നത്‌ എല്‍ ഇ ഡി വിളക്കുകള്‍ വാങ്ങുന്നതില്‍ നിന്ന്‌ സാധാരണക്കാരെ മാറ്റിനിര്‍ത്തിയേക്കാം. എങ്കിലും 2010 എല്‍ ഇ ഡിയുടെ വര്‍ഷമായിരിക്കുമെന്നാണ്‌ ഇലക്‌ട്രോണിക്‌സ്‌ നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്‌. ഇതിനകം വിവിധ രാജ്യങ്ങളില്‍ എല്‍ ഇ ഡി വിളക്കുകള്‍ പ്രകാശിച്ചു തുടങ്ങിയിട്ടുണ്ട്‌. ലണ്ടനിലെ ബക്കിംഗ്‌ഹാം കൊട്ടാരത്തില്‍ ഉള്‍പ്പെടെ ഈ ധവള പ്രകാശം പ്രഭ പരത്തി തുടങ്ങി. ഗ്രാമീണ മേഖലകളിലെ തെരുവ്‌ വിളക്കുകള്‍ ഉള്‍പ്പെടെയുള്ള വെളിച്ച സ്രോതസ്സായി എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന ബൃഹദ്‌ പദ്ധതികള്‍ ചൈനയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌. ദക്ഷിണാഫ്രിക്കയിലെ വിദൂരമായ ഉള്‍പ്രദേശങ്ങളില്‍ വന്‍തോതിലുള്ള വൈദ്യുതി പ്രസരണം അസാധ്യമായ മേഖലകളില്‍ ചെറുകിട വൈദ്യുത ഉത്‌പാദന ഉപകരണങ്ങളിലൂടെ നിര്‍മിച്ചെടുക്കുന്ന ചെറിയ അളവ്‌ വൈദ്യുതി ഉപയോഗപ്പെടുത്തി വ്യാപകമായി എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പ്രയോഗത്തില്‍ വന്നു തുടങ്ങിയിട്ടുണ്ട്‌.

ഹരിത പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്‌ മത്സരവേദികളില്‍ മിഴി തുറന്നതും എല്‍ ഇ ഡി വിളക്കുകളാണ്‌. സി എഫ്‌ എല്ലുകള്‍ക്കു പിന്നാലെ അടുത്തഘട്ടമെന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എല്‍ ഇ ഡികള്‍ സ്ഥാപിക്കുന്നതിന്‌ കേരള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി വരുന്നു.

ചെലവ്‌ കുറഞ്ഞ വൈദ്യുത ഉത്‌പാദനത്തിനായി ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചുവരുന്ന കേരളത്തില്‍, അത്തരം പുതിയ പദ്ധതികള്‍ സ്ഥാപിക്കുന്നതിന്‌ നേരിടുന്ന വന്‍ എതിര്‍പ്പ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഉത്‌പാദിപ്പിച്ച വൈദ്യുതി പ്രസരണ നഷ്‌ടം കൂടാതെ വിതരണം ചെയ്യാന്‍ കഴിയുകയെന്നതും ഏറ്റവും കുറച്ച്‌ വൈദ്യുതിമാത്രം ഉപയോഗിക്കുക എന്നതുമാണ്‌ ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കരണീയം. ഇവിടെയാണ്‌ എല്‍ ഇ ഡി വിളക്കുകളുടെ പ്രസക്തി. ഒരു സി എഫ്‌ എല്‍ വിളക്ക്‌ തരുന്നതിന്റെ അത്രയും വെളിച്ചം, അതിന്റെ നാലിലൊന്നില്‍ കുറവ്‌ മാത്രം വൈദ്യുതി ഉപയോഗപ്പെടുത്തി നല്‍കാന്‍ എല്‍ ഇ ഡികള്‍ക്ക്‌ കഴിയും. ഈ രംഗത്ത്‌ അനുദിനം നടന്നുവരുന്ന ഗവേഷണങ്ങള്‍ എല്‍ ഇ ഡികളുടെ ദക്ഷത ഇനിയും ഏറെ മെച്ചപ്പെടുത്തുകയും ചെയ്യും. അതെന്തായാലും ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലൂടെ നിര്‍മിക്കപ്പെടുന്ന പുതിയ തരം എല്‍ ഇ ഡി വിളക്കുകള്‍ തന്നെയായിരിക്കും നാളത്തെ നമ്മുടെ പ്രധാന വെളിച്ച സ്രോതസ്സ്‌.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu