2008-04-23

പുതുതായി നിങ്ങള്‍ക്കെന്താണ്‌ തരാനുള്ളത്‌ ?


ഇന്ത്യയിലിപ്പോള്‍ ചലച്ചിത്രമേളകള്‍ നിരവധിയാണ്‌. ഓരോ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രവും അതിന്റേതായ മേളയ്‌ക്ക്‌ രൂപം കൊടുത്തുകൊണ്ടിരിയ്‌ക്കുന്ന സമയമാണ്‌. ഇവിടെ, കേരളത്തിന്റെ വടക്കുഭാഗത്ത്‌ കോഴിക്കോട്‌ നഗരത്തിലും ഒരു ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നു. സംസ്ഥാന ചലച്ചിത്ര മേളകള്‍ കാണാന്‍ കേരളത്തിന്റെ വടക്കു ഭാഗത്തു നിന്നും കൂടുതല്‍ ആളുകള്‍ വരുന്നു എന്നതാണ്‌ ഇവിടെയൊരു ചലച്ചിത്ര മേള സംഘടിപ്പിക്കുവാന്‍ സംഘാടകരെ പ്രേരിപ്പിച്ചതത്രെ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോഴിക്കോട്‌ കോര്‍പ്പറേഷനും സംയുക്തമായി പതിമൂന്നാമത്‌ യൂറോപ്പയന്‍ യൂനിയന്‍ ഫിലീം ഫെസ്റ്റിവല്‍ ഈ മാസം (ഏപ്രില്‍ 17-21) വിപുലമായ രീതിയില്‍ തന്നെ സംഘടിപ്പിച്ചിരിക്കുന്നു.
സ്ലൊവാനിയ, ഫിന്‍ലാന്‍ഡ്‌, ആസ്‌ട്രിയ, നെതര്‍ലാന്‍ഡ്‌, ജര്‍മ്മനി, പോളണ്ട്‌, അയര്‍ലാന്‍ഡ്‌, ലക്‌സംബര്‍ഗ്‌, ഡെന്മാര്‍ക്ക്‌, ഫ്രാന്‍സ്‌, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ട്‌ സിനിമകളാണ്‌ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. അതോടൊപ്പം തന്നെ പറഞ്ഞുപഴകിയ വിഷയങ്ങള്‍ കൊണ്ടുള്ള ചര്‍ച്ചകളും.
`അവാര്‍ഡാണോ മികച്ച സിനിമയുടെ മാനദണ്‌ഡം', `സിനിമയും സാഹിത്യവും', `സ്‌ത്രീകളും സിനിമയും' തുടങ്ങിയ ക്ലീഷേകളായ കൂറേ വിഷയങ്ങള്‍ കൊണ്ട്‌ ചിലരുടെ പ്രകടനങ്ങളും. ഓപ്പണ്‍ ഫോറത്തില്‍ അവാര്‍ഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത്‌ സംസാരിച്ചത്‌ സിവിക്‌ ചന്ദ്രനാണ്‌. എല്ലാ വര്‍ഷവും അവാര്‍ഡ്‌ പ്രഖ്യാപനത്തിനു ശേഷമുള്ള കുറച്ചു ദിവസങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ള ചര്‍ച്ചകളും അതില്‍ സ്ഥിരമായി കേള്‍ക്കാറുള്ള അഭിപ്രായങ്ങളും മാത്രമാണ്‌ ആ ചര്‍ച്ചിയിലും ഉണ്ടായിട്ടുള്ളത്‌. മിക്ക പത്രങ്ങളും ` ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച' എന്ന രീതിയിലുള്ള തലക്കെട്ടോടുകൂടി വാര്‍ത്തയും നല്‍കി അതിനെ പ്രോത്സാഹിപ്പിച്ചു.
ഇത്രയും കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ഞാന്‍ പറയാനുദ്ദേശിച്ചത്‌ മേളയുടെ കാഴ്‌ചക്കാരെ കുറിച്ചാണ്‌. ഇപ്പോള്‍ നടക്കുന്ന ഏതൊരു ചലച്ചിത്ര മേളകളിലെയും ഡെലിഗേറ്റ്‌സുകളില്‍ കൂടുതലും ചെറുപ്പക്കാരാണ്‌. അതില്‍ തന്നെ കൂടുതലും വിദ്യാര്‍ഥികള്‍.സിനിമ കാണുന്നതിനേക്കാളുപരിയായി അതു പഠിക്കാനുള്ള വഴി കൂടി അവര്‍ ഇതുവഴി അന്വേഷിക്കുന്നു. അതിന്റെ ആദ്യ പടിയായാണ്‌ ഇരുട്ടില്‍ അവര്‍ നിശബ്‌ദമായി ഇരിക്കുന്നത്‌.കേരളമാകെ വിഷ്വല്‍ മീഡിയ, മാസ്‌ കമ്മ്യൂണിക്കേഷന്‍ പഠനം വ്യാപകമായിരിക്കുന്ന സമയമാണിത്‌. സ്‌കൂളുകളിലും കോളേജുകളിലും ധാരാളം കോഴ്‌സുകള്‍. ഒരു മിനുട്ടിലും അഞ്ച്‌ മിനുട്ടിലും പത്ത്‌ മിനുട്ടിലുമായി അനേകം ചെറു ചിത്രങ്ങള്‍ വിദ്യാര്‍ഥികളുടേതായി പുറത്തു വരുന്നുകൊണ്ടിരിക്കുന്നു. വലിയ ബാനറില്ലാതെ വലിയ സാമ്പത്തികമോ അഭിനേതാക്കളോ ഇല്ലാത്ത ഇത്തരം സിനിമകള്‍ ഒരു തരംഗമായി മാറികൊണ്ടിരിക്കുകയാണ്‌. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ പോലും സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഒപ്പം സിനിമ എന്താണെന്ന്‌ മനസ്സിലാക്കാനും ശ്രമിക്കുന്ന ഒരു കാലഘട്ടമാണിത്‌. ക്യാമ്പസുകള്‍ക്ക്‌ രാഷ്‌ട്രീയത്തേക്കാള്‍ ഇന്ന്‌ പ്രണയം സിനിമകളോടാണ്‌.
കാഴ്‌ചയില്‍ തങ്ങളെ പിടിച്ചുലയ്‌ക്കാന്‍ കഴിയുന്ന, തങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എന്താണ്‌ നിങ്ങളുടെ കൈകളിലുള്ളതെന്ന അവരുടെ ചോദ്യത്തിന്‌ മുന്നില്‍ സംഘാടകര്‍ നിശബ്‌ദരായിപോകുന്ന അവസ്ഥയാണ്‌ ഇന്ന്‌ മേളകളില്‍ കാണുന്നത്‌. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാമത്‌ യൂറോപ്പ്യന്‍ യൂനിയന്‍ ഫിലീം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണം സംഘാടകര്‍ മറന്നിട്ടുണ്ടാകില്ലെന്ന്‌ കരുതുന്നു.
സംഘാടകര്‍ നേരിടുന്ന പുതിയ വെല്ലുവിളിയായി ഈ സ്ഥിതി വിശേഷം മാറികൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷത്തെ മേളയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇത്തവണ മേള കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ യഥാര്‍ഥ്യമാണ്‌. പക്ഷെ, പ്രേക്ഷകരെ മുഴുവനായും തൃപ്‌തിപ്പെടുത്താന്‍ ഇത്തവണയും സംഘാടകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല്‌ എന്നതൊരു നഗ്നസത്യമാണ്‌.

Read More......

2008-04-12

`സിമി'ക്കു വേണ്ടി വിലപിക്കുന്നവര്‍

കഴിഞ്ഞ മാസം അവസാനം മധ്യപ്രദേശ്‌ പോലീസ്‌ അറസ്റ്റു ചെയ്‌ത നിരോധിത സംഘടനയായ സ്റ്റുഡന്റ്‌ ഇസ്ലാമിക്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി) യുടെ പ്രവരത്തകര്‍ക്കുവേണ്ടി ഇവിടെ കേരളത്തില്‍ ഒരു പത്രം വിലപിക്കുകയാണ്‌. സിമിയുടെ ഭാഗം പറയാന്‍ ശ്രമിക്കുന്നത്‌ ആറു രാഷ്‌ട്രങ്ങളില്‍ പ്രസിദ്ധീകരണം നടത്തുന്നു എന്നവകാശപ്പെടുന്ന `മാധ്യമം' ദിനപത്രമാണ്‌. മലയാളിയടക്കമുള്ള സിമിയുടെ 13 ഉന്നത നേതാക്കളെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. സിമിയുടെ മുന്‍മേധാവി സഫ്‌ദര്‍ നഗോരി, സഹോദരനും ആദ്ധ്രപ്രദേശില്‍ സംഘടനയുടെ ചുമതലക്കാരനുമായ കമറുദ്ദീന്‍ നഗോരി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ പ്രമുഖരാണ്‌.
സിമി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത വാര്‍ത്തയറിഞ്ഞ്‌ മാധ്യമം പത്രാധിപര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായതിനെ തുടര്‍ന്നാണ്‌ `നിലക്കാത്ത സിമി വേട്ട' എന്ന പേരില്‍ മുഖപ്രസംഗം തന്നെ എഴുതി പിടിപ്പിച്ചിരിക്കുന്നത്‌. രാജ്യത്തിന്റെ ഭരണഗടനയിലോ മതേതരത്വത്തിലോ വിശ്വാസമില്ലാത്ത സംഛടനയാണ്‌ സിമി.
സംഘടനയുടെ അഭിപ്രായ പ്രകാരം അല്‍-ഖ്വയ്‌ദ നേതാവ്‌ ഒസാമ ബിന്‍ ലാദനാണ്‌ മികച്ച നേതാവ്‌.ഇത്തരത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തകരെ പിടികൂടുകയാണെങ്കില്‍ അവര്‍ക്കു മേല്‍ ചുമത്തുന്ന കുറ്റങ്ങള്‍ തന്നെയാണ്‌ ഇത്തവണയും ചുമത്തിയിട്ടുള്ളത്‌. അതിനു പകരം അവര്‍ക്കു മേല്‍ മോഷണം, പിടിച്ചു പറി തുടങ്ങിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണോ മാദ്യമം പത്രാധിപര്‍ പറയുന്നതെന്ന്‌ തോന്നുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത മുസ്ലീം യുവാക്കളെ പിന്നീട്‌ നിഡൂഢ കേന്ദ്രങ്ങളില്‍ നിന്ന്‌ പിടികൂടിയതായി വാര്‍ത്ത സഡഷ്‌ടിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ സി പി ഐ ചൂണ്ടിക്കാട്ടുന്നു എന്ന്‌ മുഖപ്രസംഗം പറയുന്നു. സാധാരണ എഡിറ്റോറിയലില്‍ പത്രത്തിന്റെ അഭിപ്രായം തുറന്നു പറയാറാണ്‌ പതിവ്‌. എന്നാല്‍ ഇവിടെ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന നിലയിലാണ്‌ മുഖപ്രസംഗം എഴുതിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ മാധ്യമം പറയേണ്ടകാര്യം സി പി ഐയെ മുന്‍ നിര്‍ത്തി ഇവിടെ പറഞ്ഞത്‌. മഹാഭാരതത്തില്‍ അര്‍ജുനന്‍ ശിഖണ്‌ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്‌തതു പോലെ.
`ഇസ്ലാമും കമ്മ്യൂണിസവും' ചേര്‍ത്തു കെട്ടി സാംസ്‌കാരിക മുന്നണിയുണ്ടാക്കാന്‍ ഇന്ന്‌ ഇടതുപക്ഷ കലാസാഹിത്യകാരന്മാര്‍ ഇന്ന്‌ ആനയിച്ചെഴുന്നള്ളിക്കുന്നത്‌ ജമാ അത്തെ ഇസ്ലാംമിക്കാരായ മുസ്ലീം തെഗാഡിയമാരെയാണ്‌.ബാംഗ്ലൂരിലെ ഐ ടി മേഖലയില്‍ വിദഗ്‌ധരായ മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതായാണ്‌ സൂചന എന്നും പത്രം പറഞ്ഞിരിക്കുന്നു. ഇതിനെകുറിച്ച്‌ ഒ അബ്‌ദുല്ല ഒരിക്കല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയിട്ടുമുണ്ട്‌. ( ഒ അബ്‌ദുല്ലയെ അറിയില്ലേ വിവാദങ്ങള്‍ മാത്രം എഴുതിപിടിപ്പിക്കുന്ന ഒരാള്‍.). സിമിയുടെ സാദാ പ്രവര്‍ത്തപര്‍ പോലും സാങ്കേതിക വിദ്യയിലും മറ്റും അതിവിദഗ്‌ധരായിട്ടുള്ളവരാണ്‌. സ്ഥാപക പ്രസിഡന്റ്‌ മുഹമ്മദ്‌ അഹമ്മദുല്ല സിദ്ദിഖി വെസ്റ്റേണ്‍ ഇല്ല്യനോയ്‌ഡ്‌ യൂനിവേഴ്‌സിറ്റിയിലെ ജേണലിസം ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിലെ പ്രൊഫസറായിരുന്നു. ഇക്കാരണങ്ങളാണ്‌ മുസ്ലീം യുവാക്കള്‍ രംഗം വിടുന്നതെന്നാണ്‌ അബ്‌ദുല്ല പറഞ്ഞു വെക്കുന്നത്‌ (മോഷ്‌ടിക്കാത്തവന്‍ ഭയക്കേണ്ട കാര്യമുണ്ടോ).
ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പത്രമാണ്‌ മാധ്യമം. ഈ സംഘടനയെ കുറിച്ച്‌ രമ്‌ടു വാക്ക്‌. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ആര്‍ എസ്‌ എസിനൊപ്പം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി, നേതാക്കളുടെ ജയില്‍ മോചനത്തിനായി ഉണ്ടാക്കിയ ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണാദ്യമായി ഇന്ത്യയെന്നൊരു സ്വതന്ത്ര റിപ്പബ്ലിക്കിനെയും ഭരണ ഘടനയെയും അംഗീകരിക്കാനും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസമുണ്ടെന്ന്‌ വാചാ സമ്മതിക്കാനും തയ്യാറായത്‌. അക്കാലം വരെ അവര്‍ക്ക്‌ ഇസ്ലാമികം എന്നതില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമായിരുന്നില്ല. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതു പോലും `ഹരാമമായി പ്രഖ്യാപിച്ച്‌ നിരവധി ചെറുപ്പക്കാര്‍ക്ക്‌ തൊഴിലു നിഷേധിച്ച അതേ ആളുകളാണ്‌ സമുദായത്തിന്‌ സര്‍ക്കാര്‍ വിഹിതം കിട്ടിയില്ല എന്നു മുറവിളി കൂട്ടുന്നത്‌.
ഇതിനു മുമ്പും ഇതു പോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ ഭാഷയില്‍ വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തുന്ന മുഖപ്രസംഗങ്ങള്‍ മാധ്യമത്തില്‍ അച്ചടിച്ചു വന്നിട്ടുണ്ട്‌. സംഘപരിവാറിന്റെ `അമ്മിഞ്ഞക്കൂറ്‌' എം എഫ്‌ ഹുസൈന്‍ എന്ന ചിത്രകാരന്റെ വസതിക്കു നേരെ തിരിഞ്ഞ സന്ദര്‍ഭത്തിലാണ്‌ കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച്‌ മാധ്യമം പത്രാധിപര്‍ക്ക്‌ ബോധോദയമുണ്ടായത്‌. അന്നീ പത്രം എഴുതിയ മുഖപ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ്‌ താഴെ എഴുതിയിരിക്കുന്നത്‌.
`` ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിര പരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണ പ്രകടനത്തിന്‌ മറ്റു വിശദീകരണങ്ങളില്ല''........`` ഇക്കാലത്ത്‌ കവല ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്‌ത്രീകള്‍ വിവസ്‌ത്രകളായി കുളിക്കുന്നത്‌ ഒളിഞ്ഞു നോക്കാന്‍ മരത്തില്‍ കയറി ഇരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്‌ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണ്‌ കാണേണ്ടത്‌..........കല്ല്‌ കരട്‌ കാഞ്ഞിരകുറ്റികളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരന്റെ ആരാധനാ മൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനുമെല്ലാം പെടും....'' (മാധ്യമം മുഖപ്രസംഗം 1998 മേയ്‌ 4). ഇതെഴുതി പിടിപ്പിച്ചവരുടെ വിവരക്കേട്‌ തിരിച്ചറിഞ്ഞതാണ്‌ ഒരു സമുദായം നേടിയ കഴിവ്‌. നിരോധിത സംഘടന.യുടെ പേരില്‍ നടത്തുന്ന നടപടികലെകുറിച്ച്‌ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന മാധ്യമം ഒന്ന്‌ പിരകോട്ട്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.

Read More......

2008-04-03

കസ്‌തൂരി മഞ്ഞളിന്റെ കാന്തിയില്‍ വഞ്ചിതരാകുന്ന പെണ്‍കുട്ടികള്‍




മുഖകാന്തി വര്‍ധിപ്പിക്കണമെന്ന്‌ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. എന്നാല്‍ അതിനു വേണ്ടി ബ്യൂട്ടി പാര്‍ലറില്‍ പോകുന്ന ശീലം നല്ലതല്ലെന്ന തോന്നലുള്ളവര്‍ `ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ' എന്ന പരസ്യ വാചകം അന്വര്‍ത്ഥമാക്കാന്‍ ശ്രമിക്കും. അതിനുള്ള വഴികള്‍ അന്വേഷിച്ച്‌ അവര്‍ അധികം ബുദ്ധിമുട്ടേണ്ടി വരികയില്ല. പുരാതന കാലത്തെ താളിയോല ഗ്രന്ഥങ്ങളില്‍ കസ്‌തൂരി മഞ്ഞളും രാമച്ചവും അടങ്ങിയ സോപ്പ്‌ ഉപയോഗിച്ചാല്‍ മതിയെന്ന്‌ എഴുതിവച്ചിട്ടുണ്ട്‌ . ഇതില്‍ പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന്‌ ചിന്തിക്കുന്നവര്‍ നേരെ തെരുവിലേക്കിറങ്ങുകയായി. അവിടെ നിരത്തിവെച്ചിരിക്കുകയാണ്‌ താളിയോല ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന അതേ സാധനങ്ങള്‍. എന്നാല്‍ അവിടെയും നിങ്ങളെ കാത്തിരിക്കുന്നത്‌ ചതിക്കുഴികളാണ്‌.
കസ്‌തൂരി മഞ്ഞളിനെ തിരിച്ചറിയാനുള്ള സാമാന്യ ജനങ്ങളുടെ കഴിവുകേടിനെ തെരുവു കച്ചവടക്കാര്‍ മുതലെടുക്കുന്നത്‌ നഗരങ്ങളിലെ സ്ഥിരം കാഴ്‌ചയാണ്‌. പല ചര്‍മ്മരോഗങ്ങള്‍ക്കും മുഖകാന്തി വര്‍ധിപ്പിക്കുന്നതിനുമായുള്ള ഒറ്റമൂലി എന്ന നിലക്കാണ്‌ പലരും കസ്‌തൂരി മഞ്ഞള്‍ തേടി എത്തുന്നത്‌. ഇക്കാര്യം അറിയാവുന്ന കച്ചവടക്കാര്‍ വ്യാജ കസ്‌തൂരി മഞ്ഞളിന്റെ വില്‍പ്പനയിലൂടെ കച്ചവടം പൊടിപൊടിപ്പിക്കുകയാണ്‌. ഇത്തരക്കാര്‍ വില്‍പ്പനക്ക്‌ വെച്ചിരിക്കുന്ന ഇളം മഞ്ഞ നിറത്തിലുള്ള ഇതിന്റെ ~ഒരു കഷ്‌ണത്തിന്‌ പത്തും പതിനഞ്ചും രൂപ വരെ വിലയിടാറുമുണ്ട്‌. കുറേ മഞ്ഞള്‍ എപ്പോഴും തങ്ങളുടെ സമീപത്ത്‌ അരിഞ്ഞുകൂട്ടി ഉഭഭോക്താക്കളെ ആകര്‍ഷിക്കാനും തെരുവുകച്ചവടക്കാര്‍ ശ്രമിക്കുന്നു. പാവം പെണ്‍കുട്ടികളും വീട്ടമ്മമാരുമാണ്‌ ഇവരുടെ വാക്‌ധോരണിക്കു മുന്നില്‍ മുട്ടുമടക്കുന്നത്‌.
മഞ്ഞള്‍ എന്നാല്‍ മഞ്ഞനിറത്തിലുള്ള വിളയാണെന്നാണ്‌ മലയാളികളുടെ സങ്കല്‍പ്പം. സങ്കല്‍പ്പവും സത്യവും എപ്പോഴും ഒത്തുപോകാറില്ല എന്നത്‌ മഞ്ഞളിന്റെ കാര്യത്തില്‍ മഞ്ഞളിക്കാത്ത സത്യം മാത്രമാണ്‌.
മഞ്ഞള്‍ മഞ്ഞനിറത്തിന്‌ പര്യായമായിപോലും ഉപയോഗിക്കുന്നുണ്ടെങ്കിലും പേരിനോടൊപ്പം മഞ്ഞള്‍ ചേര്‍ന്നതെല്ലാം മഞ്ഞയായികൊള്ളണമെന്നില്ല. മഞ്ഞളിന്‌ മഞ്ഞ നിറം കൊടുക്കുന്ന ഘടകമാണ്‌ കുര്‍ക്കുമിന്‍. ഇന്ത്യയില്‍ നാല്‍പ്പതോളം കുര്‍ക്കുമ സ്‌പീഷീസ്‌ ഉണ്ട്‌. കുര്‍ക്കുമ എന്ന പദത്തോട്‌ സ്‌പീഷീസ്‌ പേരു പ്രത്യയമായി ചേര്‍ത്താണ്‌ എല്ലാ കുര്‍ക്കുമ വിഭാഗങ്ങളും ശാസ്‌ത്രീയമായി നാമകരണം ചെയ്‌തിട്ടുള്ളത്‌. കുര്‍ക്കുമ ലോംഗ (കറി മഞ്ഞള്‍), കുര്‍ക്കുമ അരോമാറ്റിക്ക (കസ്‌തൂരി മഞ്ഞള്‍), കുര്‍ക്കുമ അംഗ്വിസ്റ്റി ഫോളിയ (വെള്ളക്കൂവ), കുര്‍ക്കുമ സിഡേരിയ (മഞ്ഞക്കൂവ) എന്നിവ ഉദാഹരണങ്ങള്‍ മാത്രം.
കറി മഞ്ഞളില്‍ കുര്‍ക്കിമിന്റെ അളവ്‌ രണ്ടു മുതല്‍ എട്ടു ശതമാനം വരെയാണ്‌. മറ്റു വിഭാഗങ്ങളില്‍ കുര്‍ക്കുമിന്റെ അളവ്‌ ഇതിലും കുറവാണ്‌. അതുകൊണ്ട്‌ തന്നെ മിക്ക കുര്‍ക്കുമ കുടുംബക്കാര്‍ക്കും മഞ്ഞ നിറവുമില്ല.
യഥാര്‍ത്ഥ കസ്‌തൂരി മഞ്ഞളിന്‌ മഞ്ഞനിറം തീരെ കുറവാണ്‌. വെണ്ണ (cream) യുടെ നിറമായിരിക്കും ഇവക്ക്‌ കൂടുതലും. കുര്‍ക്കുമിന്റെ അളവ്‌ കുറവായിരിക്കും എന്നതു തന്നെയാണ്‌ ഇവയുടെ നിറവ്യത്യാസത്തിന്‌ കാരണം. കസ്‌തൂരി മഞ്ഞളിന്റെ പ്രധാന ഗുണം അതിന്റെ മണമാണ്‌. ശുദ്ധ കസ്‌തൂരി മഞ്ഞളിന്‌ കര്‍പ്പൂരത്തിന്റെ മണം ഉണ്ടായിരിക്കും. അതു പോലെ തന്നെ നാക്കില്‍വെച്ചാല്‍ കര്‍പ്പൂരം നാക്കില്‍ വെച്ചതിന്റെ അനുഭവമായിരിക്കും.
തെരുവു കച്ചവടക്കാര്‍ക്കും ഒറ്റമൂലി വൈദ്യന്മാര്‍ക്കും പുറമെ പല അങ്ങാടികടകളിലും സാധാരണ കറി മഞ്ഞള്‍ കസ്‌തൂരി മഞ്ഞളായി വിറ്റഴിച്ച്‌ ചിലരെങ്കിലും ലാഭം കൊയ്യാറുണ്ട്‌. കടകളില്‍ നിന്ന്‌ ലഭിക്കുന്ന ഉണങ്ങിയ മഞ്ഞള്‍ കസ്‌തൂരി മഞ്ഞളാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇത്‌ തേച്ചു പിടിപ്പിക്കാറുമുണ്ട്‌. എന്തിനേറെ പറയുന്നു സംസ്ഥാന സര്‍ക്കാറിന്റെ വനോല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി വിറ്റഴിക്കുന്ന കസ്‌തൂരി മഞ്ഞളും മഞ്ഞക്കൂവ തന്നെ.
വ്യാപകമായ രീതിയിലുള്ള കസ്‌തൂരി മഞ്ഞള്‍കൃഷി ഇന്ന്‌ സംസ്ഥാനത്ത്‌ കുറവാണ്‌. എന്നാല്‍ നമ്മുടെ വനങ്ങളില്‍ ഇന്നും കസ്‌തൂരി മഞ്ഞള്‍ ലഭ്യമാണ്‌. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മഞ്ഞക്കൂവയോ സാധാരണ മഞ്ഞളോ ദേഹത്ത്‌ തേയ്‌ക്കുന്നതുകൊണ്ട്‌ യാതൊരു ദോഷവും വരാനില്ല. കസ്‌തൂരി മഞ്ഞള്‍ തേയ്‌ക്കുന്ന ഗുണം കിട്ടില്ല എന്നു മാത്രം. യാഥാര്‍ത്ഥ്യമിതായിരിക്കേ അടുത്ത തവണ തെരുവില്‍ നിന്നു കസ്‌തൂരി മഞ്ഞള്‍ വാങ്ങുമ്പോള്‍ ഇതിലെത്ര കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ടെന്നൊന്നും വില്‍പ്പനക്കാരനോടു ചോദിച്ചു കളയരുത്‌.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu