2008-04-03

കസ്‌തൂരി മഞ്ഞളിന്റെ കാന്തിയില്‍ വഞ്ചിതരാകുന്ന പെണ്‍കുട്ടികള്‍




മുഖകാന്തി വര്‍ധിപ്പിക്കണമെന്ന്‌ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. എന്നാല്‍ അതിനു വേണ്ടി ബ്യൂട്ടി പാര്‍ലറില്‍ പോകുന്ന ശീലം നല്ലതല്ലെന്ന തോന്നലുള്ളവര്‍ `ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ' എന്ന പരസ്യ വാചകം അന്വര്‍ത്ഥമാക്കാന്‍ ശ്രമിക്കും. അതിനുള്ള വഴികള്‍ അന്വേഷിച്ച്‌ അവര്‍ അധികം ബുദ്ധിമുട്ടേണ്ടി വരികയില്ല. പുരാതന കാലത്തെ താളിയോല ഗ്രന്ഥങ്ങളില്‍ കസ്‌തൂരി മഞ്ഞളും രാമച്ചവും അടങ്ങിയ സോപ്പ്‌ ഉപയോഗിച്ചാല്‍ മതിയെന്ന്‌ എഴുതിവച്ചിട്ടുണ്ട്‌ . ഇതില്‍ പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന്‌ ചിന്തിക്കുന്നവര്‍ നേരെ തെരുവിലേക്കിറങ്ങുകയായി. അവിടെ നിരത്തിവെച്ചിരിക്കുകയാണ്‌ താളിയോല ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന അതേ സാധനങ്ങള്‍. എന്നാല്‍ അവിടെയും നിങ്ങളെ കാത്തിരിക്കുന്നത്‌ ചതിക്കുഴികളാണ്‌.
കസ്‌തൂരി മഞ്ഞളിനെ തിരിച്ചറിയാനുള്ള സാമാന്യ ജനങ്ങളുടെ കഴിവുകേടിനെ തെരുവു കച്ചവടക്കാര്‍ മുതലെടുക്കുന്നത്‌ നഗരങ്ങളിലെ സ്ഥിരം കാഴ്‌ചയാണ്‌. പല ചര്‍മ്മരോഗങ്ങള്‍ക്കും മുഖകാന്തി വര്‍ധിപ്പിക്കുന്നതിനുമായുള്ള ഒറ്റമൂലി എന്ന നിലക്കാണ്‌ പലരും കസ്‌തൂരി മഞ്ഞള്‍ തേടി എത്തുന്നത്‌. ഇക്കാര്യം അറിയാവുന്ന കച്ചവടക്കാര്‍ വ്യാജ കസ്‌തൂരി മഞ്ഞളിന്റെ വില്‍പ്പനയിലൂടെ കച്ചവടം പൊടിപൊടിപ്പിക്കുകയാണ്‌. ഇത്തരക്കാര്‍ വില്‍പ്പനക്ക്‌ വെച്ചിരിക്കുന്ന ഇളം മഞ്ഞ നിറത്തിലുള്ള ഇതിന്റെ ~ഒരു കഷ്‌ണത്തിന്‌ പത്തും പതിനഞ്ചും രൂപ വരെ വിലയിടാറുമുണ്ട്‌. കുറേ മഞ്ഞള്‍ എപ്പോഴും തങ്ങളുടെ സമീപത്ത്‌ അരിഞ്ഞുകൂട്ടി ഉഭഭോക്താക്കളെ ആകര്‍ഷിക്കാനും തെരുവുകച്ചവടക്കാര്‍ ശ്രമിക്കുന്നു. പാവം പെണ്‍കുട്ടികളും വീട്ടമ്മമാരുമാണ്‌ ഇവരുടെ വാക്‌ധോരണിക്കു മുന്നില്‍ മുട്ടുമടക്കുന്നത്‌.
മഞ്ഞള്‍ എന്നാല്‍ മഞ്ഞനിറത്തിലുള്ള വിളയാണെന്നാണ്‌ മലയാളികളുടെ സങ്കല്‍പ്പം. സങ്കല്‍പ്പവും സത്യവും എപ്പോഴും ഒത്തുപോകാറില്ല എന്നത്‌ മഞ്ഞളിന്റെ കാര്യത്തില്‍ മഞ്ഞളിക്കാത്ത സത്യം മാത്രമാണ്‌.
മഞ്ഞള്‍ മഞ്ഞനിറത്തിന്‌ പര്യായമായിപോലും ഉപയോഗിക്കുന്നുണ്ടെങ്കിലും പേരിനോടൊപ്പം മഞ്ഞള്‍ ചേര്‍ന്നതെല്ലാം മഞ്ഞയായികൊള്ളണമെന്നില്ല. മഞ്ഞളിന്‌ മഞ്ഞ നിറം കൊടുക്കുന്ന ഘടകമാണ്‌ കുര്‍ക്കുമിന്‍. ഇന്ത്യയില്‍ നാല്‍പ്പതോളം കുര്‍ക്കുമ സ്‌പീഷീസ്‌ ഉണ്ട്‌. കുര്‍ക്കുമ എന്ന പദത്തോട്‌ സ്‌പീഷീസ്‌ പേരു പ്രത്യയമായി ചേര്‍ത്താണ്‌ എല്ലാ കുര്‍ക്കുമ വിഭാഗങ്ങളും ശാസ്‌ത്രീയമായി നാമകരണം ചെയ്‌തിട്ടുള്ളത്‌. കുര്‍ക്കുമ ലോംഗ (കറി മഞ്ഞള്‍), കുര്‍ക്കുമ അരോമാറ്റിക്ക (കസ്‌തൂരി മഞ്ഞള്‍), കുര്‍ക്കുമ അംഗ്വിസ്റ്റി ഫോളിയ (വെള്ളക്കൂവ), കുര്‍ക്കുമ സിഡേരിയ (മഞ്ഞക്കൂവ) എന്നിവ ഉദാഹരണങ്ങള്‍ മാത്രം.
കറി മഞ്ഞളില്‍ കുര്‍ക്കിമിന്റെ അളവ്‌ രണ്ടു മുതല്‍ എട്ടു ശതമാനം വരെയാണ്‌. മറ്റു വിഭാഗങ്ങളില്‍ കുര്‍ക്കുമിന്റെ അളവ്‌ ഇതിലും കുറവാണ്‌. അതുകൊണ്ട്‌ തന്നെ മിക്ക കുര്‍ക്കുമ കുടുംബക്കാര്‍ക്കും മഞ്ഞ നിറവുമില്ല.
യഥാര്‍ത്ഥ കസ്‌തൂരി മഞ്ഞളിന്‌ മഞ്ഞനിറം തീരെ കുറവാണ്‌. വെണ്ണ (cream) യുടെ നിറമായിരിക്കും ഇവക്ക്‌ കൂടുതലും. കുര്‍ക്കുമിന്റെ അളവ്‌ കുറവായിരിക്കും എന്നതു തന്നെയാണ്‌ ഇവയുടെ നിറവ്യത്യാസത്തിന്‌ കാരണം. കസ്‌തൂരി മഞ്ഞളിന്റെ പ്രധാന ഗുണം അതിന്റെ മണമാണ്‌. ശുദ്ധ കസ്‌തൂരി മഞ്ഞളിന്‌ കര്‍പ്പൂരത്തിന്റെ മണം ഉണ്ടായിരിക്കും. അതു പോലെ തന്നെ നാക്കില്‍വെച്ചാല്‍ കര്‍പ്പൂരം നാക്കില്‍ വെച്ചതിന്റെ അനുഭവമായിരിക്കും.
തെരുവു കച്ചവടക്കാര്‍ക്കും ഒറ്റമൂലി വൈദ്യന്മാര്‍ക്കും പുറമെ പല അങ്ങാടികടകളിലും സാധാരണ കറി മഞ്ഞള്‍ കസ്‌തൂരി മഞ്ഞളായി വിറ്റഴിച്ച്‌ ചിലരെങ്കിലും ലാഭം കൊയ്യാറുണ്ട്‌. കടകളില്‍ നിന്ന്‌ ലഭിക്കുന്ന ഉണങ്ങിയ മഞ്ഞള്‍ കസ്‌തൂരി മഞ്ഞളാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇത്‌ തേച്ചു പിടിപ്പിക്കാറുമുണ്ട്‌. എന്തിനേറെ പറയുന്നു സംസ്ഥാന സര്‍ക്കാറിന്റെ വനോല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി വിറ്റഴിക്കുന്ന കസ്‌തൂരി മഞ്ഞളും മഞ്ഞക്കൂവ തന്നെ.
വ്യാപകമായ രീതിയിലുള്ള കസ്‌തൂരി മഞ്ഞള്‍കൃഷി ഇന്ന്‌ സംസ്ഥാനത്ത്‌ കുറവാണ്‌. എന്നാല്‍ നമ്മുടെ വനങ്ങളില്‍ ഇന്നും കസ്‌തൂരി മഞ്ഞള്‍ ലഭ്യമാണ്‌. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മഞ്ഞക്കൂവയോ സാധാരണ മഞ്ഞളോ ദേഹത്ത്‌ തേയ്‌ക്കുന്നതുകൊണ്ട്‌ യാതൊരു ദോഷവും വരാനില്ല. കസ്‌തൂരി മഞ്ഞള്‍ തേയ്‌ക്കുന്ന ഗുണം കിട്ടില്ല എന്നു മാത്രം. യാഥാര്‍ത്ഥ്യമിതായിരിക്കേ അടുത്ത തവണ തെരുവില്‍ നിന്നു കസ്‌തൂരി മഞ്ഞള്‍ വാങ്ങുമ്പോള്‍ ഇതിലെത്ര കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ടെന്നൊന്നും വില്‍പ്പനക്കാരനോടു ചോദിച്ചു കളയരുത്‌.

0 comments:

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu