2008-04-23

പുതുതായി നിങ്ങള്‍ക്കെന്താണ്‌ തരാനുള്ളത്‌ ?


ഇന്ത്യയിലിപ്പോള്‍ ചലച്ചിത്രമേളകള്‍ നിരവധിയാണ്‌. ഓരോ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രവും അതിന്റേതായ മേളയ്‌ക്ക്‌ രൂപം കൊടുത്തുകൊണ്ടിരിയ്‌ക്കുന്ന സമയമാണ്‌. ഇവിടെ, കേരളത്തിന്റെ വടക്കുഭാഗത്ത്‌ കോഴിക്കോട്‌ നഗരത്തിലും ഒരു ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നു. സംസ്ഥാന ചലച്ചിത്ര മേളകള്‍ കാണാന്‍ കേരളത്തിന്റെ വടക്കു ഭാഗത്തു നിന്നും കൂടുതല്‍ ആളുകള്‍ വരുന്നു എന്നതാണ്‌ ഇവിടെയൊരു ചലച്ചിത്ര മേള സംഘടിപ്പിക്കുവാന്‍ സംഘാടകരെ പ്രേരിപ്പിച്ചതത്രെ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോഴിക്കോട്‌ കോര്‍പ്പറേഷനും സംയുക്തമായി പതിമൂന്നാമത്‌ യൂറോപ്പയന്‍ യൂനിയന്‍ ഫിലീം ഫെസ്റ്റിവല്‍ ഈ മാസം (ഏപ്രില്‍ 17-21) വിപുലമായ രീതിയില്‍ തന്നെ സംഘടിപ്പിച്ചിരിക്കുന്നു.
സ്ലൊവാനിയ, ഫിന്‍ലാന്‍ഡ്‌, ആസ്‌ട്രിയ, നെതര്‍ലാന്‍ഡ്‌, ജര്‍മ്മനി, പോളണ്ട്‌, അയര്‍ലാന്‍ഡ്‌, ലക്‌സംബര്‍ഗ്‌, ഡെന്മാര്‍ക്ക്‌, ഫ്രാന്‍സ്‌, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ട്‌ സിനിമകളാണ്‌ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. അതോടൊപ്പം തന്നെ പറഞ്ഞുപഴകിയ വിഷയങ്ങള്‍ കൊണ്ടുള്ള ചര്‍ച്ചകളും.
`അവാര്‍ഡാണോ മികച്ച സിനിമയുടെ മാനദണ്‌ഡം', `സിനിമയും സാഹിത്യവും', `സ്‌ത്രീകളും സിനിമയും' തുടങ്ങിയ ക്ലീഷേകളായ കൂറേ വിഷയങ്ങള്‍ കൊണ്ട്‌ ചിലരുടെ പ്രകടനങ്ങളും. ഓപ്പണ്‍ ഫോറത്തില്‍ അവാര്‍ഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത്‌ സംസാരിച്ചത്‌ സിവിക്‌ ചന്ദ്രനാണ്‌. എല്ലാ വര്‍ഷവും അവാര്‍ഡ്‌ പ്രഖ്യാപനത്തിനു ശേഷമുള്ള കുറച്ചു ദിവസങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ള ചര്‍ച്ചകളും അതില്‍ സ്ഥിരമായി കേള്‍ക്കാറുള്ള അഭിപ്രായങ്ങളും മാത്രമാണ്‌ ആ ചര്‍ച്ചിയിലും ഉണ്ടായിട്ടുള്ളത്‌. മിക്ക പത്രങ്ങളും ` ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച' എന്ന രീതിയിലുള്ള തലക്കെട്ടോടുകൂടി വാര്‍ത്തയും നല്‍കി അതിനെ പ്രോത്സാഹിപ്പിച്ചു.
ഇത്രയും കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ഞാന്‍ പറയാനുദ്ദേശിച്ചത്‌ മേളയുടെ കാഴ്‌ചക്കാരെ കുറിച്ചാണ്‌. ഇപ്പോള്‍ നടക്കുന്ന ഏതൊരു ചലച്ചിത്ര മേളകളിലെയും ഡെലിഗേറ്റ്‌സുകളില്‍ കൂടുതലും ചെറുപ്പക്കാരാണ്‌. അതില്‍ തന്നെ കൂടുതലും വിദ്യാര്‍ഥികള്‍.സിനിമ കാണുന്നതിനേക്കാളുപരിയായി അതു പഠിക്കാനുള്ള വഴി കൂടി അവര്‍ ഇതുവഴി അന്വേഷിക്കുന്നു. അതിന്റെ ആദ്യ പടിയായാണ്‌ ഇരുട്ടില്‍ അവര്‍ നിശബ്‌ദമായി ഇരിക്കുന്നത്‌.കേരളമാകെ വിഷ്വല്‍ മീഡിയ, മാസ്‌ കമ്മ്യൂണിക്കേഷന്‍ പഠനം വ്യാപകമായിരിക്കുന്ന സമയമാണിത്‌. സ്‌കൂളുകളിലും കോളേജുകളിലും ധാരാളം കോഴ്‌സുകള്‍. ഒരു മിനുട്ടിലും അഞ്ച്‌ മിനുട്ടിലും പത്ത്‌ മിനുട്ടിലുമായി അനേകം ചെറു ചിത്രങ്ങള്‍ വിദ്യാര്‍ഥികളുടേതായി പുറത്തു വരുന്നുകൊണ്ടിരിക്കുന്നു. വലിയ ബാനറില്ലാതെ വലിയ സാമ്പത്തികമോ അഭിനേതാക്കളോ ഇല്ലാത്ത ഇത്തരം സിനിമകള്‍ ഒരു തരംഗമായി മാറികൊണ്ടിരിക്കുകയാണ്‌. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ പോലും സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഒപ്പം സിനിമ എന്താണെന്ന്‌ മനസ്സിലാക്കാനും ശ്രമിക്കുന്ന ഒരു കാലഘട്ടമാണിത്‌. ക്യാമ്പസുകള്‍ക്ക്‌ രാഷ്‌ട്രീയത്തേക്കാള്‍ ഇന്ന്‌ പ്രണയം സിനിമകളോടാണ്‌.
കാഴ്‌ചയില്‍ തങ്ങളെ പിടിച്ചുലയ്‌ക്കാന്‍ കഴിയുന്ന, തങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എന്താണ്‌ നിങ്ങളുടെ കൈകളിലുള്ളതെന്ന അവരുടെ ചോദ്യത്തിന്‌ മുന്നില്‍ സംഘാടകര്‍ നിശബ്‌ദരായിപോകുന്ന അവസ്ഥയാണ്‌ ഇന്ന്‌ മേളകളില്‍ കാണുന്നത്‌. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാമത്‌ യൂറോപ്പ്യന്‍ യൂനിയന്‍ ഫിലീം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണം സംഘാടകര്‍ മറന്നിട്ടുണ്ടാകില്ലെന്ന്‌ കരുതുന്നു.
സംഘാടകര്‍ നേരിടുന്ന പുതിയ വെല്ലുവിളിയായി ഈ സ്ഥിതി വിശേഷം മാറികൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷത്തെ മേളയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇത്തവണ മേള കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ യഥാര്‍ഥ്യമാണ്‌. പക്ഷെ, പ്രേക്ഷകരെ മുഴുവനായും തൃപ്‌തിപ്പെടുത്താന്‍ ഇത്തവണയും സംഘാടകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല്‌ എന്നതൊരു നഗ്നസത്യമാണ്‌.

1 comments:

പ്രിയ നി...ശബ്ദന്‍,
താങ്കളുടെ ഈ നല്ല ബ്ലോഗ് ആരും കാണാതെയിരിക്കുന്നോ എന്നു സംശയിക്കുന്നു. മറ്റു ബ്ലോഗേഴ്സിന്റെ പോസ്റ്റുകള്‍ വായിക്കുംബോള്‍ സ്വന്തം ഒരു കമന്റിട്ടാല്‍ ആ കമന്റില്‍ ക്ലിക്കി പലരും താങ്കളുടെ ബ്ലോഗില്‍ എത്തിച്ചേരുകയും,താങ്കളുടെ ബ്ലോഗിന് അര്‍ഹമായ പ്രാധാന്യവും ശ്രദ്ധയും ലഭിക്കാന്‍ അതു കാരണമാകുകയും ചെയ്യും.
സസ്നേഹം,
ചിത്രകാരന്‍.

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu