2008-05-04

ആത്മഹത്യയും പെണ്‍വിരോധവും

സമൂഹം വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ട രണ്ടു വിഷയങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി മലയാളത്തിലെ രണ്ടു പത്രങ്ങള്‍ മുന്നോട്ട്‌ കൊണ്ടുവന്നിട്ടുള്ളത്‌. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത `മാതൃഭൂമി' മെയ്‌ മൂന്നിന്‌ ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നു. മൂന്നു വര്‍ഷത്തിനിടെ പതിനാറായിരം വിദ്യാര്‍ഥികളാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളെ ഉദ്ദരിച്ചുകൊണ്ട്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
സ്‌കൂള്‍ കോളേജ്‌ വിദ്യാര്‍ഥികളടക്കം 2004ല്‍ 5610 പേരാണ്‌ ആത്മഹത്യ ചെയ്‌തതത്രെ. തൊട്ടടുത്ത വര്‍ഷം ഇത്‌ 5138 ആയി കുറഞ്ഞു. എന്നാല്‍ 2006ല്‍ വിദ്യാര്‍ഥി ആത്മഹത്യ 5857 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യ നിരക്ക്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അത്‌ കുറയാനുള്ള സാധ്യതയും വളരെ കുറവാണ്‌.
ഉത്‌കണ്‌ഠയും മാനസിക സമ്മര്‍ദ്ദവും വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നതായി വിദഗ്‌ധരും ലോകാരോഗ്യ സംഘടനാ പ്രതിനിധികളും അഭിപ്രായപ്പെടുന്നു. വിദ്യാര്‍ഥികളിലുണ്ടാകുന്ന ആത്മഹത്യയുടെ കാരണങ്ങള്‍ നമുക്ക്‌ മനഃശാസ്‌ത്രജ്‌ഞര്‍ക്ക്‌ വിടാം.
ആത്മഹത്യയെ ഒരു നാട്ടു നടപ്പാക്കി മാറ്റുന്നതില്‍ നമ്മുടെ പത്രങ്ങള്‍ വളരെ വലുതായ രീതിയില്‍ തന്നെ പങ്കു വഹിക്കുന്നുണ്ട്‌ എന്നതാണ്‌ സത്യം. പിതാവ്‌ മൊബൈല്‍ഫോണ്‍ വാങ്ങി തരാത്തതില്‍ മനംനൊന്ത്‌ വിദ്യാര്‍ഥി ജീവനൊടുക്കി. ഇത്‌ മലയാള പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണ്‌. മകന്‍ മോശമായ രീതിയിലേക്ക്‌ പോകാതിരിക്കാന്‍ വേണ്ടിയാവാം പിതാവ്‌ മൊബൈല്‍ഫോണ്‍ വാങ്ങികൊടുക്കാതിരുന്നത്‌. ആ പിതാവിന്റെ മുന്നിലേക്കാണ്‌ ഈ പത്രവാരത്ത എത്തുന്നത്‌. ആ കാര്യം പത്രങ്ങള്‍ മറന്നുപോകുന്നു അല്ലെങ്കില്‍ അത്‌ നമ്മെ സംബന്ധിക്കുന്ന വിഷയമല്ല എന്നരീതിയില്‍ പത്രങ്ങള്‍ ഒഴിഞ്ഞു മാറുന്നു. അതോടൊപ്പം തന്നെ മറ്റ്‌ കുട്ടികളുടെ ഇടയിലേക്ക്‌ ഒരു സന്ദേശമെത്തിക്കാനും പത്രങ്ങള്‍ ശ്രമിക്കുന്നു. `എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹാരം ആത്മഹത്യ തന്നെ' എന്ന്‌ വിദ്യാര്‍ഥികളെ ഉത്‌ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ ഇത്തരം വാര്‍ത്തകളിലൂടെ പത്രങ്ങള്‍ ചെയ്യുന്നത്‌.
ഇതു മാത്രമല്ല, ആത്മഹത്യ ചെയ്യേണ്ടത്‌ എങ്ങനെയാണ്‌, തൂങ്ങിമരിക്കണമെങ്കില്‍ എന്തൊക്കെയാണ്‌ ചെയ്യേണ്ടത്‌ എന്ന്‌ തുടങ്ങി എല്ലാത്തിന്റെയും വിശദ വിവരങ്ങള്‍ അറിയണമെങ്കില്‍ പത്രം ഒന്നു നന്നായി വായിച്ചാല്‍ മതി. പൊതുവെ സായാഹ്ന പത്രം ചെയ്‌തു വരുന്ന ഈ ജോലികള്‍ മൂഖ്യധാരാ പത്രങ്ങള്‍ കൂടി ഏറ്റെടുത്തതാണ്‌ ആത്മഹത്യ വര്‍ദ്ധിപ്പിച്ചതെന്ന്‌ പറഞ്ഞാല്‍ എതിര്‍ക്കാന്‍ പത്രങ്ങള്‍ക്ക്‌ വാക്കുകളുണ്ടാവില്ല.
ആത്മഹത്യ ഒരാഘോഷമാക്കി മാറ്റുന്നതിനു പകരം ഒരു പരാമര്‍ശം മാത്രമാക്കി വേണമെങ്കില്‍ പത്രങ്ങള്‍ക്ക്‌ നിര്‍ത്താം. പോലീസിന്റെ രേഖകളില്‍ ആത്മഹത്യയായും പത്രത്തില്‍ അത്‌ വെറും മരണമായും തന്നെ നിലനില്‍ക്കട്ടെ.
************************
രണ്ടാമതായി `മാധ്യമം' `പെണ്‍വിരോധം' എന്ന പേരിലെഴുതിയ മുഖപ്രസംഗമാണ്‌ ചര്‍ച്ചചെയ്യപ്പെടേണ്ടത്‌ എന്ന്‌ എനിക്കു തോന്നിയിട്ടുള്ളത്‌.രാജ്യത്തിനും സംസ്ഥാനത്തിനും നാണക്കേടുണ്ടാക്കുന്ന കണക്കുകളാണ്‌ ആണ്‍-പെണ്‍ അനുപാതം സംബന്ധിച്ച്‌ പുറത്തു വന്നിരിക്കുന്നത്‌. പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഇല്ലായ്‌മ ചെയ്യുന്നത്‌ സ്‌ത്രീ വര്‍ഗത്തോടുള്ള പക്ഷപാതവും മനുഷ്യരാശിയോടുള്ള ധിക്കാരവുമാണെന്ന്‌ മുഖപ്രസംഗത്തിലെഴുതിയിരിക്കുന്നു.
നൂറു ശതമാനം സാക്ഷരത നേടിയ കേരളം പോലുള്ള ആരോഗ്യ രംഗത്ത്‌ മുന്‍പന്തിയിലുള്ള സംസ്ഥാനത്ത്‌ ലിംഗനിര്‍ണയ പരിശോധനകളും ഗര്‍ഭഛിദ്രവും യഥേഷ്‌ടം നടക്കുന്നതായാണ്‌ സൂചന. 2001ലെ സെന്‍സസ്‌ പ്രകാരം ആറു വയസുവരെയുള്ളവരില്‍ 1000ത്തിന്‍ 960 എന്നായിരുന്നു എനുപാതമെങ്കില്‍ 2008 മാര്‍ച്ചില്‍ ഇത്‌ 1000 ത്തിന്‌ 946 ആയി ചുരുങ്ങിയിരിക്കുന്നു .
വളരെ വിശദമായ ചര്‍ച്ചകളിലൂടെ നടത്തുന്ന നിയമ നിര്‍മ്മാണത്തിലൂടെയും ഉള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ സാധിക്കുകയുള്ളു. വനിതാ സംവരണവുമായി ബന്ധപ്പെട്ട്‌ പലതവണ മുഖലേഖനമെഴുതിയ മാധ്യമം ഒളിഞ്ഞും തെളിഞ്ഞും സ്‌ത്രീകളുടെ പൊതു ജീവിത പ്രവേശനത്തെ പരിഹസിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.
ഐസ്‌ക്രീം വാണിഭകേസില്‍ ചില കൊമ്പന്‍സ്രാവുകളെ വലയിലാക്കാന്‍ കരുക്കള്‍ നീക്കിയത്‌ അന്നത്തെ സിറ്റി കമ്മീഷണറായിരുന്ന ഒരു വനിതയും കോഴിക്കോട്ടെ സാമൂഹ്യപ്രവര്‍ത്തകരായ ഏതാനും പെണ്ടകുട്ടികളുമായിരുന്നല്ലോ. ഈ സമയം ജമാ അത്തെ ഇസ്ലാമിയുടെ ഒരു സമുന്നതന്‍ അവരുടെ പത്രത്തിലെഴുതിയത്‌ `` ഓഫീസുകളില്‍ നിന്നും പണിശാലകളില്‍ നിന്നും സാമൂഹ്യ രംഗങ്ങളില്‍ നിന്നുമൊക്കെ പെണ്ണുങ്ങളെ തിരിച്ചു വിളിച്ച്‌ പകരം പുരുഷന്മാര്‍ക്ക്‌ തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗമാവും'' എന്നാണ്‌. അമ്പത്‌ കൊല്ലത്തിനപ്പുറം തനി യാഥാസ്ഥിതിക പുരോഹിതന്മാര്‍ പോലും പറയാനറയ്‌ക്കുന്ന ഇത്തരം വെളിപാടുകളാണ്‌ സമുദായിക പുരോഗതിക്കായി നിലകൊള്ളുന്നവര്‍ തങ്ങളുടെ പത്രം വഴി എഴുതി വിടുന്നത്‌. (ഇതു പോലെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആയികൊണ്ടാണോ ഈ മുഖപ്രസംഗവും എഴുതിയിരിക്കുന്നത്‌ എന്ന്‌ സംശയിക്കുന്നു.)

1 comments:

ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യേണ്ട രണ്ടു വിഷയങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി മലയാളത്തിലെ രണ്ടു പത്രങ്ങള്‍ മുന്നോട്ട്‌ കൊണ്ടുവന്നിട്ടുള്ളത്‌.സ്‌കൂള്‍ കോളേജ്‌ വിദ്യാര്‍ഥികളടക്കം 2004ല്‍ 5610 പേരാണ്‌ ആത്മഹത്യ ചെയ്‌തതത്രെ.
നൂറു ശതമാനം സാക്ഷരത നേടിയ കേരളം പോലുള്ള ആരോഗ്യ രംഗത്ത്‌ മുന്‍പന്തിയിലുള്ള സംസ്ഥാനത്ത്‌ ലിംഗനിര്‍ണയ പരിശോധനകളും ഗര്‍ഭഛിദ്രവും യഥേഷ്‌ടം നടക്കുന്നതായാണ്‌ സൂചന.

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu