തുടരുന്ന തീവ്രവാദം നിലയ്‌ക്കുന്ന അന്വേഷണം
ആദ്യം ഞെട്ടല്‍, പിന്നെ അപലപിക്കല്‍, തുടര്‍ന്ന് ഇരുട്ടില്‍ തപ്പല്‍. ഒടുവില്‍ എല്ലാം വിസമൃതിയിലേക്ക് തള്ളല്‍. രാജ്യത്ത് ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും സ്ഥിരമായി അരങ്ങേറുന്ന കാഴ്‌ചയാണിത്. ഇതിന് ഇന്നു വരെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല. ദുരന്തമുണ്ടായി രണ്ടു ദിവസങ്ങളില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ കയറിപറ്റുന്ന വാര്‍ത്തകള്‍ പിന്നീട് ഉള്‍പേജുകളിലേക്ക് ചുരുങ്ങുന്നു. പിന്നെ പതുക്കെ അപ്രത്യക്ഷമാവുന്നതോടുകൂടി ആ ദുരന്തം അവിടെ അവസാനിക്കുന്നു.
കഴിഞ്ഞ ദിവസം ജയ്‌പൂരിലും ഒരു സ്‌ഫോടനം നടന്നു. ഒന്നല്ല തുടര്‍ച്ചയായി ഏഴു സ്‌ഫോടനങ്ങള്‍. ഈ സ്‌ഫോടന പരമ്പരയില്‍ എണ്‍പതുപേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എല്ലാ പത്രങ്ങളും അത് ഒന്നാം പേജില്‍ തന്നെ വലിയ പ്രാധാന്യത്തോടുകൂടി തന്നെ നല്‍കിയിരിക്കുന്നു. അതില്‍ തന്നെ മലയാളത്തിലെ ഒരു പ്രമുഖ പത്രം പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് ``ഭീകരാക്രമണമെന്ന് രാജസ്ഥാന്‍ പോലീസ് മേധാവി''. ഇത്രയും വലിയ ദുരന്തമുണ്ടായിട്ട് രാജസ്ഥാന്‍ പോലീസ് മേധാവിക്ക് മനസ്സിലായത് ഇതൊരു ഭീകരാക്രമണമാണെന്നു മാത്രമാണോ? അല്ലെങ്കില്‍ പത്രത്തിന് അത്രയും മാത്രമേ ലഭിച്ചിട്ടുള്ളു? ഇതാണ് പോലീസിന്റെയും പത്രങ്ങളുടെയും അവസ്ഥ.
പോലീസിന്റെയും സൈന്യത്തിന്റെയും ജോലി എളുപ്പമാക്കി തീര്‍ക്കാന്‍ സ്‌ഫോടനത്തിനു ശേഷം ആരെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. സാധാരണഗതിയില്‍ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്‌ബയോ ജയ്‌ഷ് ഇ മുഹമ്മദോ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനോ ആയിരിക്കും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ടു കടന്നു വരിക. അതോടു കൂടി എല്ലാവര്‍ക്കും സമാധാനമായി. ആളെ കിട്ടിയില്ലെങ്കിലും സംഘടന ഏതാണെന്നെങ്കിലും മനസ്സിലായല്ലോ. സമാധാനമായി.
ജയ്‌പൂര്‍ സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇത്തവണയും സംഘടനയെത്തിയിട്ടുണ്ട്. ഇപ്രാവശ്യം പാക് തീവ്രവാദികള്‍ക്കു പകരം ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനായണത്രെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത്തവണ പാക്കിസ്ഥാനെ കുറ്റം പറയാതിരുന്നതുകൊണ്ട് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയെ പുകഴ്‌ത്തുകയും ചെയ്‌തത്രെ. ഇത്തവണത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പുറത്തിറങ്ങിയ ഇ മെയില്‍ വ്യാജമല്ലെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. മുജാഹിദ്ദീന്‍ അനുയായികള്‍ക്ക് ഇ മെയില്‍ അയയ്‌കാകന്‍ സൗകര്യം നല്‍കിയ കഫേ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൂചനയുള്ളതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഫേയിലെത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാത്തതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കേരളത്തില്‍ അത് നടപ്പാക്കാന്‍ നോക്കിയത് നമ്മള്‍ കണ്ടതാണല്ലോ? (ചെയ്‌തവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക)സംശയത്തിന്റെ നിഴലില്‍ കുറച്ച് ബംഗ്ലാദേശ് പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും ദുരന്തത്തില്‍ പരിക്കേറ്റവരും മറ്റും പറഞ്ഞുകൊടുത്ത വിവരങ്ങളനുസരിച്ച് രേഖാചിത്രം പുറത്തു വിടുകയും ചെയ്‌തിട്ടുണ്ട്. സാധാരണ ചെയ്യുന്ന ഇക്കാര്യങ്ങള്‍ക്കുമപ്പുറം ഒന്നും ചെയ്യാന്‍ സാധിക്കാറില്ല എന്നതാണ് സത്യം.
ഇതിനു മുമ്പ് പല സ്‌ഫോടനങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. മക്കാ മസ്‌ജിദിലും ഹൈദരാബാദിലും മലേഗാവിലും ബനാറസിലുമൊക്കെയായി നിരവധി സ്‌ഫോടനങ്ങള്‍. മക്ക മസ്‌ജിദിലെ സ്‌ഫോടനം നടന്നിട്ട് മെയ് 18ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ മേല്‍ പഴിചാരി രക്ഷപ്പെടാമെന്നല്ലാതെ കൂടുതലൊന്നും ഇവിടുത്തെ ഭരണപ്രതിപക്ഷാംഗങ്ങള്‍ ചെയ്‌തിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനുള്ള നമ്മുടെ പ്രാപ്‌തികുറവിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്.ഓരോ പൊട്ടിത്തെറിയുണ്ടാവുമ്പോഴും എന്നോ തയ്യാറാക്കിവെച്ച സിദ്ധാന്തങ്ങള്‍ തങ്ങള്‍ ഒരുക്കി നിര്‍ത്തിയ മാധ്യമപ്രവര്‍ത്തകരിലൂടെ പ്രചരിപ്പിക്കുന്നതും ശ്രദ്ധ പലവഴിയിലൂടെ തിരിച്ചു വിടുന്നതും പതിവു നാടകങ്ങള്‍ മാത്രം. സ്‌ഫോടനത്തെകുറിച്ച് പോലീസോ മറ്റ് ഔദ്യോഗികവൃത്തങ്ങളോ പറയാത്ത വല്ലതും ഇവിടുത്തെ മാധ്യമങ്ങള്‍ പറഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇന്ത്യന്‍ ജനതയുടെ സൈ്വര്യജീവിതത്തില്‍ അസ്വസ്ഥത പടര്‍ത്തുന്ന തീവ്രവാദി ആക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ജയ്‌പൂര്‍ സ്‌ഫോടനം. ഇത് ഒരു തുടക്കമല്ല. ഒരു തുടര്‍ച്ച മാത്രമാണ്. പോലീസോ സൈന്യമോ മാത്രം വിച്രിച്ചാല്‍ ഭീകരത തടയാന്‍ സാധ്യമല്ല. ഭരണത്തിലേറാന്‍ ആരുടെയും കൂട്ടുപിടിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ നല്ലൊരു പങ്ക് വഹിക്കാനുണ്ട്.
2 comments:
ആദ്യം ഞെട്ടല്‍, പിന്നെ അപലപിക്കല്‍, തുടര്‍ന്ന് ഇരുട്ടില്‍ തപ്പല്‍. ഒടുവില്‍ എല്ലാം വിസമൃതിയിലേക്ക് തള്ളല്‍. രാജ്യത്ത് ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും സ്ഥിരമായി അരങ്ങേറുന്ന കാഴ്‌ചയാണിത്. ഇതിന് ഇന്നു വരെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല.
ശരിയാണ്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു പോയി. രാഷ്ട്രീയക്കാര്‍ക്കും ഭീകരവാദികള്‍ക്കും എന്തു ചേതം, എന്തു പ്രശ്‌നം. മനുഷ്യനെ മറ്റ് ഐഡന്റിറ്റികളില്‍ നിന്നടര്‍ത്തി മനുഷ്യനായി കാണാന്‍ കഴിയുന്ന കാലം എന്നാണാവോ വരിക.
Post a Comment