2011-11-29

നിലച്ചത്‌ ബ്രഹ്മപുത്രയുടെ ഗോത്ര ശബ്ദം


ന്ത്യന്‍ സംഗീതത്തിലെ വേറിട്ട ശബ്‌ദം. അസമിന്റെ തനത്‌ നാടോടി സംഗീതത്തെ അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ ലോക ജനതക്കു മുന്നില്‍ അവതരിപ്പിച്ച്‌ ലക്ഷക്കണക്കിന്‌ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ബ്രഹ്മപുത്രയുടെ സംഗീതജ്ഞന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സൗന്ദര്യം പൂര്‍ണമായും തന്റെ ഗാനങ്ങളില്‍ പ്രതിഫലിപ്പിച്ച അപൂര്‍വ വ്യക്തിത്വം. അതായിരുന്നു ഭുപന്‍ ഹസാരിക.

സംഗീത സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്‌, തിരക്കഥാകൃത്ത്‌, അഭിനേതാവ്‌, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ സര്‍വ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയാണ്‌ ഭുപന്‍ ഹസാരിക. അസമീസ്‌ നാടോടി ഗാനങ്ങള്‍ ഉപയോഗപ്പെടുത്തി ഹസാരിക ഉണ്ടാക്കിയ തരംഗം അദ്ദേഹത്തിന്‌ ബ്രഹ്മപുത്രയുടെ നാടോടിഗായകന്‍ എന്ന വിശേഷണം നല്‍കി. 1993ല്‍ പുറത്തിറങ്ങിയ രുദാലി എന്ന ചിത്രത്തിലെ `ദില്‍ ഹൂം ഹൂം കരേ' എന്ന ഒരൊറ്റ ഗാനം മാത്രം മതിയാകും ഭുപന്‍ ഹസാരിക എന്ന സംഗീത ചക്രവര്‍ത്തിയെ എന്നും ഓര്‍മിക്കാന്‍.

1926ല്‍ അസമിലെ സാദിയയില്‍ അധ്യാപക കുടുംബത്തിലാണ്‌ ഹസാരികയുടെ ജനനം. അക്കാദമിക രംഗത്ത്‌ മികവ്‌ പുലര്‍ത്തിയ ഹസാരിക, 1942ല്‍ ഗുവാഹത്തിയില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസവും ബനാറസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദവും രാഷ്‌ട്ര മീമാംസയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട്‌ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന്‌ മാസ്‌ കമ്മ്യൂണിക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടി. വിദ്യാഭ്യാസ പുരോഗതിക്ക്‌ ചലച്ചിത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ യു എസില്‍ പഠനം നടത്തുന്നതിന്‌ ചിക്കാഗോ സര്‍വകലാശാലയുടെ ഫെല്ലോഷിപ്പും ഹസാരിക നേടി.

യു എസിലെ താമസത്തിനിടയിലാണ്‌ കറുത്ത വംശജനായ പ്രശസ്‌ത ഗായകന്‍ പോള്‍ റോബ്‌സണെ ഹസാരിക പരിചയപ്പെടുന്നത്‌. റോബ്‌സണിന്റെ പ്രസിദ്ധമായ ഗാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഹസാരിക ഹിന്ദിയിലേക്ക്‌ മൊഴിമാറ്റം ചെയ്‌തു. ഓ ഗംഗാ ബെഹ്‌തി ഹോ എന്ന ഗാനം ദീര്‍ഘകാലം യുവാക്കള്‍ നെഞ്ചേറ്റുകയും ചെയ്‌തു. `കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഗോത്ര വിഭാഗങ്ങളുടെ ഗാനങ്ങള്‍ നിരീക്ഷിക്കാറുണ്ട്‌. അതിന്റെ സ്വരലയം ഗാനങ്ങളില്‍ പ്രതിഫലിക്കാറുണ്ട്‌. മാതാവില്‍ നിന്നാണ്‌ ഗായകനെന്ന കഴിവ്‌ ലഭിച്ചത്‌.'- മിക്ക അഭിമുഖങ്ങളിലും ഹാസാരിക പറയാറുണ്ട്‌.

അസമില്‍ നിന്നുള്ള രണ്ടാമത്തെ ശബ്‌ദ ചിത്രമായ ഇന്ദ്രമാലതിയില്‍ ബാലതാരമായാണ്‌ ഹസാരിക തന്റെ കലാ ജീവിതം തുടങ്ങുന്നത്‌. അതിന്‌ മുമ്പ്‌ തന്റെ പത്താം വയസ്സില്‍ ആദ്യ ഗാനം എഴുതുകയും അത്‌ സ്വയം ആലപിക്കുകയും ചെയ്‌തിരുന്നു. അസം ചലച്ചിത്ര മേഖലക്കു പുറമെ 1930- 1990 കാലഘട്ടത്തില്‍ നിരവധി ബംഗാളി, ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക്‌ വേണ്ടിയും ഗാനങ്ങള്‍ രചിക്കുകയും സംഗീത സംവിധാനം ചെയ്‌ത്‌ ആലപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആയിരത്തോളം കവിതകള്‍, നിരവധി ചെറുകഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവയും ഹസാരികയുടെ തൂലികയിലൂടെ പിറവികൊണ്ടു.

അസം ഭാഷയില്‍ പുറത്തിറങ്ങിയ എറ ബത്തര്‍ സൂര്‍, ശാകുന്തള, ലോത്തി ഗോട്ടി, പ്രതിധ്വനി, ചിക്‌ മിക്‌ ബിജുലി, സിരജ്‌ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണം, സംവിധാനം, സംഗീത സംവിധാനം, ഗാനാലാപനം എന്നിവ ഹസാരെ സ്വയം ചെയ്‌തു. അന്തരിച്ച പ്രമുഖ ചിത്രകാരന്‍ എം എഫ്‌ ഹുസൈന്‍ സംവിധാനം ചെയ്‌ത ഗജഗാമിനിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്‌ ഹസാരികയാണ്‌. ഇതിന്‌ പുറമെ ജീവിതയാത്രയില്‍ സഹയാത്രികയായ കല്‍പ്പന ലക്ഷ്‌മിയുടെ രുദാലി, എക്‌ പാല്‍, ധരമിയാന്‍, ദമാന്‍ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംഗീത സംവിധാനമാണ്‌ ഹസാരികയെ ഇന്ത്യ മുഴുവന്‍ പ്രശസ്‌തനാക്കിയത്‌. `താങ്കള്‍ ഗാനങ്ങള്‍ കൊണ്ട്‌ ചിത്രങ്ങള്‍ വരയ്‌ക്കുന്നു. എന്നാല്‍, എന്റെ ബ്രഷ്‌ ഉപയോഗിച്ച്‌ ഗാനം ആലപിക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ലെ'ന്നാണ്‌ ഹസാരികയെ അഭിനന്ദിച്ചുകൊണ്ട്‌ എം എഫ്‌ ഹുസൈന്‍ പറഞ്ഞത്‌. ദില്‍ ഹൂം ഹൂം കരേ എന്ന ഗാനം 1993ലെ ഏഷ്യാ പസഫിക്‌ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹസാരികക്ക്‌ നേടിക്കൊടുത്തു. ആഗോളതലത്തില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകനെന്ന അംഗീകാരം ഈ പുരസ്‌കാര നേട്ടത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. ഇടക്കാലത്ത്‌ രാഷ്‌ട്രീയ പ്രവേശം നടത്തിയെങ്കിലും സജീവമാകാതെ പിരിഞ്ഞു.

1977ല്‍ പത്മശ്രീ ലഭിച്ച ഹസാരികയെ തേടി 2003ല്‍ പത്മഭൂഷണും എത്തി. അസം ചമേലി മേംസാബ്‌ എന്ന ചിത്രത്തിന്‌ 1975ല്‍ ദേശീയ അവാര്‍ഡും ശാകുന്തള, പ്രതിധ്വനി, ലോട്ടിഗോട്ടി എന്നീ ചിത്രങ്ങള്‍ക്ക്‌ രാഷ്‌ട്രപതിയുടെ മെഡലും ലഭിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, ദാദാ സാഹിബ്‌ ഫാല്‍കെ അവാര്‍ഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര വികസന കൗണ്‍സില്‍ അംഗം, സംഗീത നാടക അക്കാദമി ചെയര്‍മാന്‍, പ്രസാര്‍ ഭാരതി ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഗീത ലോകത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാറും ആദരിച്ചിട്ടുണ്ട്‌.

Read More......

2011-03-22

വൈകോ മടയിലൊളിക്കുന്നു


1993 ഒക്‌ടോബര്‍ 13. ജയലളിത തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. ഡി എം കെ ജനറല്‍ സെക്രട്ടറി മുത്തുവേല്‍ കരുണാനിധി നടത്തിയ വെളിപ്പെടുത്തല്‍ കേട്ട്‌ തമിഴകം ഞെട്ടിവിറച്ചു. `എന്നെ എല്‍ ടി ടി ഇ ഇല്ലാതാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ വിവരം ലഭിച്ചിരിക്കുന്നു' - സംസ്ഥാന ചീഫ്‌ സെക്രട്ടറിയില്‍ നിന്ന്‌ ലഭിച്ചത്‌ എന്ന ആമുഖത്തോടെ കലൈഞ്‌ജര്‍ പറഞ്ഞു. ഡി എം കെയില്‍ വൈകോയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കലൈഞ്‌ജറെ വെട്ടിയൊതുക്കുകയായിരുന്നുവത്രെ പുലികളുടെ ലക്ഷ്യം.

തീപാറുന്ന പ്രസംഗങ്ങളിലൂടെ തമിഴ്‌ രാഷ്‌ട്രീയത്തെ വൈകോ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലമായിരുന്നു അത്‌. കരുണാനിധിക്കു ശേഷം വൈകോ ഡി എം കെയുടെ ചുക്കാന്‍ പിടിക്കുമെന്ന്‌ വിശ്വസിച്ചിരുന്ന കാലം. ഈ സമയത്താണ്‌ രണ്ടാം ഭാര്യ ദയാലു അമ്മാളിലുണ്ടായ രണ്ടാമത്തെ മകന്‍ എം കെ സ്റ്റാലിനെ അനന്തരാവകാശിയായി കലൈഞ്‌ജര്‍ കണ്ടെത്തിയത്‌. രക്തത്തിന്‌ വെള്ളത്തേക്കാള്‍ കട്ടി കൂടുതലാണെന്നാണല്ലോ? എന്നിട്ടും നേരെ മൂത്ത സഹോദരന്‍ അഴഗിരിക്കു പോലും ആ തീരുമാനം അത്ര പിടിച്ചിട്ടില്ല. അത്‌ അംഗീകരിക്കാന്‍ അഴഗിരി ഇതുവരെ തയ്യാറായിട്ടുമില്ല. പിന്നെങ്ങനെ വൈകോക്ക്‌ സ്വീകാര്യമാകും? വൈകോയും അനുയായികളും പാര്‍ട്ടിക്കുള്ളില്‍ ചെറിയ തോതില്‍ ഒച്ചവെച്ചു തുടങ്ങിയ കാലത്താണ്‌ കരുണാനിധിയുടെ മേല്‍പ്പറഞ്ഞ ഹൃദയഭേദകമായ വെളിപ്പെടുത്തല്‍. പുലിക്കുട്ടിയായിരുന്ന വൈകോയെ അതേവര്‍ഷം നവംബര്‍ പതിനൊന്നിന്‌ പൂച്ചക്കുട്ടിയെ പോലെ ചെവിക്കുപിടിച്ച്‌ കലൈഞ്‌ജര്‍ പുറത്താക്കി.

പുറത്താക്കപ്പെട്ട രാഷ്‌ട്രീയക്കാരൊന്നും അടങ്ങിയിരുന്ന ചരിത്രമില്ല. വൈകോ ചരിത്രം തിരുത്താന്‍ തുനിഞ്ഞുമില്ല. 1994ല്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴക (എം ഡി എം കെ) വുമായി വൈകോ രംഗത്തെത്തി. മറുമലര്‍ച്ചി എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ എന്ന്‌ അര്‍ഥം. കുരിശിലേറ്റിയ ക്രിസ്‌തു മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ്‌ ബൈബിള്‍ വചനം. ഇതുപോലൊരു തിരിച്ചുവരവ്‌ പേരിലെങ്കിലും ഇരിക്കട്ടെ എന്ന്‌ തോന്നിയെങ്കില്‍ അതില്‍ വൈകോയെ കുറ്റം പറയാനൊക്കില്ല.

ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ്‌ ജയലളിത മൈസുരില്‍ ജനിച്ച്‌ ചെന്നൈയിലേക്ക്‌ കുടിയേറിയാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. അതിനു സമാനമായി തെലുങ്ക്‌ സംസാരിക്കുന്ന കമ്മാ നായിഡു കുടുംബത്തിലാണ്‌ വൈകോയുടെ ജനനം. വൈയാപുരം ഗോപാല സ്വാമി. അതാണ്‌ യഥാര്‍ഥ നാമം. തമിഴര്‍ അങ്ങനെയാണ്‌. ഹൃദയത്തിലേറ്റി കഴിഞ്ഞാല്‍ പേരുകള്‍ ചുരുങ്ങും. അങ്ങനെ വി ഗോപാലസ്വാമി വൈകോയായി.

തമിഴ്‌ ഈഴത്തിന്‌ വാദിക്കുന്ന എല്‍ ടി ടി ഇക്കും വേലുപ്പിള്ള പ്രഭാകരനും വൈകോ അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌ ഈഴമെന്നത്‌ സ്വന്തം സ്വപ്‌നമായും കൊണ്ടുനടന്നു. ശ്രീലങ്കയില്‍ തമിഴ്‌ പുലികളും സൈന്യവും ശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കെ 1989ല്‍ അതീവ രഹസ്യമായി വൈകോ കടല്‍ കടന്ന്‌ വേലുപ്പിള്ള പ്രഭാകരനുമായി കൂടിക്കാഴ്‌ച നടത്തിയത്‌ വന്‍ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചു. അന്ന്‌ വൈകോ രാജ്യസഭാ എം പിയാണ്‌. കലൈഞ്‌ജര്‍ കരുണാനിധി തമിഴ്‌നാട്‌ മുഖ്യമന്ത്രിയും. വിവാദങ്ങളില്‍ നിന്ന്‌ ഒരുവിധത്തിലാണ്‌ കരുണാനിധി തലയൂരിയത്‌. 91ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട ശേഷം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ വീഡിയോ ചിത്രങ്ങളിലും വൈകോയും പുലിത്തലവനുമായുള്ള കൂടിക്കാഴ്‌ചകളുണ്ടായിരുന്നു. പ്രഭാകരനെ തലൈവരെന്ന്‌ വിളിച്ചപ്പോള്‍ വൈകോവിനെ അണ്ണ (സഹോദരന്‍)നായാണ്‌ പ്രഭാകരന്‍ തിരികെ വിശേഷിപ്പിച്ചത്‌. രാജീവ്‌ ഗാന്ധി വധത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വൈകോയെ പരാമര്‍ശിക്കുന്നുണ്ട്‌. രാജീവ്‌ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

ഡി എം കെയിലെ രണ്ടാമനായിരുന്ന വൈകോ 1978 മുതല്‍ 96 വരെ പതിനെട്ട്‌ വര്‍ഷം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്നു. ഡി എം കെ വിട്ട്‌ എം ഡി എം കെ രൂപവത്‌കരിച്ച ശേഷം നടന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യത്തിനും ഡി എം കെ- തമിഴ്‌ മനിലാ കോണ്‍ഗ്രസിനും എതിരായി സി പി എമ്മുമായി സഖ്യമുണ്ടാക്കിയായിരുന്നു വൈകോയുടെ പ്രവര്‍ത്തനം. എന്നാല്‍ കാര്യമായെന്നല്ല, വരവറിയിക്കാന്‍ തന്നെ വൈകോക്ക്‌ സാധിച്ചില്ല. പിന്നീട്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലൈവി കോണ്‍ഗ്രസ്‌ വിട്ട്‌ ബി ജെ പി പാളയത്തിലെത്തിയപ്പോള്‍ പട്ടാളി മക്കള്‍ കക്ഷിക്കൊപ്പം എം ഡി എം കെയും തലൈവിക്കൊപ്പം നിന്നു. കരുണാനിധിയോടുള്ള വിദ്വേഷം ഒന്നുമാത്രമായിരുന്നു ശത്രുപക്ഷത്തുണ്ടായിരുന്ന തലൈവിക്കൊപ്പം നില്‍ക്കാനുള്ള പ്രേരണ.

1999ലെ തിരഞ്ഞെടുപ്പില്‍ പതിമൂന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കുമെതിരെ എം ഡി എം കെ ഒറ്റക്ക്‌ ജനവിധി തേടിയെങ്കിലും ഒരിടത്ത്‌ പോലും വിജയിക്കാന്‍ സാധിച്ചില്ല. 2002ല്‍ എല്‍ ടി ടി ഇ അനുകൂല നിലപാട്‌ കൈക്കൊണ്ട വൈകോയെ പോട്ട നിയമപ്രകാരം ജയലളിത സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസിനൊപ്പം നിന്ന വൈകോ, യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ജയില്‍ മോചിതനായി. 2006ലെ തിരഞ്ഞെടുപ്പ്‌ അടുത്തതോടെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി പി എ സഖ്യം വിട്ട്‌ തലൈവിക്കൊപ്പം ചേര്‍ന്നു. അന്നും പുലികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വൈകോ തയ്യാറായിരുന്നില്ല. മൂന്ന്‌ സീറ്റ്‌ നേടിയാണ്‌ അന്ന്‌ വരവറിയിച്ചത്‌.

2008ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി വൈകോയെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നായിരുന്നു വൈകോയുടെ ആവശ്യം. അന്ന്‌ കരുണാനിധിയാണ്‌ മുഖ്യമന്ത്രി. വൈകോയുടെ അറസ്റ്റ്‌ രാഷ്‌ട്രീയ പകവീട്ടലാണെന്ന്‌ പറഞ്ഞ്‌ രംഗത്തെത്തിയത്‌ തലൈവി ജയലളിതയും. പിന്നീട്‌ കോടതി ഉത്തരവ്‌ പ്രകാരം ജയില്‍മോചിതനായി.

ഒടുവില്‍ വീണ്ടും തമിഴ്‌നാട്‌ തിരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ വരുമ്പോള്‍ വൈകോ പുറത്താണ്‌. തലൈവി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇരുപത്തൊന്ന്‌ സീറ്റില്‍ നിന്ന്‌ പിന്മാറാന്‍ വൈകോയും പന്ത്രണ്ടിനപ്പുറമില്ലെന്ന്‌ പുരട്‌ചി തലൈവിയും ഉറപ്പിച്ചപ്പോള്‍ വൈകോക്ക്‌ പിന്മാറേണ്ടി വന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ ത്രാണിയില്ല. മുന്നണികളിലൊന്നിനും പിന്തുണ പ്രഖ്യാപിക്കാനും സാധിക്കില്ല. പിന്നെ ഒരേയൊരു വഴി തന്ത്രപരമായ പിന്‍വാങ്ങലാണ്‌. പുലികളുടെ രീതി അതാണ്‌. അതുകൊണ്ടു തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം ഡി എം കെ മത്സരിക്കേണ്ടെന്ന്‌ വൈകോ തീരുമാനിച്ചു. മത്സരിക്കാതിരിക്കുന്നതിലും ഭേദം പന്ത്രണ്ട്‌ സീറ്റ്‌ സ്വീകരിക്കുന്നതാണെന്ന്‌ പാര്‍ലിമെന്ററി വ്യാമോഹികള്‍ ഉപദേശിച്ചുവെങ്കിലും ഫലിച്ചിട്ടില്ല. പത്രികാ സമര്‍പ്പണം അവസാനിക്കും വരെ മനസ്സ്‌ മാറാന്‍ സമയമുണ്ട്‌. പക്ഷേ, പുലികളുടെ മനംമാറ്റം അത്ര എളുപ്പമാകില്ല തന്നെ.

Read More......

2011-03-19

തോല്‍ക്കാന്‍ മടിക്കുന്ന ദ്രാവീഡക്കനി


ദ്രാവിഡ ദേശീയതയുടെ ആള്‍രൂപം. കറയറ്റ തമിഴ്‌ സ്‌നേഹി. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം. അഞ്ച്‌ തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി - അതാണ്‌ മുത്തുവേല്‍ കരുണാനിധി.

1924 ജൂണ്‍ മൂന്നിന്‌ തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുവാലൈ ഗ്രാമത്തിലാണ്‌ ജനനം. ധനാഢ്യ കുടുംബത്തിലെ വത്സല പുത്രനായിരുന്നില്ല താനെന്നാണ്‌ തന്റെ കുടുംബത്തെ കുറിച്ച്‌ കരുണാനിധി തന്നെ പറയുന്നത്‌. നാടകം, കവിത, തമിഴ്‌ സാഹിത്യം എന്നിവയില്‍ കുട്ടിക്കാലത്തു തന്നെ കഴിവ്‌ തെളിയിച്ചു. പതിനാലാം വയസ്സിലാണ്‌ രാഷ്‌ട്രീയത്തിലേക്കുള്ള കടന്നുവരവ്‌. ജസ്റ്റിസ്‌ പാര്‍ട്ടി നേതാവായിരുന്ന അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്‌ടനായാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. പിന്നീട്‌ ദ്രവീഡിയന്‍ ആശയങ്ങളെ താലോലിച്ച്‌ തുടങ്ങിയതോടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി `മാനവര്‍ നേശം' എന്ന പേരില്‍ കൈയെഴുത്ത്‌ പത്രം പ്രസിദ്ധീകരിച്ചു. ദ്രാവിഡ മുന്നേറ്റമെന്ന ആശയത്തിന്റെ ഭാഗമായി തമിഴ്‌നാട്‌ തമിഴ്‌ മാനവര്‍ മന്‍റം എന്ന പേരില്‍ വിദ്യാര്‍ഥി സംഘടനയുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. നാടകങ്ങളിലൂടെയും കവിതകളിലൂടെയും കുട്ടിക്കാലത്തു തന്നെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കരുണാനിധി, വൈകാതെ ചലച്ചിത്ര ലോകത്തേക്കും പ്രവേശിച്ചു.

ജസ്റ്റിസ്‌ പാര്‍ട്ടി രൂപം മാറി ദ്രാവിഡ കഴകമായി മാറിയപ്പോള്‍ അതിന്റെ പതാകക്ക്‌ രൂപം നല്‍കിയത്‌ കരുണാനിധിയായിരുന്നു. അന്നത്തെ ബ്രാഹ്മിണ മേല്‍ക്കോയ്‌മയില്‍ പ്രതിഷേധിച്ച ഇ വി രാമസ്വാമി നായ്‌ക്കരെന്ന പെരിയോറാണ്‌ ദ്രാവിഡ കഴകം എന്ന പാര്‍ട്ടി രൂപവത്‌കരിച്ചത്‌. ദ്രാവിഡ രാജ്യം സ്ഥാപിക്കുക, തൊട്ടുകൂടായ്‌മ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പ്രവര്‍ത്തനം. പിന്നീടുണ്ടായ എല്ലാ ദ്രാവിഡ പാര്‍ട്ടികളുടെയും പിതൃസ്ഥാനം ദ്രാവിഡ കഴകത്തിനാണ്‌. മണിയമ്മ എന്ന യുവതിയെ പെരിയോര്‍ വിവാഹം കഴിക്കുകയും തന്റെ പിന്‍ഗാമി അവരാണെന്ന്‌ ഉറച്ച നിലപാടെടുക്കുകയും ചെയ്‌തതോടെ ദ്രാവിഡ കഴകം പിളര്‍പ്പിന്റെ വക്കിലെത്തി. സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ചതോടെ പിളര്‍പ്പ്‌ യാഥാര്‍ഥ്യമായി. ആദ്യം പെരിയോര്‍ക്കൊപ്പം നിന്നെങ്കിലും പിന്നീട്‌ ഡി എം കെയിലേക്ക്‌ കരുണാനിധി ചുവടുമാറ്റി. അണ്ണാദുരൈക്ക്‌ തൊട്ടുതാഴെ രണ്ടാമനായി കലൈഞ്‌ജര്‍ വളരുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ തമിഴകം കണ്ടത്‌. എം ജി ആറിനെ ഡി എം കെയിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നതിലും കരുണാനിധി മുഖ്യ പങ്ക്‌ വഹിച്ചു.

ത്രിഭാഷാ പദ്ധതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള പോരാട്ടം ഡി എം കെക്കും കരുണാനിധിക്കും ഇന്നും തമിഴ്‌ മനസ്സുകളിലുള്ള ജനപിന്തുണക്ക്‌ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിനൊപ്പം ഹിന്ദിയെ രാഷ്‌ട്ര ഭാഷയാക്കി ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. തമിഴിനെ ഹൃദയത്തില്‍ കൊണ്ടുനടന്ന കരുണാനിധിക്കും ഡി എം കെക്കും അതൊട്ടും സ്വീകാര്യമായിരുന്നില്ല. തമിഴ്‌ ജനത കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി അത്‌ വളര്‍ത്തിയെടുക്കുന്നതില്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി എം കെക്ക്‌ സാധിച്ചു. 1967ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന കാഴ്‌ചയാണ്‌ അത്‌ കാണിച്ചുതന്നത്‌. അതുവരെ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്‌ വലിയ തിരിച്ചുവരവിന്‌ പിന്നീടിതുവരെ സാധിച്ചിട്ടില്ല. അണ്ണാദുരൈ മന്ത്രിസഭയില്‍ കരുണാനിധി പൊതുമരാമത്ത്‌ മന്ത്രിയായി.

1969ല്‍ സി എന്‍ അണ്ണാദുരൈ മരിച്ചതോടെ കരുണാനിധിയെന്ന പേരല്ലാതെ ഡി എം കെക്ക്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദേശിക്കാന്‍ മറ്റൊന്നുണ്ടായിരുന്നില്ല. 1971ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ വീണ്ടും ഡി എം കെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ നിന്നിറങ്ങിപ്പോയ എം ജി ആര്‍, 1972ല്‍ ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്‌കരിച്ച്‌ ഡി എം കെയെ പിളര്‍ത്തി. പിന്നീട്‌ എം ജി ആറിന്റെയും എ ഐ എ ഡി എം കെയുടെയും കാലമായിരുന്നു. എം ജി ആറിന്റെ മരണത്തിനു ശേഷമാണ്‌ കരുണാനിധി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുന്നത്‌. 89ലെ തിരഞ്ഞെടുപ്പില്‍ കലൈഞ്‌ജര്‍ തിരിച്ചുവന്നു. 91ലെ പൊതുതിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌ കരുണാനിധിക്ക്‌ തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി. സഹതാപ തരംഗത്തില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യം അധികാരത്തില്‍ തിരിച്ചെത്തി.

96ലെ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം മുതലെടുത്ത്‌ കരുണാനിധി മുഖ്യമന്ത്രിക്കസേര തിരിച്ചു പിടിച്ചു. 2001ല്‍ അധികാരം നഷ്‌ടപ്പെട്ടു. 2001ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ചെന്നൈയിലെ വസതിയില്‍ നിന്ന്‌ അര്‍ധരാത്രി കരുണാനിധിയെ തമിഴ്‌നാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സണ്‍ ടി വി ഈ ചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടു. 2006ല്‍ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുന്നതാണ്‌ അതിന്റെ അനന്തരഫലം.

ദേശീയ രാഷ്‌ട്രീയത്തിലേക്കിറങ്ങിയില്ലെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത പേരായി കലൈഞ്‌ജര്‍ മാറി. 1989ല്‍ വി പി സിംഗ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പിന്തുണക്കാന്‍ ഡി എം കെയുമുണ്ടായിരുന്നു. കോണ്‍ഗ്രസിനെയും ബി ജെ പിയെയും തരാതരം പോലെ പ്രണയിച്ചായിരുന്നു ഡി എം കെയുടെ പിന്നീടുള്ള ജീവിതം. 1998ലെ എ ന്‍ ഡി എ സര്‍ക്കാറിനുള്ള പിന്തുണ എ ഐ എ ഡി എം കെ പിന്‍വലിച്ചതോടെ ബി ജെ പി പാളയത്തിലേക്ക്‌ ഡി എം കെ നുഴഞ്ഞുകയറി. പിന്നീട്‌ കോണ്‍ഗ്രസിനൊപ്പം നിന്ന ഡി എം കെ, രണ്ട്‌ യു പി എ സര്‍ക്കാറിലെയും ഒഴിവാക്കാന്‍ പറ്റാത്ത ശക്തിയായി മാറി. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനൊപ്പം നിന്ന്‌ സീറ്റുകള്‍ തൂത്തുവാരി.

ഡി എം കെ കുടുംബ രാഷ്‌ട്രീയത്തിലേക്ക്‌ ചുരുങ്ങിയപ്പോള്‍ കരുണാനിധിയും സ്വയം ചെറുതാകുന്ന കാഴ്‌ചയാണ്‌ തമിഴകം കണ്ടത്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന്‌ സ്വയം വിരമിക്കുന്നതിന്റെ സൂചനകള്‍ നല്‍കി മകന്‍ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി അവരോധിച്ചു. സ്റ്റാലിനാണ്‌ തന്റെ രാഷ്‌ട്രീയ പിന്‍ഗാമിയെന്നതായിരുന്നു സൂചന. കരുണാനിധിയെ അല്ലാതെ മറ്റൊരാളെ അനുസരിക്കില്ലെന്ന നിലപാടുമായി മകന്‍ അഴഗിരി രംഗത്തെത്തിയതോടെ കരുണാനിധി ചുവട്‌ മാറ്റി. വിരമിക്കുന്നില്ലെന്നും ഇത്തവണയും പാര്‍ട്ടിയെ നയിക്കുമെന്നും ഡി എം കെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി താനായിരിക്കുമെന്നുമാണ്‌ കലൈഞ്‌ജര്‍ ഇപ്പോള്‍ പറയുന്നത്‌.

Read More......

2011-03-13

വംഗനാടിന്റെ റാണിയാകാന്‍ മമത


വംഗനാട്ടിലെ യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. 1977നു ശേഷം ബംഗാള്‍ കണ്ട ഏറ്റവും വലിയ യുദ്ധത്തിന്റെ അവസാനഘട്ടം. 34 വര്‍ഷം മുമ്പ്‌, കൃത്യമായി പറഞ്ഞാല്‍ 1972ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്‌ മന്ത്രിസഭക്കു ശേഷമുണ്ടായ അതേ അവസ്ഥയിലൂടെയാണ്‌ പശ്ചിമ ബംഗാള്‍ കടന്നുപോകുന്നത്‌. സിദ്ധാര്‍ഥ്‌ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ മന്ത്രിസഭയുടെ കാലത്ത്‌ നക്‌സലൈറ്റുകള്‍ സംസ്ഥാനത്ത്‌ സജീവമായിരുന്നു. ഇപ്പോള്‍ സി പി ഐ (മാവോയിസ്റ്റ്‌) യുടെ സജീവ സാന്നിധ്യമുണ്ട്‌. 1977ല്‍ ഭൂമി വലിയ രാഷ്‌ട്രീയ പ്രശ്‌നമായിരുന്നു. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമി അനുവദിക്കുന്നത്‌ സി പി എമ്മും ഇടത്‌ പാര്‍ട്ടികളും ഉന്നയിച്ചു. ഇന്നും ഭൂമി പ്രധാന പ്രശ്‌നമാണ്‌. കൃഷി ഭൂമി വ്യാവസായിക ആവശ്യത്തിന്‌ ഏറ്റെടുക്കുന്നതാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണമാക്കുന്നത്‌ എന്ന്‌ മാത്രം.

1977ല്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിക്കൊപ്പം നിന്നു. പിന്നീടിത്രകാലം ന്യൂനപക്ഷത്തിന്റെ പിന്തുണ അവര്‍ക്കുണ്ടായി. എന്നാല്‍ ന്യൂനപക്ഷം സി പി എമ്മിനെയും ഇടത്‌ മുന്നണിയെയും കൈവിടുന്നുവെന്ന തോന്നലാണ്‌ 2011ലുള്ളത്‌. ഈ മാറ്റത്തിന്റെയെല്ലാം നേതൃത്വത്തില്‍ ദീദിയാണ്‌. ലാല്‍ഗഢിലൂടെ ജംഗല്‍ മഹലിലാകെയും അവിടെ നിന്ന്‌ മറ്റിടങ്ങളിലേക്കും സി പി ഐ (മാവോയിസ്റ്റ്‌) സ്വാധീനം വ്യാപിപ്പിക്കുന്നതും ദീദിയിലൂടെ ഉയര്‍ന്ന മാറ്റങ്ങളുടെ മറപിടിച്ചാണ്‌.

കോണ്‍ഗ്രസ്‌ ഐയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മമത, മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകം സെക്രട്ടറിയായതോടെയാണ്‌ രാഷ്‌ട്രീയത്തില്‍ ശോഭിച്ച്‌ തുടങ്ങിയത്‌. 1984ല്‍ എട്ടാമത്‌ ലോക്‌സഭയിലേക്ക്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ച്‌ ജയിക്കുകയും ചെയ്‌തു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ സോമനാഥ്‌ ചാറ്റര്‍ജിയെ ജാദവ്‌പൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ്‌ മമതയുടെ രംഗപ്രവേശം. കോണ്‍ഗ്രസ്‌ വിരുദ്ധ വികാരം ആഞ്ഞടിച്ച 89ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 91ലെ തിരഞ്ഞെടുപ്പില്‍ മമത തിരിച്ചെത്തി. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ന്യൂനപക്ഷ മന്ത്രിയഭയില്‍ സ്‌പോര്‍ട്‌സ്‌, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയുമായി. കായിക രംഗത്ത്‌ തന്റെ നിലപാടുകള്‍ക്ക്‌ കേന്ദ്രം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന്‌ രാജിവെച്ചെങ്കിലും പിന്നീട്‌ അതേ വകുപ്പുകള്‍ തന്നെ മമതക്ക്‌ തിരിച്ചു നല്‍കി. പശ്ചിമ ബംഗാളില്‍ സി പി എമ്മിനോട്‌ കോണ്‍ഗ്രസ്‌ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമത വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസ്‌ വിടുന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കി യഥാര്‍ഥ കോണ്‍ഗ്രസിനു വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേയുള്ളൂവെന്ന്‌ പൊതുപരിപാടിയില്‍ പറയുകയും ചെയ്‌തു.

96ലെ പതിനൊന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മമത, ഭരണപക്ഷത്തിരിക്കെ പെട്രോള്‍ വില വര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി. 97ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന രാം വിലാസ്‌ പാസ്വാനും മമതയുടെ ചൂട്‌ അറിഞ്ഞതാണ്‌. റെയില്‍വേ ബജറ്റില്‍ ബംഗാളിനെ തഴഞ്ഞുവെന്നാരോപിച്ച്‌ പാസ്വാന്റെ നേര്‍ക്ക്‌ തന്റെ ഷാള്‍ വലിച്ചെറിഞ്ഞാണ്‌ മമത പ്രതിഷേധം അറിയിച്ചത്‌. തുടര്‍ന്ന്‌ രാജി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍, സ്‌പീക്കര്‍ പി എ സാംഗ്‌മ രാജി സ്വീകരിക്കാന്‍ തയ്യാറായില്ല.

97ല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്തുവന്ന മമത ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ച്‌ പ്രവര്‍ത്തനം ബംഗാളില്‍ വ്യാപിപ്പിച്ചു. വളരെ വൈകാതെ തൃണമൂല്‍ ബംഗാളിലെ മുഖ്യ പ്രതിപക്ഷമായി. അവസരങ്ങള്‍ക്കൊത്ത്‌ സഖ്യങ്ങളിലും മാറ്റം വരുത്തിയായിരുന്നു പിന്നീട്‌ മമതയുടെ യാത്ര. 99ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഘടകക്ഷിയായി നിലകൊണ്ട മമത ജയിച്ചുകയറിയപ്പോള്‍ ആദ്യമായി റെയില്‍വേ മന്ത്രിയുമായി. ബംഗാളിന്‌ വാരിക്കോരി നല്‍കിക്കൊണ്ട്‌ തന്നെയായിരുന്നു 2000ത്തിലെ മമതയുടെ ആദ്യ റെയില്‍വേ ബജറ്റും.
അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നിലെത്തിയതോടെ എന്‍ ഡി എയോട്‌ വിട പറഞ്ഞ്‌ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചു. കോണ്‍ഗ്രസ്‌- തൃണമൂല്‍ സഖ്യമാണ്‌ 2001ലെ പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ബി ജെ പിയുമായി സഖ്യത്തിലെത്തിയ മമത വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. 2004 ജനുവരിയില്‍ എന്‍ ഡി എ മന്ത്രിസഭയിലെത്തിയ മമതക്ക്‌ കല്‍ക്കരി, ഖനനം വകുപ്പുകളാണ്‌ ലഭിച്ചത്‌. 2004ലെ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനാണ്‌ ബംഗാള്‍ സാക്ഷ്യം വഹിച്ചത്‌. തൃണമൂല്‍- ബി ജെ പി സഖ്യം, കോണ്‍ഗ്രസ്‌ ഇടതുമുന്നണി എന്നിവ മത്സരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം എന്ന പേരുമായാണ്‌ മമത അത്തവണ ലോക്‌സഭ കണ്ടത്‌. 42 സീറ്റുകളില്‍ 35 എണ്ണത്തിലും ഇടതുപക്ഷം വിജയിച്ചു. ആറെണ്ണം കോണ്‍ഗ്രസിന്‌ ലഭിച്ചു.

2004ലെ പൊതുതിരഞ്ഞെടുപ്പിന്‌ ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം തന്നെ വരുത്തി. ഒരു കരണത്തടിച്ചാല്‍ എതിരാളിയുടെ ഇരു കരണത്തും ആഞ്ഞടിക്കുക എന്നായി രീതി. അതിന്‌ മാവോയിസ്റ്റ്‌ സംഘടനകളുമായി രഹസ്യമായ ധാരണയിലെത്തിയതായും ഇടത്‌ കക്ഷികള്‍ ആരോപിക്കുന്നു. സംഘര്‍ഷാത്മകമായ രാഷ്‌ട്രീയത്തിനാണ്‌ അത്‌ വഴിതെളിച്ചത്‌. അവസരവാദ രാഷ്‌ട്രീയത്തിന്റെ മറയുമായി മമത കോണ്‍ഗ്രസുമായി അടുത്തത്‌ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ വരുന്നതോടെയാണ്‌.

ഇപ്പോഴില്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്ന്‌ ആവര്‍ത്തിച്ചാണ്‌ അന്ന്‌ തിരഞ്ഞെടുപ്പിനെ മമത നേരിടുന്നത്‌. എന്നാല്‍, സംസ്ഥാനത്ത്‌ കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ മമതക്കോ തൃണമൂലിനോ സാധിച്ചില്ല. ബംഗാളിലെ ജനങ്ങള്‍ അത്തവണയും ഇടതിനെ തുണച്ചപ്പോള്‍ മുപ്പത്‌ സീറ്റുമായി മമത ഇല്ലാത്ത പ്രതിപക്ഷത്തിരുന്നു.
വ്യവസായവത്‌കരണമാണ്‌ ബംഗാളില്‍ ഇനി വേണ്ടതെന്ന പിന്നീട്‌ അധികാരത്തിലെത്തിയ ബുദ്ധദേവ്‌ സര്‍ക്കാറിന്റെ തീരുമാനം മമതക്ക്‌ തുണയായി. ടാറ്റയുടെ ചെറു കാര്‍ നിര്‍മിക്കുന്നതിന്‌ സിംഗൂരിലെ കൃഷി ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധദേവും സി പി എമ്മും തീരുമാനിച്ചതോടെ ഇടതിന്റെ ശനിദശ തുടങ്ങി. അതിനെതിരെ ഉയര്‍ന്ന കര്‍ഷക രോഷത്തില്‍ തൃണമൂലും എസ്‌ യു സി ഐ, പാര്‍ട്ടി ഓഫ്‌ ഡെമോക്രാറ്റിക്‌ സോഷ്യലിസവും മാവോയിസ്റ്റുകളും സാമൂഹിക സംഘടനകളും കൈകോര്‍ത്തപ്പോള്‍ അതിന്റെ മുന്നണിപ്പോരാളിയായി മമത നിന്നു. ഏറ്റുമുട്ടലുകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഒടുവില്‍ കാര്‍ നിര്‍മാണ യൂനിറ്റ്‌ ടാറ്റ ഗുജറാത്തിലേക്ക്‌ മാറ്റി.

ഇതിനിടെ ജക്കാര്‍ത്തയിലെ സലീം ഗ്രൂപ്പിന്‌ കെമിക്കല്‍ ഹബ്ബ്‌ നിര്‍മിക്കാന്‍ നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു. സിംഗൂരിലെ അതേ വീര്യവുമായി മമത നന്ദിഗ്രാമിലേക്ക്‌ കുതിച്ചു. അവിടെ സി പി എം മമതയെ കാത്തുനിന്നു.
സിംഗൂരില്‍ നടന്നതിനേക്കാളും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക്‌ നന്ദിഗ്രാം വേദിയായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു. കെമിക്കല്‍ ഹബ്ബിന്‌ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ച്‌ സര്‍ക്കാര്‍ തടിയൂരി.

സിംഗൂരും നന്ദിഗ്രാമും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി മമതക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതോടെ ഇടതുവിരുദ്ധ മുന്നണിക്ക്‌ 1977നു ശേഷം ചരിത്രത്തില്‍ ഏറ്റവുമധികം സീറ്റ്‌ ലഭിച്ച തിരഞ്ഞെടുപ്പായി 2009ലെ പൊതുതിരഞ്ഞെടുപ്പ്‌ മാറി.
ഒന്‍പത്‌ സീറ്റുകള്‍ സി പി എം നേടിയപ്പോള്‍ പത്തൊന്‍പത്‌ സീറ്റാണ്‌ തൃണമൂല്‍ വാരിക്കൂട്ടിയത്‌. 84ലെ ഇന്ദിരാ സഹതാപ തരംഗത്തേപ്പോലും അത്‌ കടത്തിവെട്ടി. അന്ന്‌ ഇടത്‌വിരുദ്ധ കക്ഷികള്‍ക്ക്‌ ലഭിച്ചത്‌ പതിനാറ്‌ സീറ്റായിരുന്നു.
ഏഴാം തവണയും ലോക്‌സഭയിലെത്തുകയും രണ്ടാം തവണയും റെയില്‍വേ മന്ത്രിയാകുകയും ചെയ്‌ത മമത, ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നുണ്ട്‌. ഇടതിനെ തകര്‍ത്ത്‌ കോണ്‍ഗ്രസ്‌- തൃണമൂല്‍ സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ തന്റെ ചിരകാല അഭിലാഷമായ ബംഗാള്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ മമത എത്താതിരിക്കില്ല.

Read More......

2011-02-27

തീവ്രവാദത്തിന്‌ ഒരു കടല്‍ ഭാഷ്യം



2011 ഫെബ്രുവരി എട്ട്‌: ഇന്ത്യന്‍ തീരത്ത്‌ നിന്ന്‌ എണ്ണൂറ്‌ കിലോമീറ്റര്‍ അകലെ വെച്ച്‌ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ സവിന കാലിന്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. പതിനേഴ്‌ ഇന്ത്യക്കാരും അഞ്ച്‌ ഇറ്റലിക്കാരും ഉള്‍പ്പെടുന്ന കപ്പല്‍ തൊഴിലാളികളെ ബന്ദികളാക്കി.

ഫെബ്രുവരി ആറ്‌: ലക്ഷദ്വീപിന്‌ 160 കിലോമീറ്റര്‍ പടിഞ്ഞാറ്‌ ഭാഗത്തുവെച്ച്‌ കടല്‍ക്കൊള്ളക്കാര്‍ ഗ്രീക്ക്‌ ചരക്ക്‌ കപ്പലിനെ ആക്രമിക്കാന്‍ നടത്തിയ ശ്രമം ഇന്ത്യന്‍ നാവികസേനയും തീരദേശസേനയും നടത്തിയ സംയുക്ത ആക്രമണത്തില്‍ പരാജയപ്പെടുത്തി. 28 കടല്‍ക്കൊള്ളക്കാരെ നാവിക സേന പിടികൂടി.

ജനുവരി എട്ട്‌: ലക്ഷദ്വീപിന്‌ സമീപത്ത്‌ വെച്ച്‌ നാവിക സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്ത്‌ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. തായ്‌ലാന്‍ഡിലെയും മ്യാന്‍മാറിലെയും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി എന്നത്തേക്കാളുമുപരിയായി പ്രക്ഷുബ്‌ധമായിക്കൊണ്ടിരിക്കുന്നു. അറബിക്കടല്‍ ശാന്തമായിരിക്കുന്ന മാര്‍ച്ച്‌- ഏപ്രില്‍ കാലയളവില്‍ ഇനി ഉയരുക കടല്‍ക്കൊള്ളക്കാരുടെ ശബ്‌ദമായിരിക്കും. ഇന്ത്യന്‍ നാവികസേനയും തീരദേശസേനയും നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയായി കടല്‍ക്കൊള്ള മാറിയിരിക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷം മാത്രം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയത്‌ 1,181 പേരെയാണെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. വന്‍ തുകകള്‍ നല്‍കി ഇതില്‍ പകുതിയും മോചിതരായി. കൊള്ളക്കാരുടെ ആവശ്യങ്ങള്‍ നിരാകരിച്ച്‌ എതിര്‍പ്പ്‌ രേഖപ്പെടുത്തിയ പലരും മരണത്തെ വരിച്ചു. ശേഷിക്കുന്നവരെ പിടിച്ചെടുത്ത കപ്പലുകളിലെ തടവറകളിലും കൊള്ളക്കാരുടെ അടിമപ്പണിക്കും ഉപയോഗിക്കുന്നു. ഈ വര്‍ഷം രണ്ട്‌ മാസം പിന്നിടുന്നതിനിടെ വിവിധ ഭാഗങ്ങളിലായി 58 ആക്രമണങ്ങളാണ്‌ കടല്‍ക്കൊള്ളക്കാര്‍ നടത്തിയത്‌. അതില്‍ ഭൂരിഭാഗവും വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചില്ലെങ്കിലും പത്തില്‍ ചുവടെ എണ്ണത്തില്‍ വളരെ ഫലപ്രദമായി തന്നെ അവര്‍ വിജയം കണ്ടിട്ടുണ്ട്‌. 169 കപ്പല്‍ ജീവനക്കാരെ രണ്ട്‌ മാസത്തിനുള്ളില്‍ തടവിലാക്കാനും ഇവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളിലാണ്‌ സൊമാലിയന്‍ കടല്‍ക്കൊള്ള വ്യാപകമായി തുടങ്ങിയത്‌. വിജയകരം എന്നു പറയാവുന്ന 219 ആക്രമണങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം ഇവര്‍ നടത്തിയത്‌. 2005-ല്‍ ഇത്‌ വെറും 35 ആണെന്ന്‌ പറയുമ്പോള്‍ ഇപ്പോഴത്തേതിന്റെ രൂക്ഷത മനസ്സിലാക്കാം. പിടികൂടിയ ചരക്ക്‌ കപ്പലുകളിലെ തൊഴിലാളികളെ മോചിപ്പിക്കാന്‍ ചെലവഴിച്ച തുകകള്‍ തമ്മിലുള്ള അന്തരവും വന്‍തോതില്‍ വര്‍ധിച്ചുവന്നു. 238 ദശലക്ഷം ഡോളര്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇതിനായി ചെലവഴിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അഞ്ച്‌ വര്‍ഷം മുമ്പ്‌ 2005-ല്‍ ഒന്നര ലക്ഷം ഡോളറായിരുന്നു ഇതിനായി ചെലവഴിച്ചത്‌. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യജമാനന്മാരായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മാറിയിരിക്കുന്നുവെന്നാണ്‌ ഫ്രാന്‍സിലെ മുന്‍ മന്ത്രിയായ ജാക്ക്‌ ലാംഗ്‌ ഐക്യരാഷ്‌ട്രസഭ രക്ഷാ സമിതിയില്‍ പറഞ്ഞത്‌. കടല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളില്‍ യു എന്നിന്‌ വിദഗ്‌ധ ഉപദേശം നല്‍കുന്നയാളാണ്‌ ജാക്ക്‌ ലാംഗ്‌. അഞ്ഞൂറ്‌ മുതല്‍ എഴുന്നൂറ്‌ കോടി വരെ ഡോളറാണ്‌ നിലവില്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ പോരാടാന്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്‌.
സേനയെ അലട്ടുന്ന തീവ്രവാദം
കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം രാജ്യത്തെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ച്‌ പതിനാല്‌ തവണയാണ്‌ ആക്രമണം നടന്നത്‌. ആക്രമണത്തിന്‌ ഉപരിയായി അവര്‍ക്കുള്ള തീവ്രവാദ ബന്ധമാണ്‌ നാവികസേനയെ അലട്ടുന്നത്‌. അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവര്‍ക്ക്‌ പിന്തുണ നല്‍കുന്നുണ്ടോയെന്നും സേന ഭയക്കുന്നു. അല്‍ഖാഇദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അല്‍ ശബാബ്‌ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമാണെന്നത്‌ സേനയുടെ സംശയങ്ങള്‍ ശരിവെക്കുന്നുണ്ട്‌. ഇക്കാര്യങ്ങള്‍ പ്രത്യേക സ്‌ക്വാഡ്‌ രൂപവത്‌കരിച്ച്‌ അന്വേഷിച്ചുവരികയാണ്‌. മാലിദ്വീപ്‌, മൗറീഷ്യസ്‌, സെയ്‌ഷെല്‍സ്‌ എന്നിവിടങ്ങളിലേക്കും കടല്‍ക്കൊള്ളക്കാര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്‌. ലക്ഷദ്വീപ്‌ സമൂഹം ഇതിനു സമീപത്തായാണ്‌ സ്ഥിതി ചെയ്യുന്നതെന്നതെന്നത്‌ കടല്‍ക്കൊള്ളക്കാരുടെ ഇത്തരം നീക്കങ്ങള്‍ സേനയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതായി സേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റാലിയന്‍ എണ്ണക്കപ്പലായ സവിന കാലിന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതിനു പിന്നാലെ സമുദ്രാതിര്‍ത്തിയില്‍ സേനാ സാന്നിധ്യം ശക്തമാക്കുമെന്ന്‌ പ്രതിരോധ മന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളം, തമിഴ്‌നാട്‌, ലക്ഷദ്വീപ്‌ തീരങ്ങളില്‍ തീരദേശ സേനയുടെയും നാവിക സേനയുടെയും സാന്നിധ്യം ശക്തമാക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്‌തു. 36 ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന ലക്ഷദ്വീപ്‌ ദ്വീപസമൂഹത്തില്‍ പത്തെണ്ണത്തില്‍ മാത്രമാണ്‌ ജനവാസമുള്ളത്‌. ഇതിലുള്ള ഒറ്റപ്പെട്ട ദ്വീപുകള്‍ കടല്‍ക്കൊള്ളക്കാര്‍ സുരക്ഷിത താവളമാക്കാനുള്ള സാധ്യതയും ബന്ധപ്പെട്ടവര്‍ തള്ളിക്കളയുന്നില്ല.

ചരക്ക്‌ ഗതാഗതം പാളുന്നു
ലക്ഷദ്വീപിനോട്‌ ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കടല്‍ക്കൊള്ള വ്യാപകമായത്‌ ഇതുവഴിയുള്ള ചരക്ക്‌ ഗതാഗതത്തിന്റെ ചെലവും ഇരട്ടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്‌. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമല്ലെന്ന്‌ പല കമ്പനികളും വിലയിരുത്തിക്കഴിഞ്ഞു. ചരക്ക്‌ ഗതാഗതത്തിന്‌ നിലവില്‍ നല്‍കേണ്ട തുകയേക്കാള്‍ കൂടുതല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്ക്‌ നല്‍കേണ്ടിവരുന്നുണ്ടെന്നും അത്‌ ഉപഭോക്താക്കളെ ബാധിക്കുമെന്നും ഇന്ത്യന്‍ നാഷനല്‍ ഷിപ്പ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ സി ഇ ഒ അനില്‍ ദേവ്‌ലി പറയുന്നു. കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട്‌ കപ്പല്‍, വാണിജ്യ മന്ത്രാലയത്തിനും നാവികസേനക്കും കത്ത്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയില്‍ കൂടി കപ്പല്‍ പോകേണ്ടതുണ്ടെങ്കില്‍ അധിക തുക ഇന്‍ഷ്വറന്‍സ്‌ കമ്പനിക്ക്‌ നല്‍കേണ്ടിവരും. കപ്പലിനെയും അതിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ വന്‍ തുക ചെലവഴിക്കേണ്ടിവരുമെന്ന്‌ അനില്‍ ദേവ്‌ലി സാക്ഷ്യപ്പെടുത്തുന്നു. വന്‍ തുകയാണ്‌ കപ്പല്‍ മോചിപ്പിക്കാന്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുക. ക്രൂഡ്‌ ഓയില്‍, പെട്രോളിയം ഉത്‌പന്നങ്ങള്‍ തുടങ്ങിയവയുമായി പോകുന്ന കപ്പലുകളാണ്‌ കൊള്ളക്കാരുടെ പിടിയിലാകുന്നതെങ്കില്‍ മോചനദ്രവ്യത്തിന്റെ അളവ്‌ കൂടുമെന്നും ദേവ്‌ലി പറയുന്നു. കപ്പലില്‍ നിന്ന്‌ എണ്ണ കടലില്‍ ചോരുകയാണെങ്കില്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനി നല്‍കേണ്ട നഷ്‌ടപരിഹാരം അത്രയധികമായിരിക്കുമെന്ന്‌ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്‌ മോചനദ്രവ്യത്തിന്റെ ഗ്രാഫ്‌ കുത്തനെ ഉയര്‍ത്തുന്നതും.

എന്തുകൊണ്ട്‌ സൊമാലിയ?
ആഫ്രിക്കയുടെ കൊമ്പ്‌. അങ്ങനെയാണ്‌ സൊമാലിയയെ ലോകരാജ്യങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ ഇന്ന്‌ അറിയപ്പെടുന്നത്‌ കടല്‍ക്കൊള്ളയുടെ പേരിലാണ്‌. ഏകാധിപതിയായിരുന്ന മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ്‌ ബാരെ (1969 - 1991) പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ സൊമാലിയയുടെ പ്രസിഡന്റ്‌ പദത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടത്‌ മുതല്‍ ഏകീകൃതമായ ഒരു സര്‍ക്കാറോ ഭരണകൂടമോ ഇല്ലാതെ ഭൂപടത്തില്‍ മാത്രം ഒതുങ്ങിയ രാജ്യമായി സൊമാലിയ മാറിയിരിക്കുന്നു. സൊമാലിയയുടെ ഭാഗമായ ഭൂപ്രദേശങ്ങള്‍ ബ്രിട്ടന്റെയും ഇറ്റലിയുടെയും കീഴിലായിരുന്നു. ഈ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത്‌ 1960 ജൂലൈ ഒന്നിനാണ്‌ റിപ്പബ്ലിക്‌ ഓഫ്‌ സൊമാലിയ രൂപവത്‌കരിക്കുന്നത്‌. 1969-ല്‍ സര്‍ക്കാറിനെ അട്ടിമറിച്ചാണ്‌ സൈനിക തലവനായ സിയാദ്‌ ബാരെ അധികാരത്തിലെത്തുന്നത്‌. വിവിധ ഗോത്രങ്ങളുടെ സംയുക്ത സേന അടങ്ങിയ യുനൈറ്റഡ്‌ സൊമാലി കോണ്‍ഗ്രസ്‌ അധികാരം പിടിച്ചെടുത്തെങ്കിലും ഗോത്രങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ആഭ്യന്തര യുദ്ധത്തിലേക്ക്‌ സൊമാലിയയെ നയിച്ചു. ഓരോ ഗോത്രങ്ങളുടെയും കീഴില്‍ ഇപ്പോള്‍ സ്വതന്ത്ര രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ബാരെയുടെ ഭരണ കാലയളവില്‍ രാജ്യത്തെ മത്സ്യമേഖലയുടെ വികസനത്തിനു വേണ്ടി ഡെന്മാര്‍ക്ക്‌, ബ്രിട്ടന്‍, ജപ്പാന്‍, സ്വീഡന്‍, യു എസ്‌ എസ്‌ ആര്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍ തുക നല്‍കിയിരുന്നു. സഹായധനം മത്സ്യമേഖലയെ പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്‌തു. ബാരെ ഭരണത്തിന്റെ തകര്‍ച്ചയോടെ സൊമാലിയ ആഭ്യന്തര യുദ്ധത്തിലേക്ക്‌ നീങ്ങിയതോടെ ദാരിദ്ര്യവും വിശപ്പും കുറ്റകൃത്യങ്ങള്‍ക്ക്‌ കാരണമാകുമെന്ന പഴമൊഴി ഇവിടെയും യാഥാര്‍ഥ്യമായി. പ്രത്യേക തീരസംരക്ഷണ സേനയുടെയും ഫലപ്രദമായ നിയമത്തിന്റെയും അഭാവം മുതലെടുത്ത്‌ വിദേശ രാജ്യങ്ങള്‍ സൊമാലിയയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുകയും വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്‌തത്‌ പൊതുവെ ദരിദ്ര രാജ്യങ്ങളിലൊന്നായ സൊമാലിയയിലെ മത്സ്യത്തൊഴിലാളികളെ പിടിച്ചുലച്ചു. യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ ആണവ മാലിന്യങ്ങളുള്‍പ്പെടെയുള്ളവ സൊമാലിയന്‍ തീരത്ത്‌ കൊണ്ടുതള്ളിയിട്ടുണ്ടെന്ന്‌ യു എന്‍ ദൂതന്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. 2010-ലെ യു എന്‍ കണക്കു പ്രകാരം 93 ലക്ഷം ആളുകളാണ്‌ സൊമാലിയയിലുള്ളത്‌. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും യു എന്നിന്റെയും മറ്റും ഭക്ഷ്യ സഹായത്തിനായി കാത്തിരിക്കുന്നവര്‍. 73 ശതമാനം ജനങ്ങളുടെയും ദിവസ വരുമാനം കേവലം രണ്ട്‌ ഡോളറില്‍ താഴെയാണെന്ന്‌ ലോക ബേങ്ക്‌ പറയുന്നു. വടക്ക്‌ കിഴക്കന്‍ സൊമാലിയയിലെ പുന്തലാന്‍ഡ്‌ സ്വദേശികളായ ഭൂരിഭാഗം വരുന്ന കടല്‍ക്കൊള്ളക്കാരേറെയും 35 വയസ്സിന്‌ താഴെ പ്രായമുള്ളവരാണ്‌.

`അവര്‍ക്ക്‌ പണമുണ്ട്‌. അവര്‍ ഇന്ന്‌ പ്രമാണിമാരായി ജീവിക്കുന്നു. നല്ല വിവാഹാലോചനകള്‍ വരുന്നു. അവര്‍ വലിയ വീടുകളും കാറുകളും പുതിയ തോക്കുകളും വാങ്ങുന്നു'- സോമാലിയയിലെ ഗാരൂവിലെ അബ്‌ദി ഫറാഹ്‌ ജുഹയുടെ ഈ വാക്കുകളില്‍ രാജ്യത്തെ യുവാക്കളുടെ മുഴുവന്‍ മനസ്സും പ്രതിഷേധവും അടങ്ങിയിട്ടുണ്ട്‌.

അണിയറക്കഥകള്‍
കടല്‍ക്കൊള്ളയുടെ പിന്നാമ്പുറ കഥ തേടിപ്പോയാല്‍ അത്‌ വിദേശ രാജ്യങ്ങളുടെ (വിശിഷ്യാ പാശ്ചാത്യ രാജ്യങ്ങളുടെ) സാമ്പത്തികവും രാഷ്‌ട്രീയവുമായ താത്‌പര്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ വ്യക്തമാകും. ഏദന്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തുന്ന ഓരോ ആക്രമണവും, ലണ്ടനിലുള്ള സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന്‌ യൂറോപ്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ഉദ്ധരിച്ചുകൊണ്ട്‌ സ്‌പാനിഷ്‌ റേഡിയോ ഈയിടെ പുറത്തുവിട്ട വാര്‍ത്ത ഇത്‌ സാധൂകരിക്കുന്നു. കടല്‍ക്കൊള്ളക്കാര്‍ എടുക്കുന്ന ഏതൊരു തീരുമാനത്തിനു പിന്നിലും ലണ്ടന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിന്‌ വ്യക്തമായ പങ്കുണ്ടെന്നും കൊള്ളക്കാരുമായി അവര്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നുമായിരുന്നു ആ റിപ്പോര്‍ട്ട്‌.

കടല്‍ക്കൊള്ളക്കാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കുന്നതുള്‍പ്പെടെ കൊള്ളക്കാര്‍ക്ക്‌ സ്വാധീനമുള്ള മേഖലയിലൂടെ വരുന്ന കപ്പല്‍ യാത്രകളുടെ സമയക്രമം, അതിന്റെ മാര്‍ഗം, അതിലെ യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ലണ്ടനിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന്‌ നല്‍കുന്നതായുള്ള റിപ്പോര്‍ട്ടാണ്‌ അന്ന്‌ പുറത്തുവന്നത്‌. ഇക്കാലയളവില്‍ ബ്രിട്ടീഷ്‌ പതാകയുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണങ്ങള്‍ കുറഞ്ഞതും ഈ റിപ്പോര്‍ട്ടിനെ ന്യായീകരിക്കുന്നുണ്ട്‌.

പ്രതിരോധിക്കാന്‍ ലോകം ഒന്നിക്കുന്നു
മധ്യപൗരസ്‌ത്യ രാജ്യങ്ങളില്‍നിന്ന്‌ യൂറോപ്പിലേക്കും തെക്ക്‌ - വടക്ക്‌ അമേരിക്കയിലേക്കും എത്തിപ്പെടാനുള്ള എളുപ്പ മാര്‍ഗമാണ്‌ ഏദന്‍ കടലിടുക്ക്‌. പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം കപ്പലുകളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. ഗുഡ്‌ഹോപ്‌ മുനമ്പ്‌ ചുറ്റിയുള്ള യാത്ര കടല്‍ക്കൊള്ളയില്‍ നിന്ന്‌ സുരക്ഷിതത്വം നല്‍കുന്നുണ്ടെങ്കിലും അസാധാരണമായുണ്ടാകുന്ന തിരമാലകളും അധിക ദൂരവും കപ്പല്‍ കമ്പനികളെ അതില്‍നിന്ന്‌ പിന്‍വലിക്കുകയാണ്‌. കടല്‍ക്കൊള്ള പുതിയ ഉയരങ്ങള്‍ കീഴടക്കി റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നോട്ടുപോകുമ്പോള്‍ തന്നെ അതിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്‌. യു കെ, ഡെന്മാര്‍ക്ക്‌, നെതര്‍ലാന്‍ഡ്‌, ഫ്രാന്‍സ്‌, ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ ഇരുപതിലധികം രാജ്യങ്ങളുടെ നാവികസേനകള്‍ ഇതിനകം ഈ മേഖലയില്‍ പട്രോളിംഗ്‌ ശക്തമാക്കിയിട്ടുണ്ട്‌. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നാവികസേന `ഓപറേഷന്‍ അറ്റ്‌ലാന്റ' എന്ന പേരില്‍ കടല്‍ക്കൊള്ളക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്‌. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും കടല്‍ക്കൊള്ളക്കെതിരെ കൈകോര്‍ത്തിട്ടുണ്ട്‌. ഇന്ത്യന്‍ നാവികസേനയും തീരദേശ സംരക്ഷണ സേനയും സംയുക്തമായി ലക്ഷദ്വീപ്‌ തീരമേഖലയില്‍ ഓപ്പറേഷന്‍ ഐലന്‍ഡ്‌ വാച്ച്‌ ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. ഈ മുന്നേറ്റത്തിന്റെ ഭാഗമായാണ്‌ ലക്ഷദ്വീപില്‍നിന്ന്‌ 75 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച്‌ കൊള്ളക്കാരുടെ പ്രധാന കപ്പലായ പ്രാന്തലെയെ നാവിക സേന മുക്കുന്നത്‌. ബഹാമസില്‍ നിന്നുള്ള എം വി സി ജി എം വേര്‍ദി എന്ന ചരക്കുകപ്പല്‍ ആക്രമിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ കപ്പല്‍. തായ്‌ലാന്‍ഡില്‍ നിന്നും മ്യാന്‍മാറില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികള്‍ മാസങ്ങളായി കടല്‍ക്കൊള്ളക്കാരുടെ തടങ്കലില്‍ കഴിയുകയായിരുന്നു.

ഏദന്‍ കടലിടുക്കില്‍ വിവിധ രാജ്യങ്ങളുടെ നാവിക സേന സാന്നിധ്യം ശക്തമാക്കിയതോടെയാണ്‌ സൊമാലിയയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച്‌ കൊള്ളക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തനം വ്യാപകമാക്കിയത്‌.
ലോകത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വവും രാഷ്‌ട്രീയ അനിശ്ചിതത്വവുമാണ്‌ കടല്‍ക്കൊള്ളക്കാരെ ഇന്നുകാണുന്ന സംഘടിത രൂപത്തിലേക്ക്‌ വളര്‍ത്തിയെടുത്തത്‌. ബന്ദികളാക്കിയ യു എസ്‌ പൗരന്മാരെ കടല്‍ക്കൊള്ളക്കാര്‍ വെടിവെച്ചിട്ടതാണ്‌ അവസാനം വന്ന വാര്‍ത്ത. തടവുകാരെ പണം വാങ്ങി മോചിപ്പിക്കാറുള്ള കൊള്ളക്കാര്‍ ഒടുവില്‍ അവരെ കൊലപ്പെടുത്തിയും നീലക്കടലില്‍ തങ്ങളെ വെല്ലാനാരുമില്ലെന്ന്‌ വീണ്ടും ഉറക്കെ പ്രഖ്യാപിക്കുന്നു. യു എസ്‌ നാവിക സേന നടത്താന്‍ പോകുന്ന ആക്രമണത്തെ പ്രതിരോധിക്കാനാണ്‌ ഇവരെ കൊലപ്പെടുത്തിയതെന്നാണ്‌ കടല്‍ക്കൊള്ളക്കാരുടെ വാദം. ഇക്കാര്യം സേന നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഭീകരവാദത്തെയും തീവ്രവാദത്തെയും ഉന്മൂലനം ചെയ്യുന്നതിന്‌ നിരന്തരം ആഹ്വാനം ചെയ്യുന്ന വന്‍ശക്തിയായ അമേരിക്ക പോലും കടലിലെ ഈ കൊള്ളക്കു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമോ അതോ പ്രശ്‌ന പരിഹാരത്തിന്‌ മുന്‍കൈയെടുക്കാന്‍ തയ്യാറാകുമോ എന്നാണ്‌ ലോകത്താകെയുള്ള സമാധാനകാംക്ഷികള്‍ കാതോര്‍ത്തുകൊണ്ടിരിക്കുന്നത്‌.

Read More......

2011-01-06

സ്‌നേഹ മരുന്നായ്‌ ജീവത്‌ സ്‌പര്‍ശം


സ്‌ത്രീശാക്തീകരണത്തിലൂടെ ഒരുമയുടെയും സാഹോദര്യത്തിന്റെയും ഉയരങ്ങളിലേക്ക്‌ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തുടങ്ങിയ സ്‌പര്‍ശം പദ്ധതി പ്രതീക്ഷയുടെ പുതിയ വെളിച്ചമായി മാറുന്നു. നിശ്ശബ്‌ദമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ എങ്ങനെ മാറ്റാം എന്നതിന്റെ വ്യക്തമായ ചിത്രം വരച്ചുകാട്ടിക്കൊണ്ടാണ്‌ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിയ പദ്ധതി അത്ഭുതാവഹമായ മുന്നേറ്റം കാഴ്‌ചവെക്കുന്നത്‌. വര്‍ഗീയ കലാപങ്ങള്‍ മുറിവേല്‍പ്പിച്ച മാറാട്‌ കടപ്പുറത്ത്‌ കുടുംബശ്രീ മിഷന്‍, ബേപ്പൂര്‍ ഗ്രാമ പഞ്ചായത്ത്‌ എന്നിവയുടെ സേവനങ്ങള്‍ സമന്വയിപ്പിച്ചും അതോടൊപ്പം സ്വകാര്യ സംരഭകരെ പങ്കാളികളാക്കിയുമാണ്‌ സ്‌പര്‍ശം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രോജക്‌ട്‌ ഓഫ്‌ സസ്റ്റെയിനബിള്‍ പോവര്‍ട്ടി അലിവേഷന്‍ ആന്‍ഡ്‌ റിഫര്‍മേഷന്‍ ഓഫ്‌ സീബെല്‍റ്റ്‌ ഏരിയ ഓഫ്‌ മാറാട്‌ (SPARSAM) ജില്ലാ ഭരണകൂടം നടപ്പിലാക്കിയത്‌. രണ്ട്‌ കലാപങ്ങള്‍ മനസ്സിനേല്‍പ്പിച്ച മുറിവുകളുമായി രണ്ട്‌ ധ്രുവങ്ങളിലായിപ്പോയവരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കൊണ്ടുവന്ന പല ഉദ്യമങ്ങളുടെയും അവസാനം സ്‌പര്‍ശം വളരെയേറെ ഫലം കണ്ടിരിക്കുന്നു. പൊതുവെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കടലോര പ്രദേശത്തെ ഇരു സമുദായത്തില്‍പ്പെട്ടവരെ ഒരു തൊഴില്‍ശാലയില്‍ അണിനിരത്തി സാമ്പത്തിക ഭദ്രത ഉറപ്പ്‌ വരുത്തുന്നതിനൊപ്പം അവരില്‍ പാരസ്‌പര്യത്തിന്റെ സംഘബോധവും വളര്‍ത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്‌. ഒരു വ്യവസായ സംരഭം എന്നതിനുപരിയായി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങളാണ്‌ ഇവിടെ തുറക്കപ്പെടുന്നത്‌.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ഒരു പ്രദേശം അകറ്റിനിര്‍ത്തപ്പെടുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിച്ച്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ അത്‌ ഇടയാക്കുന്ന എന്ന തിരിച്ചറിവില്‍ നിന്നാണ്‌ സ്‌പര്‍ശത്തിന്റെ തുടക്കമെന്ന്‌ പദ്ധതി ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുന്നതില്‍ മുന്നില്‍ നിന്ന്‌ നയിച്ച കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍ കൂടിയായ ഡോ. പി ബി സലീം പറയുന്നു. സര്‍ക്കാറിന്റെ ഏതൊരു നടപടിയെയും സംശയത്തിന്റെ നിഴലില്‍ മാത്രം കണ്ട പ്രദേശവാസികളുടെ വിശ്വാസ്യത നേടിയാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. 2009 ഡിസംബറില്‍ മാറാട്‌ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ സ്‌പര്‍ശം തൊഴില്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച്‌ അംഗീകാരം നേടിയെടുത്തു. മാറാട്‌ പ്രദേശം കൂടി ഉള്‍പ്പെടുന്ന ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എം എല്‍ എയായ വ്യവസായ മന്ത്രി എളമരം കരീമിന്റഎ നിര്‍ദേശങ്ങളും ഇതില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്‌.

സ്വകാര്യ സംരഭകരുടെ പൂര്‍ണ സഹകരണത്തോടെയാണ്‌ സ്‌പര്‍ശം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്‌. വി കെ സി ചപ്പല്‍സിന്റെ സഹായത്തോടെ ചെരുപ്പിന്റെ മുകള്‍ ഭാഗം നിര്‍മിക്കുന്ന യൂനിറ്റ്‌, തഹന്‍ക്ക സ്റ്റീല്‍സിന്റെ സഹായത്തോടെ ഇലക്‌ട്രിക്‌ വയറുകളില്‍ നിന്ന്‌ ലോഹ ഭാഗങ്ങള്‍ വേര്‍തിരിക്കുന്ന സ്‌ക്രാപ്‌ യൂനിറ്റ്‌, കാലിക്കറ്റ്‌ പീസ്‌ ഗുഡ്‌സ്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷനുമായി ചേര്‍ന്ന്‌ നടപ്പാക്കിയ വസ്‌ത്ര നിര്‍മാണ യൂനിറ്റ്‌, ഫറോക്കിലെ സ്‌നേഹ സ്‌പര്‍ശത്തിന്റെ നോട്ട്‌ ബുക്ക്‌ ബൈന്‍ഡിംഗ്‌ യൂനിറ്റ്‌, ഒലീനയുടെ കൂണ്‍- അലങ്കാര മത്സ്യ കൃഷി വളര്‍ത്തല്‍ എന്നിവയാണ്‌ ഇവിടെ യാഥാര്‍ഥ്യമായത്‌. അഞ്ച്‌ യൂനിറ്റുകളിലായി അമ്പത്‌ പേര്‍ വീതം 250 സ്‌ത്രീകള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി തുടങ്ങിയത്‌. ഇവിടെ നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ തൊഴിലാളികളോ അവരുടെ സഹായികളോ വിപണി കണ്ടെത്തേണ്ടതില്ല എന്ന പ്രത്യേകതയും പദ്ധതിയിലൂടെ സാക്ഷാത്‌കരിക്കപ്പെടുന്നുണ്ട്‌. അഞ്ച്‌ യൂനിറ്റുകളിലായി നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ ഓരോ ആഴ്‌ചയും അതത്‌ കമ്പനികള്‍ ഏറ്റെടുക്കുന്ന രീതിയിലാണ്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഓരോ യൂനിറ്റിന്റെയും ജോലി ഭദ്രതയും സാമ്പത്തിക ഭദ്രതയും ഉറപ്പ്‌ വരുത്തുന്നതിനായി ഉത്‌പന്നങ്ങള്‍ സ്വകാര്യ സംരംഭകര്‍ തന്നെ ഏറ്റെടുക്കാന്‍ തയ്യാറായ യൂനിറ്റുകളാണ്‌ ആദ്യഘട്ടമെന്ന നിലയില്‍ തുടങ്ങിയതും. സ്‌പോണ്‍സര്‍ ചെയ്‌ത ഏജന്‍സികള്‍ സ്വന്തം ചെലവില്‍ വിപണി കണ്ടെത്തിക്കൊള്ളുമെന്നത്‌ സ്‌ത്രീ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെയെങ്കിലും ആശ്വാസകരവുമാണ്‌.

കുടുംബശ്രീ യൂനിറ്റുകളായി രജിസ്റ്റര്‍ ചെയ്‌ത ഇവയോരോന്നിനും അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി എടുക്കുന്ന വായ്‌പയുടെ അമ്പത്‌ ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്‌. ശേഷിക്കുന്ന അമ്പത്‌ ശതമാനം സഹകരണ ബേങ്കില്‍ നിന്നുള്ള വായ്‌പയാണ്‌. സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റുകളുടെ മേല്‍നോട്ട ചുമതല നിലവില്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുന്ന കമ്മിറ്റിക്കാണ്‌. യൂനിറ്റുകള്‍ സ്വയംപര്യാപ്‌തത കൈവരിക്കുന്നതു വരെയായിരിക്കും ഇത്‌. മാറാട്‌ സ്‌പെഷ്യല്‍ ഓഫീസറുര്‍ കൂടിയായ സാബു ഏബ്രഹാമാണ്‌ സ്‌പര്‍ശം കോ ഓര്‍ഡിനേറ്റര്‍. ചെറുകിട വ്യവസായ സംരഭത്തിലുള്‍പ്പെടുത്തി (എസ്‌ എസ്‌ ഐ) വൈദ്യുതിയില്‍ ഇളവും ജില്ലാ ഭരണകൂടം നേടിക്കൊടുത്തിട്ടുണ്ട്‌.

ഒരുമിച്ച്‌ കഴിയാനുള്ള ചുറ്റുപാട്‌ സൃഷ്‌ടിക്കപ്പെട്ടതിനൊപ്പം ചെറുതെങ്കിലും ഒരു വരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഓരോ യൂനിറ്റിലെയും അംഗങ്ങള്‍ക്കിടയിലുണ്ട്‌. ഭര്‍ത്താവിന്റെ വരുമാനത്തിനൊപ്പം ചെറുതായെങ്കിലും സഹായിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷം ബൈന്‍ഡിംഗ്‌ യൂനിറ്റിലെ സൂപ്പര്‍വൈസറായ വിശാലവും യൂനിറ്റിലെ മറ്റ്‌ അംഗങ്ങളായ റഷീദയും സുമിനാസും മിനിയും മറച്ചുവെക്കുന്നില്ല. തുടക്കത്തില്‍ പദ്ധതിയോട്‌ വിമുഖത കാട്ടിയവരെല്ലാം ഇപ്പോള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട്‌ വന്നിട്ടുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. ജോലിയുടെ ലഭ്യതയനുസരിച്ചാണ്‌ വരുമാനം. ഇപ്പോള്‍ 75- 90 രൂപ വരെയാണ്‌ ലഭിക്കുന്നതെങ്കിലും കൂടുതല്‍ ജോലി വരുന്നതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. ഓഫ്‌സെറ്റ്‌ പ്രസ്‌ യൂനിറ്റില്‍ മാത്രം 55 തൊഴിലാളികളാണുള്ളത്‌. സ്ഥല പരിമിതി കാരണം രണ്ട്‌ ഷിഫ്‌റ്റുകളായി പ്രവര്‍ത്തിക്കാമെന്നുള്ള നിര്‍ദേശം മുന്നോട്ട്‌ വെച്ചെങ്കിലും അത്‌ വേണ്ടെന്ന നിലപാടിലാണ്‌ യൂനിറ്റംഗങ്ങള്‍.

വിവിധ സ്ഥാപനങ്ങളില്‍ നിന്ന്‌ തുണി വേണ്ട രൂപത്തില്‍ കട്ട്‌ ചെയ്‌ത്‌ കൊണ്ടുവന്നതിനു ശേഷം ഇവിടെ വെച്ച്‌ അടിച്ചെടുത്ത്‌ പാക്ക്‌ ചെയ്യുന്ന റെഡിമെയ്‌ഡ്‌ വസ്‌ത്ര നിര്‍മാണ യൂനിറ്റും മികച്ച രീതിയില്‍ തന്നെയാണ്‌ അതിന്റെ പ്രവര്‍ത്തനം തുടരുന്നത്‌. കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കിയ വായ്‌പ ഉപയോഗിച്ചാണ്‌ 41 ടൈലറിംഗ്‌ മെഷീനുകള്‍ വാങ്ങിയെടുത്തത്‌. 41 പേരാണ്‌ ഈ ടൈലറിംഗ്‌ യൂനിറ്റിലുള്ളത്‌. കോഴിക്കോട്‌ ചെറുവണ്ണൂരിലുള്ള എഫ്‌ ടി ഡി സിയില്‍ നിന്ന്‌ ഒരു മാസത്തെ പരിശീലനമാണ്‌ ഇവര്‍ക്ക്‌ നല്‍കിയത്‌. ശക്തമായ മത്സരം നേരിടുന്ന ടൈലറിംഗ്‌ യൂനിറ്റില്‍ വരുമാനത്തില്‍ കുറവ്‌ സംഭവിച്ചിട്ടുണ്ടെങ്കിലും വിദഗ്‌ധ പരിശീലനം നേടിയതിനു ശേഷം തുണി സ്വന്തമായി വാങ്ങി അടിക്കുന്ന രീതിയിലേക്ക്‌ കൂടി ഉയരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന്‌ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷിനയും റംസീനയും ഒരേ സ്വരത്തില്‍ പറയുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. സംസ്ഥാനത്ത്‌ കുടുംബശ്രീയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ചെറുകിട ടെയ്‌ലറിംഗ്‌ യൂനിറ്റുകളുടെ കണ്‍സോര്‍ഷ്യവുമായി ചേര്‍ന്ന്‌ വിദഗ്‌ധ പരിശീലനം നല്‍കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്‌. തോമസ്‌ ഐസക്കിന്റെ മണ്ഡലമായ മാരാരിക്കുളത്താണ്‌ ഇതിന്‌ തുടക്കമിട്ടത്‌. കോഴിക്കോട്‌ നടന്ന ഇതിന്റെ യോഗത്തില്‍ ഇത്തരത്തിലുള്ളവര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കാനും തീരുമാനമായിട്ടുണ്ട്‌. അതേസമയം തന്നെ സംസ്ഥാനതലത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ ടെയ്‌ലറിംഗ്‌ യൂനിറ്റുകളില്‍ സ്‌പര്‍ശവും ഉള്‍പ്പെട്ടതും ശ്രദ്ധേയമായി.

അബ്‌ദുല്‍ വഹാബ്‌ എം പിയുടെയും ഇ അഹമ്മദ്‌ എം പിയുടെയും പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മിച്ച കെട്ടിടത്തിലാണ്‌ ചെരുപ്പിന്റെ അപ്പര്‍ സ്റ്റിച്ചിംഗ്‌ നിര്‍മാണം നടക്കുന്നത്‌. കോഴിക്കോട്‌ ചെറുവണ്ണൂരിലുള്ള എഫ്‌ ടി ഡി സിയില്‍ ഒരുമാസത്തെ വിദഗ്‌ധ പരിശീലനം നല്‍കിയതിനുശേഷമാണ്‌ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്‌. ചെരുപ്പ്‌ നിര്‍മാതാക്കളായ വി കെ സിയുമായി ചേര്‍ന്നാണ്‌ ഈ യൂനിറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. നിലവില്‍ ഒരംഗത്തിന്‌ 2,200 രൂപയിലധികം വരുമാനം ലഭിക്കുന്ന തരത്തിലേക്ക്‌ യൂനിറ്റ്‌ ഉയര്‍ന്നിട്ടുണ്ട്‌. ഒരു ജോഡി ചെരുപ്പിന്റെ മേല്‍ഭാഗം സ്റ്റിച്ച്‌ ചെയ്യുന്നതിന്‌ 5.25 രൂപയാണ്‌ ലഭിക്കുന്നത്‌. സഹകരണ ബേങ്കില്‍ നിന്നെടുത്തിട്ടുള്ള വായ്‌പയുടെ തിരിച്ചടവ്‌ കഴിയുന്നതോടെ യൂനിറ്റ്‌ വികസിപ്പാക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന്‌ തൊഴിലാളികള്‍ പറയുന്നു.

കേരളത്തില്‍ ഇതിനകം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതി ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. സ്‌ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായ ഇത്തരം പദ്ധതികള്‍ ഉത്തരേന്ത്യയിലെ കലാപബാധിത പ്രദേശങ്ങളില്‍ നടപ്പാക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ സ്‌പര്‍ശം ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്ന ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി പറഞ്ഞതും ഇവിടെ എടുത്ത്‌ പറയേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ ധനസഹായമില്ലാതെ വിവിധ കമ്പനികളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നതെങ്കിലും പിന്നീട്‌ വ്യവസായ വകുപ്പിന്റെ വനിതാ സംരഭത്തിനായുള്ള ഫണ്ട്‌ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്‌. പദ്ധതിക്ക്‌ തുടക്കം കുറിക്കാനായി സന്നദ്ധ സംഘടനകളില്‍ നിന്ന്‌ പിരിച്ചെടുത്ത തുക പിന്നീട്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയായിരുന്നു. കൂടാതെ അമ്പത്‌ലക്ഷം രൂപയും ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട.്‌ രണ്ടാം ഘട്ടമെന്ന നിലയില്‍ കൂടുതല്‍ യൂനിറ്റുകള്‍ തുടങ്ങാനും ആഗ്രഹമുണ്ടെന്ന്‌ ജില്ലാ കലക്‌ടര്‍ പി ബി സലീം പറയുന്നു. ഇതു കൂടാതെ കോഴിക്കോട്‌ നഗരത്തിലെ ബംഗ്ലാദേശ്‌ കോളനി (ശാന്തിനഗര്‍ കോളനി)യിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കുന്നുണ്ട്‌. ഡിസംബര്‍ ആദ്യ പകുതിയില്‍ തന്നെ ഇത്‌ ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ രണ്ട്‌ പ്രദേശങ്ങളിലായി പലരും പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനായി ജില്ലാ ഭരണകൂടത്തെ ഇതിനകം സമീപിച്ചിട്ടുണ്ട്‌. ബൈന്‍ഡിംഗ്‌, ചെരുപ്പ്‌ നിര്‍മാണം എന്നിവക്കു പുറമെ ഭക്ഷ്യ സംസ്‌കരണം പോലുള്ള യൂനിറ്റുകളും തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌. മാറാട്‌ പദ്ധതി തുടങ്ങിയപ്പോഴുണ്ടായ ചില പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ചുകൊണ്ട്‌ പദ്ധതി വികസിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ ജില്ലാ ഭരണകൂടം. അതിനായി സംരഭകരെ പത്രങ്ങളിലൂടെ പരസ്യം നല്‍കി ക്ഷണിക്കാനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്‌.

`മാറാട്‌ ദുരന്തമുണ്ടായതിനു ശേഷം അവിടം സന്ദര്‍ശിച്ച എന്റെയരികില്‍ ഓടിയെത്തിയ നൂറുകണക്കിന്‌ സ്‌ത്രീകളുടെ മുഖങ്ങളില്‍ അരക്ഷിതബോധവും നിരാശയും ഭീതിയുമാണ്‌ നിഴലിച്ചിരുന്നത്‌. എന്നാല്‍, ഇന്നാവട്ടെ സുരക്ഷിതത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്‌മയുടെയും തിളക്കമായിരുന്നു ആ കണ്ണുകളില്‍ എനിക്ക്‌ ദര്‍ശിക്കുവാന്‍ കഴിഞ്ഞത്‌.' എന്ന്‌ സ്‌പര്‍ശം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ പറയുമ്പോള്‍ അതിലെല്ലാം അടങ്ങിയിരിക്കുന്നു.

(വ്യവസായ കേരളം മാസിക 2010 ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്‌)

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu