2011-03-22

വൈകോ മടയിലൊളിക്കുന്നു


1993 ഒക്‌ടോബര്‍ 13. ജയലളിത തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. ഡി എം കെ ജനറല്‍ സെക്രട്ടറി മുത്തുവേല്‍ കരുണാനിധി നടത്തിയ വെളിപ്പെടുത്തല്‍ കേട്ട്‌ തമിഴകം ഞെട്ടിവിറച്ചു. `എന്നെ എല്‍ ടി ടി ഇ ഇല്ലാതാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ വിവരം ലഭിച്ചിരിക്കുന്നു' - സംസ്ഥാന ചീഫ്‌ സെക്രട്ടറിയില്‍ നിന്ന്‌ ലഭിച്ചത്‌ എന്ന ആമുഖത്തോടെ കലൈഞ്‌ജര്‍ പറഞ്ഞു. ഡി എം കെയില്‍ വൈകോയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കലൈഞ്‌ജറെ വെട്ടിയൊതുക്കുകയായിരുന്നുവത്രെ പുലികളുടെ ലക്ഷ്യം.

തീപാറുന്ന പ്രസംഗങ്ങളിലൂടെ തമിഴ്‌ രാഷ്‌ട്രീയത്തെ വൈകോ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലമായിരുന്നു അത്‌. കരുണാനിധിക്കു ശേഷം വൈകോ ഡി എം കെയുടെ ചുക്കാന്‍ പിടിക്കുമെന്ന്‌ വിശ്വസിച്ചിരുന്ന കാലം. ഈ സമയത്താണ്‌ രണ്ടാം ഭാര്യ ദയാലു അമ്മാളിലുണ്ടായ രണ്ടാമത്തെ മകന്‍ എം കെ സ്റ്റാലിനെ അനന്തരാവകാശിയായി കലൈഞ്‌ജര്‍ കണ്ടെത്തിയത്‌. രക്തത്തിന്‌ വെള്ളത്തേക്കാള്‍ കട്ടി കൂടുതലാണെന്നാണല്ലോ? എന്നിട്ടും നേരെ മൂത്ത സഹോദരന്‍ അഴഗിരിക്കു പോലും ആ തീരുമാനം അത്ര പിടിച്ചിട്ടില്ല. അത്‌ അംഗീകരിക്കാന്‍ അഴഗിരി ഇതുവരെ തയ്യാറായിട്ടുമില്ല. പിന്നെങ്ങനെ വൈകോക്ക്‌ സ്വീകാര്യമാകും? വൈകോയും അനുയായികളും പാര്‍ട്ടിക്കുള്ളില്‍ ചെറിയ തോതില്‍ ഒച്ചവെച്ചു തുടങ്ങിയ കാലത്താണ്‌ കരുണാനിധിയുടെ മേല്‍പ്പറഞ്ഞ ഹൃദയഭേദകമായ വെളിപ്പെടുത്തല്‍. പുലിക്കുട്ടിയായിരുന്ന വൈകോയെ അതേവര്‍ഷം നവംബര്‍ പതിനൊന്നിന്‌ പൂച്ചക്കുട്ടിയെ പോലെ ചെവിക്കുപിടിച്ച്‌ കലൈഞ്‌ജര്‍ പുറത്താക്കി.

പുറത്താക്കപ്പെട്ട രാഷ്‌ട്രീയക്കാരൊന്നും അടങ്ങിയിരുന്ന ചരിത്രമില്ല. വൈകോ ചരിത്രം തിരുത്താന്‍ തുനിഞ്ഞുമില്ല. 1994ല്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴക (എം ഡി എം കെ) വുമായി വൈകോ രംഗത്തെത്തി. മറുമലര്‍ച്ചി എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ എന്ന്‌ അര്‍ഥം. കുരിശിലേറ്റിയ ക്രിസ്‌തു മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ്‌ ബൈബിള്‍ വചനം. ഇതുപോലൊരു തിരിച്ചുവരവ്‌ പേരിലെങ്കിലും ഇരിക്കട്ടെ എന്ന്‌ തോന്നിയെങ്കില്‍ അതില്‍ വൈകോയെ കുറ്റം പറയാനൊക്കില്ല.

ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ്‌ ജയലളിത മൈസുരില്‍ ജനിച്ച്‌ ചെന്നൈയിലേക്ക്‌ കുടിയേറിയാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. അതിനു സമാനമായി തെലുങ്ക്‌ സംസാരിക്കുന്ന കമ്മാ നായിഡു കുടുംബത്തിലാണ്‌ വൈകോയുടെ ജനനം. വൈയാപുരം ഗോപാല സ്വാമി. അതാണ്‌ യഥാര്‍ഥ നാമം. തമിഴര്‍ അങ്ങനെയാണ്‌. ഹൃദയത്തിലേറ്റി കഴിഞ്ഞാല്‍ പേരുകള്‍ ചുരുങ്ങും. അങ്ങനെ വി ഗോപാലസ്വാമി വൈകോയായി.

തമിഴ്‌ ഈഴത്തിന്‌ വാദിക്കുന്ന എല്‍ ടി ടി ഇക്കും വേലുപ്പിള്ള പ്രഭാകരനും വൈകോ അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌ ഈഴമെന്നത്‌ സ്വന്തം സ്വപ്‌നമായും കൊണ്ടുനടന്നു. ശ്രീലങ്കയില്‍ തമിഴ്‌ പുലികളും സൈന്യവും ശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കെ 1989ല്‍ അതീവ രഹസ്യമായി വൈകോ കടല്‍ കടന്ന്‌ വേലുപ്പിള്ള പ്രഭാകരനുമായി കൂടിക്കാഴ്‌ച നടത്തിയത്‌ വന്‍ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചു. അന്ന്‌ വൈകോ രാജ്യസഭാ എം പിയാണ്‌. കലൈഞ്‌ജര്‍ കരുണാനിധി തമിഴ്‌നാട്‌ മുഖ്യമന്ത്രിയും. വിവാദങ്ങളില്‍ നിന്ന്‌ ഒരുവിധത്തിലാണ്‌ കരുണാനിധി തലയൂരിയത്‌. 91ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട ശേഷം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ വീഡിയോ ചിത്രങ്ങളിലും വൈകോയും പുലിത്തലവനുമായുള്ള കൂടിക്കാഴ്‌ചകളുണ്ടായിരുന്നു. പ്രഭാകരനെ തലൈവരെന്ന്‌ വിളിച്ചപ്പോള്‍ വൈകോവിനെ അണ്ണ (സഹോദരന്‍)നായാണ്‌ പ്രഭാകരന്‍ തിരികെ വിശേഷിപ്പിച്ചത്‌. രാജീവ്‌ ഗാന്ധി വധത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വൈകോയെ പരാമര്‍ശിക്കുന്നുണ്ട്‌. രാജീവ്‌ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

ഡി എം കെയിലെ രണ്ടാമനായിരുന്ന വൈകോ 1978 മുതല്‍ 96 വരെ പതിനെട്ട്‌ വര്‍ഷം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്നു. ഡി എം കെ വിട്ട്‌ എം ഡി എം കെ രൂപവത്‌കരിച്ച ശേഷം നടന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യത്തിനും ഡി എം കെ- തമിഴ്‌ മനിലാ കോണ്‍ഗ്രസിനും എതിരായി സി പി എമ്മുമായി സഖ്യമുണ്ടാക്കിയായിരുന്നു വൈകോയുടെ പ്രവര്‍ത്തനം. എന്നാല്‍ കാര്യമായെന്നല്ല, വരവറിയിക്കാന്‍ തന്നെ വൈകോക്ക്‌ സാധിച്ചില്ല. പിന്നീട്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലൈവി കോണ്‍ഗ്രസ്‌ വിട്ട്‌ ബി ജെ പി പാളയത്തിലെത്തിയപ്പോള്‍ പട്ടാളി മക്കള്‍ കക്ഷിക്കൊപ്പം എം ഡി എം കെയും തലൈവിക്കൊപ്പം നിന്നു. കരുണാനിധിയോടുള്ള വിദ്വേഷം ഒന്നുമാത്രമായിരുന്നു ശത്രുപക്ഷത്തുണ്ടായിരുന്ന തലൈവിക്കൊപ്പം നില്‍ക്കാനുള്ള പ്രേരണ.

1999ലെ തിരഞ്ഞെടുപ്പില്‍ പതിമൂന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കുമെതിരെ എം ഡി എം കെ ഒറ്റക്ക്‌ ജനവിധി തേടിയെങ്കിലും ഒരിടത്ത്‌ പോലും വിജയിക്കാന്‍ സാധിച്ചില്ല. 2002ല്‍ എല്‍ ടി ടി ഇ അനുകൂല നിലപാട്‌ കൈക്കൊണ്ട വൈകോയെ പോട്ട നിയമപ്രകാരം ജയലളിത സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസിനൊപ്പം നിന്ന വൈകോ, യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ജയില്‍ മോചിതനായി. 2006ലെ തിരഞ്ഞെടുപ്പ്‌ അടുത്തതോടെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി പി എ സഖ്യം വിട്ട്‌ തലൈവിക്കൊപ്പം ചേര്‍ന്നു. അന്നും പുലികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വൈകോ തയ്യാറായിരുന്നില്ല. മൂന്ന്‌ സീറ്റ്‌ നേടിയാണ്‌ അന്ന്‌ വരവറിയിച്ചത്‌.

2008ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി വൈകോയെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നായിരുന്നു വൈകോയുടെ ആവശ്യം. അന്ന്‌ കരുണാനിധിയാണ്‌ മുഖ്യമന്ത്രി. വൈകോയുടെ അറസ്റ്റ്‌ രാഷ്‌ട്രീയ പകവീട്ടലാണെന്ന്‌ പറഞ്ഞ്‌ രംഗത്തെത്തിയത്‌ തലൈവി ജയലളിതയും. പിന്നീട്‌ കോടതി ഉത്തരവ്‌ പ്രകാരം ജയില്‍മോചിതനായി.

ഒടുവില്‍ വീണ്ടും തമിഴ്‌നാട്‌ തിരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ വരുമ്പോള്‍ വൈകോ പുറത്താണ്‌. തലൈവി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇരുപത്തൊന്ന്‌ സീറ്റില്‍ നിന്ന്‌ പിന്മാറാന്‍ വൈകോയും പന്ത്രണ്ടിനപ്പുറമില്ലെന്ന്‌ പുരട്‌ചി തലൈവിയും ഉറപ്പിച്ചപ്പോള്‍ വൈകോക്ക്‌ പിന്മാറേണ്ടി വന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ ത്രാണിയില്ല. മുന്നണികളിലൊന്നിനും പിന്തുണ പ്രഖ്യാപിക്കാനും സാധിക്കില്ല. പിന്നെ ഒരേയൊരു വഴി തന്ത്രപരമായ പിന്‍വാങ്ങലാണ്‌. പുലികളുടെ രീതി അതാണ്‌. അതുകൊണ്ടു തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം ഡി എം കെ മത്സരിക്കേണ്ടെന്ന്‌ വൈകോ തീരുമാനിച്ചു. മത്സരിക്കാതിരിക്കുന്നതിലും ഭേദം പന്ത്രണ്ട്‌ സീറ്റ്‌ സ്വീകരിക്കുന്നതാണെന്ന്‌ പാര്‍ലിമെന്ററി വ്യാമോഹികള്‍ ഉപദേശിച്ചുവെങ്കിലും ഫലിച്ചിട്ടില്ല. പത്രികാ സമര്‍പ്പണം അവസാനിക്കും വരെ മനസ്സ്‌ മാറാന്‍ സമയമുണ്ട്‌. പക്ഷേ, പുലികളുടെ മനംമാറ്റം അത്ര എളുപ്പമാകില്ല തന്നെ.

0 comments:

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu