2011-02-27

തീവ്രവാദത്തിന്‌ ഒരു കടല്‍ ഭാഷ്യം



2011 ഫെബ്രുവരി എട്ട്‌: ഇന്ത്യന്‍ തീരത്ത്‌ നിന്ന്‌ എണ്ണൂറ്‌ കിലോമീറ്റര്‍ അകലെ വെച്ച്‌ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ സവിന കാലിന്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. പതിനേഴ്‌ ഇന്ത്യക്കാരും അഞ്ച്‌ ഇറ്റലിക്കാരും ഉള്‍പ്പെടുന്ന കപ്പല്‍ തൊഴിലാളികളെ ബന്ദികളാക്കി.

ഫെബ്രുവരി ആറ്‌: ലക്ഷദ്വീപിന്‌ 160 കിലോമീറ്റര്‍ പടിഞ്ഞാറ്‌ ഭാഗത്തുവെച്ച്‌ കടല്‍ക്കൊള്ളക്കാര്‍ ഗ്രീക്ക്‌ ചരക്ക്‌ കപ്പലിനെ ആക്രമിക്കാന്‍ നടത്തിയ ശ്രമം ഇന്ത്യന്‍ നാവികസേനയും തീരദേശസേനയും നടത്തിയ സംയുക്ത ആക്രമണത്തില്‍ പരാജയപ്പെടുത്തി. 28 കടല്‍ക്കൊള്ളക്കാരെ നാവിക സേന പിടികൂടി.

ജനുവരി എട്ട്‌: ലക്ഷദ്വീപിന്‌ സമീപത്ത്‌ വെച്ച്‌ നാവിക സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്ത്‌ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. തായ്‌ലാന്‍ഡിലെയും മ്യാന്‍മാറിലെയും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി എന്നത്തേക്കാളുമുപരിയായി പ്രക്ഷുബ്‌ധമായിക്കൊണ്ടിരിക്കുന്നു. അറബിക്കടല്‍ ശാന്തമായിരിക്കുന്ന മാര്‍ച്ച്‌- ഏപ്രില്‍ കാലയളവില്‍ ഇനി ഉയരുക കടല്‍ക്കൊള്ളക്കാരുടെ ശബ്‌ദമായിരിക്കും. ഇന്ത്യന്‍ നാവികസേനയും തീരദേശസേനയും നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയായി കടല്‍ക്കൊള്ള മാറിയിരിക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷം മാത്രം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയത്‌ 1,181 പേരെയാണെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. വന്‍ തുകകള്‍ നല്‍കി ഇതില്‍ പകുതിയും മോചിതരായി. കൊള്ളക്കാരുടെ ആവശ്യങ്ങള്‍ നിരാകരിച്ച്‌ എതിര്‍പ്പ്‌ രേഖപ്പെടുത്തിയ പലരും മരണത്തെ വരിച്ചു. ശേഷിക്കുന്നവരെ പിടിച്ചെടുത്ത കപ്പലുകളിലെ തടവറകളിലും കൊള്ളക്കാരുടെ അടിമപ്പണിക്കും ഉപയോഗിക്കുന്നു. ഈ വര്‍ഷം രണ്ട്‌ മാസം പിന്നിടുന്നതിനിടെ വിവിധ ഭാഗങ്ങളിലായി 58 ആക്രമണങ്ങളാണ്‌ കടല്‍ക്കൊള്ളക്കാര്‍ നടത്തിയത്‌. അതില്‍ ഭൂരിഭാഗവും വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചില്ലെങ്കിലും പത്തില്‍ ചുവടെ എണ്ണത്തില്‍ വളരെ ഫലപ്രദമായി തന്നെ അവര്‍ വിജയം കണ്ടിട്ടുണ്ട്‌. 169 കപ്പല്‍ ജീവനക്കാരെ രണ്ട്‌ മാസത്തിനുള്ളില്‍ തടവിലാക്കാനും ഇവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളിലാണ്‌ സൊമാലിയന്‍ കടല്‍ക്കൊള്ള വ്യാപകമായി തുടങ്ങിയത്‌. വിജയകരം എന്നു പറയാവുന്ന 219 ആക്രമണങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം ഇവര്‍ നടത്തിയത്‌. 2005-ല്‍ ഇത്‌ വെറും 35 ആണെന്ന്‌ പറയുമ്പോള്‍ ഇപ്പോഴത്തേതിന്റെ രൂക്ഷത മനസ്സിലാക്കാം. പിടികൂടിയ ചരക്ക്‌ കപ്പലുകളിലെ തൊഴിലാളികളെ മോചിപ്പിക്കാന്‍ ചെലവഴിച്ച തുകകള്‍ തമ്മിലുള്ള അന്തരവും വന്‍തോതില്‍ വര്‍ധിച്ചുവന്നു. 238 ദശലക്ഷം ഡോളര്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇതിനായി ചെലവഴിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അഞ്ച്‌ വര്‍ഷം മുമ്പ്‌ 2005-ല്‍ ഒന്നര ലക്ഷം ഡോളറായിരുന്നു ഇതിനായി ചെലവഴിച്ചത്‌. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യജമാനന്മാരായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മാറിയിരിക്കുന്നുവെന്നാണ്‌ ഫ്രാന്‍സിലെ മുന്‍ മന്ത്രിയായ ജാക്ക്‌ ലാംഗ്‌ ഐക്യരാഷ്‌ട്രസഭ രക്ഷാ സമിതിയില്‍ പറഞ്ഞത്‌. കടല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളില്‍ യു എന്നിന്‌ വിദഗ്‌ധ ഉപദേശം നല്‍കുന്നയാളാണ്‌ ജാക്ക്‌ ലാംഗ്‌. അഞ്ഞൂറ്‌ മുതല്‍ എഴുന്നൂറ്‌ കോടി വരെ ഡോളറാണ്‌ നിലവില്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ പോരാടാന്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്‌.
സേനയെ അലട്ടുന്ന തീവ്രവാദം
കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം രാജ്യത്തെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ച്‌ പതിനാല്‌ തവണയാണ്‌ ആക്രമണം നടന്നത്‌. ആക്രമണത്തിന്‌ ഉപരിയായി അവര്‍ക്കുള്ള തീവ്രവാദ ബന്ധമാണ്‌ നാവികസേനയെ അലട്ടുന്നത്‌. അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവര്‍ക്ക്‌ പിന്തുണ നല്‍കുന്നുണ്ടോയെന്നും സേന ഭയക്കുന്നു. അല്‍ഖാഇദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അല്‍ ശബാബ്‌ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമാണെന്നത്‌ സേനയുടെ സംശയങ്ങള്‍ ശരിവെക്കുന്നുണ്ട്‌. ഇക്കാര്യങ്ങള്‍ പ്രത്യേക സ്‌ക്വാഡ്‌ രൂപവത്‌കരിച്ച്‌ അന്വേഷിച്ചുവരികയാണ്‌. മാലിദ്വീപ്‌, മൗറീഷ്യസ്‌, സെയ്‌ഷെല്‍സ്‌ എന്നിവിടങ്ങളിലേക്കും കടല്‍ക്കൊള്ളക്കാര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്‌. ലക്ഷദ്വീപ്‌ സമൂഹം ഇതിനു സമീപത്തായാണ്‌ സ്ഥിതി ചെയ്യുന്നതെന്നതെന്നത്‌ കടല്‍ക്കൊള്ളക്കാരുടെ ഇത്തരം നീക്കങ്ങള്‍ സേനയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതായി സേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റാലിയന്‍ എണ്ണക്കപ്പലായ സവിന കാലിന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതിനു പിന്നാലെ സമുദ്രാതിര്‍ത്തിയില്‍ സേനാ സാന്നിധ്യം ശക്തമാക്കുമെന്ന്‌ പ്രതിരോധ മന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളം, തമിഴ്‌നാട്‌, ലക്ഷദ്വീപ്‌ തീരങ്ങളില്‍ തീരദേശ സേനയുടെയും നാവിക സേനയുടെയും സാന്നിധ്യം ശക്തമാക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്‌തു. 36 ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന ലക്ഷദ്വീപ്‌ ദ്വീപസമൂഹത്തില്‍ പത്തെണ്ണത്തില്‍ മാത്രമാണ്‌ ജനവാസമുള്ളത്‌. ഇതിലുള്ള ഒറ്റപ്പെട്ട ദ്വീപുകള്‍ കടല്‍ക്കൊള്ളക്കാര്‍ സുരക്ഷിത താവളമാക്കാനുള്ള സാധ്യതയും ബന്ധപ്പെട്ടവര്‍ തള്ളിക്കളയുന്നില്ല.

ചരക്ക്‌ ഗതാഗതം പാളുന്നു
ലക്ഷദ്വീപിനോട്‌ ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കടല്‍ക്കൊള്ള വ്യാപകമായത്‌ ഇതുവഴിയുള്ള ചരക്ക്‌ ഗതാഗതത്തിന്റെ ചെലവും ഇരട്ടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്‌. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമല്ലെന്ന്‌ പല കമ്പനികളും വിലയിരുത്തിക്കഴിഞ്ഞു. ചരക്ക്‌ ഗതാഗതത്തിന്‌ നിലവില്‍ നല്‍കേണ്ട തുകയേക്കാള്‍ കൂടുതല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്ക്‌ നല്‍കേണ്ടിവരുന്നുണ്ടെന്നും അത്‌ ഉപഭോക്താക്കളെ ബാധിക്കുമെന്നും ഇന്ത്യന്‍ നാഷനല്‍ ഷിപ്പ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ സി ഇ ഒ അനില്‍ ദേവ്‌ലി പറയുന്നു. കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട്‌ കപ്പല്‍, വാണിജ്യ മന്ത്രാലയത്തിനും നാവികസേനക്കും കത്ത്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയില്‍ കൂടി കപ്പല്‍ പോകേണ്ടതുണ്ടെങ്കില്‍ അധിക തുക ഇന്‍ഷ്വറന്‍സ്‌ കമ്പനിക്ക്‌ നല്‍കേണ്ടിവരും. കപ്പലിനെയും അതിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ വന്‍ തുക ചെലവഴിക്കേണ്ടിവരുമെന്ന്‌ അനില്‍ ദേവ്‌ലി സാക്ഷ്യപ്പെടുത്തുന്നു. വന്‍ തുകയാണ്‌ കപ്പല്‍ മോചിപ്പിക്കാന്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുക. ക്രൂഡ്‌ ഓയില്‍, പെട്രോളിയം ഉത്‌പന്നങ്ങള്‍ തുടങ്ങിയവയുമായി പോകുന്ന കപ്പലുകളാണ്‌ കൊള്ളക്കാരുടെ പിടിയിലാകുന്നതെങ്കില്‍ മോചനദ്രവ്യത്തിന്റെ അളവ്‌ കൂടുമെന്നും ദേവ്‌ലി പറയുന്നു. കപ്പലില്‍ നിന്ന്‌ എണ്ണ കടലില്‍ ചോരുകയാണെങ്കില്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനി നല്‍കേണ്ട നഷ്‌ടപരിഹാരം അത്രയധികമായിരിക്കുമെന്ന്‌ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്‌ മോചനദ്രവ്യത്തിന്റെ ഗ്രാഫ്‌ കുത്തനെ ഉയര്‍ത്തുന്നതും.

എന്തുകൊണ്ട്‌ സൊമാലിയ?
ആഫ്രിക്കയുടെ കൊമ്പ്‌. അങ്ങനെയാണ്‌ സൊമാലിയയെ ലോകരാജ്യങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ ഇന്ന്‌ അറിയപ്പെടുന്നത്‌ കടല്‍ക്കൊള്ളയുടെ പേരിലാണ്‌. ഏകാധിപതിയായിരുന്ന മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ സിയാദ്‌ ബാരെ (1969 - 1991) പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ സൊമാലിയയുടെ പ്രസിഡന്റ്‌ പദത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടത്‌ മുതല്‍ ഏകീകൃതമായ ഒരു സര്‍ക്കാറോ ഭരണകൂടമോ ഇല്ലാതെ ഭൂപടത്തില്‍ മാത്രം ഒതുങ്ങിയ രാജ്യമായി സൊമാലിയ മാറിയിരിക്കുന്നു. സൊമാലിയയുടെ ഭാഗമായ ഭൂപ്രദേശങ്ങള്‍ ബ്രിട്ടന്റെയും ഇറ്റലിയുടെയും കീഴിലായിരുന്നു. ഈ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത്‌ 1960 ജൂലൈ ഒന്നിനാണ്‌ റിപ്പബ്ലിക്‌ ഓഫ്‌ സൊമാലിയ രൂപവത്‌കരിക്കുന്നത്‌. 1969-ല്‍ സര്‍ക്കാറിനെ അട്ടിമറിച്ചാണ്‌ സൈനിക തലവനായ സിയാദ്‌ ബാരെ അധികാരത്തിലെത്തുന്നത്‌. വിവിധ ഗോത്രങ്ങളുടെ സംയുക്ത സേന അടങ്ങിയ യുനൈറ്റഡ്‌ സൊമാലി കോണ്‍ഗ്രസ്‌ അധികാരം പിടിച്ചെടുത്തെങ്കിലും ഗോത്രങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ആഭ്യന്തര യുദ്ധത്തിലേക്ക്‌ സൊമാലിയയെ നയിച്ചു. ഓരോ ഗോത്രങ്ങളുടെയും കീഴില്‍ ഇപ്പോള്‍ സ്വതന്ത്ര രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ബാരെയുടെ ഭരണ കാലയളവില്‍ രാജ്യത്തെ മത്സ്യമേഖലയുടെ വികസനത്തിനു വേണ്ടി ഡെന്മാര്‍ക്ക്‌, ബ്രിട്ടന്‍, ജപ്പാന്‍, സ്വീഡന്‍, യു എസ്‌ എസ്‌ ആര്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍ തുക നല്‍കിയിരുന്നു. സഹായധനം മത്സ്യമേഖലയെ പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്‌തു. ബാരെ ഭരണത്തിന്റെ തകര്‍ച്ചയോടെ സൊമാലിയ ആഭ്യന്തര യുദ്ധത്തിലേക്ക്‌ നീങ്ങിയതോടെ ദാരിദ്ര്യവും വിശപ്പും കുറ്റകൃത്യങ്ങള്‍ക്ക്‌ കാരണമാകുമെന്ന പഴമൊഴി ഇവിടെയും യാഥാര്‍ഥ്യമായി. പ്രത്യേക തീരസംരക്ഷണ സേനയുടെയും ഫലപ്രദമായ നിയമത്തിന്റെയും അഭാവം മുതലെടുത്ത്‌ വിദേശ രാജ്യങ്ങള്‍ സൊമാലിയയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുകയും വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്‌തത്‌ പൊതുവെ ദരിദ്ര രാജ്യങ്ങളിലൊന്നായ സൊമാലിയയിലെ മത്സ്യത്തൊഴിലാളികളെ പിടിച്ചുലച്ചു. യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ ആണവ മാലിന്യങ്ങളുള്‍പ്പെടെയുള്ളവ സൊമാലിയന്‍ തീരത്ത്‌ കൊണ്ടുതള്ളിയിട്ടുണ്ടെന്ന്‌ യു എന്‍ ദൂതന്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. 2010-ലെ യു എന്‍ കണക്കു പ്രകാരം 93 ലക്ഷം ആളുകളാണ്‌ സൊമാലിയയിലുള്ളത്‌. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും യു എന്നിന്റെയും മറ്റും ഭക്ഷ്യ സഹായത്തിനായി കാത്തിരിക്കുന്നവര്‍. 73 ശതമാനം ജനങ്ങളുടെയും ദിവസ വരുമാനം കേവലം രണ്ട്‌ ഡോളറില്‍ താഴെയാണെന്ന്‌ ലോക ബേങ്ക്‌ പറയുന്നു. വടക്ക്‌ കിഴക്കന്‍ സൊമാലിയയിലെ പുന്തലാന്‍ഡ്‌ സ്വദേശികളായ ഭൂരിഭാഗം വരുന്ന കടല്‍ക്കൊള്ളക്കാരേറെയും 35 വയസ്സിന്‌ താഴെ പ്രായമുള്ളവരാണ്‌.

`അവര്‍ക്ക്‌ പണമുണ്ട്‌. അവര്‍ ഇന്ന്‌ പ്രമാണിമാരായി ജീവിക്കുന്നു. നല്ല വിവാഹാലോചനകള്‍ വരുന്നു. അവര്‍ വലിയ വീടുകളും കാറുകളും പുതിയ തോക്കുകളും വാങ്ങുന്നു'- സോമാലിയയിലെ ഗാരൂവിലെ അബ്‌ദി ഫറാഹ്‌ ജുഹയുടെ ഈ വാക്കുകളില്‍ രാജ്യത്തെ യുവാക്കളുടെ മുഴുവന്‍ മനസ്സും പ്രതിഷേധവും അടങ്ങിയിട്ടുണ്ട്‌.

അണിയറക്കഥകള്‍
കടല്‍ക്കൊള്ളയുടെ പിന്നാമ്പുറ കഥ തേടിപ്പോയാല്‍ അത്‌ വിദേശ രാജ്യങ്ങളുടെ (വിശിഷ്യാ പാശ്ചാത്യ രാജ്യങ്ങളുടെ) സാമ്പത്തികവും രാഷ്‌ട്രീയവുമായ താത്‌പര്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ വ്യക്തമാകും. ഏദന്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തുന്ന ഓരോ ആക്രമണവും, ലണ്ടനിലുള്ള സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന്‌ യൂറോപ്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ഉദ്ധരിച്ചുകൊണ്ട്‌ സ്‌പാനിഷ്‌ റേഡിയോ ഈയിടെ പുറത്തുവിട്ട വാര്‍ത്ത ഇത്‌ സാധൂകരിക്കുന്നു. കടല്‍ക്കൊള്ളക്കാര്‍ എടുക്കുന്ന ഏതൊരു തീരുമാനത്തിനു പിന്നിലും ലണ്ടന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിന്‌ വ്യക്തമായ പങ്കുണ്ടെന്നും കൊള്ളക്കാരുമായി അവര്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നുമായിരുന്നു ആ റിപ്പോര്‍ട്ട്‌.

കടല്‍ക്കൊള്ളക്കാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കുന്നതുള്‍പ്പെടെ കൊള്ളക്കാര്‍ക്ക്‌ സ്വാധീനമുള്ള മേഖലയിലൂടെ വരുന്ന കപ്പല്‍ യാത്രകളുടെ സമയക്രമം, അതിന്റെ മാര്‍ഗം, അതിലെ യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ലണ്ടനിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന്‌ നല്‍കുന്നതായുള്ള റിപ്പോര്‍ട്ടാണ്‌ അന്ന്‌ പുറത്തുവന്നത്‌. ഇക്കാലയളവില്‍ ബ്രിട്ടീഷ്‌ പതാകയുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണങ്ങള്‍ കുറഞ്ഞതും ഈ റിപ്പോര്‍ട്ടിനെ ന്യായീകരിക്കുന്നുണ്ട്‌.

പ്രതിരോധിക്കാന്‍ ലോകം ഒന്നിക്കുന്നു
മധ്യപൗരസ്‌ത്യ രാജ്യങ്ങളില്‍നിന്ന്‌ യൂറോപ്പിലേക്കും തെക്ക്‌ - വടക്ക്‌ അമേരിക്കയിലേക്കും എത്തിപ്പെടാനുള്ള എളുപ്പ മാര്‍ഗമാണ്‌ ഏദന്‍ കടലിടുക്ക്‌. പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം കപ്പലുകളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. ഗുഡ്‌ഹോപ്‌ മുനമ്പ്‌ ചുറ്റിയുള്ള യാത്ര കടല്‍ക്കൊള്ളയില്‍ നിന്ന്‌ സുരക്ഷിതത്വം നല്‍കുന്നുണ്ടെങ്കിലും അസാധാരണമായുണ്ടാകുന്ന തിരമാലകളും അധിക ദൂരവും കപ്പല്‍ കമ്പനികളെ അതില്‍നിന്ന്‌ പിന്‍വലിക്കുകയാണ്‌. കടല്‍ക്കൊള്ള പുതിയ ഉയരങ്ങള്‍ കീഴടക്കി റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നോട്ടുപോകുമ്പോള്‍ തന്നെ അതിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്‌. യു കെ, ഡെന്മാര്‍ക്ക്‌, നെതര്‍ലാന്‍ഡ്‌, ഫ്രാന്‍സ്‌, ഇന്ത്യ, പാക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ ഇരുപതിലധികം രാജ്യങ്ങളുടെ നാവികസേനകള്‍ ഇതിനകം ഈ മേഖലയില്‍ പട്രോളിംഗ്‌ ശക്തമാക്കിയിട്ടുണ്ട്‌. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നാവികസേന `ഓപറേഷന്‍ അറ്റ്‌ലാന്റ' എന്ന പേരില്‍ കടല്‍ക്കൊള്ളക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്‌. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും കടല്‍ക്കൊള്ളക്കെതിരെ കൈകോര്‍ത്തിട്ടുണ്ട്‌. ഇന്ത്യന്‍ നാവികസേനയും തീരദേശ സംരക്ഷണ സേനയും സംയുക്തമായി ലക്ഷദ്വീപ്‌ തീരമേഖലയില്‍ ഓപ്പറേഷന്‍ ഐലന്‍ഡ്‌ വാച്ച്‌ ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. ഈ മുന്നേറ്റത്തിന്റെ ഭാഗമായാണ്‌ ലക്ഷദ്വീപില്‍നിന്ന്‌ 75 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച്‌ കൊള്ളക്കാരുടെ പ്രധാന കപ്പലായ പ്രാന്തലെയെ നാവിക സേന മുക്കുന്നത്‌. ബഹാമസില്‍ നിന്നുള്ള എം വി സി ജി എം വേര്‍ദി എന്ന ചരക്കുകപ്പല്‍ ആക്രമിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ കപ്പല്‍. തായ്‌ലാന്‍ഡില്‍ നിന്നും മ്യാന്‍മാറില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികള്‍ മാസങ്ങളായി കടല്‍ക്കൊള്ളക്കാരുടെ തടങ്കലില്‍ കഴിയുകയായിരുന്നു.

ഏദന്‍ കടലിടുക്കില്‍ വിവിധ രാജ്യങ്ങളുടെ നാവിക സേന സാന്നിധ്യം ശക്തമാക്കിയതോടെയാണ്‌ സൊമാലിയയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച്‌ കൊള്ളക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തനം വ്യാപകമാക്കിയത്‌.
ലോകത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വവും രാഷ്‌ട്രീയ അനിശ്ചിതത്വവുമാണ്‌ കടല്‍ക്കൊള്ളക്കാരെ ഇന്നുകാണുന്ന സംഘടിത രൂപത്തിലേക്ക്‌ വളര്‍ത്തിയെടുത്തത്‌. ബന്ദികളാക്കിയ യു എസ്‌ പൗരന്മാരെ കടല്‍ക്കൊള്ളക്കാര്‍ വെടിവെച്ചിട്ടതാണ്‌ അവസാനം വന്ന വാര്‍ത്ത. തടവുകാരെ പണം വാങ്ങി മോചിപ്പിക്കാറുള്ള കൊള്ളക്കാര്‍ ഒടുവില്‍ അവരെ കൊലപ്പെടുത്തിയും നീലക്കടലില്‍ തങ്ങളെ വെല്ലാനാരുമില്ലെന്ന്‌ വീണ്ടും ഉറക്കെ പ്രഖ്യാപിക്കുന്നു. യു എസ്‌ നാവിക സേന നടത്താന്‍ പോകുന്ന ആക്രമണത്തെ പ്രതിരോധിക്കാനാണ്‌ ഇവരെ കൊലപ്പെടുത്തിയതെന്നാണ്‌ കടല്‍ക്കൊള്ളക്കാരുടെ വാദം. ഇക്കാര്യം സേന നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഭീകരവാദത്തെയും തീവ്രവാദത്തെയും ഉന്മൂലനം ചെയ്യുന്നതിന്‌ നിരന്തരം ആഹ്വാനം ചെയ്യുന്ന വന്‍ശക്തിയായ അമേരിക്ക പോലും കടലിലെ ഈ കൊള്ളക്കു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമോ അതോ പ്രശ്‌ന പരിഹാരത്തിന്‌ മുന്‍കൈയെടുക്കാന്‍ തയ്യാറാകുമോ എന്നാണ്‌ ലോകത്താകെയുള്ള സമാധാനകാംക്ഷികള്‍ കാതോര്‍ത്തുകൊണ്ടിരിക്കുന്നത്‌.

1 comments:

Good article Man.. America will not interfere them until something happens against them !!!

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu