2008-03-13

ഭാഷയിലും സ്‌ത്രീ വിരുദ്ധത?






കാലമിത്ര മാറിയിട്ടും ഇപ്പോഴും പുരുഷ മേധാവിത്വം നിലനില്‍ക്കുകയാണെന്നാണ്‌ പൊതുവേയുള്ള ആക്ഷേപം. സ്‌ത്രീകള്‍ക്കെതിരെ വല്ലതും പറഞ്ഞു പോയാല്‍ സ്‌ത്രീസംഘടനകള്‍ ഉണരും. ഇങ്ങനെ ഉണര്‍ന്നതു കൊണ്ടുതന്നെയാവണം കലാ സാംസ്‌കാരിക ശാസ്‌ത്ര വ്യവസായ രംഗങ്ങളിലെല്ലാം തന്നെ സ്‌ത്രീകള്‍ കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്നത്‌. ഈയടുത്ത കാലത്ത്‌ പാര്‍ട്ടിയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കികൊണ്ട്‌ ബി ജെ പിയും മുന്നോട്ടു വന്നിട്ടുണ്ട്‌.
കാര്യങ്ങള്‍ ഇങ്ങനൊക്കെ തന്നെയാണെങ്കിലും ഭാഷയില്‍ സ്‌ത്രീ പുരുഷന്റെ ചുവട്ടില്‍ തന്നെയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ സാധാരണ ഉയര്‍ന്നു കേള്‍ക്കുന്ന വാക്കാണ്‌ സാംസ്‌കാരിക നായകന്‍ എന്നത്‌. അക്രമത്തെ സാംസ്‌കാരിക നായകന്മാര്‍ അപലപിച്ചു എന്നു പത്രങ്ങളില്‍ വായിച്ചിട്ടുണ്ടാകും. സുകുമാര്‍ അഴീക്കോട്‌ ഒരു സാംസ്‌കാരിക നായകനായാണ്‌ വിലയിരുത്തപ്പെടുന്നത്‌. സാംസ്‌കാരിക നായിക ഇതുവരെ ഉണ്ടായിട്ടില്ലെന്നാണോ? ഇടചതുപക്ഷ പാര്‍ട്ടികളില്‍ സാധാരണ ഉപയോഗിക്കുന്ന പദമാണ്‌ `സഖാവ്‌' എന്നത്‌. ഇവിടെ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയും മുഖ്യമന്ത്രി വി എസും സഖാക്കളാണ്‌.
സ്‌ത്രീ വിവേചനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നു മനസ്സിലാക്കാന്‍ ചരിത്രം പരിശോധിച്ചാല്‍ മതി. ചരിത്രം ആണിനും പെണ്ണിനും ഒരു പോലെ അവകാശപ്പെട്ടതാണെന്ന്‌ സ്‌ത്രീകള്‍ വാദിക്കുമെങ്കിലും അവിടെയും സ്‌ത്രീകളെ പുരുഷന്മാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. ചരിത്രം പറയുമ്പോള്‍ അവിടെ പുരുഷനെ മാത്രം പരാമര്‍ശിച്ചാല്‍ മതി എന്ന നിലപാടാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ മുന്‍ നിരയില്‍ നിന്ന്‌ പോരാടിയ ഒരുപാട്‌ ചരിത്ര പുരുഷന്മാരെ കുറിച്ച്‌ നമ്മള്‍ പഠിച്ചിട്ടുണ്ട്‌. പക്ഷെ അവിടെയൊന്നും `ചരിത്ര സ്‌ത്രീയെ' കണ്ടതായി ഓര്‍ക്കുന്നില്ല. സ്വന്തം ആദര്‍ശങ്ങളിലുറച്ച്‌ നിന്ന്‌ ജീവിച്ച ഒരുപാട്‌ വ്യക്തികളുണ്ട്‌. അവരെ മൊത്തമായങ്ങ്‌ പറയുകയാണെങ്കില്‍ `ആദര്‍ശ പുരുഷന്‍' എന്ന വാക്കിലങ്ങ്‌ ഒതുക്കാം. അവിടെയും സ്‌ത്രീകള്‍ പിന്തള്ളപ്പെട്ടു പോയിരിക്കണം. ആദര്‍ശ സ്‌ത്രീയെന്ന്‌ വിശേഷിപ്പിക്കാന്‍ പറ്റിയ സ്‌ത്രീ ഇവിടെ ഇല്ലാത്തതു കൊണ്ടല്ല. മദര്‍ തെരേസയെ ഒരിക്കലും ഒരു ആദര്‍ശ സ്‌ത്രീയായി വിശേഷിപ്പിച്ച്‌ കേട്ടിട്ടില്ല.
ഒരുപാട്‌ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ട്‌. അക്കൂട്ടത്തില്‍ സ്‌ത്രീകള്‍ ഇല്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്ന മറുപടി തെറ്റായിരിക്കും. ഇതു പോലെ ഒരുപാട്‌ പദങ്ങള്‍ക്ക്‌ സ്‌ത്രീ ലിംഗമില്ല എന്നത്‌ ഒരു സത്യമാണ്‌. ചെഗുവേരയെയും ഫിദറല്‍ കാസ്‌ട്രോവിനെയും കുറിച്ച്‌ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. കലാപകാരി, വിപ്ലവകാരി എന്നീ പദങ്ങള്‍ അവര്‍ക്കു വേണ്ടി മാത്രമുള്ളതാണോ? അധികാരി, നേതാവ്‌, മന്ത്രി തുടങ്ങിയ ഒരുപാട്‌ പദങ്ങള്‍ക്ക്‌ സ്‌ത്രീ ലിംഗമില്ല എന്നത്‌ നഗ്നസത്യമാണ്‌. ഇത്തരം പദങ്ങളെ കുറിച്ച്‌ അവസാനം ചര്‍ച്ച നടന്നത്‌ ഇന്തയയുടെ ചരിത്രത്തിലാധ്യമായി ഒരു വനിത രാഷ്‌ട്രപതിയാവാന്‍ സാധ്യതയുണ്ട്‌ എന്ന വാര്‍ത്ത വന്നപ്പോഴാണ്‌. പ്രതിഭാ പാട്ടീല്‍ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും ഇപ്പോഴും ഒരു വ്യക്തമായ ഉത്തരമുണ്ടായിട്ടില്ല. പാട്ടീലിനെ ?രാഷ്‌ട്രപതിയായി?സ്വീകരിക്കാന്‍ മാത്രമേ ജനങ്ങള്‍ക്ക്‌ കഴിയൂ എന്ന്‌ കരുതുന്നു. സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാണ്‌ അധികവും. അത്‌ ആണായാലും പെണ്ണായാലും ശരി. പക്ഷെ അത്‌ പറയുമ്പോള്‍ ?അവനവന്റെ? എന്നേ പറയൂ. ?അവളവളുടെ? എന്നു പറയുന്നതില്‍ തെറ്റില്ലെങ്കിലും ചിരിക്കാനുള്ള വകയുണ്ട്‌.
സാധാരണ ഉപയോഗിക്കുന്ന ?മനുഷ്യന്‍? എന്ന വാക്കുകൊണ്ട്‌ പുരുഷനെയാണ്‌ പരാമര്‍ശിക്കുന്നതെങ്കിലും അതില്‍ സ്‌ത്രീയും ഉള്‍പ്പെടുന്നുണ്ട്‌. മനുഷ്യന്‍ തന്റെ എല്ലാ ഗുണങ്ങളെയും ഉള്ളിലേക്ക്‌ പ്രവേശിപ്പിച്ചതിന്റെ ഒറ്റ വാക്കാണ്‌ ആണത്തമെന്നത്‌. ഇവിടെ പുരുഷന്‌ വേണ്ടത്‌ തന്റേടമാണങ്കില്‍ സ്‌ത്രീക്ക്‌ വേണ്ടത്‌ ലജ്ജയും അടക്കവുമാണ്‌ ( കാല്‍വിരല്‍ കൊണ്ടവള്‍ വര വരച്ചു).ഇതെല്ലാം അവഗണനയാണെങ്കില്‍ മലയാളത്തിന്റെ പഴമയില്‍ സ്‌ത്രീകളെ താഴ്‌ത്തികെട്ടാന്‍ ശ്രമിക്കുന്നതായി കാണാം. ?പെണ്‍ ബുദ്ധി പിന്‍ ബുദ്ധി?, ?പെണ്‍ ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി?, ?പെണ്ണു കെട്ടിയാല്‍ കാലുകെട്ടി? തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.

3 comments:

അങ്ങനെയങ്ങ്‌ അടച്ചാക്ഷേപിക്കരുത്‌

‘മഹാകവി’യെന്നു നമ്മള്‍ വിളിയ്ക്കുന്ന പലരുടെയും
ഒട്ടും പുറകിലല്ല ബാലാമണിയമ്മ.എന്നിട്ടുമവരെ
ആരും ഇന്നേവരെ ‘മഹാകവിയത്രി’എന്നു വീശേഷിപ്പിച്ചു കേട്ടിട്ടില്ലല്ലൊയെന്നു ഇടയ്ക്കാലോചിച്ചുപോകറുണ്ട്.

സത്യമല്ലെ മനുഷ്യാ പറഞ്ഞിരിക്കുന്നെ, പഴഞ്ചൊല്ലില്‍ പതിരില്ലന്നല്ലെ..;) അല്ലെ...??

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu