ഭയമില്ലാത്ത മനുഷ്യന്‍
"മഹാ വൃക്ഷങ്ങള്‍ നിലം പതിക്കുകയാണ്. നമ്മില്‍ വന്‍ വിടവുകള്‍ സൃഷ്ടിച്ചുകൊണ്ട്"
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവര്‍ക്ക് മാര്‍ഗദീപമായി സ്വയം കത്തിയെരിഞ്ഞ ജീവിതമായിരുന്നു ബാബ ആംതയുടേത്. ഈ നൂറ്റാണ്ടിലും ആളുകള്‍ അറപ്പോടു കൂടി മാത്രം നോക്കികാണുന്ന കുഷ്‌ഠരോഗികളുടെ കണ്ണീരൊപ്പി അവരില്‍ ഒരാളായി കഴിഞ്ഞ ആംതെ ഇന്ത്യ കണ്ട മഹത്വ്യക്തികളില്‍ ഒരാളാണ്.മഹാരാഷ്ട്രയിലെ വര്‍ധാ ജില്ലയില്‍ ഹിംഗര്‍ഘട്ട് ഗ്രാമത്തില്‍ 1914 ല്‍ ധനാഢ്യനായ ബ്രാഹ്മണ ഭൂവുടമയുടെ മകനായാണ് ബാബാ ആംതെ എന്ന മുരളീധര്‍ ദേവദാസ് ആംതെയുടെ ജനനം. ചുറ്റുപാടുമുള്ള എന്തിനെയും കൗതുകപൂര്‍വ്വം നോക്കികണ്ടിരുന്ന തന്റെ കണ്ണുകളെ പുറം ലോകത്തെ ദാരിദ്ര്യകാഴ്‌ചകളില്‍ നിന്ന് മറച്ചു പിടിക്കാന്‍ ആംതെ ഒരിക്കലും ശ്രമിച്ചിരുന്നില്ല.അഭിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആംതെ തുടങ്ങിയത്. ഗാന്ധി ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ ആംതെ നിയമ പഠനം പൂര്‍ത്തിയാക്കിയ ഉടനെ പൈതൃകമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിചെല്ലുകയായിരുന്നു. ഇന്നും ആളുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപ്പോകുന്ന കുഷ്‌ഠരോഗികളുടെ ഇടയിലേക്ക് സ്‌നേഹത്തിന്റെ മൃദു മന്ത്രങ്ങളുമായി ഇറങ്ങിചെന്ന ആംതെ അവരെ ഒറ്റപ്പെടലിന്റെ വേദനകളില്‍ നിന്നും കരകയറ്റുകയായിരുന്നു. മരുന്നിന് മാറ്റാന്‍ കഴിയാത്ത രോഗത്തെ സ്‌നേഹം കൊണ്ട് മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയ അപൂര്‍വ്വം ചില വ്യക്തിത്വങ്ങളില്‍ ഒന്നാണ് ആംതെ.നാഗ്‌പൂരിനടുത്ത് ആംതെ സ്ഥാപിച്ച ആനന്ദഭവന്‍ ആശ്രമം കുഷ്‌ഠരോഗികള്‍ക്ക് താങ്ങും തണലുമായി മാറി. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കുഷ്‌ഠരോഗികളുടെ പരിചരണം ഏറ്റെടുത്ത ആംതെ അവരെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു. സ്‌നേഹമില്ലാത്തിടത്ത് ദൈവമില്ല എന്ന തിരിച്ചറിവാണ് ബാബയെ മറ്റൊരു മനുഷ്യനാക്കി തീര്‍ത്തത്.ഗാന്ധിജിയുടെ ദര്‍ശനത്തിന് പകരമായി മറ്റൊരു ഗര്‍ശനമില്ലെന്ന് അവസാനം വരെ വിശ്വസിക്കുകയും അതിലൂന്നി ജീവിക്കുകയും ചെയ്‌തയാളാണ് ആംതെ. ഗാന്ധി ദര്‍ശനത്തിലൂന്നികൊണ്ട് വൈദേശ ശക്തികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാന്‍ ആംതെ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഗാന്ധിയന്‍ ആശയങ്ങള്‍ പോലെതന്നെ രവീന്ദ്ര നാഥ ടാഗോറിന്റെ സംഗീതം ബാബയെ ശാന്തിനികേതനിലേക്കും ആകര്‍ഷിച്ചു.കുഷ്‌ഠരോഗികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ബാബ ഒതുങ്ങി നിന്നില്ല. പരിസ്ഥിതി പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളുണ്ടായി. പരിസ്ഥിതി ചൂഷണത്തിനെതിരെ കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെയും ഗുജറാത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കും ബാബ 'ഭാരത് ജോദോ' യാതേര നടത്തി. 1990ല്‍ രോഗാതുരനായ അവസ്ഥയിലും നര്‍മ്മദ പദ്ധതിയില്‍ കുടിയൊഴുപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ബാബ 'നര്‍മ്മദ ബച്ചാവോ ആന്ദോളന്‍' പ്രക്ഷോഭത്തില്‍ മേധാപട്‌ക്കര്‍ക്കു ശക്തമായ പിന്തുണ നല്‍കി. ആദി വാസികളെ അവരുടെ താമസ സ്ഥലങ്ങളില്‍ നിന്നും മാറ്റിയാല്‍ അവരുടെ സംസ്‌കാരം പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്ന് ബാബ ഭയന്നിരുന്നു. വര്‍ധയിലെ അഭിഭാഷകനായിരിക്കെ തോട്ടികളുടെ യൂണിയനുണ്ടാക്കിയ ആംതെക്ക് ആ ജോലിയുടെ മഹത്വമറിയാന്‍ അതും സ്വയം ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. സേവാഗ്രാമത്തില്‍ കഴിയു്‌ന്ന കാലത്ത് 'ഭയമില്ലാത്ത മനുഷ്യന്‍' എന്ന് ഗാന്ധി വിളിച്ച ആംതെ തനിക്ക് കുഷ്‌ഠരോഗമുണ്ടോ എന്ന പരിശോധന ഒരിക്കല്‍പോലും നടത്തിയിട്ടില്ല്. ഭയമുള്ളിടത്ത് സ്‌നേഹമുണ്ടാവില്ല, സ്‌നേഹമില്ലാത്തിടത്ത് ദൈവവുമില്ല എന്ന തിരിച്ചറിവാണ് മുരളീധര്‍ ദേവദാസ് ആംതയെ ബാബ ആംതയാക്കി മാറ്റിയത്.ജീവിച്ചിരുന്ന കാലത്ത് തന്നെ ഇതിഹാസമായി മാറിയ ആംതയെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ഏഷ്യയിലെ നോബേലായ മാഗ്‌സസെ 1985ല്‍ ആംതയെ തേടിയെത്തി. 2000 ലെ ഗാന്ധി സമാധാന പുരസ്‌കാരവും, ഡോ.അംബേദ്‌കര്‍ അന്താരാഷ്ട്ര പുരസ്‌കാരവും ആംതെക്ക് ലഭിച്ചു. 1971ല്‍ പത്മശ്രീയും 1986ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ബാബയെ ആദരിച്ചു. ഒടുവില്‍ സമാധാന സന്ദേശവുമായി പാക്കിസ്ഥാനിലേക്ക് യാത്രചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ബാബ നമ്മോട് വിട പറഞ്ഞത്.
6 comments:
നല്ല ഒരു പോസ്റ്റ്.... അനിവാര്യമായ ഒന്ന്... നന്നായി :)
പത്രങ്ങള്‍ ആംതേക്കുവേണ്‍ട പ്രാധാന്യം നല്‍കിയില്ല.
നന്ദി. വളരെ നല്ല പോസ്റ്റ്.
ആദരണീയരെ അനുകരിക്കാനല്ലെങ്കിലും, ബഹുമാനിക്കാനെങ്കിലും നമുക്കു കഴിയുന്നുണ്ടല്ലോ. നല്ല പോസ്റ്റ്.
good post. The heading is so super
ആംതെക്ക് ആദരാഞ്‌ജലി
Post a Comment