ഹര്‍ത്താലില്‍ വലയുന്ന കേരള ജനത
നൂറു ശതമാനം സാക്ഷരത കൈവരിച്ചവര്‍. രാഷ്‌ട്രീയ സാമൂഹിക ബോധമുള്ളവര്‍. പറഞ്ഞു വന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങളെ കുറിച്ചാണ്.പറഞ്ഞതു മുഴുവന്‍ ശരിയാണ്. പക്ഷെ ബന്ദിന്റെയും ഹര്‍ത്താലിന്റെയും പേരിലുള്ള ദുരിതം പതിവായി തേടിയെത്തുന്നത് ഈ നാട്ടിലാണ്. ഹര്‍ത്താലിന്റെ മുന്നില്‍ നിന്ന് ഒഴിവാകാന്‍ മലയാളികള്‍ക്ക് മുന്നില്‍ വഴികളില്ല. സഹനശക്തി മാത്രമാണ് ഒരേയൊരു ആശ്രയം. ബന്ദും ബലപ്രയോഗത്തീലൂടെയുള്ള ഹര്‍ത്താലും ആദ്യമായി നിരോധിച്ച സംസ്ഥാനമാണ് നമ്മുടേത്. ബന്ദ് നിരോധിച്ചുകൊണ്ടുള്ള 1998 ജൂലൈ 28ന്റെ ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധി സുപ്രീം കോടതി അപ്പടി ശരിവെച്ചതാണ്. ബന്ദ് നിയമ വിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചതോടെ അത് പേര് മാറ്റി `ഹര്‍ത്താല്‍' ആയി മാറി. അതിനുശേഷം നിര്‍ബന്ധിത ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വരെ ഹൈക്കോടതി വിധിച്ചു.ഹര്‍ത്താലും ബന്ദും സംഘടിപ്പിക്കുവാന്‍ നേതാക്കള്‍ പരസ്‌പരം മത്സരിക്കുകയാണ്. അതല്ലെങ്കില്‍ രാഷ്‌ട്രീയ മത്സരം അതിന് അവരെ നിര്‍ബന്ധിതരാക്കുന്നു. ഒരിറ്റു വിയര്‍പ്പൊഴുക്കാതെ ഏത് ഈര്‍ക്കില്‍ പാര്‍ട്ടിക്കും ഒരു പത്രകുറിപ്പിലൂടെ എടുത്തു പ്രയോഗിക്കാന്‍ പറ്റുന്ന ആയുധമായി ഹര്‍ത്താല്‍ മാറിയിരിക്കുന്നു. നാലംഗങ്ങളുള്ള പാര്‍ട്ടിവരെ ഹര്‍ത്താല്‍ നടത്തുന്ന സംസ്ഥാനമാണിത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അവസാന വാരം ലീഗ് നടത്തിയ മലബാര്‍ ഹര്‍ത്താല്‍ തന്നെ ഉദാഹരണം. സാധാരണ യു ഡി എഫ് പ്രഖ്യാപിക്കുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന ലീഗും ഇതോടെ തലപൊക്കി തുടങ്ങിയിരിക്കുകയാണ്. ഇതിന് പിന്നില്‍ വ്യക്താമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. കോയമ്പത്തൂരില്‍ നിന്ന് ജയില്‍ വാസം കഴിഞ്ഞിറങ്ങിയവന് മലപ്പുറത്തേക്ക് ഒരു നോട്ടമുണ്ടെന്ന കാര്യം തങ്ങള്‍ക്ക് മനസ്സിലായില്ലെങ്കിലും കുഞ്ഞാലിക്കുട്ടിക്കെങ്കിലും മനസ്സിലായി കാണണം. ലീഗിന്റെ ശക്തി ഒന്നു തെളിയിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തമായി ആദ്യം ഒരു ഹര്‍ത്താല്‍ നടത്തുന്നുണ്ടെങ്കില്‍ അതിന്റെ വിഷയത്തെകുറിച്ച് ആലോചിക്കേണ്ട ആവശ്യമില്ല. പ്രവാസികളാണ് നമ്മുടെ ശക്തി. വിമാന താവളം നമ്മുടെ വിഷയം.അതിനുശേഷം കൃത്യമായി പറഞ്ഞാല്‍ അഞ്ചാം ദിവസം മറ്റൊരു ഹര്‍ത്താലിന് കൂടി കേരളം സാക്ഷിയായി. നിയമ സഭയിലേക്ക് ഒരംഗത്തെപ്പോലും തിരഞ്ഞെടുത്തയക്കാന്‍ ജനപിന്തുണ നേടാന്‍ സാധിക്കാത്ത ബി ജെ പിയാണ് അതിന്റെ ഉപജ്ഞാതാക്കള്‍. ട്രയിന്‍ ഏതായാലും പോയി എന്നാല്‍ ഇനി റോഡു കൂടി അടച്ചേക്കാം എന്ന് ബി ജെ പി ചിന്തിച്ചതില്‍ എന്താണ് തെറ്റ്? ഹര്‍ത്താല്‍ നടത്താനുള്ള വിഷയം കിട്ടാതെ ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇതുവരെ ബുദ്ധിമുട്ടിയിട്ടില്ല. മുല്ലപ്പെരിയാര്‍, എ ഡി ബി, മാലിന്യ പ്രശ്‌നം, ദുരന്തങ്ങള്‍ തുടങ്ങിയവയൊക്കെ കേരളത്തില്‍ ഹര്‍ത്താലിന് വിഷയങ്ങളാണ്. ഇതിനെല്ലാം പുറമെ ഗവ.ലോ കോളേജില്‍ നടന്ന പതിവു വിദ്യാര്‍ത്ഥി സംഘട്ടനവും ഹര്‍ത്താലിന് വിഷയമാക്കി തീര്‍ത്തത് ഇപ്പോഴത്തെ പ്രതിപക്ഷ മുന്നണിയാണ്. അവര്‍ തന്നെയാണ് ഈ വര്‍ഷത്തെ ആദ്യ സംസ്ഥാന തലത്തിലുള്ള ഹര്‍ത്താലിന് നേതൃത്വം കൊടുക്കുന്നത്. വിഷയമാകട്ടെ സാധാരണക്കാരായ പൊതു ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റവും. എന്നാല്‍ ഹര്‍ത്താല്‍ നടത്തി ആവശ്യം നേടിയെടുത്ത സംഭവം ആര്‍ക്കുമറിയില്ല. ഗാന്ധിജിയുടെ കാലം തൊട്ടുള്ള അക്രമരഹിത പ്രതിഷേധ മാര്‍ഗമാണിതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഹര്‍ത്താലിന്റെ ആശാന്മാര്‍ ഇപ്പോള്‍ ഭരണത്തിലായതുകൊണ്ട് അഞ്ചു വര്‍ഷത്തേക്ക് അവരുടെ ഹര്‍ത്താലാഹ്വാനങ്ങള്‍ക്ക് കുറവുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സംസ്ഥാനം മുതല്‍ ജില്ല, താലൂക്ക്, മണ്‌ഡല തലം വരെ ഹര്‍ത്താലുകള്‍ കേരളീയ സമൂഹത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. അക്രമം ഉണ്ടായേക്കുമോ എന്ന ഭയം കൊണ്ടു മാത്രമാണ് ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത്. ആ ഭയത്തെ ചൂഷണം ചെയ്‌ത് ഈര്‍ക്കിലി രാഷ്‌ട്രീയ പാര്‍ട്ടികള്‍ വരെ അവരുടെ വിജയം ആഘോഷിക്കുന്നു. ഹര്‍ത്താല്‍ വിരുദ്ധ സംഘടനകളുടെ കണക്കനുസരിച്ച് പ്രാദേശിക തലം മുതല്‍ സംസ്ഥാന തലം വരെ ഇരുനൂറ്റി അമ്പതിലേറെ ഹര്‍ത്താലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 180ലേറെ ദിവസങ്ങളാണ് ഹര്‍ത്താല്‍ കവര്‍ന്നെടുത്തത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു ഹര്‍ത്താലില്‍ നാലായിരം കോടി രൂപയുടെയെങ്കിലും നഷ്‌ടമുണ്ടാവുമെന്നാണ് കണക്ക്. കഴിഞ്ഞ മലബാര്‍ ദിനത്തില്‍ അഞ്ചു കോടിയുടെ നഷ്‌ടമാണ് കെ എസ് ആര്‍ ടി സിക്കു മാത്രം ഉണ്ടായത്. സര്‍ക്കാര്‍ ഖജനാവില്‍ കോടികളുടെ നഷ്‌ടം വരുത്തിവെക്കുന്നതിനൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂരിതമാക്കിയാണ് (ഹര്‍ത്താലിന്റെ മറവില്‍ വീട്ടില്‍ ചടഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നും നഷ്‌ടപ്പെടാനില്ല) ഓരോ ഹര്‍ത്താലും കടന്നു പോകുന്നത്. വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു കുതിക്കാന്‍ കേരളം ഒരുങ്ങി നില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നാല്‍ അത് പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരേണ്ടവരാണ് മാധ്യമങ്ങള്‍. ഹര്‍ത്താല്‍ പോലുള്ള സാമൂഹിക വിരുദ്ധ നിലപാടുകള്‍ക്ക് പ്രചാരണം നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണം. അതോടൊപ്പം തന്നെ അതിനെതിരെ ശക്തമായ ഭാഷയില്‍ നിലപാടുകളെടുക്കാനും മാധ്യമങ്ങള്‍ തയ്യാറാകണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ജനങ്ങള്‍ സംഘടിതമായ രീതിയില്‍ തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭയന്ന് അതിന് കീഴടങ്ങുന്ന ശീലം സമൂഹം ഉപേക്ഷിക്കണം.
4 comments:
ഭയം മാത്രമല്ല,വെറുതെകിട്ടുന്ന ഒരവധിദിനം വീട്ടിനുപുറത്തിറങ്ങതെ ആഘോഷിയ്ക്കാന്‍ കേരളീയര്‍ ശിലിച്ചുപോയി.
ഹര്‍ത്താലിന്റെ തലേദിവസം മദ്യ/ഇറച്ചി/വീഡിയോഷോപ്പുകളില്‍ക്കാണുന്ന തിരക്ക് ചില അസുഖകരമായ സത്യങ്ങളിലേയ്ക്ക്
വിരല്‍ചൂണ്ടുന്നുണ്ട്.
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാക്കിയാണ് ഓരോ ഹര്‍ത്താലും കടന്നു പോകുന്നത്.
ഹര്‍ത്താലിനെതിരെ ജനങ്ങള്‍ സംഘടിതമായി തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഹര്‍ത്താലിന്റെ സ്വന്തം നാടായി സാക്ഷരകേരളം മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ വരെ അത്‌ിന് ചുക്കാന്‍ പിട്‌ിക്കുന്നത്‌് കാണേണ്ട് അവസ്ഥയാണ് ഇന്നുള്ളത്. അതില്‍ ഞാനടക്കമുള്ളവര്‍ ഖേദിക്കുന്നു.
നൂറുശതമാനം സാക്ഷരത കൈവകരിച്ച നമ്മള്‍ ഹര്‍ത്താലിനെ പ്രോത്സാഹിപ്പിക്കുന്നത് യാതൊരു കാരണവശാലും ന്യായീകരിക്കാനാവില്ല.
Post a Comment