2008-02-09

ഷാഡോസ്‌ ഓഫ്‌ കല്‍ക്കട്ട


സിനിമ എന്നും പുതുമകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കഥയിലും അവതരണത്തിലുമൊക്കെ പതിവു രീതിയില്‍ നിന്നു മാറിയുള്ള രീതികളാണ്‌ നല്ല പ്രേക്ഷകരെ സിനിമാശാലകളില്‍ എത്തിക്കുന്നത്‌. സ്വപ്‌നാനുഭവം നല്‍കുന്നതിനേക്കാള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ്‌ പ്രേക്ഷകര്‍ കൂടുതലും ഇഷ്‌ടപ്പെടുന്നത്‌. കുടുംബചിത്രം, വിനോദചിത്രം എന്നിങ്ങനെയുള്ള ലേബലുകളിലുള്ള മാറി മാറിയുള്ള വികലമായ പരീക്ഷണങ്ങള്‍ മാത്രമാണ്‌ മലയാളത്തില്‍ സാധാരണ ഉണ്ടായിരിക്കുന്നത്‌. ഇതിന്‌ ഒരപവാദം എന്ന നിലയിലാണ്‌ യുവ സംവിധായകന്‍ ബ്ലെസി ചിത്രങ്ങള്‍ സംവിധാനം ചെയ്‌തത്‌. ഇതിനു മുമ്പ്‌ ബ്ലെസി സംവിധാനം ചെയ്‌ത കാഴ്‌ചയും തന്മാത്രയും പളുങ്കുമൊക്കെ സിനിമയോടുള്ള സംവിധായകന്റെ സമീപനമാണ്‌ കാണിക്കുന്നത്‌.നല്ല സിനിലയിലേക്കുള്ള പ്രയാണത്തില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ്‌ കല്‍ക്കട്ട ന്യൂസ്‌ തിയേറ്ററുകളിലെത്തിയത്‌. ഈ കാര്യത്തില്‍ സംവിധായകന്‍ ബ്ലെസിക്ക്‌ പൂര്‍ണ്ണ സംതൃപ്‌തി അനുഭവിക്കാം. മലയാളികള്‍ കാത്തിരുന്ന ചിത്രമെന്ന പരസ്യവാചകത്തിന്റെ അകമ്പടിയോടെയാണ്‌ കല്‍ക്കട്ട ന്യൂസ്‌ പ്രദര്‍ശനത്തിനെത്തിയത്‌. എന്നാല്‍ മലയാളികള്‍ കാണേണ്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ ചിത്രമെന്ന്‌ അതിന്റെ പരസ്യ വാചകം മാറ്റിയെഴുതേണ്ടിയിരിക്കുന്നു.കലാപരമായി മുന്നിട്ടുനില്‍ക്കുന്ന കച്ചവട സിനിമയായിട്ടാണ്‌ ബ്ലെസിയുടെ ചിത്രത്തെ പ്രേക്ഷകര്‍ ആദ്യം വിലയിരുത്തുന്നത്‌.ഈ കാര്യത്തില്‍ ഇത്തവണയും കാര്യമായ വിത്യാസമൊന്നും സംഭവിച്ചിട്ടില്ല. ഇതിനു മുമ്പ്‌ പറഞ്ഞ കഥകളില്‍ നിന്നും ഏരെ വ്യത്യസ്‌തത പുലര്‍ത്തി ഇത്തവണ പെണ്‍വാണിഭ മാഫിയയെന്ന തീകച്ചും സമകാലീനമായ സാമൂഹ്യ പ്രശ്‌നത്തെകുറിച്ചാണ്‌ പറഞ്ഞിരിക്കുന്നത്‌. വിവാഹത്തിലൂടെ കബളിപ്പിക്കപ്പെട്ടും തൊഴില്‍ തേടിയും അന്യ നാടുകളിലെത്തുന്ന മലയാളി സ്‌ത്രീകളുടെ സുരക്ഷിതത്വമില്ലായ്‌മയാണ്‌ ചിത്രത്തിന്റെ പ്രമേയം. കല്‍ക്കട്ട നഗരത്തില്‍ വെച്ച്‌ സെക്‌സ്‌ റാക്കറ്റിന്റെ പിടിയില്‍പെട്ട്‌ ഒറ്റപ്പെട്ടുപോയ കൃഷ്‌ണപ്രിയ എന്ന നാട്ടിന്‍ പുറത്തുകാരിയിലൂടെയാണ്‌ കഥ നീങ്ങുന്നത്‌. അജിത്‌ തോമസ്‌ എന്ന മാധ്യമപ്രവര്‍ത്തകന്റെ മൊബൈലില്‍ ചിത്രീകരിച്ച ഷാഡോസ്‌ ഓഫ്‌ കല്‍ക്കട്ട എന്ന ഡേക്യുമെന്ററിയിലൂടെയാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. തിരക്കഥയ്‌ക്കുള്ളില്‍ നിന്ന്‌ കഥപറയുന്ന രീതിയില്‍ നിന്ന്‌ മാറി സംവിധായകന്റെ കാഴ്‌ചപ്പാടിലൂടെ പരീക്ഷണം നടത്താനുള്ള ശ്രമമാണ്‌ ബ്ലെസിയുടെ പുതിയ ചിത്രം. നായിക കഥാപാത്രമായ കൃഷ്‌ണപ്രിയയെ തന്നിലുള്ളിലേക്ക്‌ ആവാഹിച്ച്‌ മീരജാസ്‌മിന്‍ ചിത്രത്തില്‍ നല്ല പ്രകടനം കാഴ്‌ചവെക്കുമ്പോള്‍ പക്വതയാര്‍ന്ന മാധ്യ പ്രവര്‍ത്തകന്റെ കഥാപാത്രത്തിലേക്കെത്താന്‍ ദിലീപ്‌ പാടുപെടുകയാണ്‌. ഏതൊരു സംവിധായകനും പ്രണയം കൈകാര്യം ചെയ്യുമ്പോഴും സാധാരണ ഗതിയില്‍ സംഭവിക്കുന്നതു തന്നെയാണ്‌ ബ്ലെസിയും കാഴ്‌ചവെച്ചത്‌. നായികയെ പെണ്‍ വാണിഭ സംഘത്തില്‍ നിന്നും മൊബൈല്‍ ക്യാമറയും ദൃശ്യ മാധ്യമ സംവിധാനവും ഉപയോഗിച്ച്‌ രക്ഷപ്പെടുത്തുന്നു. അതോടൊപ്പം മാഫിയാ സംഘത്തെ ഒറ്റയടിക്ക്‌ ഇല്ലാതാക്കുകയാണ്‌ നായകന്‍. അവസാനം ശുഭം എന്ന്‌ എഴുതി കാണിച്ചിട്ടില്ല എന്നൊരു വ്യത്യാസം മാത്രം. സമകാലീന സമൂഹത്തിലെ പ്രധാന സാമൂഹ്യ പ്രശ്‌നമാണ്‌ ചിത്രത്തിലൂടെ അവതരിപ്പിച്ചത്‌. പ്രണയവും ത്രില്ലറും കൂടിക്കലര്‍ന്ന സാധാരണ സിനിമയുടെ നിലവാരത്തിലേക്ക്‌ ചിത്രം താഴ്‌ന്നു പോയോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഒഴിവാക്കാന്‍ സാധിക്കുന്ന പല ഘടകങ്ങളും ചിത്രത്തിലുണ്ടായിരുന്നു എന്നത്‌ നിരാശാജനകമാണ്‌. എങ്കിലും ഇത്തരമൊരു ചിത്രം പ്രേക്ഷകന്റെ മുന്നിലെത്തിച്ച അണിയറ പ്രവര്‍ത്തകര്‍ തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു.

1 comments:

പ്രണയവും ത്രില്ലറും കൂടിക്കലര്‍ന്ന സാധാരണ സിനിമയുടെ നിലവാരത്തിലേക്ക്‌ ചിത്രം താഴ്‌ന്നു പോയോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

താങ്കള്‍ പറഞ്ഞത്‌ വാസ്തവമാണ്‌.

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu