2009-08-20

പുറത്തുപോകുന്നു, വലിയ ചുമതലക്കാരന്‍


രാജ കുടുംബത്തിന്റെ പാരമ്പര്യം. കരസേനയിലെ അനുഭവ സമ്പത്ത്‌. ജസ്വന്ത്‌ സിംഗ്‌ എന്ന രാഷ്ട്രീയ നേതാവിന്റെ പൂര്‍വകാലം ഇതൊക്കെയാണ്‌. പക്ഷേ, രാഷ്‌ട്രീയത്തില്‍ ഒരിക്കലും പോരാളിയായിരുന്നില്ല ജസ്വന്ത്‌ സിംഗ്‌. ഒടുവില്‍ പൊരുതാന്‍ തയ്യാറായപ്പോഴേക്കും അദ്ദേഹത്തെ ബി ജെ പി വെട്ടി വീഴ്‌ത്തുകയും ചെയ്‌തു. നിലപാടില്‍ മാറ്റമില്ലെന്ന്‌ വീറോടെ വാദിക്കുന്നുണ്ട്‌ പഴയ സൈനികന്‍.

1938 ജനുവരി മൂന്നിന്‌ രാജസ്ഥാനിലെ ബാമര്‍ ജില്ലയിലുള്ള ജാസോളില്‍ താക്കൂര്‍ സര്‍ദാര്‍ സിംഗ്‌ജിയുടെയും കുന്‍വര്‍ ബൈസയുടെയും മകനായാണ്‌ ജനനം. താക്കൂറും കുന്‍വറും ചിത്തോഗഢിലുള്ള രാജ കുടുംബത്തിന്റെ സ്ഥാനചിഹ്നങ്ങളായിരുന്നു. അജ്‌മീറിലെ മയോ കോളജില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നു. രാജ കുടുംബത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ കുറഞ്ഞത്‌ ഇന്ത്യന്‍ പട്ടാളത്തില്‍ ഉദ്യോഗസ്ഥനെങ്കിലും ആകണമെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. 1960കളില്‍ കരസേനയില്‍ ഓഫീസറായിരുന്നു. അന്നുണ്ടായ യുദ്ധങ്ങളില്‍ വീരേതിഹാസം രചിച്ചതിന്റെ പേരില്‍ ജസ്വന്ത്‌ അറിയപ്പെട്ടിട്ടില്ല.

സൈനിക ഉദ്യോഗസ്ഥര്‍ക്കല്ല, രാഷ്‌ട്രീയ നേതാക്കള്‍ക്കാണ്‌ കൂടുതല്‍ അധികാരമെന്ന്‌ തിരിച്ചറിഞ്ഞത്‌ സൈന്യത്തില്‍ നിന്ന്‌ വിട്ടതിനു ശേഷം. 1980ല്‍ രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം. അന്ന്‌ ബി ജെ പി തുടങ്ങിയിട്ടേ ഉള്ളൂ. തുടങ്ങുന്ന പാര്‍ട്ടിയാകുമ്പോള്‍ സ്ഥാനങ്ങള്‍ കിട്ടാന്‍ എളുപ്പമാണെന്ന ലളിത ഗണിതം ഫലം കണ്ടു. 1980ല്‍ തന്നെ രാജ്യസഭാംഗമായി. പിന്നീട്‌ പാര്‍ട്ടി വളര്‍ന്നതിനൊപ്പം ജസ്വന്തും വളര്‍ന്നു. രാജ്യസഭയിലെ പതിവുകാരനുമായി. 1996ല്‍ പതിമൂന്ന്‌ ദിവസത്തെ വാജ്‌പയ്‌ സര്‍ക്കാറില്‍ ധനമന്ത്രിയായി. 1998 മുതല്‍ 2002 വരെ വാജ്‌പയ്‌ പതിമൂന്ന്‌ മാസം ഭരിച്ചപ്പോള്‍ ജസ്വന്ത്‌ സിംഗ്‌ വിദേശകാര്യം കൈകാര്യം ചെയ്‌തു. 1999ല്‍ വാജ്‌പയ്‌ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ജസ്വന്ത്‌ വിദേശകാര്യ മന്ത്രിയായി തുടര്‍ന്നു. പിന്നീട്‌ ധനകാര്യ വകുപ്പിലേക്ക്‌ യശ്വന്ത്‌ സിംഗിനെ മാറ്റി. പ്രതിരോധ ഇടപാടുകളിലെ അഴിമതിയെക്കുറിച്ചുള്ള തെഹല്‍ക്കയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ രാജിവെച്ച ഒഴിവില്‍ തത്‌കാലത്തേക്ക്‌ പകരക്കാരനായതും ജസ്വന്തായിരുന്നു. വലിയ ചുമതലകളായിരുന്നു ബി ജെ പി ഏല്‍പ്പിച്ചിരുന്നത്‌ എന്ന്‌ ചുരു-ക്കം.

അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍കൈ എടുത്തതും ജസ്വന്താണ്‌. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായിരിക്കെ ആരംഭിച്ച ഈ നടപടികള്‍ ധന, വിദേശ വകുപ്പുകള്‍ കൈകാര്യം ചെയ്‌തപ്പോള്‍ അദ്ദേഹം ഊര്‍ജിതമാക്കി. മന്‍മോഹനു മുമ്പ്‌ അമേരിക്കയുമായി ഇത്രമാത്രം ബന്ധം സ്ഥാപിച്ച സമകാലികനായ നേതാവ്‌ ജസ്വന്ത്‌ മാത്രമായിരിക്കും. 1998ലെ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണത്തിന്‌ ശേഷം ഇന്ത്യാ-അമേരിക്ക ബന്ധം മോശമായപ്പോള്‍ ജസ്വന്തിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. വാജ്‌പയിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ വഴിയൊരുക്കിയതിലും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക്‌ കൊണ്ടുവന്നതിലും അദ്ദേഹം നിര്‍ണായക പങ്ക്‌ വഹിച്ചു. വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ തന്നെയാണ്‌ ജസ്വന്ത്‌ സിംഗിന്‌ കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതും. ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം തട്ടിയെടുത്ത്‌ കാന്‍ഡഹാറിലിറക്കിയ റാഞ്ചികള്‍ മൗലാനാ മസ്‌ഊദ്‌ അസ്‌ഹറടക്കമുള്ള ഭീകരവാദികളെ വിട്ടയക്കണമെന്ന ആവശ്യമാണ്‌ മുന്നോട്ടുവെച്ചത്‌. ഈ ആവശ്യം അംഗീകരിച്ച്‌ ബന്ദികളെ മോചിപ്പിച്ചത്‌ വിവാദത്തിന്‌ കാരണമായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗിനെ ദുര്‍ബലനായ പ്രധാനമന്ത്രിയായി ബി ജെ പി വിശേഷിപ്പിച്ചപ്പോള്‍ മറുപടിയായി കിട്ടിയത്‌ കാന്‍ഡഹാര്‍ എപ്പിസോഡായിരുന്നു. ബി ജെ പിക്ക്‌ മൊഴിമുട്ടുകയും ചെയ്‌തു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബാമര്‍ സീറ്റ്‌ മകന്‍ മാനവേന്ദ്ര സിംഗിന്‌ നേടിക്കൊടുക്കാന്‍ ജസ്വന്ത്‌ കരുനീക്കിയത്‌ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്‌ടപ്പെടുത്തി. മകന്റെ സീറ്റ്‌ ഉറപ്പാക്കിയ ശേഷമാണ്‌ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ ജസ്വന്ത്‌ കണ്ണുവെച്ചത്‌. ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നതിനാല്‍ ജസ്വന്ത്‌ ലോക്‌സഭയിലെത്തി. ബാമറില്‍ നിന്ന്‌ മകനും. തിരഞ്ഞെടുപ്പില്‍ ബി ജെ പി തോറ്റെങ്കിലും ജസ്വന്തിന്‌ മറ്റ്‌ പ്രതീക്ഷകളുണ്ടായിരുന്നു. അഡ്വാനി മാറി നില്‍ക്കും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകാം. അഡ്വാനി തുടര്‍ന്നാല്‍ തന്നെ ഉപനേതൃത്വപദവി തനിക്കു തന്നെ...അങ്ങനെ പലതും. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റി. ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ രാജ്യസഭയിലെ നേതൃസ്ഥാനവും പോയി. രാജരക്തം സിരകളിലോടുമ്പോള്‍ അവഗണന സഹിക്കയോ? പഴയ സൈനികന്‍ ഉണര്‍ന്നു. പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി വിശദമായ കുറിപ്പ്‌ തയ്യാറാക്കി നേതൃയോഗത്തില്‍ വെച്ചു. കാലത്തിനനുസരിച്ച്‌ പാര്‍ട്ടി നയം മാറണമെന്ന്‌ നിര്‍ദേശിച്ചു. ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്‌തു. എല്ലാവരുടെയും പാര്‍ട്ടിയായി ബി ജെ പി മാറണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു. ഇത്‌ നേതാക്കള്‍ പരിഗണിച്ചില്ലെങ്കില്‍ ജനങ്ങളെങ്കിലും അറിയണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. നേതൃയോഗത്തില്‍ കൊടുത്ത കുറിപ്പ്‌ അതേപടി മാധ്യമങ്ങളിലെത്തി. കുറിപ്പ്‌ കൊടുത്തപ്പോഴേ നോട്ടമിട്ടതാണ്‌ രാജ്‌നാഥ്‌ സിംഗും ആര്‍ എസ്‌ എസ്സും. അത്‌ മാധ്യമങ്ങളിലേക്ക്‌ ചോര്‍ന്നതോടെ അവര്‍ വിധി തീരുമാനിച്ചു. അത്‌ എപ്പോള്‍ നടപ്പാക്കണമെന്ന്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ ചരിത്ര വ്യാഖ്യാനം പുറത്തിറങ്ങിയത്‌.

ഗ്രന്ഥരചന ജസ്വന്തിന്‌ പുതുമയല്ല. `ദേശീയ സുരക്ഷ - നമ്മുടെ ആശങ്കകളുടെ രേഖാചി്രത്രം, `ഇന്ത്യയെ പ്രതിരോധിക്കല്‍', തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്‌. 2006ല്‍ `എ കോള്‍ ടു ഓണര്‍ - ഇന്‍ സര്‍വീസ്‌ ഓഫ്‌ എമര്‍ജന്റ്‌ ഇന്ത്യ' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. `ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം' എന്ന അവസാന കൃതി വിവാദങ്ങളുടെ തണലില്‍ വേണ്ടത്ര വിറ്റുപോകും. ബി ജെ പിയിലുണ്ടെങ്കിലും ഇല്ലെങ്കിലും ജസ്വന്തിന്‌ ലാഭം. ഇനി അദ്ദേഹത്തിന്‌ വേണമെങ്കില്‍ തന്റെ ബി ജെ പി ജീവിതത്തെക്കുറിച്ച്‌ എഴുതാം. ബി ജെ പി - സത്യവും മിഥ്യയും എന്നു പേരിട്ടാല്‍ വിപണിവിജയം ഉറപ്പ്‌.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu