ക്യോട്ടോയില്‍ നിന്ന് കോപന്‍ഹേഗനിലേക്ക്
ലോകരാഷ്‌ട്രങ്ങള്‍ തിരിഞ്ഞു നടക്കുകയാണ്. ഒന്നര ദശാബ്‌ദംമുമ്പുള്ള സംഭാഷണ പാതയിലേക്ക്. 21-ാം നൂറ്റാണ്ട് പിറന്നതിനു ശേഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ആഗോള താപനം എന്ന വിഷയത്തിലേക്ക്. ഇന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപന്‍ഹേഗനില്‍ ആരംഭിക്കുന്ന 12 ദിനം നീളുന്ന ചര്‍ച്ചകള്‍ വിരുദ്ധ വീക്ഷണങ്ങളുടെയും നിക്ഷിപ്‌ത താത്‌പര്യങ്ങളുടെയും ഏറ്റുമുട്ടല്‍ വേദിയാവുമെന്ന് ഉറപ്പാണ്. ഉച്ചകോടിയില്‍ ഉരുത്തിരിയുന്ന തീരുമാനം തങ്ങള്‍ക്ക് പരമാവധി അനുകൂലമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനെ ചെറുക്കാന്‍ ഇന്ത്യയടക്കമുള്ള വികസ്വര, ദരിദ്ര രാജ്യങ്ങളും ശ്രമിക്കുന്നു.
ഉച്ചകോടിക്കു തൊട്ടുമുമ്പ് പുറത്തുവന്ന പഠനങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനം തടയേണ്ടതിന്റെ അടിയന്തര ആവശ്യം ഉയര്‍ത്തിക്കാട്ടുന്നതാണ്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നതിന്റെ തോത് ഗണ്യമായി വര്‍ധിച്ചിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ചിന്റെ (എസ് സി എ ആര്‍) പുതിയ ഗവേഷണ റിപ്പോര്‍ട്ട് നല്‍കുന്നത്. ഒരു നൂറ്റാണ്ടുകൊണ്ട് സമുദ്ര ജലനിരപ്പ് 1.4 മീറ്റര്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെ പ്രമുഖ നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടും. ഈ അവസ്ഥയില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള ഒന്നാണ് മാലി ദ്വീപുകള്‍. ഈ തിരിച്ചറിവിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കാനാണ് മാലി സര്‍ക്കാര്‍ സമുദ്രത്തിനടിയില്‍ യോഗം ചേര്‍ന്നു കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന പ്രമേയം പാസ്സാക്കിയത്. ഹിമാലയന്‍ മഞ്ഞുമലകള്‍ ഉരുകിയൊലിച്ചാല്‍ 150 കോടി ജനങ്ങള്‍ ഇരയാവുമെന്ന ഭീഷണിയിലേക്ക് വിരല്‍ചൂണ്ടി നേപ്പാള്‍ സര്‍ക്കാര്‍ എവറസ്റ്റിനു മുകളിലും മന്ത്രിസഭാ യോഗം ചേര്‍ന്നു. ഇത്തരം പ്രകടനങ്ങളെ അല്‍പ്പമൊരു ചിരിയോടെ സ്വീകരിച്ചിട്ടുണ്ടാവാമെങ്കിലും സംഭവിച്ചേക്കാവുന്ന ഭീകരാവസ്ഥയെ ഉള്‍ക്കൊണ്ടുതന്നെയാണ് ലോകരാഷ്‌ട്രങ്ങള്‍ കോപന്‍ഹേഗനിലേക്കു യാത്ര തിരിക്കുന്നത്.
1992ല്‍ ബ്രസീലിലെ റിയോ ഡി ജനിറോയോയില്‍ ഒന്നാം ഭൗമ ഉച്ചകോടി നടന്ന അതേ സ്ഥിതിവിശേഷമാണ് ഇന്നും നിലനില്‍ക്കുന്നത്. അല്‍പ്പംകൂടി ഗൗരവമേറിയിട്ടുണ്ടെന്നു മാത്രം. അന്നെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ ജപ്പാനിലെ ക്യോട്ടോയില്‍ സമ്മേളിച്ചത്. 1997ലെ ക്യോട്ടോ ഉടമ്പടിയില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനുമുള്‍പ്പെടെ 37 വ്യാവസായിക രാജ്യങ്ങള്‍ ഒപ്പ് വെച്ചു. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം 1990ല്‍ ഉള്ളതിനേക്കാളും 5.2 ശതമാനം കുറക്കണമെന്നായിരുന്നു അന്നുണ്ടായ ധാരണ. എന്നാല്‍ അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ഇത് എങ്ങുമെത്താതെ നില്‍ക്കുകയാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വ്യാവസായിക കുത്തകകളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടുവെന്ന് അര്‍ഥം. ആഗോള താപനത്തെ തുടര്‍ന്ന് വെള്ളത്തിനടിയിലാകുന്ന ചെറുദ്വീപ് രാഷ്‌ട്രങ്ങളുടെ മൊത്ത ആഭ്യന്തര ഉത്‌പാദനം വ്യാവസായിക രാജ്യങ്ങളിലെ പല കമ്പനികളുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിനേക്കാളും കുറവാണെന്നതു തന്നെയാണ് അമേരിക്കയെ പിന്തിരിപ്പിച്ചു നിര്‍ത്താന്‍ കാരണമായതും.
2007ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഉച്ചകോടി കാര്യമായ തീരുമാനങ്ങള്‍ ഉണ്ടാകാതെ പിരിയുകയായിരുന്നു. വ്യാവസായിക രാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 2020ഓടു കൂടി 25 മുതല്‍ 40 വരെ ശതനമാനം കുറക്കണമെന്നാണ് ബാലിയില്‍ ആവശ്യമുയര്‍ന്നത്. യൂറോപ്യന്‍ യൂനിയന്‍ ഇതിനെ അനുകൂലിച്ചെങ്കിലും യു എസ്, ആസ്‌ത്രേലിയ, ജപ്പാന്‍, കാനഡ രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ക്യോട്ടോ ഉടമ്പടി 2012 ഓടെ കാലഹരണപ്പെടാനിരിക്കെയാണ് പുതിയ കരാറുകള്‍ക്കായി കോപന്‍ഹേഗനില്‍ ലോകരാഷ്‌ട്രങ്ങള്‍ സമ്മേളിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം അടിയന്തരമായി കുറക്കുക എന്നതു മാത്രമാണ് ആഗോള താപനം കുറക്കാനുള്ള പോംവഴി എന്ന് എല്ലാ രാജ്യങ്ങളും സമ്മതിക്കുന്നുണ്ട്. എന്നാല്‍ കാര്‍ബണിന്റെ അതിപ്രസരത്തില്‍ പ്രധാന പ്രതികള്‍ ആര്, ആരാണ് ഇത് കുറക്കേണ്ടത്, എത്ര അളവില്‍ കുറവ് വരുത്തണം എന്നീ കാര്യങ്ങളില്‍ വലിയ ഭിന്നത നിലനില്‍ക്കുന്നു.
വന്‍ ശക്തികളായ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒരു കാലത്ത് അമേരിക്കയായിരുന്നു ഒന്നാം സ്ഥാനത്തെങ്കില്‍ ഇന്നു ചൈനയാണ് മുന്നിട്ടു നില്‍ക്കുന്നത്. കോപന്‍ഹേഗനില്‍ പ്രത്യേക ഉടമ്പടിയൊന്നും ഒപ്പ് വെക്കാനാവില്ലെന്നും പുറത്തുവിടുന്ന കാര്‍ബണ്‍ വാതകങ്ങളുടെ അളവ് 2020 ഓടെ 45 ശതമാനം സ്വയം കുറക്കാന്‍ തയ്യാറാണെന്നുമാണ് ചൈന അറിയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 20 ശതമാനത്തില്‍ അധികവും ചൈനയുടെ സംഭാവനയാണ്. തൊട്ടുപിറകില്‍ നില്‍ക്കുന്ന യു എസ് പതിനഞ്ച് ശതമാനമാണ് കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നത്. 40 ശതമാനത്തോളം പുറന്തള്ളുന്നതിന് ഉത്തരവാദികള്‍ അമേരിക്കയും ചൈനയും ആണ്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ കാര്‍ബണ്‍ വാതകങ്ങളുടെ പ്രസരണം കുറക്കണമെന്നാണ് വികസിത രാജ്യങ്ങളുടെ ആവശ്യം. വാതക പുറന്തള്ളലിന്റെ കണക്കില്‍ സ്വന്തം രാജ്യം മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാം എന്ന നിലപാടുമായാണ് ഒബാമ ഇക്കാര്യത്തില്‍ ഇടപെടുന്നത്.
ചൈനയുടെ അതേ നിലപാട് തന്നെയാണ് നാലാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്. വികസിത രാജ്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറക്കാന്‍ തയ്യാറാകില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്നെ 2020ഓടെ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം 20 മുതല്‍ 25 വരെ ശതമാനം സ്വയം കുറക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. വികിസിത രാജ്യങ്ങള്‍ ആഗ്രഹിക്കുന്ന തോതില്‍ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കാന്‍ ഇന്ത്യ, ബ്രസീല്‍ തുടങ്ങി അതിവേഗം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്കു കഴിയണമെങ്കില്‍ അത് ആഭ്യന്തര വളര്‍ച്ചയെ ബലികഴിച്ചു മാത്രമേ സാധ്യമാവൂ. അല്ലെങ്കില്‍ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ പ്രയോഗത്തിലാക്കേണ്ടിവരും. ഇതിനു കോടിക്കണക്കിനു ഡോളര്‍ ചെലവഴിക്കേണ്ടി വരും. 2005- 2030 കാലയളവില്‍ ലോകത്തിന് ആവശ്യമായി വരുന്ന ഊര്‍ജത്തിന്റെ 75 ശതമാനവും വികസ്വര രാജ്യങ്ങള്‍ക്കാണെന്ന് ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വികസ്വര രാജ്യങ്ങള്‍ വഹിക്കേണ്ടിവരുന്ന ബാധ്യത ഏതളവിലായിരിക്കുമെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ആഭ്യന്തര വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെയാണ് വികസിത രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കോപന്‍ഹേഗനില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഉടമ്പടികളില്‍ ഇന്ത്യ ഒപ്പ് വെക്കില്ലെന്നു തീര്‍ത്തു പറയുന്നതും. ഇന്ത്യ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യാന്‍ മാത്രമുള്ള വനസമ്പത്ത് രാജ്യത്തുണ്ടെന്നും വികസ്വര രാജ്യങ്ങളിലെ വനസമ്പത്ത് വര്‍ധിപ്പിക്കാന്‍ വികസിത രാജ്യങ്ങള്‍ സഹായം നല്‍കുകയാണ് വേണ്ടതെന്നുമാണ് ജയറാം രമേഷിന്റെ നിലപാട്. മുതലാളിത്ത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അഞ്ചു മുതല്‍ പത്ത് വരെ ശതമാനം കുറവാണ് മറ്റ് രാജ്യങ്ങളുടെ കാര്‍ബണ്‍ പ്രസരണം എന്ന വാദഗതി ശക്തിയായി ഉയര്‍ത്തികൊണ്ടു തന്നെയാണ് വികസ്വര രാജ്യങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്.
വരള്‍ച്ച, ദാരിദ്ര്യം, സമുദ്ര നിരപ്പിലുണ്ടാവുന്ന ഉയര്‍ച്ച തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുന്നതു വഴിയുണ്ടാവുന്ന ബാധ്യത നേരിടുന്നതിനും ദരിദ്ര രാഷ്‌ട്രങ്ങള്‍ക്ക് വന്‍ സഹായധനം തന്നെ വികസിത രാജ്യങ്ങളുള്‍പ്പെടെയുള്ളവ നല്‍കേണ്ടി വരും. സഹായധനം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ കോപന്‍ ഹേഗനില്‍ രൂപപ്പെടുന്ന ഒരു ഉടമ്പടിയിലും ഒപ്പ് വെക്കാന്‍ തയ്യാറല്ലെന്ന് ഇത്തരത്തിലുള്ള മിക്ക രാജ്യങ്ങളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്കു സഹായധനം നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാണെങ്കിലും നല്‍കുന്ന സഹായധനത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി നിലനില്‍ക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിലും കുറച്ച് നല്‍കാമെന്നാണ് പല വ്യാവസായിക രാജ്യങ്ങളുടെയും നിലപാട്. കാര്‍ബണ്‍ പ്രസാരണം കുറക്കുന്നതിനായി നാല്‍പ്പതിനായിരം കോടി ഡോളര്‍ (400 ബില്യണ്‍) അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ ഒരു ശതമാനം പ്രതിവര്‍ഷം നല്‍കണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. 10,000 കോടി ഡോളര്‍ നല്‍കാമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ `വാഗ്‌ദാനം'. 1500 കോടി ഡോളര്‍ നല്‍കാമെന്ന് യൂറോപ്യന്‍ യൂനിയനും സമ്മതിച്ചിട്ടുണ്ട്.
2050ഓടു കൂടി ഹരിതഗൃഹ വാതകങ്ങള്‍ എണ്‍പത് ശതമാനം കുറവ് വരുത്താമെന്നു മിക്ക വികസിത രാജ്യങ്ങളും പറയുന്നുണ്ട്. 2020 ഓടെ കാര്‍ബണ്‍ വാതകങ്ങളുടെ പ്രസരണം 25 - 40 ശതമാനം കുറക്കാന്‍ വികസിത രാജ്യങ്ങളും 15- 30 ശതമാനം കുറക്കാന്‍ വികസ്വര രാജ്യങ്ങളും തീരുമാനിച്ചാല്‍ തന്നെ ആഗോളതാപനം രണ്ടു ശതമാനം കുറയാനുള്ള സാധ്യത പകുതി മാത്രമാണെന്ന് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി) അഭിപ്രായപ്പെടുന്നു. ആഗോളതാപനം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ഭീകരമായിരിക്കുമെന്നും ഐ പി സി സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആഗോളതാപനം എന്ന മഹാവിപത്ത് തടയുന്നതിനുള്ള അവസാന അവസരമാണ് കോപന്‍ഹേഗനില്‍ നടക്കാന്‍ പോകുന്ന കാലാവസ്ഥാ ഉച്ചകോടിയെന്നാണ് ഐക്യരാഷ്‌ട്ര സഭ പറയുന്നത്. ക്യോട്ടോക്കു പകരം മറ്റൊരു ഉടമ്പടി രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ആഗോളതാപനത്തിനെതിരെ പ്രഖ്യാപിച്ചിട്ടുള്ള യുദ്ധത്തില്‍ നിന്നു സ്വയം പിന്മാറേണ്ടി വരുമെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കുന്നു.