2011-01-06

സ്‌നേഹ മരുന്നായ്‌ ജീവത്‌ സ്‌പര്‍ശം


സ്‌ത്രീശാക്തീകരണത്തിലൂടെ ഒരുമയുടെയും സാഹോദര്യത്തിന്റെയും ഉയരങ്ങളിലേക്ക്‌ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തുടങ്ങിയ സ്‌പര്‍ശം പദ്ധതി പ്രതീക്ഷയുടെ പുതിയ വെളിച്ചമായി മാറുന്നു. നിശ്ശബ്‌ദമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ എങ്ങനെ മാറ്റാം എന്നതിന്റെ വ്യക്തമായ ചിത്രം വരച്ചുകാട്ടിക്കൊണ്ടാണ്‌ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിയ പദ്ധതി അത്ഭുതാവഹമായ മുന്നേറ്റം കാഴ്‌ചവെക്കുന്നത്‌. വര്‍ഗീയ കലാപങ്ങള്‍ മുറിവേല്‍പ്പിച്ച മാറാട്‌ കടപ്പുറത്ത്‌ കുടുംബശ്രീ മിഷന്‍, ബേപ്പൂര്‍ ഗ്രാമ പഞ്ചായത്ത്‌ എന്നിവയുടെ സേവനങ്ങള്‍ സമന്വയിപ്പിച്ചും അതോടൊപ്പം സ്വകാര്യ സംരഭകരെ പങ്കാളികളാക്കിയുമാണ്‌ സ്‌പര്‍ശം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രോജക്‌ട്‌ ഓഫ്‌ സസ്റ്റെയിനബിള്‍ പോവര്‍ട്ടി അലിവേഷന്‍ ആന്‍ഡ്‌ റിഫര്‍മേഷന്‍ ഓഫ്‌ സീബെല്‍റ്റ്‌ ഏരിയ ഓഫ്‌ മാറാട്‌ (SPARSAM) ജില്ലാ ഭരണകൂടം നടപ്പിലാക്കിയത്‌. രണ്ട്‌ കലാപങ്ങള്‍ മനസ്സിനേല്‍പ്പിച്ച മുറിവുകളുമായി രണ്ട്‌ ധ്രുവങ്ങളിലായിപ്പോയവരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കൊണ്ടുവന്ന പല ഉദ്യമങ്ങളുടെയും അവസാനം സ്‌പര്‍ശം വളരെയേറെ ഫലം കണ്ടിരിക്കുന്നു. പൊതുവെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കടലോര പ്രദേശത്തെ ഇരു സമുദായത്തില്‍പ്പെട്ടവരെ ഒരു തൊഴില്‍ശാലയില്‍ അണിനിരത്തി സാമ്പത്തിക ഭദ്രത ഉറപ്പ്‌ വരുത്തുന്നതിനൊപ്പം അവരില്‍ പാരസ്‌പര്യത്തിന്റെ സംഘബോധവും വളര്‍ത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്‌. ഒരു വ്യവസായ സംരഭം എന്നതിനുപരിയായി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങളാണ്‌ ഇവിടെ തുറക്കപ്പെടുന്നത്‌.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ഒരു പ്രദേശം അകറ്റിനിര്‍ത്തപ്പെടുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിച്ച്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ അത്‌ ഇടയാക്കുന്ന എന്ന തിരിച്ചറിവില്‍ നിന്നാണ്‌ സ്‌പര്‍ശത്തിന്റെ തുടക്കമെന്ന്‌ പദ്ധതി ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുന്നതില്‍ മുന്നില്‍ നിന്ന്‌ നയിച്ച കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍ കൂടിയായ ഡോ. പി ബി സലീം പറയുന്നു. സര്‍ക്കാറിന്റെ ഏതൊരു നടപടിയെയും സംശയത്തിന്റെ നിഴലില്‍ മാത്രം കണ്ട പ്രദേശവാസികളുടെ വിശ്വാസ്യത നേടിയാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. 2009 ഡിസംബറില്‍ മാറാട്‌ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ സ്‌പര്‍ശം തൊഴില്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച്‌ അംഗീകാരം നേടിയെടുത്തു. മാറാട്‌ പ്രദേശം കൂടി ഉള്‍പ്പെടുന്ന ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എം എല്‍ എയായ വ്യവസായ മന്ത്രി എളമരം കരീമിന്റഎ നിര്‍ദേശങ്ങളും ഇതില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്‌.

സ്വകാര്യ സംരഭകരുടെ പൂര്‍ണ സഹകരണത്തോടെയാണ്‌ സ്‌പര്‍ശം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്‌. വി കെ സി ചപ്പല്‍സിന്റെ സഹായത്തോടെ ചെരുപ്പിന്റെ മുകള്‍ ഭാഗം നിര്‍മിക്കുന്ന യൂനിറ്റ്‌, തഹന്‍ക്ക സ്റ്റീല്‍സിന്റെ സഹായത്തോടെ ഇലക്‌ട്രിക്‌ വയറുകളില്‍ നിന്ന്‌ ലോഹ ഭാഗങ്ങള്‍ വേര്‍തിരിക്കുന്ന സ്‌ക്രാപ്‌ യൂനിറ്റ്‌, കാലിക്കറ്റ്‌ പീസ്‌ ഗുഡ്‌സ്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷനുമായി ചേര്‍ന്ന്‌ നടപ്പാക്കിയ വസ്‌ത്ര നിര്‍മാണ യൂനിറ്റ്‌, ഫറോക്കിലെ സ്‌നേഹ സ്‌പര്‍ശത്തിന്റെ നോട്ട്‌ ബുക്ക്‌ ബൈന്‍ഡിംഗ്‌ യൂനിറ്റ്‌, ഒലീനയുടെ കൂണ്‍- അലങ്കാര മത്സ്യ കൃഷി വളര്‍ത്തല്‍ എന്നിവയാണ്‌ ഇവിടെ യാഥാര്‍ഥ്യമായത്‌. അഞ്ച്‌ യൂനിറ്റുകളിലായി അമ്പത്‌ പേര്‍ വീതം 250 സ്‌ത്രീകള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി തുടങ്ങിയത്‌. ഇവിടെ നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ തൊഴിലാളികളോ അവരുടെ സഹായികളോ വിപണി കണ്ടെത്തേണ്ടതില്ല എന്ന പ്രത്യേകതയും പദ്ധതിയിലൂടെ സാക്ഷാത്‌കരിക്കപ്പെടുന്നുണ്ട്‌. അഞ്ച്‌ യൂനിറ്റുകളിലായി നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ ഓരോ ആഴ്‌ചയും അതത്‌ കമ്പനികള്‍ ഏറ്റെടുക്കുന്ന രീതിയിലാണ്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഓരോ യൂനിറ്റിന്റെയും ജോലി ഭദ്രതയും സാമ്പത്തിക ഭദ്രതയും ഉറപ്പ്‌ വരുത്തുന്നതിനായി ഉത്‌പന്നങ്ങള്‍ സ്വകാര്യ സംരംഭകര്‍ തന്നെ ഏറ്റെടുക്കാന്‍ തയ്യാറായ യൂനിറ്റുകളാണ്‌ ആദ്യഘട്ടമെന്ന നിലയില്‍ തുടങ്ങിയതും. സ്‌പോണ്‍സര്‍ ചെയ്‌ത ഏജന്‍സികള്‍ സ്വന്തം ചെലവില്‍ വിപണി കണ്ടെത്തിക്കൊള്ളുമെന്നത്‌ സ്‌ത്രീ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെയെങ്കിലും ആശ്വാസകരവുമാണ്‌.

കുടുംബശ്രീ യൂനിറ്റുകളായി രജിസ്റ്റര്‍ ചെയ്‌ത ഇവയോരോന്നിനും അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി എടുക്കുന്ന വായ്‌പയുടെ അമ്പത്‌ ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്‌. ശേഷിക്കുന്ന അമ്പത്‌ ശതമാനം സഹകരണ ബേങ്കില്‍ നിന്നുള്ള വായ്‌പയാണ്‌. സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റുകളുടെ മേല്‍നോട്ട ചുമതല നിലവില്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുന്ന കമ്മിറ്റിക്കാണ്‌. യൂനിറ്റുകള്‍ സ്വയംപര്യാപ്‌തത കൈവരിക്കുന്നതു വരെയായിരിക്കും ഇത്‌. മാറാട്‌ സ്‌പെഷ്യല്‍ ഓഫീസറുര്‍ കൂടിയായ സാബു ഏബ്രഹാമാണ്‌ സ്‌പര്‍ശം കോ ഓര്‍ഡിനേറ്റര്‍. ചെറുകിട വ്യവസായ സംരഭത്തിലുള്‍പ്പെടുത്തി (എസ്‌ എസ്‌ ഐ) വൈദ്യുതിയില്‍ ഇളവും ജില്ലാ ഭരണകൂടം നേടിക്കൊടുത്തിട്ടുണ്ട്‌.

ഒരുമിച്ച്‌ കഴിയാനുള്ള ചുറ്റുപാട്‌ സൃഷ്‌ടിക്കപ്പെട്ടതിനൊപ്പം ചെറുതെങ്കിലും ഒരു വരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഓരോ യൂനിറ്റിലെയും അംഗങ്ങള്‍ക്കിടയിലുണ്ട്‌. ഭര്‍ത്താവിന്റെ വരുമാനത്തിനൊപ്പം ചെറുതായെങ്കിലും സഹായിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷം ബൈന്‍ഡിംഗ്‌ യൂനിറ്റിലെ സൂപ്പര്‍വൈസറായ വിശാലവും യൂനിറ്റിലെ മറ്റ്‌ അംഗങ്ങളായ റഷീദയും സുമിനാസും മിനിയും മറച്ചുവെക്കുന്നില്ല. തുടക്കത്തില്‍ പദ്ധതിയോട്‌ വിമുഖത കാട്ടിയവരെല്ലാം ഇപ്പോള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട്‌ വന്നിട്ടുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. ജോലിയുടെ ലഭ്യതയനുസരിച്ചാണ്‌ വരുമാനം. ഇപ്പോള്‍ 75- 90 രൂപ വരെയാണ്‌ ലഭിക്കുന്നതെങ്കിലും കൂടുതല്‍ ജോലി വരുന്നതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. ഓഫ്‌സെറ്റ്‌ പ്രസ്‌ യൂനിറ്റില്‍ മാത്രം 55 തൊഴിലാളികളാണുള്ളത്‌. സ്ഥല പരിമിതി കാരണം രണ്ട്‌ ഷിഫ്‌റ്റുകളായി പ്രവര്‍ത്തിക്കാമെന്നുള്ള നിര്‍ദേശം മുന്നോട്ട്‌ വെച്ചെങ്കിലും അത്‌ വേണ്ടെന്ന നിലപാടിലാണ്‌ യൂനിറ്റംഗങ്ങള്‍.

വിവിധ സ്ഥാപനങ്ങളില്‍ നിന്ന്‌ തുണി വേണ്ട രൂപത്തില്‍ കട്ട്‌ ചെയ്‌ത്‌ കൊണ്ടുവന്നതിനു ശേഷം ഇവിടെ വെച്ച്‌ അടിച്ചെടുത്ത്‌ പാക്ക്‌ ചെയ്യുന്ന റെഡിമെയ്‌ഡ്‌ വസ്‌ത്ര നിര്‍മാണ യൂനിറ്റും മികച്ച രീതിയില്‍ തന്നെയാണ്‌ അതിന്റെ പ്രവര്‍ത്തനം തുടരുന്നത്‌. കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കിയ വായ്‌പ ഉപയോഗിച്ചാണ്‌ 41 ടൈലറിംഗ്‌ മെഷീനുകള്‍ വാങ്ങിയെടുത്തത്‌. 41 പേരാണ്‌ ഈ ടൈലറിംഗ്‌ യൂനിറ്റിലുള്ളത്‌. കോഴിക്കോട്‌ ചെറുവണ്ണൂരിലുള്ള എഫ്‌ ടി ഡി സിയില്‍ നിന്ന്‌ ഒരു മാസത്തെ പരിശീലനമാണ്‌ ഇവര്‍ക്ക്‌ നല്‍കിയത്‌. ശക്തമായ മത്സരം നേരിടുന്ന ടൈലറിംഗ്‌ യൂനിറ്റില്‍ വരുമാനത്തില്‍ കുറവ്‌ സംഭവിച്ചിട്ടുണ്ടെങ്കിലും വിദഗ്‌ധ പരിശീലനം നേടിയതിനു ശേഷം തുണി സ്വന്തമായി വാങ്ങി അടിക്കുന്ന രീതിയിലേക്ക്‌ കൂടി ഉയരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന്‌ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷിനയും റംസീനയും ഒരേ സ്വരത്തില്‍ പറയുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. സംസ്ഥാനത്ത്‌ കുടുംബശ്രീയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ചെറുകിട ടെയ്‌ലറിംഗ്‌ യൂനിറ്റുകളുടെ കണ്‍സോര്‍ഷ്യവുമായി ചേര്‍ന്ന്‌ വിദഗ്‌ധ പരിശീലനം നല്‍കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്‌. തോമസ്‌ ഐസക്കിന്റെ മണ്ഡലമായ മാരാരിക്കുളത്താണ്‌ ഇതിന്‌ തുടക്കമിട്ടത്‌. കോഴിക്കോട്‌ നടന്ന ഇതിന്റെ യോഗത്തില്‍ ഇത്തരത്തിലുള്ളവര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കാനും തീരുമാനമായിട്ടുണ്ട്‌. അതേസമയം തന്നെ സംസ്ഥാനതലത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ ടെയ്‌ലറിംഗ്‌ യൂനിറ്റുകളില്‍ സ്‌പര്‍ശവും ഉള്‍പ്പെട്ടതും ശ്രദ്ധേയമായി.

അബ്‌ദുല്‍ വഹാബ്‌ എം പിയുടെയും ഇ അഹമ്മദ്‌ എം പിയുടെയും പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മിച്ച കെട്ടിടത്തിലാണ്‌ ചെരുപ്പിന്റെ അപ്പര്‍ സ്റ്റിച്ചിംഗ്‌ നിര്‍മാണം നടക്കുന്നത്‌. കോഴിക്കോട്‌ ചെറുവണ്ണൂരിലുള്ള എഫ്‌ ടി ഡി സിയില്‍ ഒരുമാസത്തെ വിദഗ്‌ധ പരിശീലനം നല്‍കിയതിനുശേഷമാണ്‌ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്‌. ചെരുപ്പ്‌ നിര്‍മാതാക്കളായ വി കെ സിയുമായി ചേര്‍ന്നാണ്‌ ഈ യൂനിറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. നിലവില്‍ ഒരംഗത്തിന്‌ 2,200 രൂപയിലധികം വരുമാനം ലഭിക്കുന്ന തരത്തിലേക്ക്‌ യൂനിറ്റ്‌ ഉയര്‍ന്നിട്ടുണ്ട്‌. ഒരു ജോഡി ചെരുപ്പിന്റെ മേല്‍ഭാഗം സ്റ്റിച്ച്‌ ചെയ്യുന്നതിന്‌ 5.25 രൂപയാണ്‌ ലഭിക്കുന്നത്‌. സഹകരണ ബേങ്കില്‍ നിന്നെടുത്തിട്ടുള്ള വായ്‌പയുടെ തിരിച്ചടവ്‌ കഴിയുന്നതോടെ യൂനിറ്റ്‌ വികസിപ്പാക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന്‌ തൊഴിലാളികള്‍ പറയുന്നു.

കേരളത്തില്‍ ഇതിനകം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതി ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. സ്‌ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായ ഇത്തരം പദ്ധതികള്‍ ഉത്തരേന്ത്യയിലെ കലാപബാധിത പ്രദേശങ്ങളില്‍ നടപ്പാക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ സ്‌പര്‍ശം ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്ന ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി പറഞ്ഞതും ഇവിടെ എടുത്ത്‌ പറയേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ ധനസഹായമില്ലാതെ വിവിധ കമ്പനികളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നതെങ്കിലും പിന്നീട്‌ വ്യവസായ വകുപ്പിന്റെ വനിതാ സംരഭത്തിനായുള്ള ഫണ്ട്‌ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്‌. പദ്ധതിക്ക്‌ തുടക്കം കുറിക്കാനായി സന്നദ്ധ സംഘടനകളില്‍ നിന്ന്‌ പിരിച്ചെടുത്ത തുക പിന്നീട്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയായിരുന്നു. കൂടാതെ അമ്പത്‌ലക്ഷം രൂപയും ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട.്‌ രണ്ടാം ഘട്ടമെന്ന നിലയില്‍ കൂടുതല്‍ യൂനിറ്റുകള്‍ തുടങ്ങാനും ആഗ്രഹമുണ്ടെന്ന്‌ ജില്ലാ കലക്‌ടര്‍ പി ബി സലീം പറയുന്നു. ഇതു കൂടാതെ കോഴിക്കോട്‌ നഗരത്തിലെ ബംഗ്ലാദേശ്‌ കോളനി (ശാന്തിനഗര്‍ കോളനി)യിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കുന്നുണ്ട്‌. ഡിസംബര്‍ ആദ്യ പകുതിയില്‍ തന്നെ ഇത്‌ ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ രണ്ട്‌ പ്രദേശങ്ങളിലായി പലരും പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനായി ജില്ലാ ഭരണകൂടത്തെ ഇതിനകം സമീപിച്ചിട്ടുണ്ട്‌. ബൈന്‍ഡിംഗ്‌, ചെരുപ്പ്‌ നിര്‍മാണം എന്നിവക്കു പുറമെ ഭക്ഷ്യ സംസ്‌കരണം പോലുള്ള യൂനിറ്റുകളും തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌. മാറാട്‌ പദ്ധതി തുടങ്ങിയപ്പോഴുണ്ടായ ചില പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ചുകൊണ്ട്‌ പദ്ധതി വികസിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ ജില്ലാ ഭരണകൂടം. അതിനായി സംരഭകരെ പത്രങ്ങളിലൂടെ പരസ്യം നല്‍കി ക്ഷണിക്കാനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്‌.

`മാറാട്‌ ദുരന്തമുണ്ടായതിനു ശേഷം അവിടം സന്ദര്‍ശിച്ച എന്റെയരികില്‍ ഓടിയെത്തിയ നൂറുകണക്കിന്‌ സ്‌ത്രീകളുടെ മുഖങ്ങളില്‍ അരക്ഷിതബോധവും നിരാശയും ഭീതിയുമാണ്‌ നിഴലിച്ചിരുന്നത്‌. എന്നാല്‍, ഇന്നാവട്ടെ സുരക്ഷിതത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്‌മയുടെയും തിളക്കമായിരുന്നു ആ കണ്ണുകളില്‍ എനിക്ക്‌ ദര്‍ശിക്കുവാന്‍ കഴിഞ്ഞത്‌.' എന്ന്‌ സ്‌പര്‍ശം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ പറയുമ്പോള്‍ അതിലെല്ലാം അടങ്ങിയിരിക്കുന്നു.

(വ്യവസായ കേരളം മാസിക 2010 ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്‌)

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu