2009-12-07

ക്യോട്ടോയില്‍ നിന്ന്‌ കോപന്‍ഹേഗനിലേക്ക്‌


ലോകരാഷ്‌ട്രങ്ങള്‍ തിരിഞ്ഞു നടക്കുകയാണ്‌. ഒന്നര ദശാബ്‌ദംമുമ്പുള്ള സംഭാഷണ പാതയിലേക്ക്‌. 21-ാം നൂറ്റാണ്ട്‌ പിറന്നതിനു ശേഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ആഗോള താപനം എന്ന വിഷയത്തിലേക്ക്‌. ഇന്ന്‌ ഡെന്‍മാര്‍ക്ക്‌ തലസ്ഥാനമായ കോപന്‍ഹേഗനില്‍ ആരംഭിക്കുന്ന 12 ദിനം നീളുന്ന ചര്‍ച്ചകള്‍ വിരുദ്ധ വീക്ഷണങ്ങളുടെയും നിക്ഷിപ്‌ത താത്‌പര്യങ്ങളുടെയും ഏറ്റുമുട്ടല്‍ വേദിയാവുമെന്ന്‌ ഉറപ്പാണ്‌. ഉച്ചകോടിയില്‍ ഉരുത്തിരിയുന്ന തീരുമാനം തങ്ങള്‍ക്ക്‌ പരമാവധി അനുകൂലമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇതിനെ ചെറുക്കാന്‍ ഇന്ത്യയടക്കമുള്ള വികസ്വര, ദരിദ്ര രാജ്യങ്ങളും ശ്രമിക്കുന്നു.


ഉച്ചകോടിക്കു തൊട്ടുമുമ്പ്‌ പുറത്തുവന്ന പഠനങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനം തടയേണ്ടതിന്റെ അടിയന്തര ആവശ്യം ഉയര്‍ത്തിക്കാട്ടുന്നതാണ്‌. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നതിന്റെ തോത്‌ ഗണ്യമായി വര്‍ധിച്ചിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ്‌ സയന്റിഫിക്‌ കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക്‌ റിസര്‍ച്ചിന്റെ (എസ്‌ സി എ ആര്‍) പുതിയ ഗവേഷണ റിപ്പോര്‍ട്ട്‌ നല്‍കുന്നത്‌. ഒരു നൂറ്റാണ്ടുകൊണ്ട്‌ സമുദ്ര ജലനിരപ്പ്‌ 1.4 മീറ്റര്‍ ഉയരുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെ പ്രമുഖ നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടും. ഈ അവസ്ഥയില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള ഒന്നാണ്‌ മാലി ദ്വീപുകള്‍. ഈ തിരിച്ചറിവിലേക്ക്‌ ലോക ശ്രദ്ധയാകര്‍ഷിക്കാനാണ്‌ മാലി സര്‍ക്കാര്‍ സമുദ്രത്തിനടിയില്‍ യോഗം ചേര്‍ന്നു കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന പ്രമേയം പാസ്സാക്കിയത്‌. ഹിമാലയന്‍ മഞ്ഞുമലകള്‍ ഉരുകിയൊലിച്ചാല്‍ 150 കോടി ജനങ്ങള്‍ ഇരയാവുമെന്ന ഭീഷണിയിലേക്ക്‌ വിരല്‍ചൂണ്ടി നേപ്പാള്‍ സര്‍ക്കാര്‍ എവറസ്റ്റിനു മുകളിലും മന്ത്രിസഭാ യോഗം ചേര്‍ന്നു. ഇത്തരം പ്രകടനങ്ങളെ അല്‍പ്പമൊരു ചിരിയോടെ സ്വീകരിച്ചിട്ടുണ്ടാവാമെങ്കിലും സംഭവിച്ചേക്കാവുന്ന ഭീകരാവസ്ഥയെ ഉള്‍ക്കൊണ്ടുതന്നെയാണ്‌ ലോകരാഷ്‌ട്രങ്ങള്‍ കോപന്‍ഹേഗനിലേക്കു യാത്ര തിരിക്കുന്നത്‌.



1992ല്‍ ബ്രസീലിലെ റിയോ ഡി ജനിറോയോയില്‍ ഒന്നാം ഭൗമ ഉച്ചകോടി നടന്ന അതേ സ്ഥിതിവിശേഷമാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌. അല്‍പ്പംകൂടി ഗൗരവമേറിയിട്ടുണ്ടെന്നു മാത്രം. അന്നെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രാജ്യങ്ങള്‍ ജപ്പാനിലെ ക്യോട്ടോയില്‍ സമ്മേളിച്ചത്‌. 1997ലെ ക്യോട്ടോ ഉടമ്പടിയില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനുമുള്‍പ്പെടെ 37 വ്യാവസായിക രാജ്യങ്ങള്‍ ഒപ്പ്‌ വെച്ചു. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം 1990ല്‍ ഉള്ളതിനേക്കാളും 5.2 ശതമാനം കുറക്കണമെന്നായിരുന്നു അന്നുണ്ടായ ധാരണ. എന്നാല്‍ അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന്‌ ഇത്‌ എങ്ങുമെത്താതെ നില്‍ക്കുകയാണ്‌. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വ്യാവസായിക കുത്തകകളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടുവെന്ന്‌ അര്‍ഥം. ആഗോള താപനത്തെ തുടര്‍ന്ന്‌ വെള്ളത്തിനടിയിലാകുന്ന ചെറുദ്വീപ്‌ രാഷ്‌ട്രങ്ങളുടെ മൊത്ത ആഭ്യന്തര ഉത്‌പാദനം വ്യാവസായിക രാജ്യങ്ങളിലെ പല കമ്പനികളുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിനേക്കാളും കുറവാണെന്നതു തന്നെയാണ്‌ അമേരിക്കയെ പിന്തിരിപ്പിച്ചു നിര്‍ത്താന്‍ കാരണമായതും.



2007ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഉച്ചകോടി കാര്യമായ തീരുമാനങ്ങള്‍ ഉണ്ടാകാതെ പിരിയുകയായിരുന്നു. വ്യാവസായിക രാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 2020ഓടു കൂടി 25 മുതല്‍ 40 വരെ ശതനമാനം കുറക്കണമെന്നാണ്‌ ബാലിയില്‍ ആവശ്യമുയര്‍ന്നത്‌. യൂറോപ്യന്‍ യൂനിയന്‍ ഇതിനെ അനുകൂലിച്ചെങ്കിലും യു എസ്‌, ആസ്‌ത്രേലിയ, ജപ്പാന്‍, കാനഡ രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ക്യോട്ടോ ഉടമ്പടി 2012 ഓടെ കാലഹരണപ്പെടാനിരിക്കെയാണ്‌ പുതിയ കരാറുകള്‍ക്കായി കോപന്‍ഹേഗനില്‍ ലോകരാഷ്‌ട്രങ്ങള്‍ സമ്മേളിക്കുന്നത്‌. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം അടിയന്തരമായി കുറക്കുക എന്നതു മാത്രമാണ്‌ ആഗോള താപനം കുറക്കാനുള്ള പോംവഴി എന്ന്‌ എല്ലാ രാജ്യങ്ങളും സമ്മതിക്കുന്നുണ്ട്‌. എന്നാല്‍ കാര്‍ബണിന്റെ അതിപ്രസരത്തില്‍ പ്രധാന പ്രതികള്‍ ആര്‌, ആരാണ്‌ ഇത്‌ കുറക്കേണ്ടത്‌, എത്ര അളവില്‍ കുറവ്‌ വരുത്തണം എന്നീ കാര്യങ്ങളില്‍ വലിയ ഭിന്നത നിലനില്‍ക്കുന്നു.



വന്‍ ശക്തികളായ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്‌ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഒരു കാലത്ത്‌ അമേരിക്കയായിരുന്നു ഒന്നാം സ്ഥാനത്തെങ്കില്‍ ഇന്നു ചൈനയാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌. കോപന്‍ഹേഗനില്‍ പ്രത്യേക ഉടമ്പടിയൊന്നും ഒപ്പ്‌ വെക്കാനാവില്ലെന്നും പുറത്തുവിടുന്ന കാര്‍ബണ്‍ വാതകങ്ങളുടെ അളവ്‌ 2020 ഓടെ 45 ശതമാനം സ്വയം കുറക്കാന്‍ തയ്യാറാണെന്നുമാണ്‌ ചൈന അറിയിച്ചിരിക്കുന്നത്‌. ആഗോളതലത്തില്‍ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 20 ശതമാനത്തില്‍ അധികവും ചൈനയുടെ സംഭാവനയാണ്‌. തൊട്ടുപിറകില്‍ നില്‍ക്കുന്ന യു എസ്‌ പതിനഞ്ച്‌ ശതമാനമാണ്‌ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നത്‌. 40 ശതമാനത്തോളം പുറന്തള്ളുന്നതിന്‌ ഉത്തരവാദികള്‍ അമേരിക്കയും ചൈനയും ആണ്‌. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ കാര്‍ബണ്‍ വാതകങ്ങളുടെ പ്രസരണം കുറക്കണമെന്നാണ്‌ വികസിത രാജ്യങ്ങളുടെ ആവശ്യം. വാതക പുറന്തള്ളലിന്റെ കണക്കില്‍ സ്വന്തം രാജ്യം മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാം എന്ന നിലപാടുമായാണ്‌ ഒബാമ ഇക്കാര്യത്തില്‍ ഇടപെടുന്നത്‌.



ചൈനയുടെ അതേ നിലപാട്‌ തന്നെയാണ്‌ നാലാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്‌. വികസിത രാജ്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറക്കാന്‍ തയ്യാറാകില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അതേസമയം തന്നെ 2020ഓടെ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം 20 മുതല്‍ 25 വരെ ശതമാനം സ്വയം കുറക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്‌. വികിസിത രാജ്യങ്ങള്‍ ആഗ്രഹിക്കുന്ന തോതില്‍ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കാന്‍ ഇന്ത്യ, ബ്രസീല്‍ തുടങ്ങി അതിവേഗം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്കു കഴിയണമെങ്കില്‍ അത്‌ ആഭ്യന്തര വളര്‍ച്ചയെ ബലികഴിച്ചു മാത്രമേ സാധ്യമാവൂ. അല്ലെങ്കില്‍ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ പ്രയോഗത്തിലാക്കേണ്ടിവരും. ഇതിനു കോടിക്കണക്കിനു ഡോളര്‍ ചെലവഴിക്കേണ്ടി വരും. 2005- 2030 കാലയളവില്‍ ലോകത്തിന്‌ ആവശ്യമായി വരുന്ന ഊര്‍ജത്തിന്റെ 75 ശതമാനവും വികസ്വര രാജ്യങ്ങള്‍ക്കാണെന്ന്‌ ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വികസ്വര രാജ്യങ്ങള്‍ വഹിക്കേണ്ടിവരുന്ന ബാധ്യത ഏതളവിലായിരിക്കുമെന്നു വ്യക്തമാക്കുന്നതാണ്‌ ഈ കണക്ക്‌. ആഭ്യന്തര വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടു തന്നെയാണ്‌ വികസിത രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കോപന്‍ഹേഗനില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഉടമ്പടികളില്‍ ഇന്ത്യ ഒപ്പ്‌ വെക്കില്ലെന്നു തീര്‍ത്തു പറയുന്നതും. ഇന്ത്യ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യാന്‍ മാത്രമുള്ള വനസമ്പത്ത്‌ രാജ്യത്തുണ്ടെന്നും വികസ്വര രാജ്യങ്ങളിലെ വനസമ്പത്ത്‌ വര്‍ധിപ്പിക്കാന്‍ വികസിത രാജ്യങ്ങള്‍ സഹായം നല്‍കുകയാണ്‌ വേണ്ടതെന്നുമാണ്‌ ജയറാം രമേഷിന്റെ നിലപാട്‌. മുതലാളിത്ത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അഞ്ചു മുതല്‍ പത്ത്‌ വരെ ശതമാനം കുറവാണ്‌ മറ്റ്‌ രാജ്യങ്ങളുടെ കാര്‍ബണ്‍ പ്രസരണം എന്ന വാദഗതി ശക്തിയായി ഉയര്‍ത്തികൊണ്ടു തന്നെയാണ്‌ വികസ്വര രാജ്യങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്‌.



വരള്‍ച്ച, ദാരിദ്ര്യം, സമുദ്ര നിരപ്പിലുണ്ടാവുന്ന ഉയര്‍ച്ച തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുന്നതു വഴിയുണ്ടാവുന്ന ബാധ്യത നേരിടുന്നതിനും ദരിദ്ര രാഷ്‌ട്രങ്ങള്‍ക്ക്‌ വന്‍ സഹായധനം തന്നെ വികസിത രാജ്യങ്ങളുള്‍പ്പെടെയുള്ളവ നല്‍കേണ്ടി വരും. സഹായധനം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ കോപന്‍ ഹേഗനില്‍ രൂപപ്പെടുന്ന ഒരു ഉടമ്പടിയിലും ഒപ്പ്‌ വെക്കാന്‍ തയ്യാറല്ലെന്ന്‌ ഇത്തരത്തിലുള്ള മിക്ക രാജ്യങ്ങളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്‌. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്കു സഹായധനം നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാണെങ്കിലും നല്‍കുന്ന സഹായധനത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി നിലനില്‍ക്കുകയാണ്‌. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിലും കുറച്ച്‌ നല്‍കാമെന്നാണ്‌ പല വ്യാവസായിക രാജ്യങ്ങളുടെയും നിലപാട്‌. കാര്‍ബണ്‍ പ്രസാരണം കുറക്കുന്നതിനായി നാല്‍പ്പതിനായിരം കോടി ഡോളര്‍ (400 ബില്യണ്‍) അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ ഒരു ശതമാനം പ്രതിവര്‍ഷം നല്‍കണമെന്നാണ്‌ ചൈന ആവശ്യപ്പെട്ടത്‌. 10,000 കോടി ഡോളര്‍ നല്‍കാമെന്നാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെ `വാഗ്‌ദാനം'. 1500 കോടി ഡോളര്‍ നല്‍കാമെന്ന്‌ യൂറോപ്യന്‍ യൂനിയനും സമ്മതിച്ചിട്ടുണ്ട്‌.



2050ഓടു കൂടി ഹരിതഗൃഹ വാതകങ്ങള്‍ എണ്‍പത്‌ ശതമാനം കുറവ്‌ വരുത്താമെന്നു മിക്ക വികസിത രാജ്യങ്ങളും പറയുന്നുണ്ട്‌. 2020 ഓടെ കാര്‍ബണ്‍ വാതകങ്ങളുടെ പ്രസരണം 25 - 40 ശതമാനം കുറക്കാന്‍ വികസിത രാജ്യങ്ങളും 15- 30 ശതമാനം കുറക്കാന്‍ വികസ്വര രാജ്യങ്ങളും തീരുമാനിച്ചാല്‍ തന്നെ ആഗോളതാപനം രണ്ടു ശതമാനം കുറയാനുള്ള സാധ്യത പകുതി മാത്രമാണെന്ന്‌ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌ (ഐ പി സി സി) അഭിപ്രായപ്പെടുന്നു. ആഗോളതാപനം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ഭീകരമായിരിക്കുമെന്നും ഐ പി സി സി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ആഗോളതാപനം എന്ന മഹാവിപത്ത്‌ തടയുന്നതിനുള്ള അവസാന അവസരമാണ്‌ കോപന്‍ഹേഗനില്‍ നടക്കാന്‍ പോകുന്ന കാലാവസ്ഥാ ഉച്ചകോടിയെന്നാണ്‌ ഐക്യരാഷ്‌ട്ര സഭ പറയുന്നത്‌. ക്യോട്ടോക്കു പകരം മറ്റൊരു ഉടമ്പടി രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ആഗോളതാപനത്തിനെതിരെ പ്രഖ്യാപിച്ചിട്ടുള്ള യുദ്ധത്തില്‍ നിന്നു സ്വയം പിന്മാറേണ്ടി വരുമെന്നും യു എന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Read More......

2009-08-20

പുറത്തുപോകുന്നു, വലിയ ചുമതലക്കാരന്‍


രാജ കുടുംബത്തിന്റെ പാരമ്പര്യം. കരസേനയിലെ അനുഭവ സമ്പത്ത്‌. ജസ്വന്ത്‌ സിംഗ്‌ എന്ന രാഷ്ട്രീയ നേതാവിന്റെ പൂര്‍വകാലം ഇതൊക്കെയാണ്‌. പക്ഷേ, രാഷ്‌ട്രീയത്തില്‍ ഒരിക്കലും പോരാളിയായിരുന്നില്ല ജസ്വന്ത്‌ സിംഗ്‌. ഒടുവില്‍ പൊരുതാന്‍ തയ്യാറായപ്പോഴേക്കും അദ്ദേഹത്തെ ബി ജെ പി വെട്ടി വീഴ്‌ത്തുകയും ചെയ്‌തു. നിലപാടില്‍ മാറ്റമില്ലെന്ന്‌ വീറോടെ വാദിക്കുന്നുണ്ട്‌ പഴയ സൈനികന്‍.

1938 ജനുവരി മൂന്നിന്‌ രാജസ്ഥാനിലെ ബാമര്‍ ജില്ലയിലുള്ള ജാസോളില്‍ താക്കൂര്‍ സര്‍ദാര്‍ സിംഗ്‌ജിയുടെയും കുന്‍വര്‍ ബൈസയുടെയും മകനായാണ്‌ ജനനം. താക്കൂറും കുന്‍വറും ചിത്തോഗഢിലുള്ള രാജ കുടുംബത്തിന്റെ സ്ഥാനചിഹ്നങ്ങളായിരുന്നു. അജ്‌മീറിലെ മയോ കോളജില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നു. രാജ കുടുംബത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ കുറഞ്ഞത്‌ ഇന്ത്യന്‍ പട്ടാളത്തില്‍ ഉദ്യോഗസ്ഥനെങ്കിലും ആകണമെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. 1960കളില്‍ കരസേനയില്‍ ഓഫീസറായിരുന്നു. അന്നുണ്ടായ യുദ്ധങ്ങളില്‍ വീരേതിഹാസം രചിച്ചതിന്റെ പേരില്‍ ജസ്വന്ത്‌ അറിയപ്പെട്ടിട്ടില്ല.

സൈനിക ഉദ്യോഗസ്ഥര്‍ക്കല്ല, രാഷ്‌ട്രീയ നേതാക്കള്‍ക്കാണ്‌ കൂടുതല്‍ അധികാരമെന്ന്‌ തിരിച്ചറിഞ്ഞത്‌ സൈന്യത്തില്‍ നിന്ന്‌ വിട്ടതിനു ശേഷം. 1980ല്‍ രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം. അന്ന്‌ ബി ജെ പി തുടങ്ങിയിട്ടേ ഉള്ളൂ. തുടങ്ങുന്ന പാര്‍ട്ടിയാകുമ്പോള്‍ സ്ഥാനങ്ങള്‍ കിട്ടാന്‍ എളുപ്പമാണെന്ന ലളിത ഗണിതം ഫലം കണ്ടു. 1980ല്‍ തന്നെ രാജ്യസഭാംഗമായി. പിന്നീട്‌ പാര്‍ട്ടി വളര്‍ന്നതിനൊപ്പം ജസ്വന്തും വളര്‍ന്നു. രാജ്യസഭയിലെ പതിവുകാരനുമായി. 1996ല്‍ പതിമൂന്ന്‌ ദിവസത്തെ വാജ്‌പയ്‌ സര്‍ക്കാറില്‍ ധനമന്ത്രിയായി. 1998 മുതല്‍ 2002 വരെ വാജ്‌പയ്‌ പതിമൂന്ന്‌ മാസം ഭരിച്ചപ്പോള്‍ ജസ്വന്ത്‌ സിംഗ്‌ വിദേശകാര്യം കൈകാര്യം ചെയ്‌തു. 1999ല്‍ വാജ്‌പയ്‌ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ജസ്വന്ത്‌ വിദേശകാര്യ മന്ത്രിയായി തുടര്‍ന്നു. പിന്നീട്‌ ധനകാര്യ വകുപ്പിലേക്ക്‌ യശ്വന്ത്‌ സിംഗിനെ മാറ്റി. പ്രതിരോധ ഇടപാടുകളിലെ അഴിമതിയെക്കുറിച്ചുള്ള തെഹല്‍ക്കയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ രാജിവെച്ച ഒഴിവില്‍ തത്‌കാലത്തേക്ക്‌ പകരക്കാരനായതും ജസ്വന്തായിരുന്നു. വലിയ ചുമതലകളായിരുന്നു ബി ജെ പി ഏല്‍പ്പിച്ചിരുന്നത്‌ എന്ന്‌ ചുരു-ക്കം.

അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍കൈ എടുത്തതും ജസ്വന്താണ്‌. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായിരിക്കെ ആരംഭിച്ച ഈ നടപടികള്‍ ധന, വിദേശ വകുപ്പുകള്‍ കൈകാര്യം ചെയ്‌തപ്പോള്‍ അദ്ദേഹം ഊര്‍ജിതമാക്കി. മന്‍മോഹനു മുമ്പ്‌ അമേരിക്കയുമായി ഇത്രമാത്രം ബന്ധം സ്ഥാപിച്ച സമകാലികനായ നേതാവ്‌ ജസ്വന്ത്‌ മാത്രമായിരിക്കും. 1998ലെ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണത്തിന്‌ ശേഷം ഇന്ത്യാ-അമേരിക്ക ബന്ധം മോശമായപ്പോള്‍ ജസ്വന്തിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. വാജ്‌പയിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ വഴിയൊരുക്കിയതിലും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക്‌ കൊണ്ടുവന്നതിലും അദ്ദേഹം നിര്‍ണായക പങ്ക്‌ വഹിച്ചു. വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ തന്നെയാണ്‌ ജസ്വന്ത്‌ സിംഗിന്‌ കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതും. ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം തട്ടിയെടുത്ത്‌ കാന്‍ഡഹാറിലിറക്കിയ റാഞ്ചികള്‍ മൗലാനാ മസ്‌ഊദ്‌ അസ്‌ഹറടക്കമുള്ള ഭീകരവാദികളെ വിട്ടയക്കണമെന്ന ആവശ്യമാണ്‌ മുന്നോട്ടുവെച്ചത്‌. ഈ ആവശ്യം അംഗീകരിച്ച്‌ ബന്ദികളെ മോചിപ്പിച്ചത്‌ വിവാദത്തിന്‌ കാരണമായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗിനെ ദുര്‍ബലനായ പ്രധാനമന്ത്രിയായി ബി ജെ പി വിശേഷിപ്പിച്ചപ്പോള്‍ മറുപടിയായി കിട്ടിയത്‌ കാന്‍ഡഹാര്‍ എപ്പിസോഡായിരുന്നു. ബി ജെ പിക്ക്‌ മൊഴിമുട്ടുകയും ചെയ്‌തു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബാമര്‍ സീറ്റ്‌ മകന്‍ മാനവേന്ദ്ര സിംഗിന്‌ നേടിക്കൊടുക്കാന്‍ ജസ്വന്ത്‌ കരുനീക്കിയത്‌ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്‌ടപ്പെടുത്തി. മകന്റെ സീറ്റ്‌ ഉറപ്പാക്കിയ ശേഷമാണ്‌ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ ജസ്വന്ത്‌ കണ്ണുവെച്ചത്‌. ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നതിനാല്‍ ജസ്വന്ത്‌ ലോക്‌സഭയിലെത്തി. ബാമറില്‍ നിന്ന്‌ മകനും. തിരഞ്ഞെടുപ്പില്‍ ബി ജെ പി തോറ്റെങ്കിലും ജസ്വന്തിന്‌ മറ്റ്‌ പ്രതീക്ഷകളുണ്ടായിരുന്നു. അഡ്വാനി മാറി നില്‍ക്കും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകാം. അഡ്വാനി തുടര്‍ന്നാല്‍ തന്നെ ഉപനേതൃത്വപദവി തനിക്കു തന്നെ...അങ്ങനെ പലതും. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റി. ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ രാജ്യസഭയിലെ നേതൃസ്ഥാനവും പോയി. രാജരക്തം സിരകളിലോടുമ്പോള്‍ അവഗണന സഹിക്കയോ? പഴയ സൈനികന്‍ ഉണര്‍ന്നു. പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി വിശദമായ കുറിപ്പ്‌ തയ്യാറാക്കി നേതൃയോഗത്തില്‍ വെച്ചു. കാലത്തിനനുസരിച്ച്‌ പാര്‍ട്ടി നയം മാറണമെന്ന്‌ നിര്‍ദേശിച്ചു. ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്‌തു. എല്ലാവരുടെയും പാര്‍ട്ടിയായി ബി ജെ പി മാറണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു. ഇത്‌ നേതാക്കള്‍ പരിഗണിച്ചില്ലെങ്കില്‍ ജനങ്ങളെങ്കിലും അറിയണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. നേതൃയോഗത്തില്‍ കൊടുത്ത കുറിപ്പ്‌ അതേപടി മാധ്യമങ്ങളിലെത്തി. കുറിപ്പ്‌ കൊടുത്തപ്പോഴേ നോട്ടമിട്ടതാണ്‌ രാജ്‌നാഥ്‌ സിംഗും ആര്‍ എസ്‌ എസ്സും. അത്‌ മാധ്യമങ്ങളിലേക്ക്‌ ചോര്‍ന്നതോടെ അവര്‍ വിധി തീരുമാനിച്ചു. അത്‌ എപ്പോള്‍ നടപ്പാക്കണമെന്ന്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ ചരിത്ര വ്യാഖ്യാനം പുറത്തിറങ്ങിയത്‌.

ഗ്രന്ഥരചന ജസ്വന്തിന്‌ പുതുമയല്ല. `ദേശീയ സുരക്ഷ - നമ്മുടെ ആശങ്കകളുടെ രേഖാചി്രത്രം, `ഇന്ത്യയെ പ്രതിരോധിക്കല്‍', തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്‌. 2006ല്‍ `എ കോള്‍ ടു ഓണര്‍ - ഇന്‍ സര്‍വീസ്‌ ഓഫ്‌ എമര്‍ജന്റ്‌ ഇന്ത്യ' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. `ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം' എന്ന അവസാന കൃതി വിവാദങ്ങളുടെ തണലില്‍ വേണ്ടത്ര വിറ്റുപോകും. ബി ജെ പിയിലുണ്ടെങ്കിലും ഇല്ലെങ്കിലും ജസ്വന്തിന്‌ ലാഭം. ഇനി അദ്ദേഹത്തിന്‌ വേണമെങ്കില്‍ തന്റെ ബി ജെ പി ജീവിതത്തെക്കുറിച്ച്‌ എഴുതാം. ബി ജെ പി - സത്യവും മിഥ്യയും എന്നു പേരിട്ടാല്‍ വിപണിവിജയം ഉറപ്പ്‌.

Read More......

2009-06-12

അഹമ്മദിന്റെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിക്കണോ?


തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു. കേന്ദ്രത്തില്‍ വീണ്ടും യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നു. കേരളത്തില്‍ നിന്ന്‌ രണ്ട്‌ കാബിനറ്റ്‌ മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ്‌ മന്ത്രിമാര്‍. അതില്‍ പലതും സുപ്രാധാന വകുപ്പുകള്‍. എങ്കിലും കേരളത്തിന്റെ പ്രതീക്ഷ മുഴുവന്‍ റെയില്‍വേ സഹമന്ത്രിയായ ഇ അഹമ്മദിലാണ്‌. ഇതുവരെ തഴഞ്ഞ റെയില്‍വേ ഇത്തവണ കേരളത്തെ കൈയ്യയച്ച്‌ സഹായിക്കുമെന്നു തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു. അതിന്‌ മാറ്റുകൂട്ടി കേന്ദ്രമന്ത്രിയായ ശേഷം അഹമ്മദ്‌ നടത്തിയ പ്രസ്‌താവനയും. വയനാട്ടിലേക്ക്‌ റെയില്‍വേ പാത നിര്‍മിക്കും. നല്ല കാര്യം വളരെ നല്ല കാര്യം. അഹമ്മദ്‌ പറഞ്ഞ കാര്യം പൂര്‍ണമായി അങ്ങനങ്ങ്‌ വിശ്വസിക്കാന്‍ സാധിക്കുമോ. ഇല്ല എന്നു തന്നെയാണ്‌ തോന്നുന്നത്‌. ചെറിയ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ കേരളത്തിന്‌ ഇത്തവണയും കഞ്ഞി കുമ്പിളില്‍ തന്നെയായിരിക്കും.

ചരക്കുകൂലിയില്‍ മാറ്റം വരുത്താതെയും യാത്രാനിരക്കില്‍ രണ്ട്‌ ശതമാനം ഇളവ്‌ അനുവദിച്ചും ലാലു പ്രസാദ്‌ യാദവ്‌ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റ്‌ ലക്ഷ്യമിട്ടിരുന്നത്‌ ഇപ്പോള്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു. എങ്കില്‍ ഇപ്പോഴത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ലക്ഷ്യമിടുക ഈ മാസം നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാള്‍ കോര്‍പ്പറേഷന്‍തിരഞ്ഞെടുപ്പും ഒപ്പം 2011ല്‍ നടക്കാന്‍ പോകുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായിരിക്കും. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന്‌ മമത ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഇങ്ങനെ നോക്കുകയാണെങ്കില്‍ ബീഹാറിനു ചുറ്റും ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍വേ ഇത്തവണ പശ്ചിമ ബംഗാളിനു ചുറ്റുമായിരിക്കും ഓടുക.

ലാലുവും വേലുവും കൂടി റെയില്‍വേയെ രണ്ട്‌ സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചതു പോലെ അഹമ്മദിന്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന്‌ പ്രതിക്ഷ പുലര്‍ത്തേണ്ടതില്ല. അതിന്‌ കാരണവും രാഷ്‌ട്രീയം തന്നെ. മിക്ക സഹമന്ത്രിമാരും അവരുടെ ജോലി തുടങ്ങിയെങ്കിലും അഹമ്മദിന്‌ ഇതുവരെ മമത ചുമതലകള്‍ നല്‍കിയിട്ടില്ല. യു പി എ ഘടകകക്ഷിയാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെങ്കിലും പശ്ചിമ ബംഗാളിലെ പല മണ്ഡലങ്ങളിലും ലീഗ്‌ തൃണമൂലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. മമതാ ബാനര്‍ജിക്കെതിരെയുമുണ്ടായിരുന്നു ഒരു ലീഗ്‌ സ്ഥാനാര്‍ഥി. പിന്നെങ്ങനെ മമത ഇടയാതിരിക്കും.

ഇനിയുമുണ്ട്‌ ഒരു കാരണം കൂടി. ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരുമായും കൂട്ടുകൂടാന്‍ മമത തയ്യാറാണ്‌. ആ ഉദ്ദേശ്യത്തോടെ തന്നെയാണ്‌ മമത ഇത്തവണ കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചത്‌. ഐല ചുഴലികൊടുങ്കാറ്റ്‌ വന്‍ നാശനഷ്‌ടം വിതച്ച പശ്ചിമ ബംഗാളില്‍ കേന്ദ്രസഹായ വിതരണ കാര്യത്തില്‍ പോലും തൃണമൂലും ഇടതും രണ്ടു തട്ടിലായിരുന്നു. അത്രക്കുണ്ട്‌ മമതയുടെ ഇടത്‌ വിരോധം. അങ്ങനെ നോക്കുമ്പോള്‍ ഇടതു പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളത്തിന്‌ വല്ലതും കിട്ടാനുണ്ടെങ്കില്‍ അതുകൂടി ലഭിക്കാതിരുന്നേക്കും.

ഇനി അഹമ്മദ്‌ പറഞ്ഞതു പോലെ കേരളത്തിനു വല്ലതും ലഭിക്കുമെങ്കില്‍ അത്‌ രണ്ട്‌ വര്‍ഷം കൂടി കഴിഞ്ഞു നോക്കിയാല്‍ മതി. അഥവാ എന്തെങ്കിലും കിട്ടണമെങ്കില്‍ ഇടതു സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ വരട്ടെ!

Read More......

2009-05-19

പ്രഭാകരന്‍ എന്ന പ്രഹേളിക

`ഭയം ദൗര്‍ബല്യത്തില്‍ നിന്നുള്ളതാണ്‌, ഒരു ഭീരുവിന്റെ സുഹൃത്ത്‌. ധീരന്റെ അടിയുറച്ച ശത്രു. മരണത്തോടുള്ള ഭയമാണ്‌ മനുഷ്യന്റെ ഭയത്തിന്റെ അടിസ്ഥാനം. മരണത്തോടുള്ള ഭയത്തെ തോല്‍പ്പിച്ചവന്‍ സ്വയം വിജയിച്ചവനാണ്‌. അവനാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിക്കുന്നത്‌. ഒപ്പം അവന്റെ മനസ്സിന്റെ തടവറയില്‍ നിന്നും' തമിഴ്‌ ഈഴത്തിനു വേണ്ടി പോരാടുന്നവരോട്‌ ഇതു പറയുമ്പോള്‍ വേലുപ്പിള്ള പ്രഭാകരന്റെ മനസ്സില്‍ തെല്ലും ഇല്ലാതിരുന്നത്‌ മരണ ഭയമാണ്‌. ഒടുവില്‍ നീണ്ട പോരാട്ടത്തിന്റെ വീഥിയില്‍ പ്രഭാകരനും വീണിരിക്കുന്നു.
തമിഴ്‌ ഈഴത്തിനു വേണ്ടി ശ്രീലങ്കന്‍ സൈന്യത്തോട്‌ പോരാടി വീണ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കുന്ന മാവീരര്‍ ദിനത്തില്‍ പ്രഭാകരന്‍ എല്‍ ടി ടി ഇ പോരാളികളുടെ ആത്മബലം വര്‍ധിപ്പിച്ചത്‌ ഇത്തരം ശക്തമായ വാക്കുകളിലൂടെയായിരുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ച പ്രസംഗങ്ങളിലൂടെ. ശ്രീലങ്കന്‍ സൈന്യത്തെ ആക്രമിച്ച്‌ അവരുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി അവര്‍ക്കെതിരെ പോരാടിയ പ്രഭാകരന്റെ ആദ്യ ആയുധം കുട്ടികള്‍ കൊണ്ടു നടക്കുന്ന തെറ്റാലിയായിരുന്നു. ലക്ഷ്യം പക്ഷികളും അണ്ണാനും മറ്റും. ഒടുവില്‍ അത്‌ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഗറില്ലാ പോരാട്ടങ്ങളിലേക്ക്‌ മാറിയത്‌ നീണ്ട ചരിത്രം.

എല്‍ ടി ടി ഇ രൂപവത്‌കരിച്ച്‌ തമിഴ്‌ ഈഴത്തിനായി പോരാടിയ പ്രഭാകരന്‍ മുപ്പത്‌ വര്‍ഷത്തിലധികമായി അതീവ സുരക്ഷിതമായ ബങ്കറുകളിലിരുന്നാണ്‌ എല്‍ ടി ടി ഇയെ നയിച്ചത്‌. തമിഴ്‌ ഈഴത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായവന്‍. ഈഴം പ്രവര്‍ത്തകരുടെ കഴുത്തില്‍ സയനൈഡ്‌ മാലയണിയിക്കും മുമ്പ്‌ സ്വയം അതണിഞ്ഞവന്‍. പിടിക്കപ്പെടും മുമ്പ്‌ സ്വയം മരിച്ചുകളയണമെന്ന്‌ പറയുമ്പോഴും പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം കൊടുക്കുന്നവന്‍. അതെ. ഈഴത്തിലെ ഓരോ അംഗത്തെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്‌ പ്രഭാകരന്‍ കണ്ടിരുന്നത്‌. തെറ്റുകണ്ടാല്‍ ശിക്ഷിച്ചും വിജയിച്ചുവരുന്ന പ്രവര്‍ത്തകര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം കൊടുത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍വാക്ക്‌ ഉണ്ടാക്കിയെടുക്കാതെയായിരുന്നു ഈഴത്തിന്റെ പ്രവര്‍ത്തനം. എന്നിട്ടും വിമത ശബ്‌ദങ്ങളുയര്‍ന്നു. ഇടക്കാലത്ത്‌ എല്‍ ടി ടി ഇയില്‍ നിന്ന്‌ പ്രഭാകരന്‌ പുറത്തുപോകേണ്ടിവന്നു. ചെറിയ ഇടവേളക്കു ശേഷം പുലികളുടെ നേതൃസ്ഥാനത്ത്‌ തിരിച്ചെത്തുകയും ചെയ്‌തു. മഹാത്തായ എന്നറിയപ്പെട്ട മഹേന്ദ്ര രാജനും കിഴക്കന്‍ മേഖലയില്‍ ഈഴത്തിന്റെ ചുമതലയുണ്ടായിരുന്ന കേണല്‍ കരുണയും പ്രഭാകരന്‌ വലിയ വെല്ലുവിളിയുയര്‍ത്തി. ഇതില്‍ മഹാത്തായയെ പിന്നീട്‌ പുലികള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. വിമത ശബ്‌ദമുയര്‍ത്തി പുറത്തു പോയ കേണല്‍ കരുണ പ്രഭാകരന്റെ വീഴ്‌ചയില്‍ സുപ്രധാന പങ്ക്‌ വഹിക്കുകയും ചെയ്‌തു.
1954ല്‍ ശ്രീലങ്കയിലെ ഉപദ്വീപായ വാള്‍വെട്ടിത്തുറൈയിലായിരുന്നു പ്രഭാകരന്റെ ജനനം. തിരുവെങ്കടം വേലുപ്പിള്ളയുടെയും പാര്‍വതിയുടെയും ഇളയ മകന്‍. കുട്ടിക്കാലത്ത്‌ തീര്‍ത്തും അന്തര്‍മുഖനായിരുന്ന പ്രഭാകരന്‌ പുസ്‌തകങ്ങളിലായിരുന്നു കമ്പം. വളരെ ചെറുപ്പത്തിലെ തന്നെ പ്രഭാകരന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. തമിഴ്‌ വംശജരോട്‌ തൊഴില്‍, വിദ്യാഭ്യാസം, രാഷ്‌ട്രീയം തുടങ്ങി എല്ലാ മേഖലകളിലും വിവേചനം കാണിക്കുന്നുവെന്ന്‌ മനസ്സിലാക്കിയ ഒരു തമിഴ്‌ കൗമാരക്കാരന്റെ പ്രതിഷേധമായിരുന്നു അത്‌. സ്‌കൂള്‍ പഠനം നിര്‍ത്തിയപ്പോള്‍ തന്നെ കായികാഭ്യാസം പഠിക്കാന്‍ പ്രഭാകരന്‍ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ തമിഴ്‌ വംശജര്‍ക്കെതിരെ വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ യുവാക്കള്‍ ചേര്‍ന്ന്‌ രൂപവത്‌കരിച്ച സംഘടനയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു പ്രഭാകരന്റെ ആദ്യ പ്രവര്‍ത്തനം. അവിടെ നിന്ന്‌ പെട്ടെന്നായിരുന്നു വളര്‍ച്ച. ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴമെന്ന ലോകം കണ്ട ഏറ്റവും വലിയ ഗറില്ല സംഘത്തിന്റെ, അനിഷേധ്യ നേതാവിലേക്ക്‌. ഇന്ത്യന്‍ സ്വാതന്ത്ര്യന്‌ വേണ്ടി പോരാടിയ സുഭാഷ്‌ ചന്ദ്ര ബോസിന്റെയും ഭഗത്‌സിംഗിന്റെയും ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആദ്യകാലത്തു തന്നെ പ്രഭാകരന്‍ ആകൃഷ്‌ടനായിരുന്നു. ഇവര്‍ രണ്ടു പേരും സായുധ പോരാത്തിലൂടെ മാത്രമേ ബ്രിട്ടനില്‍ നിന്നു ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കൂ എന്ന്‌ വിശ്വസിച്ചിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്‌. പോരാട്ടത്തിലൂടെ മാത്രമേ തമിഴ്‌ ഈഴം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സാധിക്കൂ എന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെ മുല്ലത്തീവും കിളിനൊച്ചിയും പിടിച്ച്‌ പ്രഭാകരന്‍ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരുന്നു.
പ്രഭാകരനുമായി ലഭിക്കുന്ന അപൂര്‍വം ചില അഭിമുഖ സംഭാഷണങ്ങളില്‍ അദ്ദേഹം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെയും നെപ്പോളിയന്റെയും ജീവിതങ്ങളില്‍ ആകൃഷ്‌ടനായിരുന്നുവെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഇവര്‍ രണ്ടു പേരേയും പറ്റിയുള്ള പുസ്‌തകങ്ങള്‍ പഠിക്കാനും പ്രഭാകരന്‍ സമയം കണ്ടെത്തി. 1974ലാണ്‌ പ്രത്യേക തമിഴ്‌ ഈഴം എന്ന ലക്ഷ്യം ഉയര്‍ത്തി പ്രഭാകരന്‍ തന്റെ പ്രവര്‍ത്തന മേഖല ശക്തമാക്കിയത്‌. 1976 മെയ്‌ അഞ്ചിന്‌ ന്യൂ തമിഴ്‌ ടൈഗേഴ്‌സിന്റെ പേര്‌ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്നാക്കി മാറ്റി. അന്നു മുതല്‍ എല്‍ ടി ടി ഇയുടെ രാഷ്‌ട്രീയ നേതാവും സൈനിക കമാന്‍ഡറും പ്രഭാകരന്‍ തന്നെ.
1975ല്‍ ജാഫ്‌ന മേയറായിരുന്ന ആല്‍ഫ്രഡ്‌ ദുരയപ്പയെ വെടിവെച്ചു കൊലപ്പെടുത്തിയതോടെയാണ്‌ പ്രഭാകരന്‍ ലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്‌. തമിഴ്‌ ഈഴത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ ആദ്യം കൊല്ലപ്പെടുന്നതും ജാഫ്‌ന മേയറാണ്‌. അതിനു ശേഷം എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. വിവിധ പേരുകളിലാണ്‌ പ്രഭാകരന്‍ അറിയപ്പെടുന്നതു തന്നെ. ചിലര്‍ക്ക്‌ തമ്പിയാണെങ്കില്‍ മറ്റു ചിലര്‍ക്ക്‌ അത്‌ എല്‍ ടി ടി ഇയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും വരെ ആകാറുണ്ട്‌. പക്ഷേ, ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രഭാകരന്‍ എന്നും അറിയപ്പെട്ടിരുന്നത്‌ തമിഴ്‌ ഈഴത്തിനു വേണ്ടി പോരാടുന്ന ഗറില്ലാ നേതാവായും ഭീകരനുമൊക്കെയായാണ്‌. പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ പ്രധാന പ്രതിയായതോടെ ഇന്ത്യയിലും പ്രഭാകരന്‍ ഭീകരനായി. രാജീവ്‌ ഗാന്ധി കൊലപാതക കേസിലെ അപ്രഖ്യാപിത ഒന്നാം പ്രതി കൂടിയാണ്‌ പ്രഭാകരന്‍. രാജീവ്‌ ഗാന്ധിയെ വധിച്ചതിന്‌ എല്‍ ടി ടി ഇ പിന്നീട്‌ മാപ്പു പറയുകയും ചെയ്‌തു.
പ്രഭാകരന്റെ നേതൃത്വമാണ്‌ എല്‍ ടി ടി ഇയെ ശക്തമായ ലക്ഷ്യവും അച്ചടക്കവുമുള്ള ഗറില്ലാ സംഘടനയായി വളര്‍ത്തിയെടുത്തത്‌. കര്‍ശനമായ അച്ചടക്കം, ലക്ഷ്യം നേടുംവരെ പോരാടാനുള്ള മനോവീര്യം, ജീവത്യാഗം ചെയ്യാനുള്ള പ്രതിബദ്ധത ഇതൊക്കെയായിരുന്നു എല്‍ ടി ടി ഇയില്‍ അംഗമാവുന്നതിന്‌ വേണ്ട യോഗ്യത. കടല്‍പ്പുലികള്‍, കരിമ്പുലികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി അറിയപ്പെടുന്ന എല്‍ ടി ടി ഇയുടെ കേന്ദ്ര ബിന്ദു പ്രഭാകരനില്‍ മാത്രം ഒതുങ്ങി. തമിഴ്‌ വംശജര്‍ക്കു വേണ്ടി പോരാടുന്ന ഒരേയൊരു സംഘടന മാത്രമേ പാടുള്ളു എന്ന്‌ വിശ്വസിച്ചു പ്രവര്‍ത്തിച്ചു. തമിഴര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ്‌ സംഘടനകളെ എല്‍ ടി ടി ഇയിലേക്ക്‌ ആകര്‍ഷിക്കാനായിരുന്നു പ്രഭാകരന്റെ ശ്രമം. അല്ലാത്ത സംഘടനകളുടെ നേതാക്കളെ കൊന്നു തള്ളുക എന്നായിരുന്നു നിലപാട്‌. കിഴക്കന്‍ മേഖലയുടെ അധിപനായി പ്രഭാകരന്‍ നിയമിച്ച കേണല്‍ കരുണ ശ്രീലങ്കന്‍ സര്‍ക്കാറിനോടൊപ്പം നിന്നതും അതിനു പിന്നാലെ എല്‍ ടി ടി ഇയിലെ പ്രധാനിയായിരുന്ന ആന്റണ്‍ ബാലശിങ്കം മരിച്ചതും പ്രഭാകരന്‌ കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു.
ഒടുവില്‍ ശ്രീലങ്കന്‍ സേന ശക്തമായ ആക്രമണം ആരംഭിച്ചതോടെ ചുരുങ്ങിയ പ്രദേശത്തേക്ക്‌ എല്‍ ടി ടി ഇയുടെ ആധിപത്യം ചുരുങ്ങി. സമീപകാലത്തുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രഭാകരന്റെ ഏകാധിപത്യത്തിനാണ്‌ ഇന്നലെ അവസാനമായിരിക്കുന്നത്‌. ഓരോ തവണ പ്രഭാകരന്‍ മരിച്ചെന്ന്‌ ശ്രീലങ്കന്‍ സൈന്യം അവകാശപ്പെടുമ്പോഴും രഹസ്യ സങ്കേതത്തിലിരുന്ന്‌ പുറത്തുവിടുന്ന വീഡിയോ ചിത്രങ്ങളായിരുന്നു പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന്‌ മനസ്സിലാക്കാനുള്ള തെളിവുകള്‍. അത്തരത്തിലുള്ള ഒരു വീഡിയോ ദൃശ്യം തമിഴ്‌ പോരാട്ടവേദിയിലുള്ളവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്‌.

Read More......

2009-03-23

ജയിക്കുമോ ഈ സ്‌പോട്‌സ്‌മാന്‍ സിപിരിറ്റ്‌?


സംസ്ഥാന, കേന്ദ്ര സ്‌പോട്‌സ്‌ അസോസിയേഷനുകളിലും ഒളിമ്പിക്‌ അസോസിയേഷനുകളിലും യഥാര്‍ഥത്തില്‍ കളിക്കുന്നത്‌ രാഷ്‌ട്രീയ നേതാക്കളാണ്‌. രാഷ്‌ട്രീയത്തില്‍ സ്‌പോട്‌സ്‌ വളരെ കുറവാണെങ്കിലും കളിക്കളത്തില്‍ നിന്നു കിട്ടിയ സ്റ്റാര്‍ വാല്യുവിനെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ പല രാഷ്‌ട്രീയ നേതാക്കളും സ്‌പോട്‌സ്‌ താരങ്ങളെ തിരഞ്ഞെടുപ്പ്‌ വേദിയിലിറക്കാറുണ്ട്‌. എല്ലാ തിരഞ്ഞെടുപ്പുകളിലും പല താരങ്ങള്‍ ഉയര്‍ന്നുവരുകയും പഴയ പലര്‍ക്കും കാലിടറകയും ചെയ്യാറുണ്ട്‌. കായികലോകത്തെ ഒഴുക്കില്‍പെട്ട്‌ തീരമണിഞ്ഞവര്‍ മറ്റൊരു `കളി'ക്കു കൂടി വേദി അന്വേഷിക്കുകയാണ്‌.

പണ്ട്‌ മുതല്‍ തന്നെ സ്‌പോട്‌സ്‌ രംഗത്തു നിന്ന്‌ താരങ്ങള്‍ തിരഞ്ഞെടുപ്പ്‌ വേദിയിലെത്തി തുടങ്ങിയിട്ടുണ്ട്‌. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്‌ ആദ്യ കാലത്ത്‌ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലിറങ്ങിയ സ്‌പോട്‌സ്‌ താരം. 1971ല്‍ വിശാല്‍ ഹരിയാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്‌ പട്ടൗഡി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. ലോകകിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അംഗമായിരുന്ന മദന്‍ലാലാണ്‌ ഏറ്റവുമൊടുവില്‍ സ്‌പോട്‌സ്‌ ലോകത്തു നിന്നും തിരഞ്ഞെടുപ്പ്‌ വേദിയിലിറങ്ങിയിരിക്കുന്നത്‌. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന മദന്‍ലാല്‍ ഹിമാചല്‍പ്രദേശിലെ സ്വന്തം മണ്ഡലം കൂടിയായ ഹാമിര്‍പൂറില്‍ രണ്ടാം ഇന്നിംഗ്‌സിന്‌ തുടക്കം കുറിക്കും.

ഇന്ത്യന്‍ ക്രക്കറ്റ്‌ ടീം ക്യാപ്‌റ്റനും കോഴ വിവാദത്തില്‍പെട്ട്‌ പുറത്താവുകയും ചെയ്‌ത മുഹമ്മദ്‌ അസ്‌ഹറുദ്ദീനാണ്‌ തിരഞ്ഞെടുപ്പ്‌ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കായികതാരം. കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ടിക്കറ്റിനായി ഓടേണ്ട അവസ്ഥയിലാണ്‌ അസ്‌ഹറിന്‌. ഹൈദരാബാദിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു അസ്‌ഹറിന്റെ ആഗ്രഹമെങ്കിലും ഇപ്പോള്‍ ഉത്തര്‍പ്രദേശിലോ രാജസ്ഥാനിലോ സീറ്റ്‌ കിട്ടിയാലും മതിയെന്നാണ്‌. യു പി സി സി അധ്യക്ഷ റീത്ത ബഹുഗുണ ജോഷി അസ്‌ഹറിന്‌ മീററ്റോ മൊറാദാബാദോ നല്‍കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.2004ല്‍ ബി ജെ പി ടിക്കറ്റില്‍ അമൃത്‌സറില്‍ നിന്ന്‌ മത്സരിച്ച്‌ ലോക്‌സഭയിലെത്തിയ നവജ്യേത്‌ സിംഗ്‌ സിധുവിനെ തന്നെയാണ്‌ ബി ജെ പി ഇത്തവണയും അമൃത്‌സറില്‍ മത്സരിപ്പിക്കുന്നത്‌. എം പിയായുള്ള തുടക്കം ഗംഭീരമായിരുന്നുവെങ്കിലും നരഹത്യാ കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന്‌ രാജിവെക്കുകയായിരുന്നു. പിന്നീട്‌ സുപ്രീം കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന്‌ 2007ല്‍ വീണ്ടും ജയിച്ചു കയറി.

കീര്‍ത്തി ആസാദും രഞ്‌ജീബ്‌ ബിസ്വാളും സ്‌പോട്‌സ്‌ താരത്തിന്റെ ഗ്ലാമറിനൊപ്പം കുടുംബ രാഷ്‌ട്രീയത്തിന്റെ ബലവുമായാണ്‌ ഇവര്‍ തിരഞ്ഞെടുപ്പ്‌ പോരാട്ടത്തിനെത്തിയത്‌. കോണ്‍ഗ്രസ്‌ നേതാവായ ഭഗവത്‌ ഝാ ആസാദിന്റെ മകനായ കീര്‍ത്തി ആസാദ്‌ പക്ഷെ, ആദ്യമായി ഡല്‍ഹിയില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ ജനവിധി തേടിയത്‌ ബി ജെ പി ടിക്കറ്റിലാണ്‌. 99ല്‍ ബീഹാറിലെ ദര്‍ഭംഗ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ കീര്‍ത്തി 2004ല്‍ പരാജയമറിഞ്ഞു. ഇത്തവണയും ദര്‍ഭംഗയില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥിയാണ്‌ കീര്‍ത്തി ആസാദ്‌. പിതാവ്‌ ബസന്ത്‌ ബിസ്വാളിന്റെ ഒഴിവില്‍ കോണ്‍ഗ്രസിലെത്തിയ രഞ്‌ജീബ്‌ ബിസ്വാള്‍ 96ലും 98ലും ലോക്‌സഭയിലെത്തിയിട്ടുണ്ട്‌.മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ചേതന്‍ ചൗഹാന്‌ ഒരവസരം കൂടി നല്‍കാന്‍ ബി ജെ പി നേതൃത്വം തയ്യാറായിരിക്കുകയാണ്‌. 91ലും 96ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചു കയറിയ ചേതന്‍ ചൗഹാന്‌ പിന്നീടങ്ങോട്ട്‌ പിടിച്ചു നില്‍ക്കാനായില്ല. പിന്നീട്‌ നടന്ന മൂന്ന്‌ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട അദ്ദേഹത്തിന്‌ അവസാന തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ഇത്തവണ കിഴക്കന്‍ ഡല്‍ഹിയിലെ ബി ജെ പി സ്ഥാനാര്‍ഥിയാണ്‌ ചേതന്‍ ചൗഹാന്‍.

ക്രിക്കറ്റ്‌ താരങ്ങള്‍ക്കു പുറമേ എം പി സ്ഥാനം ഷൂട്ട്‌ ചെയ്‌ത്‌ നേടാന്‍ ഇത്തവണ ഒളിമ്പ്യന്‍ ഷൂട്ടര്‍ ജസ്‌പാല്‍ റാണ എത്തും. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ ജസ്‌പാല്‍ റാണ ഇത്തവണ ഉത്തരാഖണ്ഡിലെ തെഹ്‌രി മണ്ഡലത്തില്‍ നിന്നും ബി ജെ പി ടിക്കറ്റില്‍ ജനവിധി തേടും. ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ റാണ ഇതിനു മുമ്പ്‌ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റാണെയെ കൂടാതെ മ്യൂണിക്‌ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഹോക്കി താരം അസ്‌ലം ഷേര്‍ഖാനും രാഷ്‌ട്രീയത്തില്‍ പയറ്റിയവനാണ്‌.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu