2009-05-19

പ്രഭാകരന്‍ എന്ന പ്രഹേളിക

`ഭയം ദൗര്‍ബല്യത്തില്‍ നിന്നുള്ളതാണ്‌, ഒരു ഭീരുവിന്റെ സുഹൃത്ത്‌. ധീരന്റെ അടിയുറച്ച ശത്രു. മരണത്തോടുള്ള ഭയമാണ്‌ മനുഷ്യന്റെ ഭയത്തിന്റെ അടിസ്ഥാനം. മരണത്തോടുള്ള ഭയത്തെ തോല്‍പ്പിച്ചവന്‍ സ്വയം വിജയിച്ചവനാണ്‌. അവനാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിക്കുന്നത്‌. ഒപ്പം അവന്റെ മനസ്സിന്റെ തടവറയില്‍ നിന്നും' തമിഴ്‌ ഈഴത്തിനു വേണ്ടി പോരാടുന്നവരോട്‌ ഇതു പറയുമ്പോള്‍ വേലുപ്പിള്ള പ്രഭാകരന്റെ മനസ്സില്‍ തെല്ലും ഇല്ലാതിരുന്നത്‌ മരണ ഭയമാണ്‌. ഒടുവില്‍ നീണ്ട പോരാട്ടത്തിന്റെ വീഥിയില്‍ പ്രഭാകരനും വീണിരിക്കുന്നു.
തമിഴ്‌ ഈഴത്തിനു വേണ്ടി ശ്രീലങ്കന്‍ സൈന്യത്തോട്‌ പോരാടി വീണ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കുന്ന മാവീരര്‍ ദിനത്തില്‍ പ്രഭാകരന്‍ എല്‍ ടി ടി ഇ പോരാളികളുടെ ആത്മബലം വര്‍ധിപ്പിച്ചത്‌ ഇത്തരം ശക്തമായ വാക്കുകളിലൂടെയായിരുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ച പ്രസംഗങ്ങളിലൂടെ. ശ്രീലങ്കന്‍ സൈന്യത്തെ ആക്രമിച്ച്‌ അവരുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി അവര്‍ക്കെതിരെ പോരാടിയ പ്രഭാകരന്റെ ആദ്യ ആയുധം കുട്ടികള്‍ കൊണ്ടു നടക്കുന്ന തെറ്റാലിയായിരുന്നു. ലക്ഷ്യം പക്ഷികളും അണ്ണാനും മറ്റും. ഒടുവില്‍ അത്‌ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഗറില്ലാ പോരാട്ടങ്ങളിലേക്ക്‌ മാറിയത്‌ നീണ്ട ചരിത്രം.

എല്‍ ടി ടി ഇ രൂപവത്‌കരിച്ച്‌ തമിഴ്‌ ഈഴത്തിനായി പോരാടിയ പ്രഭാകരന്‍ മുപ്പത്‌ വര്‍ഷത്തിലധികമായി അതീവ സുരക്ഷിതമായ ബങ്കറുകളിലിരുന്നാണ്‌ എല്‍ ടി ടി ഇയെ നയിച്ചത്‌. തമിഴ്‌ ഈഴത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായവന്‍. ഈഴം പ്രവര്‍ത്തകരുടെ കഴുത്തില്‍ സയനൈഡ്‌ മാലയണിയിക്കും മുമ്പ്‌ സ്വയം അതണിഞ്ഞവന്‍. പിടിക്കപ്പെടും മുമ്പ്‌ സ്വയം മരിച്ചുകളയണമെന്ന്‌ പറയുമ്പോഴും പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം കൊടുക്കുന്നവന്‍. അതെ. ഈഴത്തിലെ ഓരോ അംഗത്തെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്‌ പ്രഭാകരന്‍ കണ്ടിരുന്നത്‌. തെറ്റുകണ്ടാല്‍ ശിക്ഷിച്ചും വിജയിച്ചുവരുന്ന പ്രവര്‍ത്തകര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം കൊടുത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍വാക്ക്‌ ഉണ്ടാക്കിയെടുക്കാതെയായിരുന്നു ഈഴത്തിന്റെ പ്രവര്‍ത്തനം. എന്നിട്ടും വിമത ശബ്‌ദങ്ങളുയര്‍ന്നു. ഇടക്കാലത്ത്‌ എല്‍ ടി ടി ഇയില്‍ നിന്ന്‌ പ്രഭാകരന്‌ പുറത്തുപോകേണ്ടിവന്നു. ചെറിയ ഇടവേളക്കു ശേഷം പുലികളുടെ നേതൃസ്ഥാനത്ത്‌ തിരിച്ചെത്തുകയും ചെയ്‌തു. മഹാത്തായ എന്നറിയപ്പെട്ട മഹേന്ദ്ര രാജനും കിഴക്കന്‍ മേഖലയില്‍ ഈഴത്തിന്റെ ചുമതലയുണ്ടായിരുന്ന കേണല്‍ കരുണയും പ്രഭാകരന്‌ വലിയ വെല്ലുവിളിയുയര്‍ത്തി. ഇതില്‍ മഹാത്തായയെ പിന്നീട്‌ പുലികള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. വിമത ശബ്‌ദമുയര്‍ത്തി പുറത്തു പോയ കേണല്‍ കരുണ പ്രഭാകരന്റെ വീഴ്‌ചയില്‍ സുപ്രധാന പങ്ക്‌ വഹിക്കുകയും ചെയ്‌തു.
1954ല്‍ ശ്രീലങ്കയിലെ ഉപദ്വീപായ വാള്‍വെട്ടിത്തുറൈയിലായിരുന്നു പ്രഭാകരന്റെ ജനനം. തിരുവെങ്കടം വേലുപ്പിള്ളയുടെയും പാര്‍വതിയുടെയും ഇളയ മകന്‍. കുട്ടിക്കാലത്ത്‌ തീര്‍ത്തും അന്തര്‍മുഖനായിരുന്ന പ്രഭാകരന്‌ പുസ്‌തകങ്ങളിലായിരുന്നു കമ്പം. വളരെ ചെറുപ്പത്തിലെ തന്നെ പ്രഭാകരന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. തമിഴ്‌ വംശജരോട്‌ തൊഴില്‍, വിദ്യാഭ്യാസം, രാഷ്‌ട്രീയം തുടങ്ങി എല്ലാ മേഖലകളിലും വിവേചനം കാണിക്കുന്നുവെന്ന്‌ മനസ്സിലാക്കിയ ഒരു തമിഴ്‌ കൗമാരക്കാരന്റെ പ്രതിഷേധമായിരുന്നു അത്‌. സ്‌കൂള്‍ പഠനം നിര്‍ത്തിയപ്പോള്‍ തന്നെ കായികാഭ്യാസം പഠിക്കാന്‍ പ്രഭാകരന്‍ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ തമിഴ്‌ വംശജര്‍ക്കെതിരെ വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ യുവാക്കള്‍ ചേര്‍ന്ന്‌ രൂപവത്‌കരിച്ച സംഘടനയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു പ്രഭാകരന്റെ ആദ്യ പ്രവര്‍ത്തനം. അവിടെ നിന്ന്‌ പെട്ടെന്നായിരുന്നു വളര്‍ച്ച. ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴമെന്ന ലോകം കണ്ട ഏറ്റവും വലിയ ഗറില്ല സംഘത്തിന്റെ, അനിഷേധ്യ നേതാവിലേക്ക്‌. ഇന്ത്യന്‍ സ്വാതന്ത്ര്യന്‌ വേണ്ടി പോരാടിയ സുഭാഷ്‌ ചന്ദ്ര ബോസിന്റെയും ഭഗത്‌സിംഗിന്റെയും ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആദ്യകാലത്തു തന്നെ പ്രഭാകരന്‍ ആകൃഷ്‌ടനായിരുന്നു. ഇവര്‍ രണ്ടു പേരും സായുധ പോരാത്തിലൂടെ മാത്രമേ ബ്രിട്ടനില്‍ നിന്നു ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കൂ എന്ന്‌ വിശ്വസിച്ചിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്‌. പോരാട്ടത്തിലൂടെ മാത്രമേ തമിഴ്‌ ഈഴം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സാധിക്കൂ എന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെ മുല്ലത്തീവും കിളിനൊച്ചിയും പിടിച്ച്‌ പ്രഭാകരന്‍ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരുന്നു.
പ്രഭാകരനുമായി ലഭിക്കുന്ന അപൂര്‍വം ചില അഭിമുഖ സംഭാഷണങ്ങളില്‍ അദ്ദേഹം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെയും നെപ്പോളിയന്റെയും ജീവിതങ്ങളില്‍ ആകൃഷ്‌ടനായിരുന്നുവെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഇവര്‍ രണ്ടു പേരേയും പറ്റിയുള്ള പുസ്‌തകങ്ങള്‍ പഠിക്കാനും പ്രഭാകരന്‍ സമയം കണ്ടെത്തി. 1974ലാണ്‌ പ്രത്യേക തമിഴ്‌ ഈഴം എന്ന ലക്ഷ്യം ഉയര്‍ത്തി പ്രഭാകരന്‍ തന്റെ പ്രവര്‍ത്തന മേഖല ശക്തമാക്കിയത്‌. 1976 മെയ്‌ അഞ്ചിന്‌ ന്യൂ തമിഴ്‌ ടൈഗേഴ്‌സിന്റെ പേര്‌ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്നാക്കി മാറ്റി. അന്നു മുതല്‍ എല്‍ ടി ടി ഇയുടെ രാഷ്‌ട്രീയ നേതാവും സൈനിക കമാന്‍ഡറും പ്രഭാകരന്‍ തന്നെ.
1975ല്‍ ജാഫ്‌ന മേയറായിരുന്ന ആല്‍ഫ്രഡ്‌ ദുരയപ്പയെ വെടിവെച്ചു കൊലപ്പെടുത്തിയതോടെയാണ്‌ പ്രഭാകരന്‍ ലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്‌. തമിഴ്‌ ഈഴത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ ആദ്യം കൊല്ലപ്പെടുന്നതും ജാഫ്‌ന മേയറാണ്‌. അതിനു ശേഷം എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. വിവിധ പേരുകളിലാണ്‌ പ്രഭാകരന്‍ അറിയപ്പെടുന്നതു തന്നെ. ചിലര്‍ക്ക്‌ തമ്പിയാണെങ്കില്‍ മറ്റു ചിലര്‍ക്ക്‌ അത്‌ എല്‍ ടി ടി ഇയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും വരെ ആകാറുണ്ട്‌. പക്ഷേ, ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രഭാകരന്‍ എന്നും അറിയപ്പെട്ടിരുന്നത്‌ തമിഴ്‌ ഈഴത്തിനു വേണ്ടി പോരാടുന്ന ഗറില്ലാ നേതാവായും ഭീകരനുമൊക്കെയായാണ്‌. പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ പ്രധാന പ്രതിയായതോടെ ഇന്ത്യയിലും പ്രഭാകരന്‍ ഭീകരനായി. രാജീവ്‌ ഗാന്ധി കൊലപാതക കേസിലെ അപ്രഖ്യാപിത ഒന്നാം പ്രതി കൂടിയാണ്‌ പ്രഭാകരന്‍. രാജീവ്‌ ഗാന്ധിയെ വധിച്ചതിന്‌ എല്‍ ടി ടി ഇ പിന്നീട്‌ മാപ്പു പറയുകയും ചെയ്‌തു.
പ്രഭാകരന്റെ നേതൃത്വമാണ്‌ എല്‍ ടി ടി ഇയെ ശക്തമായ ലക്ഷ്യവും അച്ചടക്കവുമുള്ള ഗറില്ലാ സംഘടനയായി വളര്‍ത്തിയെടുത്തത്‌. കര്‍ശനമായ അച്ചടക്കം, ലക്ഷ്യം നേടുംവരെ പോരാടാനുള്ള മനോവീര്യം, ജീവത്യാഗം ചെയ്യാനുള്ള പ്രതിബദ്ധത ഇതൊക്കെയായിരുന്നു എല്‍ ടി ടി ഇയില്‍ അംഗമാവുന്നതിന്‌ വേണ്ട യോഗ്യത. കടല്‍പ്പുലികള്‍, കരിമ്പുലികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി അറിയപ്പെടുന്ന എല്‍ ടി ടി ഇയുടെ കേന്ദ്ര ബിന്ദു പ്രഭാകരനില്‍ മാത്രം ഒതുങ്ങി. തമിഴ്‌ വംശജര്‍ക്കു വേണ്ടി പോരാടുന്ന ഒരേയൊരു സംഘടന മാത്രമേ പാടുള്ളു എന്ന്‌ വിശ്വസിച്ചു പ്രവര്‍ത്തിച്ചു. തമിഴര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ്‌ സംഘടനകളെ എല്‍ ടി ടി ഇയിലേക്ക്‌ ആകര്‍ഷിക്കാനായിരുന്നു പ്രഭാകരന്റെ ശ്രമം. അല്ലാത്ത സംഘടനകളുടെ നേതാക്കളെ കൊന്നു തള്ളുക എന്നായിരുന്നു നിലപാട്‌. കിഴക്കന്‍ മേഖലയുടെ അധിപനായി പ്രഭാകരന്‍ നിയമിച്ച കേണല്‍ കരുണ ശ്രീലങ്കന്‍ സര്‍ക്കാറിനോടൊപ്പം നിന്നതും അതിനു പിന്നാലെ എല്‍ ടി ടി ഇയിലെ പ്രധാനിയായിരുന്ന ആന്റണ്‍ ബാലശിങ്കം മരിച്ചതും പ്രഭാകരന്‌ കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു.
ഒടുവില്‍ ശ്രീലങ്കന്‍ സേന ശക്തമായ ആക്രമണം ആരംഭിച്ചതോടെ ചുരുങ്ങിയ പ്രദേശത്തേക്ക്‌ എല്‍ ടി ടി ഇയുടെ ആധിപത്യം ചുരുങ്ങി. സമീപകാലത്തുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രഭാകരന്റെ ഏകാധിപത്യത്തിനാണ്‌ ഇന്നലെ അവസാനമായിരിക്കുന്നത്‌. ഓരോ തവണ പ്രഭാകരന്‍ മരിച്ചെന്ന്‌ ശ്രീലങ്കന്‍ സൈന്യം അവകാശപ്പെടുമ്പോഴും രഹസ്യ സങ്കേതത്തിലിരുന്ന്‌ പുറത്തുവിടുന്ന വീഡിയോ ചിത്രങ്ങളായിരുന്നു പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന്‌ മനസ്സിലാക്കാനുള്ള തെളിവുകള്‍. അത്തരത്തിലുള്ള ഒരു വീഡിയോ ദൃശ്യം തമിഴ്‌ പോരാട്ടവേദിയിലുള്ളവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്‌.

0 comments:

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu