2010-07-02

ജനകീയ ജനാധിപത്യ ചൈനയില്‍ എത്ര കുട്ടികളുണ്ട്‌?


``വംബറില്‍ നടക്കുന്ന ആറാമത്‌ ജനസംഖ്യാ കണക്കെടുപ്പിന്‌ രാജ്യം തയ്യാറെടുക്കുകയാണ്‌. കുടുംബാസൂത്രണ പദ്ധതി നയങ്ങള്‍ ലംഘിച്ച്‌ പിറന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കള്‍ ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌. കനത്ത പിഴസംഖ്യ അടക്കേണ്ടിവരുമെന്ന ഭയം കൂടാതെതന്നെ സെന്‍സസ്‌ അധികൃതര്‍ക്ക്‌ നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികളുടെ വിവരങ്ങള്‍ നല്‍കാം. അത്‌ നിങ്ങളുടെ കുട്ടികളെ ആരോഗ്യവും വിദ്യാഭ്യാസവും ഉള്ളവരായി മാറ്റും.'' -സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി ചൈനയിലെ ദേശീയ റേഡിയോ ചാനലില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിന്റെ ചുരുക്കമാണിത്‌.


അതെ. അവര്‍ രേഖകളിലില്ലാത്ത കുട്ടികളാണ്‌. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അവര്‍ രഹസ്യമായി ജനിച്ച്‌ രഹസ്യമായി ജീവിക്കുന്നു. സര്‍ക്കാറിന്റെ കണ്ണില്‍പ്പെടാതെ...


മൂന്ന്‌ ദശാബ്‌ദമായി ചൈനയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന `ഒറ്റക്കുട്ടി പദ്ധതി'യുടെ അനന്തരഫലമാണ്‌ അദൃശ്യരായ ഈ കുട്ടികള്‍. പദ്ധതികൊണ്ട്‌ നാനൂറ്‌ ദശലക്ഷം ജനനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ ചൈനീസ്‌ സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങളും ചൈന അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. `അനധികൃത'മായി പിറക്കുന്ന കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആശങ്കപ്പെടുന്നുവെന്നതിന്‌ തെളിവാണ്‌ മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ പരസ്യത്തിലെ വാചകങ്ങള്‍. പദ്ധതിക്ക്‌ വിരുദ്ധമായി രണ്ടാമതൊരു കുട്ടി പിറന്നാല്‍ കനത്ത പിഴ അടക്കല്‍, ജോലിയില്‍നിന്ന്‌ പുറത്താക്കല്‍ എന്നീ ശിക്ഷകള്‍ക്ക്‌ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ തുടങ്ങിയിരിക്കുന്നു.


ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്‌ ചൈന. 1.3 ബില്യണ്‍ ജനങ്ങള്‍ രാജ്യത്തുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാല്‍, രേഖകളില്ലാതെ എത്ര കുട്ടികള്‍ രാജ്യത്ത്‌ ജനിച്ചിട്ടുണ്ടെന്നതിന്‌ വ്യക്തമായ കണക്കുകളൊന്നും സര്‍ക്കാറിന്റെ കൈവശമില്ല എന്നതാണ്‌ സത്യം. യഥാര്‍ഥ കണക്കുകള്‍ ആരുടെയും കൈവശമില്ലെങ്കിലും അത്‌ വളരെ അധികമായിരിക്കുമെന്ന്‌ മുന്‍കാല അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ``1990-ല്‍ നടന്ന സെന്‍സസില്‍ 23 ദശലക്ഷം ജനനങ്ങളാണ്‌ രേഖപ്പെടുത്തിയത്‌. 2000-ല്‍ നടന്ന ജനസംഖ്യാ കണക്കെടുപ്പില്‍ പത്തു വയസ്സിന്‌ താഴെയുള്ള 26 ദശലക്ഷം കുട്ടികളാണ്‌ രേഖയിലുണ്ടായിരുന്നത്‌. അതായത്‌ മൂന്ന്‌ ദശലക്ഷം കുട്ടികളുടെ വര്‍ധന''- ചൈനയിലെ കുടുംബാസൂത്രണ കമ്മീഷന്‍ മുന്‍ അംഗം ലിയാംഗ്‌ സോന്‍ഗ്‌ടംഗ്‌ വ്യക്തമാക്കുന്നു. രണ്ടാമതായി ജനിച്ച കുട്ടികളുടെകൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി സെന്‍സസ്‌ കൃത്യതയുള്ളതാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരം കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും ഉറപ്പ്‌ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നതെന്ന്‌ ചൈനീസ്‌ അക്കാദമി ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ്‌ ലേബര്‍ ഇക്കോണമിയിലെ ഗവേഷകനായ സാംഗ്‌യി പറയുന്നു.


മൂന്നു പതിറ്റാണ്ടായി നടപ്പാക്കികൊണ്ടിരിക്കുന്ന ഒറ്റക്കുട്ടി പദ്ധതി വരുത്തിവെച്ച ഒരു പ്രശ്‌നത്തിനു മാത്രം പരിഹാരം കാണാനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാര്‍. പുതിയ പദ്ധതി പ്രകാരം രണ്ടാമത്തെ കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതുവഴി അവര്‍ക്ക്‌ പെര്‍മനന്റ്‌ റസിഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കും. എന്നാലും പ്രശ്‌നം അവിടെ തീരുന്നില്ല. സ്‌ത്രീ- പുരുഷ അനുപാതത്തിലെ അസന്തുലിതാവസ്ഥ, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ്‌ പദ്ധതിയുടെ പിന്നാലെ ചൈനയെ തേടിയെത്തിയത്‌.

പെണ്‍കുട്ടികള്‍ ഇല്ലാതാകുന്നു... ജനിക്കും മുമ്പ്‌

ചൈനയും കേരളവും തമ്മില്‍ മാനസികമായി ചില സാമ്യങ്ങളുണ്ട്‌ എന്നാണ്‌ ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്‌. പെണ്‍കുട്ടികളേക്കാള്‍ കൂടുതലും ആണ്‍കുട്ടികള്‍ക്കു തന്നെയാണ്‌ അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്‌. പെണ്‍കുട്ടികള്‍ വിവാഹം കഴിച്ച്‌ ഭര്‍തൃവീട്ടിലേക്ക്‌ പോകുമെന്നും അച്ഛനമ്മമാര്‍ക്ക്‌ പ്രായമാകുമ്പോള്‍ അവരെ നോക്കാന്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാകൂ എന്നുമുള്ള വിശ്വാസമാണ്‌ സാധാരണ ചൈനീസ്‌ രക്ഷിതാക്കള്‍ക്കുമിടയിലുള്ളത്‌. ആണ്‍കുട്ടികളാണ്‌ വംശപാരമ്പര്യം നിലനിര്‍ത്തേണ്ടതെന്ന്‌ അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഒറ്റക്കുട്ടി പദ്ധതി വന്നതോടെ രാജ്യത്ത്‌ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയങ്ങളും ഗര്‍ഭം അലസിപ്പിക്കലും സ്ഥിരം സംഭവങ്ങളായി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളില്‍ അത്‌ ഇപ്പോഴും തുടരുന്നു.


പെണ്‍കുട്ടികള്‍ ഗര്‍ഭാവസ്ഥയില്‍തന്നെ നശിപ്പിക്കപ്പെടുന്നത്‌ ചൈനയിലെ സ്‌ത്രീകള്‍ക്കിടയില്‍ മാനസിക വൈകല്യങ്ങളും വിഷാദ രോഗങ്ങളും വ്യാപിക്കുന്നതിന്‌ ഇടയാക്കുന്നുണ്ട്‌. ``ഒരു പെണ്‍കുട്ടി സ്വയം ജോലിചെയ്‌ത്‌ നഗരത്തില്‍ ജീവിക്കുന്നത്‌ ഒരു ആണ്‍കുട്ടി ഒറ്റക്കു ജീവിക്കുന്നതിനേക്കാള്‍ പ്രയാസകരമാണെ''ന്ന്‌ യൂനിവേഴ്‌സിറ്റി പ്രൊഫസറായ വെ സിന്‍ഗുവ പറയുന്നു.


2005-ലെ കണക്കുകള്‍ പ്രകാരം പെണ്‍കുട്ടികളേക്കാള്‍ 32 ദശലക്ഷം ആണ്‍കുട്ടികള്‍ രാജ്യത്തുണ്ടെന്നാണ്‌ ചൈനയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. ഇരുപത്‌ വയസ്സിന്‌ താഴെ പ്രായമുള്ളവരെപ്പറ്റിയുള്ള ഈ കണക്കുകള്‍ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.


2020-ല്‍ ചൈനയിലെ 24 ദശലക്ഷം ആണ്‍കുട്ടികള്‍ക്ക്‌ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കില്ലെന്ന്‌ ചൈനീസ്‌ അക്കാദമി ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ കണക്കുകൂട്ടുന്നു. കുടുംബാസൂത്രണം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 107 പുരുഷന്മാര്‍ക്ക്‌ നൂറ്‌ സ്‌ത്രീകള്‍ എന്ന നിലയിലായിരുന്നു കണക്കുകള്‍. തൊണ്ണൂറുകളില്‍ അത്‌ 111 പുരുഷന്മാര്‍ക്ക്‌ നൂറ്‌ സ്‌ത്രീകള്‍ എന്നതിലേക്കും മൂന്ന്‌ പതിറ്റാണ്ട്‌ പൂര്‍ത്തിയാകുമ്പോള്‍ 116:100 എന്ന അനുപാതത്തിലേക്കും മാറി. ഗ്രാമീണമേഖലയില്‍ ഈ പ്രശ്‌നം അതീവ ഗുരുതരമായി തുടരുകയാണ്‌. ഇവിടെ 130 പുരുഷന്മാര്‍ക്ക്‌ നൂറ്‌ സ്‌ത്രീകള്‍ എന്നാണ്‌ ശരാശരി കണക്ക്‌.

ചൈന ചലിക്കുന്നു; പിന്നോട്ട്‌

അതിവേഗം സാമ്പത്തികവളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ നിറം മങ്ങുമെന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ചൈന ഇനി നടക്കുക പിറകോട്ടായിരിക്കും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനവും അറുപതിന്‌ മുകളില്‍ പ്രായമുള്ളവരാണെന്നാണ്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം വ്യക്തമാക്കുന്നത്‌. അത്‌ ഏകദേശം 180 ദശലക്ഷം വരും. 2030 ആകുമ്പോഴേക്കും 350 ദശലക്ഷം (മൊത്തം ജനസംഖ്യയുടെ 23 ശതമാനം) കവിയുമെന്നാണ്‌ കുടുംബാസൂത്രണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌. ഇതേ നിലയില്‍ത്തന്നെ മുന്നോട്ട്‌ പോകുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും നാല്‌ പേരില്‍ ഒരാള്‍ 65-നു മുകളില്‍ പ്രായമുള്ളയാളാകുമത്രെ. ഇത്‌ ചൈനയുടെ തൊഴില്‍ മേഖലയില്‍ സൃഷ്‌ടിക്കുന്ന പ്രതിസന്ധി ഗുരുതരമായിരിക്കും.


അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ തൊഴിലെടുക്കാന്‍ പ്രാപ്‌തരായവരുടെ എണ്ണം കുറയുകയും അത്‌ സാമ്പത്തിക രംഗത്തെ തന്നെ തളര്‍ത്തുന്നതിന്‌ കാരണമാക്കുകയും ചെയ്യുമെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇരുപത്‌ വര്‍ഷത്തിനുള്ളില്‍ തൊഴിലാളികളുടെ എണ്ണം 11 ശതമാനം കുറയുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. പത്തു വര്‍ഷത്തിനുള്ളില്‍ തൊഴില്‍മേഖലയിലേക്ക്‌ പ്രവേശിക്കുന്ന 20 - 24 വയസ്സിന്‌ താഴെയുള്ള പുതുമുഖങ്ങളുടെ എണ്ണം 45 ശതമാനമായി കുറയുമെന്നാണ്‌ കരുതുന്നത്‌.

ഞങ്ങളുടെ കുട്ടികള്‍ എവിടെ?

നിമിഷങ്ങള്‍ക്കുള്ളിലാണ്‌ ചൈനയില്‍ കുട്ടികളെ കാണാതാകുന്നത്‌. സൂപ്പര്‍മാര്‍ക്കറ്റില്‍ മകനെ ഇരുത്തി സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ്‌ ഡെംഗ്‌ ഡുയിഡോംഗിന്‌ തന്റെ ഒമ്പത്‌ മാസം പ്രായമായ കുട്ടിയെ നഷ്‌ടമായത്‌. ചൈനയിലെ മാതാപിതാക്കള്‍ ഇപ്പോള്‍ പോരാടുന്നത്‌ തങ്ങളുടെ കുട്ടികളെ കള്ളന്മാരില്‍നിന്ന്‌ സംരക്ഷിക്കാനാണ്‌ എന്നുപറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയുള്ളതാകില്ല! രാജ്യത്ത്‌ ദിനേന 190 കുട്ടികളെയാണ്‌ കാണാതായിക്കൊണ്ടിരിക്കുന്നത്‌ (വര്‍ഷത്തില്‍ ഏകദേശം 70,000). ഇതില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളും. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ക്ക്‌ 1200 ഡോളറും ആണ്‍കുട്ടികള്‍ക്ക്‌ 5000 ഡോളര്‍ വരെയും വില ലഭിക്കുന്നുണ്ട്‌. സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക്‌ കുട്ടികളെ അനധികൃതമായി കടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും രാജ്യത്തെ മറ്റ്‌ സ്ഥലങ്ങളിലേക്കുതന്നെയാണ്‌ പോകുന്നത്‌. ആണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ കുട്ടിയെ വില കൊടുത്ത്‌ വാങ്ങിയവരില്‍ ഭൂരിഭാഗവും. ആദ്യത്തെ കുട്ടി പെണ്ണായതാണ്‌ കര്‍ഷകനായ സൂവിനെ ഒരു ആണ്‍കുട്ടിയെ വിലക്കു വാങ്ങുക എന്നതിലേക്ക്‌ നയിച്ചത്‌. 513 ഡോളറിനാണ്‌ (3,500 യുവാന്‍) സൂവ്‌ ആണ്‍കുട്ടിയെ വാങ്ങിയതെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഈയടുത്താണ്‌ പുറത്തുവന്നത്‌.

മാറാന്‍ സമയമായി?

ചൈനീസ്‌ ദിനപത്രമായ ഗ്ലോബല്‍ ടൈംസ്‌ സംഘടിപ്പിച്ച അഭിപ്രായ സര്‍വേയില്‍ 63.6 ശതമാനം പേരും പദ്ധതി ഉപേക്ഷിക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 32.1 ശതമാനം പേര്‍ മാത്രമാണ്‌ ഈ അഭിപ്രായത്തെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്‌തത്‌. ചൈന സാമ്പത്തികമായും മറ്റും പിന്നാക്കം നിന്നിരുന്ന സമയത്താണ്‌ കുതിച്ചുയര്‍ന്ന ജനസംഖ്യ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരുന്നത്‌. പക്ഷേ, ഇന്ന്‌ രാജ്യം പുരോഗതിയിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ഇനിയും ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌ രാജ്യത്തെ പിന്നാക്കം നടത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന്‌ സാമ്പത്തികശാസ്‌ത്ര വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുമ്പോഴും വരുന്ന പഞ്ചവത്സര പദ്ധതിയിലും (2011-15) ഇത്‌ ഉള്‍പ്പെടുത്തുമെന്നാണ്‌ കുടുംബാസൂത്രണ കമ്മീഷന്‍ പറയുന്നത്‌.

0 comments:

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu