2010-11-02

മണിപ്പൂരിലെ ഉരുക്ക്‌ വനിത



ഈ നൂറ്റാണ്ടിലും ഇങ്ങനെയും ഒരു പെണ്‍കുട്ടിയോ? ഇറോം ശര്‍മ്മിളയുടെ ജീവിതത്തെക്കുറിച്ച്‌ മനസ്സിലാക്കുമ്പോള്‍ ആരും അറിയാതെ ചോദിച്ചു പോകും. കഴിഞ്ഞ പത്ത്‌ വര്‍ഷമായി വെള്ളവും ഭക്ഷണവും കഴിക്കാതെ നിരാഹാര സമരത്തിലാണ്‌ അവര്‍. ഈ നവംബര്‍ രണ്ടാം തീയതി ആ സമരം പതിനൊന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്നു.

കാലഘട്ടത്തില്‍ കാണാന്‍ കഴിയാത്ത സമര ജീവിതം. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടം. അതാണ്‌ ഇറോം ശര്‍മിള എന്ന ഇറോം ചാനു ശര്‍മിള. 1972 മാര്‍ച്ച്‌ 14ന്‌ മണിപ്പൂരിലെ പരമ്പരാഗത മെയ്‌തി വംശ കുടുംബത്തില്‍ ജനനം. ഇറോം നന്ദയുടെയും ശക്തി ദേവീയുടെയും ഇളയ മകള്‍. സാമൂഹിക പ്രവര്‍ത്തക, കവയത്രി, പത്രപ്രവര്‍ത്തക ഇതൊക്കെയായിരുന്നു ഈറോം. ഇപ്പോള്‍ ഈറോം അറിയപ്പെടുന്നത്‌ സായുധ സേനക്ക്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിനെതിരെ കഴിഞ്ഞ പത്ത്‌ വര്‍ഷമായി നിരാഹാര സമരം നടത്തുന്നതിന്റെ പേരിലാണ്‌.


ഇന്ന്‌ ഇറോം ശര്‍മിള മണിപ്പൂരിന്റെ ഉരുക്ക്‌ വനിതയാണ്‌. സൈന്യവും ഭരണാധികാരികളും ഒഴികെ രാജ്യം മുഴുവന്‍ അവര്‍ക്ക്‌ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നു. തന്റെ സഹോദരങ്ങളില്‍ നിന്ന്‌ തീരെ വ്യത്യസ്‌തമായിരുന്നു ഇറോം ശര്‍മിളയുടെ കാഴ്‌ചപ്പാടുകള്‍. മണിപ്പൂരി ഭാഷയില്‍ നിരവധി കവിതകള്‍ അവരുടേതായിട്ടുണ്ട്‌. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്‌ നിര്‍ദേശിക്കപ്പെട്ട അന്താരാഷ്‌ട്രതലത്തിലെ ആയിരം യുവതികളില്‍ ശര്‍മിളയും ഉള്‍പ്പെട്ടിട്ടുണ്ട്‌
നിരാഹാര സമരം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 309 പ്രകാരം ആത്മഹത്യാശ്രമത്തിന്‌ കേസെടുത്ത്‌ ജയിലിലടച്ചു. പലതവണ ജയില്‍മുക്തയായെങ്കിലും നിരാഹാര സമരം തുടര്‍ന്നതിനാല്‍ ജയിലിലടക്കുന്നതും മോചിതയാകുന്നതും തുടര്‍ന്നു. മൂക്കിലൂടെ കയറ്റിയ കുഴല്‍ വഴി നിര്‍ബന്ധപൂര്‍വം നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലാണ്‌ ആ ജീവന്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്‌. വായ കഴുകുമ്പോള്‍ വെള്ളം ഇറങ്ങിയാലോ എന്ന്‌ ഭയന്ന്‌ ഉണങ്ങിയ പരുത്തികൊണ്ടാണ്‌ പല്ലും ചുണ്ടും വൃത്തിയാക്കുന്നത്‌. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ വാര്‍ഡ്‌ ജയിലാക്കി മാറ്റി അതിലാണ്‌ ഈറോം ശര്‍മ്മിളയെ താമസിപ്പിച്ചിരിക്കുന്നത്‌.


``എങ്ങനെ ഞാനത്‌ വിശദീകരിക്കും? ഇതൊരിക്കലും ഒരു ശിക്ഷയല്ല. നിര്‍ബന്ധമായും ചെയ്യേണ്ട കടമയാണ്‌. ഉത്തരവാദിത്വത്തോടെയും സമാധാനത്തോടെയും ഞാനത്‌ നിറവേറ്റും.''- സമരത്തെ കുറിച്ചുള്ള ശര്‍മ്മിളയുടെ മറുപടി ഇങ്ങനെയായിരുന്നു.
മാലോം
2000 നവംബര്‍ ഒന്നിന്‌ മണിപ്പൂരിലെ ഇംഫാലിനു സമീപമുള്ള മാലോമില്‍ അര്‍ധ സൈനിക വിഭാഗങ്ങളിലൊന്നായ അസം റൈഫിള്‍സിന്റെ വെടിയേറ്റ്‌ പത്ത്‌ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 1988ല്‍ കുട്ടികള്‍ക്കുള്ള ധീരതക്കുള്ള അവാര്‍ഡ്‌ ലഭിച്ച സിനം ചന്ദ്രാമണി ഉള്‍പ്പെടെയുള്ളവരാണ്‌ അന്ന്‌ വെടിയേറ്റ്‌ മരിച്ചുവീണത്‌. ഇതിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയും മജിസ്‌ട്രേറ്റ്‌തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയും ചെയ്‌തെങ്കിലും സൈന്യത്തിന്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം അത്‌ അനുവദിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ ഈ നിയമം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട്‌ ഇറോം ശര്‍മ്മിള നിരാഹാര സമരം തുടങ്ങിയത്‌.
കിരാത നിയമം
1958 സെപ്‌തംബര്‍ 11നാണ്‌ സായുധസേനക്ക്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം (ആംഡ്‌ ഫോഴ്‌സസ്‌ സ്‌പെഷ്യല്‍ പവേഴ്‌സ ആക്‌ട്‌, അഫ്‌സ്‌പ) പാര്‍ലിമെന്റില്‍ പാസ്സാക്കിയത്‌. `പ്രശ്‌നബാധിത' പ്രദേശങ്ങളായി കണ്ട്‌ അരുണാചല്‍ പ്രദേശ്‌, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്‌, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്‌ ഈ നിയമം ആദ്യം പ്രാബല്യത്തില്‍ കൊണ്ടുവന്നത്‌. പിന്നീട്‌ 1990 ജൂലൈയില്‍ ജമ്മു കാശ്‌മീരിലും അഫ്‌സ്‌പ പാസ്സാക്കി.
നിയമ ലംഘനം നടത്തുകയോ, മരണകാരണമായേക്കാവുന്ന ആയുധങ്ങള്‍ കൈവശം വെക്കുകയോ ചെയ്‌ത ഒരാള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ഈ നിയമം സൈന്യത്തിന്‌ അനുവാദം നല്‍കുന്നുണ്ട്‌. സംശയത്തിന്റെ പേരില്‍ പോലും ഒരാളെ വാറണ്ട്‌ കൂടാതെ അറസ്റ്റ്‌ ചെയ്‌ത്‌ കസ്റ്റഡിയില്‍ വെക്കാം. എവിടെയും ഏത്‌ സമയത്തും കയറി പരിശോധന നടത്താനും സാധിക്കും. സൈനിക ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ക്ക്‌ നിയമ പരിരക്ഷയും അഫ്‌സ്‌പ ഉറപ്പ്‌ നല്‍കുന്നു. വിചാരണയോ മറ്റ്‌ നിയമ നടപടികളോ ഇവര്‍ക്ക്‌ നേരിടേണ്ടി വരില്ല. വന്‍ പ്രതിഷേധങ്ങള്‍ അലയടിച്ചതിനു പിന്നാലെ മണിപ്പൂരിലെ ചില പ്രദേശങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ ആളുകളാണ്‌ മണിപ്പൂരില്‍ മാത്രം സൈനിക നടപടിയെ തുടര്‍ന്ന്‌ കൊല്ലപ്പെട്ടത്‌.
ടാഗോര്‍ സമാധാന പുരസ്‌കാരം
മയിലമ്മ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച ഈറോം ശര്‍മ്മിളയെ തേടി ഒടുവില്‍ ടാഗോര്‍ സമാധാന പുരസ്‌കാരവും എത്തി. അവാര്‍ഡ്‌ തുകയായ 51 ലക്ഷവും സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുമെന്നാണ്‌ അവര്‍ പറഞ്ഞത്‌.

0 comments:

Post a Comment

 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu