2016-05-10

തലൈവി ചരിത്രം തിരുത്തുമോ?


രാത്രി അവസാനിക്കുമ്പോള്‍ പകലെത്തും. പകലൊടുങ്ങുമ്പോള്‍ രാത്രിയും. അധികാര കൈമാറ്റത്തിന്റെ വഴിയില്‍ കേരളവും തമിഴ്‌നാടും ഒരുപോലെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. കേരളത്തില്‍ ഇടത്, വലത് മുന്നണികളാണ് മാറിമാറി ഭരണത്തിലേറുന്നതെങ്കില്‍ തമിഴക രാഷ്ട്രീയം രണ്ട് 'ദ്രവീഡിയന്‍
' പാര്‍ട്ടികളുടെ ചുറ്റുമാണ്. കെ കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ അധികാരത്തിലെത്തിയ 91ല്‍ തലൈവി ജയലളിതയുടെ നേതൃത്വത്തില്‍ എ ഐ എ ഡി എം കെ തമിഴ്‌നാട്ടില്‍ അധികാരത്തിലേറി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇ കെ നായനാരും എ കെ ആന്റണിയും വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരകളില്‍ എത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ കലൈഞ്ജറും തലൈവിയും ആ പദവി മാറി മാറി അലങ്കരിച്ചു (ഇടക്ക് ജയലളിതക്ക് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ വിശ്വസ്തനായ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായതൊഴിച്ചാല്‍). ഡി എം കെയെ പിളര്‍ത്തി എ ഐ എ ഡി എം കെ രൂപവത്കരിച്ച് അധികാരത്തിലെത്തിയ എം ജി ആറിനു ശേഷം പിന്നീടിതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തമിഴകം തുടര്‍ച്ചയായി ഭരിച്ചിട്ടില്ല. ഇക്കുറി ഈ ചരിത്രം തിരുത്തിയെഴുതാനാണ് എം ജി ആറിന്റെ പിന്‍ഗാമിയായി തമിഴക രാഷ്ട്രീയത്തിലെത്തിയ തലൈവിയുടെ ശ്രമം.

2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലുണ്ടായ അപചയത്തില്‍ നിന്ന് കാര്യമായി കരകയറാന്‍ ഡി എം കെക്ക് ഇതുവരെ സാധിച്ചിട്ടില്ല. കേബിള്‍ ടി വി, റിയല്‍ എസ്റ്റേറ്റ് തുടങ്ങി സമസ്ത മേഖലകളിലും കരുണാനിധി, മാരന്‍ കുടുംബം വന്‍ ശക്തിയായി നില്‍ക്കെ പുറത്തുവന്ന 2ജി കുംഭകോണമാണ് ജയലളിതയെ വീണ്ടും അധികാരത്തിലെത്തിച്ചത്. 96ല്‍ തലൈവിയെ പുറത്തുനിര്‍ത്തിയതിനു സമാനമായൊരു ജനവികാരം ഇത്തവണ തമിഴകത്ത് അലയടിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനമുണ്ടായ ചൈന്നൈ പ്രളയത്തില്‍ ഒന്നുലഞ്ഞെങ്കിലും അതില്‍ നിന്ന് കരകയറിയെന്നു തന്നെയാണ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ വ്യക്തമാകുന്നത്. ഇത്തവണയും കരുണാനിധിയുടെ കുടുംബാധിപത്യവും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് ജയലളിത വോട്ട് തേടുന്നത്. കരുണാനിധി എന്തെല്ലാം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ അതെല്ലാം തന്നെ ഡി എം കെ നേതാക്കള്‍ക്ക് മാത്രമാണ് പ്രയോജനമായതെന്ന് പ്രചാരണത്തില്‍ തലൈവി ആവര്‍ത്തിക്കുന്നു.

ക്യാപ്റ്റന്റെ ചുവടുമാറ്റം
വിഘടിച്ചു നില്‍ക്കുന്ന പ്രതിപക്ഷമാണ് ജയലളിതക്ക് ഏറെ ആശ്വാസം പകരുന്നത്. ഒറ്റക്ക് മത്സരിക്കുന്ന ജയലളിതയുടെ പ്രധാന എതിരാളി ഡി എം കെ- കോണ്‍ഗ്രസ് സഖ്യമാണ്. പുതിയ തമിഴകവും മുസ്‌ലിം ലീഗും മുന്നണിയിലുണ്ട്. ഇതിന് പുറമെ ക്യാപ്റ്റന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി എം ഡി കെ ഉള്‍പ്പെടുന്ന ജനക്ഷേമ മുന്നണി, ബി ജെ പി, പി എം കെ എന്നിങ്ങനെ വിഭജിച്ചാണ് തമിഴകത്ത് അങ്കം മുറുകുന്നത്. അഞ്ച് വര്‍ഷം പ്രതിപക്ഷ സ്ഥാനത്തിരുന്ന ക്യാപ്റ്റന്‍ വിജയകാന്ത് ഇടതു പാര്‍ട്ടികള്‍ക്കൊപ്പം മൂന്നാം മുന്നണിയായാണ് മത്സരിക്കുന്നത്. ഡി എം ഡി കെയെ ഒപ്പം നിര്‍ത്താന്‍ കരുണാനിധി ശ്രമിച്ചെങ്കിലും അവസാന നിമിഷമാണ് ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ക്യാപ്റ്റനെത്തുന്നത്. ജി കെ വാസന്റെ തമിഴ് മാനിലാ കോണ്‍ഗ്രസ്, വൈകോയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, തിരുമാവളവന്റെ വിടുതലൈ ചിരുതൈകള്‍ കച്ചി, സി പി എം, സി പി ഐ എന്നീ കക്ഷികളാണ് ക്യാപ്റ്റനൊപ്പം ജനക്ഷേമ മുന്നണിയിലുള്ളത്. 

ഇത്തവണ മുഴുവന്‍ സീറ്റുകളിലും എ ഐ എ ഡി എം കെ തനിച്ചാണ്. ഏഴ് സീറ്റുകള്‍ ചെറുകിട കക്ഷികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും അണ്ണാ ഡി എം കെയുടെ രണ്ടില ചിഹ്നത്തിലാണ് ഇവരും ജനവിധി തേടുന്നത്. എം ജി ആര്‍ സര്‍ക്കാറുണ്ടാക്കിയ 77ലെ തിരഞ്ഞെടുപ്പില്‍ ഡി എം കെ 230 സീറ്റില്‍ തനിച്ച് പോരാടിയതിനു ശേഷം ഇതാദ്യമായാണ് ഒരു ദ്രാവിഡ പാര്‍ട്ടി മുഴുവന്‍ സീറ്റിലും ജനവിധി തേടുന്നത്. അന്ന് 48 സീറ്റില്‍ മാത്രം വിജയിച്ച ഡി എം കെക്ക് 48 സീറ്റില്‍ കെട്ടിവെച്ച പണവും നഷ്ടമായി. ഇത്തവണ 174 സീറ്റിലാണ് ഡി എം കെയുടെ മത്സരം. 41 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ മുസ്‌ലിം ലീഗും നാല് സീറ്റില്‍ പുതിയ തമിഴകവും മത്സരിക്കും. കാര്യമായ സ്വാധീനമില്ലെങ്കിലും ഏറെക്കുറെ തനിച്ചാണ് ബി ജെ പിയും ജനവിധി തേടുന്നത്. പി എം കെയും മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 

പ്രതിപക്ഷം നാലായി വേര്‍പിരിഞ്ഞതോടെ ചെറിയ തോതിലെങ്കിലുമുള്ള ഭരണവിരുദ്ധ വോട്ടുകള്‍ ഇതുവഴി ഭിന്നിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2001ലും 2006ലും ഭരണവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ ഐക്യമാണ് പ്രതിപക്ഷ നിരയിലുണ്ടായത്. 2001ല്‍ ജയലളിതക്കൊപ്പം കോണ്‍ഗ്രസ്, ടി എം സി, പി എം കെ, ഇടത് കക്ഷികള്‍ നിരന്നപ്പോള്‍ ഡി എം കെക്കൊപ്പം ബി ജെ പി മാത്രമാണുണ്ടായിരുന്നത്. 2006ലെത്തിയപ്പോള്‍ കോണ്‍ഗ്രസ്, പി എം കെ, ഇടത് കക്ഷികള്‍ കലൈഞ്ജറിന് പിന്തുണ നല്‍കി. എം ഡി എം കെ ജയലളിതയെ പിന്തുണച്ചു. ജനക്ഷേമ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴും ഇത്തവണ മത്സരിക്കാനില്ലെന്ന വൈകോയുടെ നിലപാട് പരാജയം ഉറപ്പിക്കുന്നതിന്റെ സൂചനയും നല്‍കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38.4 ശതമാനം വോട്ടാണ് എ ഐ എ ഡി എം കെ നേടിയത്. ഡി എം കെ 22.4ഉം ഡി എം ഡി കെ 7.9ഉം ശതമാനം വോട്ടാണ് നേടിയത്. 2014ലെ ലോക്‌സഭാ മണ്ഡലത്തില്‍ 39 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിച്ച എ ഐ എ ഡി എം കെ 37 സീറ്റും 44.9 ശതമാനം വോട്ടും നേടിയിരുന്നു. ഡി എം കെ 23.9 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ഡി എം ഡി കെയുടെ വോട്ടിംഗ് ശതമാനം 5.2 ശതമാനമായി കുറയുകയാണ് ചെയ്തത്. കൂടുതല്‍ സീറ്റില്‍ മത്സരിച്ചതാണ് ജയലളിതയുടെ വോട്ടിംഗ് ശതമാനം ഉയര്‍ത്തിയതെന്ന് പറയാമെങ്കിലും അന്നത്തേതിനു സമാനമായി ഇത്തവണയും പ്രതിപക്ഷം വിഘടിച്ചു തന്നെയാണ്.


വാഗ്ദാനപ്പെരുമഴ
'സൊല്‍വതെ സെയ്‌വും, സെയ്‌വതെ സൊല്‍വും' എന്ന മുദ്രാവാക്യവുമായാണ് ഡി എം കെ പ്രകടനപത്രിക പുറത്തിറക്കിയത്. വിദ്യാഭ്യാസ, കാര്‍ഷിക വായ്പ എഴുതിത്തള്ളും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ടാബ്‌ലെറ്റും ലാപ്പ്‌ടോപ്പും, നെല്ലിന്റെ താങ്ങുവില ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡി എം കെ നല്‍കുന്നത്. ഇതിന് തൊട്ടുപിന്നാലെ 'സൊന്നതൈ സെയ്താന്‍, സൊല്ലാതെയും സെയ്താന്‍' എന്ന വാക്യവുമായി തലൈവിയും രംഗത്തെത്തി. വനിതകള്‍ക്ക് ഇരുചക്രം വാങ്ങാന്‍ അമ്പത് ശതമാനം സബ്‌സിഡി, സൗജന്യ ലാപ്‌ടോപ്, വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് എട്ട് ഗ്രാം സ്വര്‍ണം തുടങ്ങി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സെല്‍ഫോണ്‍ വരെ ഉള്‍പ്പെടുന്നതാണ് എ ഐ എ ഡി എം കെയുടെ പ്രകടനപത്രിക. കരുണാനിധി സര്‍ക്കാര്‍ നടപ്പാക്കിയ കളര്‍ ടെലിവിഷനും ഒരു രൂപക്ക് അരിയും പദ്ധതികളുടെ ചുവടുപിടിച്ചാണ് തലൈവി കഴിഞ്ഞ തവണ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ലാപ്‌ടോപ്പുമായി അധികാരത്തിലേറിയത്. ഇത്തവണ വാഗ്ദാനങ്ങള്‍ക്കൊപ്പം മുന്നോട്ടുവെക്കാന്‍ ഏറെ ജനക്ഷേമ പദ്ധതികളുമുണ്ടെന്നത് തള്ളിക്കളയാനാകില്ല. കുറഞ്ഞ വിലക്ക് ഭക്ഷണം ലഭിക്കുന്ന അമ്മ കാന്റീന്‍ മുതല്‍ അമ്മ കുടിവെള്ളം, അമ്മ ഉപ്പ് തുടങ്ങി അമ്മ സിമന്റ് വരെ വിപണിയിലുണ്ട്.

സ്റ്റാലിനും യാത്രയും 
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡി എം കെ ട്രഷററും കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിന്‍ നടത്തിയ 'നമുക്കു നാമെ' ജനസമ്പര്‍ക്ക യാത്ര വന്‍ വിജയമായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും നടത്തിയ പര്യടനത്തിന്റെ ചുവടുപിടിച്ചാണ് ഡി എം കെ പ്രചാരണം മുന്നോട്ടുപോകുന്നത്. നിങ്ങളുടെ മുഖ്യമന്ത്രിയെ ചിത്രത്തിലും ടി വിയിലുമല്ലാതെ നേരിട്ടു കണ്ടിട്ടുണ്ടോയെന്നാണ് ഡി എം കെ ചോദിക്കുന്നത്. സ്റ്റാലിനാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും തൊണ്ണൂറ്റിരണ്ടുകാരനായ കരുണാനിധി തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സ്‌പെക്ട്രം കുംഭകോണത്തില്‍ വീണ ഡി എം കെക്ക് അതിനു ശേഷം ഉയര്‍ന്നുവന്ന ഗ്രാനൈറ്റ് കുംഭകോണം കാര്യമായി ഉയര്‍ത്താന്‍ സാധിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്. പതിനാറായിരം കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയ മധുര ഗ്രാനൈറ്റ് കുംഭകോണം അന്നത്തെ കലക്ടറായിരുന്ന സഹായം ആണ് പുറത്തുകൊണ്ടുവന്നത്.

സര്‍വേ ഫലം
ഭൂരിഭാഗം സര്‍വേ ഫലങ്ങളും തലൈവിയെ തുണക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണയുണ്ടായതു പോലുള്ള ഏകപക്ഷീയമായ വിജയം ഇത്തവണയുണ്ടാകില്ലെന്നു തന്നെയാണ് വിലയിരുത്തുന്നത്. ആകെയുള്ള 234 സീറ്റില്‍ എ ഐ എ ഡി എം കെ മാത്രം 150 സീറ്റ് നേടിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യം 203 സീറ്റ് സ്വന്തമാക്കിയാണ് അധികാരത്തിലെത്തിയത്. അന്ന് ഒപ്പം നിന്ന ഡി എം ഡി കെ 29 സീറ്റ് നേടി രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയും ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവുമായി. ഡി എം കെ 23 സീറ്റില്‍ ഒതുങ്ങി. ഒറ്റക്ക് മത്സരിക്കുന്ന എ ഐ എ ഡി എം കെക്ക് ഇത്തവണ 130 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഇന്ത്യ ടി വി- സീ വോട്ടര്‍ ജയലളിതക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സര്‍വേ ഫലമാണ് പുറത്തുവിട്ടത്. 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്ത് നിന്ന് ആരെയെങ്കിലും കൂടെ നിര്‍ത്തി ഭരണം നിലനിര്‍ത്താമെന്നും തലൈവി കണക്കുകൂട്ടുന്നു. ക്യാപ്റ്റനെ കാര്യമായി ആക്രമിക്കാതിരിക്കാന്‍ കരുണാനിധിയും ജയലളിതയും ശ്രദ്ധിക്കുന്നത് ഇതിന്റെ സൂചനയായി വേണം കരുതാന്‍.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ വെറുതെ വിട്ട കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയാണ്. സുപ്രീം കോടതി വിധി എതിരായാല്‍ തലൈവിയുടെ രാഷ്ട്രീയ ഭാവിയുടെ മേല്‍ കരിനിഴല്‍ വീഴും.

Read More......

2013-06-10

അവസാന ആണിയും തറച്ച് മോഡിയുടെ ഗുരുദക്ഷിണ

ബി ജെ പിയുടെ എക്കാലത്തെയും മുഖം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രം ഗോവയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ അവസാന ദിവസം വരെ അതായിരുന്നു ലാല്‍ കൃഷ്ണ അഡ്വാനി. ഹിന്ദുത്വ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ തീവ്ര ഹിന്ദുത്വ ആശയങ്ങളിലൂടെ വളര്‍ത്തിയെടുത്തു. ഒടുവില്‍ താന്‍ തന്നെ വളര്‍ത്തികകൊണ്ടുവന്ന അതിതീവ്രതക്കു മുന്നില്‍ സ്വയം മുട്ടുമടക്കേണ്ടി വന്നു.
അവിഭക്ത കറാച്ചിയില്‍ ജനിച്ച്, വിഭജനത്തിനു ശേഷം ഇന്ത്യയിലെ മുംബൈയില്‍ സ്ഥിരതാമസമാക്കിയ അന്നു മുതല്‍ സ്വപ്നം കണ്ടതാണ് അഖണ്ഡ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം. അഖണ്ഡ ഭാരതമെന്നാല്‍ ഇപ്പോഴത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഉള്‍പ്പെടുമെങ്കിലും അത്രയും വലിയ ഒരു പ്രദേശത്തെ നയിക്കണമൊന്നും ആഗ്രഹമില്ല. കുറഞ്ഞത് ഭാരതത്തിന്റെയെങ്കിലും പ്രധാനമന്ത്രിയാകണം. ആഗ്രഹം വളരെ ലളിതമാണ്. അതിനു വേണ്ടി മാത്രമാണ് ശരാശരി മനുഷ്യായുസ്സിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അധികാരം പിടിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പയറ്റി. അത് ഫലം കാണില്ലെന്ന ചിന്ത മനസ്സില്‍ ശക്തമായതോടെ നിലപാടുകള്‍ സ്വയം മയപ്പെടുത്തി. പല തവണ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് നഷ്ടപ്പെട്ടപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷക്കു മേലാണ് അവസാന ആണിയും അടിച്ചത്. ഹിന്ദുത്വ ആശയങ്ങള്‍ വിട്ട് ഒരിക്കല്‍ പോലും തൊഴിലാളി വര്‍ഗത്തിനൊപ്പമോ പൊതു സമൂഹത്തിന്റെ കൂടെയോ ബി ജെ പിക്ക് നില്‍ക്കില്ല. നില്‍ക്കാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഒരിക്കലും ബി ജെ പിക്കൊപ്പം നില്‍ക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ എന്തിന് വീണ്ടും രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ നിലപാടുകള്‍ എടുത്തിട്ട് തന്റെ മോഹങ്ങള്‍ക്ക് സ്വയം തടയിടണമെന്ന് അഡ്വാനി ചിന്തിച്ചാല്‍ അതിനെ തെറ്റ് പറയാനാകില്ല. പക്ഷേ, ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന് അത് മനസ്സിലാകില്ല.

പതിനഞ്ചാം വയസ്സില്‍ രാഷ്ട്രീയ സ്വയം സേവക സംഘിന്റെ പ്രവര്‍ത്തകനായാണ് അഡ്വാനിയുടെ തുടക്കം. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ആര്‍ എസ് എസിന്റെ കറാച്ചി പ്രാന്തത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഭാരതത്തിലേക്ക് വ്യാപിപ്പിച്ചു. ആര്‍ എസ് എസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെ മുഖമായ ജനസംഘില്‍ ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ പരിവാര്‍ മന്ത്രിസഭയില്‍ അംഗമായി. എ ബി വാജ്പയിയും അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു. ഇരുവരും ഒരേ സമയം ജനസംഘിലും ആര്‍ എസ് എസിലും അംഗങ്ങളായി തുടരുന്നത് ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള മതേതര സോഷ്യലിസ്റ്റുകള്‍ക്ക് സഹിച്ചില്ല. ഇതെച്ചൊല്ലി ഉയര്‍ന്ന കലഹം ജനതാ പാര്‍ട്ടിയുടെ ഭിന്നിപ്പില്‍ കലാശിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ താഴെ വീണു. ചൗധരി ചരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. പാര്‍ലിമെന്റ് കാണും മുമ്പ് ചരണ്‍ സിംഗ് മന്ത്രിസഭക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു.

1980ല്‍ ബി ജെ പി രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രധാനികളായിരുന്നു  എ ബി വാജ്പയിയും എല്‍ കെ അഡ്വാനിയും. പക്ഷേ, ലോക്‌സഭയില്‍ രണ്ട് സീറ്റില്‍ ഒതുങ്ങാനായിരുന്നു ബി ജെ പിയുടെ വിധി. 1986ല്‍ അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റായതോടെ ചിത്രം മാറി. ബോഫോഴ്‌സ് കോഴക്കേസില്‍ പെട്ട് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉലയുന്ന കാലം. മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിറങ്ങിയ വി പി സിംഗ് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി. 1989ലെ തിരഞ്ഞെടുപ്പോടെ ബി ജെ പി പ്രധാന ശക്തികളില്‍ ഒന്നായി. വി പി സിംഗ് സര്‍ക്കാറിനെ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം പുറമെ നിന്ന് പിന്തുണച്ചു. അപ്പോഴേക്കും അയോധ്യ പ്രശ്‌നം രാജ്യത്താകെ ചര്‍ച്ചാവിഷയമാക്കാന്‍ അഡ്വാനിക്ക് കഴിഞ്ഞിരുന്നു. 1990ല്‍ രാമക്ഷേത്രം നിര്‍മിക്കാനെന്നു പറഞ്ഞ് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി. രഥയാത്ര ബീഹാറില്‍ വെച്ച് തടയുകയും അഡ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ വി പി സിംഗ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു.

1992 ഡിംസബറോടെ അയോധ്യയിലേക്ക് നീങ്ങിയ കര്‍സേവകരുടെ നേതൃപദവിയില്‍ അഡ്വാനിയുണ്ടായിരുന്നു. ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കര്‍സേവകര്‍ക്കും മറ്റ് പാര്‍ട്ടി അണികള്‍ക്കും ആവേശം പകര്‍ന്നു നല്‍കിക്കൊണ്ട് എല്‍ കെ അഡ്വാനി സ്ഥലത്തുണ്ടായിരുന്നു. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 1998ലും ഇത് ആവര്‍ത്തിച്ചു. പതിമൂന്ന് മാസം അധികാരത്തിലിരുന്ന വാജ്പയ് മന്ത്രിസഭയില്‍ അംഗമായി. 1999ല്‍ എന്‍ ഡി എ സഖ്യം ഭൂരിപക്ഷം നേടിയപ്പോള്‍ വാജ്പയ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ഉപപ്രധാനമന്ത്രിയും. അന്നൊക്കെ വാജ്പയ് ബി ജെ പിയുടെ മിതവാദ മുഖവും അഡ്വാനി തീവ്രവാദ മുഖവുമായിരുന്നു.
2004ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പരാജയപ്പെട്ടതോടെ വാജ്പയിയുടെ മിതവാദ മുഖംമൂടി അഡ്വാനി എടുത്തണിഞ്ഞു. ജന്‍മദേശമുള്‍ക്കൊള്ളുന്ന പാക്കിസ്ഥാനിലേക്ക് യാത്ര നടത്തി. മുസ്‌ലിം ലീഗ് നേതാവും പാക്കിസ്ഥാന്റെ രാഷ്ട്രപിതാവുമായ മുഹമ്മദലി ജിന്നയുടെ മതേതര നിലപാടുകള്‍ കണ്ടെത്തി, അതേക്കുറിച്ച് വാചാലനായി. ഇതോടെ ആര്‍ എസ്  എസ് പിണങ്ങി. ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, മദന്‍ ലാല്‍ ഖുറാന തുടങ്ങിയവരെല്ലാം അഡ്വാനിക്ക് എതിരായി. വാജ്പയിയും അഡ്വാനിയും പുതുതലമുറക്കായി വഴിമാറണമെന്ന് ആര്‍ എസ് എസ് മേധാവിയായിരുന്ന കെ സുദര്‍ശന്‍ പരസ്യമായി ആവശ്യപ്പെട്ടു. അഡ്വാനി ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

ഗുജറാത്ത് വംശഹത്യയുടെ മുള്‍മുനയില്‍ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ നിന്നപ്പോള്‍ പിന്തുണ നല്‍കി ബി ജെ പിയുടെ തീവ്ര മുഖം ഒരിക്കല്‍ കൂടി അഡ്വാനി പുറത്തെടുത്തു. വാജ്പയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോഡിയെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ രാജിവെച്ചാല്‍ ആരോപണത്തിന്റെ മുന ബി ജെ പി നേതൃത്വത്തിലേക്ക് നീങ്ങുമെന്ന രാഷ്ട്രീയ ബുദ്ധി മോഡിയെ രക്ഷിച്ചു. പക്ഷേ, ഇന്ന് അതേ മോഡി തിരിഞ്ഞുകുത്തുമ്പോള്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന അവസ്ഥയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരായിരിക്കണമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് മോഡിയെ അരിയിട്ടു വാഴിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാണ്. മോഡി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രത്യക്ഷത്തില്‍ രാജ്‌നാഥ് സിംഗ് അത് വ്യക്തമാക്കിയിട്ടില്ലെങ്കിലും അഡ്വാനിക്കത് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ഒരു വെള്ള കടലാസില്‍ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ച് ചെറിയൊരു കുറിപ്പ് പാര്‍ട്ടി അധ്യക്ഷന് ആ വന്ധ്യവയോധികന്‍ എഴുതിവെച്ചത്.

Read More......

2013-05-10

കര്‍ണാടകക്ക് ഗുജറാത്താകേണ്ട



ല്ലാ ചേരുവകളും അടങ്ങിയ ബഹുവര്‍ണ കൊമേഴ്‌സ്യല്‍ ചലച്ചിത്രത്തിന്റെ അവസാന രംഗങ്ങളും ആടിക്കഴിഞ്ഞിരിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ ബി ജെ പി അധികാരം പിടിക്കുമ്പോള്‍ നായക സ്ഥാനത്തുണ്ടായിരുന്ന യഡിയൂരപ്പ കഥയുടെ രണ്ടാം ഭാഗത്ത് വില്ലന്‍ പരിവേഷത്തിലാണ്. അവസാന രംഗങ്ങളില്‍ അതിഥി താരമായെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ 'വ്യക്തിപ്രഭാവ'ത്തിനും കാര്യമായി യാതൊന്നും ചെയ്യാനില്ലായിരുന്നു. ഒടുവില്‍ ബംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സംഘട്ടന രംഗങ്ങള്‍ക്കും കഥയെ ബി ജെ പി പ്രതീക്ഷിച്ച ശുഭകരമായ പര്യവസാനത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല.
ധരംസിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയല്ല കോണ്‍ഗ്രസ് വീണ്ടും അധികാരം പിടിച്ചത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന്റെ ജയം ഉറപ്പിച്ചതാണ്. കേന്ദ്രത്തിലെ അഴിമതിയും മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങളും തള്ളി, സംസ്ഥാനത്തുണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന സുസ്ഥിരമായ ഭരണത്തിനാണ് കന്നഡ മനസ്സ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പരാജയം ഉറപ്പിച്ചതാണെങ്കിലും ഇത്ര ദയനീയമായി പിന്തള്ളപ്പെട്ടുവെന്നതാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയത്.  ഉപ മുഖ്യമന്ത്രി ഈശ്വരപ്പ ഉള്‍പ്പെടെ പ്രമുഖരുടെ തോല്‍വിയും പാര്‍ട്ടി നേതൃത്വത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസക്കുറവ് എടുത്തുകാട്ടുന്നു. 
തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അല്ലെങ്കില്‍ അവര്‍ക്ക് പിന്നില്‍ അണിനിരക്കാതെ അധികാരത്തില്‍ എത്താനാകാത്ത സ്ഥിതിയാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി ജെ പിക്കുമുള്ളത്. പുതുതായി രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ നിലവില്‍ വന്നിട്ടും കര്‍ണാടക അതിന് തയ്യാറായില്ല എന്നത് സുസ്ഥിരമായ ഭരണം കാഴ്ച വെക്കുന്നതിന് കോണ്‍ഗ്രസിനെ തുണച്ചേക്കും. എന്നിരുന്നാലും യഡിയൂരപ്പയുടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കെ ജെ പി നേടിയ ചെറിയ വിജയം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തും ചുരുങ്ങിയ സീറ്റുകള്‍ മാത്രം നേടി നിലനില്‍ക്കുന്ന പാര്‍ട്ടികളെ പോലും തഴയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എക്കോ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്കോ സാധ്യമല്ലെന്നതാണ് സത്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പു തന്നെ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി, കോണ്‍ഗ്രസേതര കക്ഷികള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഘടകകക്ഷികള്‍ ഏത് മുന്നണിക്കൊപ്പം നില്‍ക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന കാര്യം തീരുമാനിക്കുക. 
കേവല ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ജെ ഡി എസിന്റെയോ കെ ജെ പിയുടെയോ പിന്തുണ ആവശ്യമില്ലെങ്കിലും പുതിയ കൂട്ടുകെട്ടുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. അഴിമതിയും സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന സുപ്രീം കോടതിയിലെ സത്യവാങ്മൂലവും പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിന് നേരിയ ആശ്വാസമാകുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കര്‍ണാടകാ ഫലം നേരിട്ട് സ്വാധീനിക്കുമോയെന്ന് തറപ്പിച്ച് പറയാനാകില്ല. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ടെന്നുള്ളതും ഇതോടൊപ്പം കാണണം.
യഡിയൂരപ്പയും  ബി ജെ പിയും
ഗുജറാത്തില്‍ കേശുഭായ് പട്ടേലും മധ്യപ്രദേശില്‍ തീപ്പൊരി നേതാവായ ഉമാ ഭാരതിയും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിട്ടും ബി ജെ പി തളര്‍ന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യഡിയൂരപ്പയുടെ പടിയിറക്കത്തെ ബി ജെ പി നേരിട്ടത്. സംസ്ഥാനത്ത് ബി ജെ പിയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ബി എസ് യഡിയൂരപ്പ. യഡിയൂരപ്പയുടെ പിന്നില്‍ അണിനിരന്ന ലിംഗായത്ത് സമുദായത്തിന്റെ വോട്ടിന്റെ ബലത്തിലാണ് കഴിഞ്ഞ തവണ ബി ജെ പി 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചത്. പിന്നീട് യഡിയൂരപ്പ എന്ന വ്യക്തിയിലേക്ക് പാര്‍ട്ടി ചുരുങ്ങിയത് ബി ജെ പിക്ക് ഇത്തവണയേറ്റ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. സ്ഥിരം മണ്ഡലമായ ശിക്കാരിപുരയില്‍ ഇത്തവണയും യഡിയൂരപ്പ ജയിച്ചു കയറിയപ്പോള്‍ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വിരലിലെണ്ണാവുന്ന സീറ്റ് മാത്രമേ കെ ജെ പിക്ക് കൈയിലൊതുക്കാന്‍ സാധിച്ചുള്ളൂവെങ്കിലും നേരത്തെ പ്രതീക്ഷിച്ച പോലെ മിക്കയിടങ്ങളിലും ബി ജെ പിയെ പിറകിലേക്ക് തള്ളിമാറ്റാന്‍ സാധിച്ചിട്ടുണ്ട്. യഡിയൂരപ്പയുടെ ഭീഷണി നേരിടുന്നതിന് വേണ്ടി ലിംഗായത്ത് സമുദായാംഗമായ ജഗദീഷ് ഷെട്ടറിനെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
അഴിമതിയും സ്വജനപക്ഷപാതവും ഉയര്‍ന്നുവന്നതോടെ ആദ്യം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയെങ്കിലും എഴുതിത്തള്ളേണ്ട പാര്‍ട്ടിയല്ല കെ ജെ പിയെന്ന് വേണം കരുതാന്‍. കന്നി തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് സ്വന്തമാക്കിയ കെ ജെ പിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി എങ്ങനെ നേരിടുമെന്നാണ് ഇനി കാണാനുള്ളത്. മന്ത്രിമാരുള്‍പ്പെടെ മുപ്പതിലധികം പേരാണ് ബി ജെ പി വിട്ട് കെ ജെ പിയിലെത്തിയത്. യഡിയൂരപ്പയുടെ വിശ്വസ്തയായിരുന്ന ശോഭാ കരന്തലജെ ഉള്‍പ്പെടെ പ്രമുഖര്‍ പലരും പരാജയപ്പെട്ടത് യഡിയൂരപ്പക്ക് തിരിച്ചടിയായിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇവരില്‍ ഭൂരിഭാഗത്തെയും ഒപ്പം നിര്‍ത്തി യഡിയൂരപ്പയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാകും ഇനി ബി ജെ പി നടത്തുക. കഴിഞ്ഞ തവണ ഒറ്റകക്ഷിയായ ബി ജെ പി കേവല ഭൂരിപക്ഷത്തിനു വേണ്ടി കൊണ്ടുവന്ന ഓപറേഷന്‍ താമരയും ഇത്തവണ താമരയുടെ വാട്ടത്തിന് കാരണമായിട്ടുണ്ട്. സ്വതന്ത്രരുള്‍പ്പെടെയുള്ളവരെ രാജിവെപ്പിച്ച ശേഷം ഔദ്യോഗിക സ്ഥാനാര്‍ഥികളാക്കി മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാന്‍ ഇത് കാരണമായി തീര്‍ന്നിട്ടുണ്ട്.

ജെ ഡി എസിന്റെ മുന്നേറ്റം
ഒറ്റക്കും കോണ്‍ഗ്രസിനും ബി ജെ പിക്കുമൊപ്പം മുന്നണിയായും ഭരിച്ച ജെ ഡി എസ് ഇത്തവണ 40 സീറ്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 28 സീറ്റായിരുന്നു കഴിഞ്ഞ തവണത്തെ സമ്പാദ്യം. എന്നും പിന്തുണ നല്‍കിവന്ന വൊക്കലിഗ സമുദായം ഇത്തവണയും ഭൂരിഭാഗം മണ്ഡലങ്ങളിലും മതേതര ജനതാദളിനെ തുണച്ചു. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന അവസ്ഥയുണ്ടാകുമ്പോള്‍, കിംഗായില്ലെങ്കിലും കിംഗ്‌മേക്കറാകാമെന്ന മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും സ്വപ്‌നം പൊലിഞ്ഞെങ്കിലും ശക്തമായ തിരിച്ചുവരവാണ് ജെ ഡി എസ് നടത്തിയത്. എങ്കിലും ഗ്രാമീണ മേഖലയില്‍ ചിലയിടങ്ങളിലെങ്കിലും ജെ ഡി എസില്‍ വിള്ളല്‍ വീണിട്ടുണ്ട്. യഡിയൂരപ്പ ബി ജെ പിക്കുണ്ടാക്കിയ പ്രഹരം പോലെയാണ് മൈസൂര്‍ മേഖലയില്‍ ജെ ഡി എസിന് കോണ്‍ഗ്രസ് വരുത്തിവെച്ചത്. വൊക്കലിഗ വോട്ട് ഇവിടെ ഇരു കക്ഷികള്‍ക്കുമായി ഭിന്നിക്കുകയായിരുന്നു.

ബി ജെ പിയുടെ തോല്‍വി; 
കോണ്‍ഗ്രസിന്റെ ജയം
നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിയേക്കാള്‍ ഉപരിയായി സ്ഥിരമായ ഭരണസംവിധാനമില്ലാത്തതും ബി ജെ പി ചെറുതായെങ്കിലും മൂന്നായി വിഭജിച്ചതും കോണ്‍ഗ്രസിന് തുണയായിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ബി ജെ പി ഭരണകാലത്തും അതിന് മുമ്പുണ്ടായ ജെ ഡി എസ്- ബി ജെ പി സഖ്യ കാലത്തും ഭരണസ്ഥിരതയില്ലാത്തത് ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ഇത് മാധ്യമങ്ങളുടെ വിജയമാണെന്നും കോണ്‍ഗ്രസിന്റെതല്ലെന്നുമുള്ള കുമാരസ്വാമിയുടെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പം ദേശീയ മാധ്യമങ്ങളും നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ വിജയം പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നുവെങ്കിലും വിമത മുന്നേറ്റം നേരിയ തോതില്‍ കോണ്‍ഗ്രസിന് വിനയായിട്ടുണ്ട്. ഭദ്രാവതി മണ്ഡലത്തില്‍ സി എം ഇബ്‌റാഹിമിന്റെ വിജയ സാധ്യത തകര്‍ത്ത് മുന്‍ കോണ്‍ഗ്രസ് എം എല്‍ എയുടെ രംഗപ്രവേശമാണ്. 
രാഹുലിന്റെ വിജയം?
കേന്ദ്രത്തിലെ ഭരണവും പ്രതിപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതിനൊപ്പം ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായും തിരഞ്ഞെടുപ്പിനെ വിലയിരുത്തിയിരുന്നു. കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിജയമല്ലെന്ന സത്യം  മുമ്പ് രാഹുല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ബീഹാറിലെയും യു പിയിലെയും അവസ്ഥ അറിയാവുന്ന ചില കോണ്‍ഗ്രസ്
നേതാക്കളെങ്കിലും മനസ്സിലാക്കുന്നുണ്ടാകും. ഇത്തവണ കര്‍ണാടക ലഭിക്കില്ലെന്ന ഉറച്ച വിശ്വാസമുള്ള മോഡിയും വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയാണ് കര്‍ണാടക വിട്ടത്.  കഴിഞ്ഞ തവണ ബി ജെ പിക്ക് ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലയില്‍ മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ നഗര പ്രദേശങ്ങളും ബി ജെ പിയെ കൈയൊഴിയുന്ന കാഴ്ചയാണ് കണ്ടത്. നഗര മേഖലയില്‍ കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിച്ചപ്പോള്‍ ബി ജെ പി രണ്ടാം സ്ഥാനത്താണ്. 28 നിയോജക മണ്ഡലങ്ങളുള്ള ബംഗളൂരുവില്‍ പതിമൂന്ന് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ പന്ത്രണ്ട് സീറ്റാണ് ബി ജെ പി സ്വന്തമാക്കിയത്. നഗര മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത ജെ ഡി എസിന് ഇവിടെ മൂന്ന് സീറ്റുകളാണ് ലഭിച്ചത്.
മുത്തലിക്കിന്റെ നേതൃത്വത്തിലുള്ള ശ്രീരാമ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ വിവാദമായ മംഗലാപുരം മേഖലയില്‍ ഇത്തവണ ബി ജെ പിക്ക് അടിപതറിയത് തീവ്ര ഹിന്ദുത്വ നിലപാടുകളോട് കര്‍ണാടക ജനത ആഭിമുഖ്യം പുലര്‍ത്തുന്നില്ലെന്നതിന് തെളിവാണ്. മംഗളൂരു സിറ്റി സൗത്ത്, സിറ്റി നോര്‍ത്ത്, മംഗലാപുരം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് ജയിച്ചു കയറിയപ്പോള്‍ മേഖലകളില്‍ ഒരിടത്ത് മാത്രമാണ് ബി ജെ പിക്ക് സ്വാധീനമറിയിക്കാനായത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുത്വ നിലപാടുകള്‍ ശക്തമായ ആയുധമാക്കാന്‍ തന്നെയായിരിക്കും ബി ജെ പി ശ്രമിക്കുക.


Read More......

2013-04-15

കര്‍ണാടക കാത്തിരിക്കുന്നത്‌


ണ്ടാം യു പി എ സര്‍ക്കാര്‍ പിരിച്ചുവിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ നടന്നേക്കാന്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ ദേശീയതലത്തില്‍ വീശിയ കാറ്റിന് നേരെ വിപരീതമായാണ് കര്‍ണാടക എന്നും സഞ്ചരിച്ചിട്ടുള്ളത്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ 1985ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിലെത്തിയപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക ജനത അധികാരത്തിലേറ്റിയത് രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാറിനെയാണ്. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ കര്‍ണാടക മാറോടണച്ചു. 94ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ദേവെ ഗൗഡ 96ല്‍ പ്രധാനമന്ത്രിയായത് മാത്രമാണ് ഇതിനൊരു അപവാദം. ചരിത്രത്തിലെ ഈ പട്ടിക അപൂര്‍ണമാണ്. ഈ പട്ടികയില്‍ ഒരു തിരുത്തലാകുമോ ഇത്തവണത്തെ തിരഞ്ഞെടുപ്പ് എന്നേ ഇനി അറിയേണ്ടതുള്ളൂ.
കര്‍ണാടകയില്‍ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ട് അധിക നാളായിട്ടില്ല. അതിന്റെ അലയൊലികള്‍ അടങ്ങും മുമ്പാണ് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണകക്ഷിയായ ബി ജെ പിയെ പിന്തള്ളി മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകളും നേടി വന്‍ മുന്നേറ്റമാണ് നഗരസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ബി ജെ പിക്കൊപ്പം രണ്ടാം സ്ഥാനത്താണ് പ്രതിപക്ഷ കക്ഷിയായ ജനതാദള്‍ സെക്കുലറും ഫിനിഷ് ചെയ്തത്. ചിലയിടങ്ങളിലെങ്കിലും ബി ജെ പിയുടെ വോട്ട് നഷ്ടപ്പെടുത്താന്‍ സാധിച്ചതൊഴിച്ചാല്‍ ബി ജെ പി വിട്ട യഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിക്കും ബി ശ്രീരാമുലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസിനും കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ല. പക്ഷേ, ബി ജെ പിക്ക് സ്വാധീനമുള്ള ചില നഗര വാര്‍ഡുകളില്‍ കെ ജെ പി ഒന്നാം സ്ഥാനത്തെത്തുകയും കോണ്‍ഗ്രസിന് പിറകില്‍ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ അല്‍പ്പം ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത്. 
2004ലെ തൂക്കുസഭയില്‍ നിന്ന് 2008ല്‍ എത്തുമ്പോള്‍ 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് (കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റിന്റെ കുറവ്) ബി ജെ പി കര്‍ണാടകയില്‍ അധികാരം പിടിച്ചത്. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ബി ജെ പിക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസും. എണ്‍പത് സീറ്റ് നേടിയ കോണ്‍ഗ്രസ് 33.86 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോള്‍ ബി ജെ പിക്ക് ലഭിച്ചത് 34.59 ശതമാനം വോട്ടാണ്. ജനതാദള്‍ സെക്കുലര്‍ (28 സീറ്റ്) 19.11 ശതമാനം വോട്ടും നേടി. 
പ്രാദേശിക പാര്‍ട്ടികളുടെ പിറവി
കോണ്‍ഗ്രസ്, ബി ജെ പി, ജനതാദള്‍ സെക്കുലര്‍ എന്നീ മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് സമീപ കാലത്ത് വരെ കര്‍ണാടകയില്‍ ഉണ്ടായിരുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക പാര്‍ട്ടികള്‍ക്ക് (ജെ ഡി എസ് ഒഴിച്ചുനിര്‍ത്തിയാല്‍) കാര്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നല്ല കര്‍ണാടക. എന്നാല്‍, ഇത്തവണ സ്ഥിതി മറിച്ചാണ്. ഭരണകക്ഷിയായ ബി ജെ പി ചെറുതായെങ്കിലും മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി വന്‍ വിജയം നേടി ബി ജെ പി അധികാരം പിടിച്ച സംസ്ഥാനമാണ് കര്‍ണാടക. അന്ന് പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ച യഡിയൂരപ്പ ഇത്തവണ കര്‍ണാടക ജനതാ പാര്‍ട്ടിയുമായി (കെ ജെ പി) പടയൊരുക്കം നടത്തുകയാണ്. ബി ജെ പിയില്‍ നിന്ന് പുറത്തുപോയ ബി ശ്രീരാമുലുവിന്റെ നേതൃത്വത്തിലുള്ള ബഡവര ശ്രമികര റയ്ത്തര (ബി എസ് ആര്‍)  കോണ്‍ഗ്രസും ഇത്തവണ മത്സരരംഗത്തുണ്ട്.
അഴിമതിയും പിളര്‍പ്പും കോണ്‍ഗ്രസിന് തുണ
ജനപ്രീതിയുള്ള നേതൃത്വമില്ലാത്തത് കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ടെങ്കിലും ഭരണവിരുദ്ധ വികാരത്തിലുപരിയായി ബി ജെ പിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് ഇതുവരെ തുണച്ചതെന്നും ഇനി തുണക്കുകയെന്നും കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും അഴിമതിയും കാരണം മൂന്ന് മുഖ്യമന്ത്രിമാരാണ് കര്‍ണാടകയില്‍ പിറന്നത്. ബി ജെ പിയുടെ നെടുംതൂണായിരുന്ന യഡിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതോടെ ഡി വി സദാനന്ദ ഗൗഡയും അതിന് ശേഷം ജഗദീഷ് ഷെട്ടറുമാണ് മുഖ്യമന്ത്രിപദം അലങ്കരിച്ചത്. കോണ്‍ഗ്രസാണ് മുഖ്യ എതിര്‍കക്ഷിയെങ്കിലും ബി ജെ പിയെ ഇന്ന് ഏറ്റവുമധികം അലട്ടുന്നത് യഡിയൂരപ്പയായിരിക്കും. ആദ്യ നിയമസഭാ മത്സരത്തില്‍ വലിയ സീറ്റ് നേട്ടമൊന്നും കെ ജെ പി പ്രതീക്ഷിക്കുന്നുണ്ടാകില്ല. അങ്ങനെയാണെങ്കിലും ബി ജെ പിക്ക് ലഭിക്കേണ്ട സീറ്റുകളില്‍ പലതും നഷ്ടപ്പെടുത്താന്‍ കെ ജെ പിക്ക് സാധിക്കുമെന്നുറപ്പാണ്. ഷിമോഗ ജില്ലയിലെ തന്റെ പരമ്പരാഗത മണ്ഡലമായ ഷിക്കരിപൂരില്‍ നിന്നാണ് യഡിയൂരപ്പ ഇത്തവണയും മത്സരിക്കുന്നത്. ബി ജെ പി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈശ്വരപ്പയായിരിക്കും യഡിയൂരപ്പക്കെതിരെ രംഗത്തിറങ്ങുക.
യഡിയൂരപ്പ പിടിക്കുന്ന വോട്ടിലുപരിയായി മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി ജെ പിയെ പിടിച്ചുലക്കുന്നുണ്ട്. ഡിസംബറിലാണ് യഡിയൂരപ്പ പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്തത്. തുടക്കത്തില്‍ തന്നെ പത്തോളം എം എല്‍ എമാരും മൂന്ന് മന്ത്രിമാരുമാണ് ബി ജെ പി വിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും കൊഴിഞ്ഞുപോക്ക് തുടര്‍ന്നത് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ കാലതാമസത്തിനിടയാക്കി. മന്ത്രിമാരിലും എം എല്‍ എമാരിലും ആരൊക്കെ ഇനി പാര്‍ട്ടി വിടുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വത്തിനു പോലും യാതൊരു ഉറപ്പുമില്ലെങ്കിലും അതത്ര ഗൗരവമുള്ള പ്രശ്‌നമല്ലെന്ന നിലപാടാണ്  പുറമേക്ക് സ്വീകരിക്കുന്നത്.
അനധികൃത ഖനന കേസില്‍ ജയിലിലായ ജനാര്‍ദന റെഡ്ഢിയുടെ വിശ്വസ്തനായ ബി ജെ പി മുന്‍ മന്ത്രി ബി ശ്രീരാമുലുവിന്റെ ശക്തികേന്ദ്രമാണ് ബെല്ലാരിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രദേശത്ത് മുന്നേറ്റം നടത്താന്‍ സാധിക്കാത്തത് ബി എസ് ആര്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ജെ ഡി എസുമായി സഖ്യമുണ്ടാക്കാന്‍ ശ്രീരാമുലു ശ്രമം നടത്തിയെങ്കിലും ദേവെ ഗൗഡയുടെ ശക്തമായ എതിര്‍പ്പ് മൂലം സഖ്യശ്രമങ്ങള്‍ മുളയിലേ വൃഥാവിലായി.
അഴിമതിയില്‍ കുളിച്ച സര്‍ക്കാറാണ് കേന്ദ്രത്തിലുള്ളത്. 2ജി സ്‌പെക്ട്രം മുതല്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് വരെ അത് നീളുന്നു. എന്നാല്‍, ഇത് ഫലപ്രദമായി ഉയര്‍ത്തിക്കാണിക്കാന്‍ ബി ജെ പിക്ക് സാധിക്കുന്നില്ല. ഉപമുഖ്യമന്ത്രിയായ കെ എസ് ഈശ്വരപ്പ, മന്ത്രി ആര്‍ അശോക എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി ബി ജെ പി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നുവെങ്കിലും കര്‍ണാടക വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തിയതോടെ അഡ്വാനിയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന്റെയും നാക്ക് ഉള്‍വലിയുന്ന കാഴ്ചയാണ് കണ്ടത്.
മോഡി രക്ഷയാകുമോ?
നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. അതിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം തുണയ്ക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷിയും ജഗദീഷ് ഷെട്ടറും കരുതുന്നത്. ആറ് വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡിലേക്കും സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലേക്കും തിരിച്ചെത്തിയ വേളയിലാണ് മോഡി കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുന്നത്. ബി ജെ പിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയും മോഡിയും വിട്ടുനിന്നത് ബി ജെ പി ക്യാമ്പിലെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയും കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള മോഡിയും രാഹുലും തമ്മിലുള്ള പോരാട്ടമാണിതെന്ന് വിലയിരുത്തപ്പെടുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ച് തലയൂരുകയാണ്.
ജാതിയുടെ രാഷ്ട്രീയം
വിവിധ സാമുദായിക ശക്തികളെ മാറ്റി നിര്‍ത്തിയാല്‍ കര്‍ണാടകയില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്നതായിരിക്കും ശരി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് കര്‍ണാടകയിലെ ജാതി രാഷ്ട്രീയം. പ്രമുഖ വോട്ട് ബേങ്കായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കര്‍ണാടകയുടെ ഭരണം. ഇവര്‍ക്കൊപ്പം പേരിന് പിന്നാക്ക വിഭാഗങ്ങളും, ബന്‍ജാര, നായക്, കുറുംബ തുടങ്ങിയവരും കൂടി ചേരുമ്പോള്‍ ജാതി സമവാക്യങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ തവണ ബി ജെ പിയെ അധികാരത്തിലെത്തിച്ചത് 22 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗത്തിന്റെ വോട്ട് ബേങ്കാണ്. എന്നാല്‍, ഇത്തവണ ബി ജെ പിക്ക് ഈ വോട്ട് ബേങ്കില്‍ മുഴുവന്‍ പ്രതീക്ഷയുമില്ല. ബി ജെ പി വിട്ട ലിംഗായത്ത് നേതാവ് യഡിയൂരപ്പ ഇതില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. ലിംഗായത്ത് സമുദായക്കാരനായ ജഗദീഷ് ഷെട്ടറെ സദാനന്ദ ഗൗഡക്ക് ശേഷം മുഖ്യമന്ത്രിയായി ബി ജെ പി അവരോധിച്ചതിനു പിന്നിലും വീഴ്ചയുടെ ആഴം കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ്.
പതിനെട്ട് ശതമാനമാണ് വൊക്കലിഗയുടെ വോട്ടിംഗ് ശതമാനം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ ജെ ഡി എസിനൊപ്പമാണ് ഇവരില്‍ ഭൂരിഭാഗവും. കോണ്‍ഗ്രസിനും സദാനന്ദ ഗൗഡയിലൂടെ ഇതില്‍ ചെറിയൊരു ശതമാനം ബി ജെ പിക്കും പോകും. ഒ ബി സി, എസ് സി, എസ് ടി, കുറുംബ വിഭാഗങ്ങള്‍ക്കെല്ലാം ചേര്‍ന്ന് 32 ശതമാനമുണ്ട്. പരമ്പരാഗതമായി ഇവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. കുറുംബ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് കളിക്കുന്നത്. സവര്‍ണ വിഭാഗത്തിന്റെയും ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും വോട്ടുകള്‍ ബി ജെ പിക്കും കോണ്‍ഗ്രസിനുമായി വിഭജിക്കപ്പെടും. ബന്‍ജാര വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിനും കെ ജെ പിക്കുമായി ലഭിക്കുമ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ വരുന്ന നായക് വോട്ടായിരിക്കും ശ്രീരാമുലു ലക്ഷ്യമിടുന്നത്. വോട്ടുകള്‍ ഇങ്ങനെ വിഭജിക്കപ്പെടുമ്പോള്‍ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ട് കൂടുതല്‍ നിര്‍ണായകമാകും. കോണ്‍ഗ്രസിനും ജെ ഡി എസിനുമൊപ്പം സംഘ്പരിവാറിന്റെ ഗന്ധം പൂര്‍ണമായും മാറാത്ത കെ ജെ പിയും ഇതില്‍ പങ്ക് പറ്റാനുള്ള ശ്രമത്തിലാണ്. മുസ്‌ലിം സ്ഥാനാര്‍ഥികളുടെ പേരുകള്‍ കൂടുതലായി ഉള്‍പ്പെടുത്തി പാര്‍ട്ടികള്‍ അവരുടെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നിലെ ലക്ഷ്യവും മുസ്‌ലിം വോട്ടുകളാണ്.

Read More......

2012-12-13

ഗുജറാത്തിലെ കാണാപ്പുറങ്ങള്‍

ദേശീയ രാഷ്‌ട്രീയത്തില്‍ തന്നെ കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ഒരു തിരഞ്ഞെടുപ്പിനാണ്‌ ഇത്തവണ ഗുജറാത്ത്‌ സാക്ഷ്യം വഹിക്കുന്നത്‌. മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പാ(രാഷ്‌ട്രീയമാണ്‌)ണ്‌ ഗുജറാത്തില്‍ നടക്കുന്നതെന്ന്‌ പറഞ്ഞാല്‍ അത്‌ ഒട്ടും അതിശയോക്തിയാകില്ല. ബി ജെ പിയും കോണ്‍ഗ്രസും ഗുജറാത്ത്‌ പരിവര്‍ത്തന്‍ പാര്‍ട്ടിയും തമ്മിലുള്ള മത്സരമാണ്‌ നടക്കുന്നതെങ്കിലും മോഡിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ്‌ രണ്ട്‌ ഘട്ടങ്ങളിലായി (ഡിസംബര്‍ പതിമൂന്നിനും പതിനേഴിനും) വരാനിരിക്കുന്നതെന്ന്‌ പറയുന്നതാകും ശരി. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയായിരിക്കും എന്ന തരത്തിലുള്ള പ്രചാരം തുടങ്ങിയിട്ട്‌ കുറച്ചുകാലമായെങ്കിലും ഈയിടെ അത്‌ ശക്തമായ സാഹചര്യത്തിലാണ്‌ നിയമസഭാ തിരഞ്ഞെടപ്പ്‌ നടക്കുന്നത്‌. മോഡി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജിന്റെ അഭിപ്രായ പ്രകടനവും മോഡിയുടെ പ്രചാരണ യോഗങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും അധ്യക്ഷ സോണിയാ ഗാന്ധിക്കും എതിരായി ഉന്നയിച്ച ആരോപണങ്ങളും അതിന്‌ ശക്തി പകര്‍ന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവേശം പോലും ലഭിക്കാത്ത മോഡി എങ്ങനെ പ്രധാനമന്ത്രിയാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ ചോദിക്കുന്നത്‌. എന്‍ ഡി എ സഖ്യകക്ഷിക്ക്‌ പോലും അനഭിമതനാണ്‌ മോഡിയെന്നതും കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്നു. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസാണ്‌ പ്രധാനമായും എതിര്‍ സ്ഥാനത്തെങ്കിലും ഒരു കാലത്ത്‌ ബി ജെ പിയിലെ പ്രമുഖനായ കേശുഭായ്‌ പട്ടേല്‍ ബി ജെ പിക്ക്‌ ശക്തമായ വെല്ലുവിളി സൃഷ്‌ടിക്കുന്നു.
വികസനം, വിശ്വാസം, വിജയം എന്ന പുതിയ മുദ്രാവാക്യമുയര്‍ത്തിയാണ്‌ ബി ജെ പി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ഗുജറാത്തിന്റെ സമഗ്ര വികസനം മാത്രമാണ്‌ ബി ജെ പിയുടെ പ്രകടനപത്രികയില്‍. വികസനത്തിന്റെ പേരില്‍ എ പി അബ്‌ദുല്ലക്കുട്ടിയുടെ പോലും ഗുഡ്‌ സട്ടിഫിക്കറ്റ്‌ ലഭിച്ചയാളാണ്‌ നരേന്ദ്ര മോഡി. ഗുജറാത്ത്‌ വംശഹത്യയോടെ ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുത്വ നിലപാടുകളുമായി തന്നെ മുന്നോട്ട്‌ പോകുകയാണെങ്കില്‍ പാര്‍ട്ടിക്ക്‌ സംസ്ഥാനത്ത്‌ പിന്നാക്കം പോകേണ്ടിവരുമെന്ന്‌ മോഡി സ്വയം വിലയിരുത്തുന്നുണ്ടാകും.
2001ല്‍ കേശുഭായ്‌ പട്ടേല്‍ രാജിവെച്ച ഒഴിവിലാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായി നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നത്‌. ഗുജറാത്ത്‌ വംശഹത്യക്കു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 182ല്‍ 127 സീറ്റുമായാണ്‌ മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്തിയത്‌. പിന്നീട്‌ 2007ല്‍ നടന്ന തിരഞ്ഞെടുപ്പിലും മോഡിയുടെ അപ്രമാദിത്വമാണ്‌ കണ്ടത്‌. 117 സീറ്റ്‌ നേടിയ ബി ജെ പി 49.12 ശതമാനം വോട്ടും സ്വന്തമാക്കി. 59 സീറ്റ്‌ നേടിയ കോണ്‍ഗ്രസിന്‌ 38 ശതമാനം വോട്ട്‌ ലഭിച്ചു. 2004ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ 26 സീറ്റില്‍ പന്ത്രണ്ട്‌ സീറ്റ്‌ നേടി തിരിച്ചുവരവ്‌ നടത്താന്‍ കോണ്‍ഗ്രസിന്‌ സാധിച്ചെങ്കിലും പിന്നീട്‌ 2009ല്‍ കാര്യമായ മുന്നേറ്റം ഇരു കക്ഷികള്‍ക്കും നടത്താന്‍ സാധിച്ചിട്ടില്ല. 20 സീറ്റ്‌ നേടുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ ബി ജെ പി ലോക്‌സഭയിലെ അംഗ സംഖ്യ 14ല്‍ നിന്ന്‌ 15 ആക്കിയപ്പോള്‍ കോണ്‍ഗ്രസിന്‌ ഒരു സീറ്റ്‌ കുറഞ്ഞ്‌ പതിനൊന്നായി.

കണക്കുകള്‍ തെറ്റിക്കുന്നമണ്ഡല പുനര്‍നിര്‍ണയം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 2002, 2007 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ വെളിച്ചത്തില്‍ അത്ര എളുപ്പം 2012നെ പ്രവചിക്കാന്‍ സാധിക്കുമെന്ന്‌ തോന്നുന്നില്ല. കാരണം ലളിതമാണ്‌. മണ്ഡലങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റിമറിച്ചതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്‌ ഗുജറാത്തില്‍ നടക്കുന്നത്‌. പല മണ്ഡലങ്ങള്‍ക്കൊപ്പവും കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും പല പ്രദേശങ്ങളെയും തഴയുകയും ചെയ്‌തു. ഇനി മറ്റു ചില മണ്ഡലങ്ങളാകട്ടെ സംവരണത്തില്‍ ഉള്‍പ്പെടുകയും ചെയ്‌തു. അഹമ്മദാബാദിന്‌ സമീപമുള്ള ഖാദിയ പരമ്പരാഗതമായി ബി ജെ പിയെ തുണക്കുന്ന മണ്ഡലമാണ്‌. മുസ്‌ലിം സ്ഥാനാര്‍ഥി ഇവിടെ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുമെന്ന്‌ ഒരു നിലക്കും പ്രതീക്ഷിക്കുക വയ്യ. മണ്ഡലപുനര്‍നിര്‍ണയത്തിനു ശേഷം കാര്യങ്ങള്‍ നേരെ മറിച്ചാണ്‌. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമാല്‍പൂര്‍ ഇത്തവണ ഖാദിയയുടെ ഭാഗമാണ്‌. അതായത്‌ ഖാദിയ ജമല്‍പൂര്‍ മണ്ഡലം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി എന്ന്‌ ചുരുക്കം. ഇതിന്‌ സമാനമാണ്‌ ജുനഗഢ്‌ മണ്ഡലത്തിന്റെ നിലയും. നഗര- ഗ്രാമ പ്രദേശങ്ങള്‍ ചേര്‍ന്ന ജുനഗഢില്‍ 2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക്‌ 8521 വോട്ടാണ്‌ ഗ്രാമ പ്രദേശത്ത്‌ നിന്ന്‌ ലഭിച്ചത്‌. ജുനഗഢിന്റെ ഭാഗമായിരുന്ന 12 ഗ്രാമങ്ങളാണ്‌ സമീപത്തുള്ള വിസവദാര്‍ മണ്ഡലത്തിന്റെ ഭാഗമായത്‌. 4051 വോട്ടാണ്‌ ഇവിടെ നിന്ന്‌ മാത്രം ബി ജെ പി കഴിഞ്ഞ തവണ നേടിയത്‌. ജുനഗഢ്‌ മണ്ഡലം ഇത്തവണ കൈയൊഴിയുകയാണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്ന്‌ ചുരുക്കം.
മണ്ഡലപുനര്‍നിര്‍ണയത്തിന്‌ ശേഷമാണ്‌ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും തീര്‍ത്തും വ്യത്യസ്‌തമാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലം വന്നതോടെ രണ്ട്‌ കാര്യങ്ങള്‍ ഉറപ്പിച്ച്‌ പറയാന്‍ സാധിക്കും. ബി ജെ പി സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമതായി അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്‌ എന്നതും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 75- 80 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പിയേക്കാള്‍ കൂടുതല്‍ വോട്ട്‌ നേടാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേടിയ സീറ്റുകളേക്കാള്‍ കൂടുതലിടങ്ങളില്‍ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിരിക്കുന്നുവെന്ന കാര്യം എളുപ്പത്തില്‍ തിരസ്‌കരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. 92 എന്ന മാന്ത്രിക സംഖ്യ തികക്കുക എന്നത്‌ കോണ്‍ഗ്രസിന്‌ അസാധ്യമായ ഒന്നല്ല എന്ന്‌ സാരം. അതേസമയം, ബി ജെ പിയുടെ നില 117ല്‍ നിന്ന്‌ 105ന്‌ താഴേക്ക്‌ വന്നിരിക്കുന്നു.
മണ്ഡല പുനര്‍നിര്‍ണയത്തിനൊപ്പം ഭരണവിരുദ്ധവികാരം കൂടി വന്നതോടെ പല മന്ത്രിമാരും സുരക്ഷിത താവളങ്ങള്‍ തേടി പോകുന്ന കാഴ്‌ചയും കണ്ടു. സുഹ്‌റാബുദ്ദീന്‍ ശെയ്‌ഖ്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ട്‌ ജാമ്യത്തിലിറങ്ങിയ മുന്‍ ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടും. നാല്‌ തവണ തുടര്‍ച്ചയായി സഭയിലെത്തിയ ഷാ ഇത്തവണ നരന്‍പുര മണ്ഡലത്തില്‍ നിന്നാണ്‌ ജനവിധി തേടുന്നത്‌. ഊര്‍ജ മന്ത്രി സൗരഭ്‌ പട്ടേല്‍ സ്ഥിരം മണ്ഡലമായ ബൊട്ടാഡ്‌ വിട്ട്‌ വഡോദരയിലെ അകോടയില്‍ ജനവിധി തേടുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മണ്ഡലത്തിലെ ജാതി സമവാക്യത്തില്‍ വന്ന മാറ്റമാണ്‌ പട്ടേലിനെ മാറ്റി ചിന്തിപ്പിച്ചത്‌.

സൗരാഷ്‌ട്രയില്‍ വിയര്‍ക്കും



ഹാട്രിക്‌ തികക്കുക ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്തിറങ്ങുമ്പോള്‍ ബി ജെ പി പാളയം വിട്ട്‌ ഗുജറാത്ത്‌ പരിവര്‍ത്തന്‍ പാര്‍ട്ടിയുമായി (ജി പി പി) കളത്തിലിറങ്ങിയ കേശുഭായ്‌ പട്ടേലാണ്‌ മോഡിക്ക്‌ എതിരായി പ്രധാനമായും രംഗത്തുള്ളത്‌. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പതിനെട്ട്‌ ശതമാനം വരുന്ന പട്ടേല്‍ സമുദായമാണ്‌ ജി പി പിയുടെ ശക്തി. കാര്യമായി സീറ്റുകള്‍ നേടാന്‍ ജി പി പിക്ക്‌ സാധിക്കില്ലെങ്കിലും പട്ടേല്‍ സമുദായത്തില്‍ കേശുഭായ്‌ പട്ടേലിനുള്ള സ്വാധീനം വോട്ടായി മാറുകയാണെങ്കില്‍ സൗരാഷ്‌ട്ര മേഖലയില്‍ ബി ജെ പി വിയര്‍ക്കുമെന്നുറപ്പാണ്‌.
കഴിഞ്ഞ രണ്ട്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ വിജയത്തിനു പിന്നിലുണ്ടായിരുന്നതും പട്ടേല്‍ സമുദായമാണ്‌. പട്ടേല്‍ സമുദായം ബി ജെ പിയെ ഭാഗികമായി കൈവിടുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്‌. വിവിധ ബ്ലോക്കുകളായി കഴിയുന്ന പട്ടിദാര്‍ സമുദായ കുലനാമമാണ്‌ പട്ടേല്‍. പട്ടിദാറിലെ ല്യുവ (ഘലൗ്‌മ) എന്ന വിഭാഗം സ്വയം ഉയര്‍ന്ന ജാതിക്കാരായ പട്ടിഡാറുകളാണെന്ന്‌ വിശ്വസിക്കുമ്പോള്‍ കദ്‌വ അല്‍പ്പം താഴ്‌ന്ന വിഭാഗക്കാരാണ്‌. ഇതില്‍ ആദ്യത്തെ വിഭാഗം കേശുഭായ്‌ പട്ടേലിനൊപ്പം നില്‍ക്കുമ്പോള്‍ കദ്‌വ ബി ജെ പിയെ തുണക്കുന്നു. 2001ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിയുടെ കാരണവും ഈ വിഭജനമാണ്‌. സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ വിട്ട മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ നര്‍ഹരി അമിന്റെ രംഗപ്രവേശം ബി ജെ പി ക്യാമ്പിന്‌ ഉണര്‍വേകുന്നുണ്ട്‌. പട്ടേല്‍ സമുദായത്തില്‍ അമിനുള്ള സ്വാധീനം തന്നെയാണ്‌ അതിന്‌ കാരണം. വരും ദിവസങ്ങളില്‍ കേശുഭായ്‌ പട്ടേലിനെതിരെ മോഡിയുടെ തുറുപ്പ്‌ ചീട്ടായി നര്‍ഹരി അമിന്‍ മാറുമെന്നത്‌ ഉറപ്പാണ്‌. 58 മണ്ഡലങ്ങളുള്ള സൗരാഷ്‌ട്ര- കച്ച്‌ മേഖലയില്‍ 43 സീറ്റാണ്‌ കഴിഞ്ഞ തവണ ബി ജെ പി നേടിയത്‌.

നഗരവാസികളും ഇടത്തരക്കാരും

ജാതി രാഷ്‌ട്രീയത്തിനൊപ്പമോ അതിലുപരിയായോ നഗരവത്‌കരണത്തിനും വിവിധ സാമൂഹിക വര്‍ഗങ്ങളും ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. നഗരത്തിലെ ഇടത്തരക്കാരാണ്‌ ബി ജെ പിയുടെ പ്രധാന വോട്ട്‌ ബേങ്ക്‌. 2011ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാനത്തെ നഗരങ്ങളിലെ ജനസംഖ്യ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്‌. 42.6 ശതമാനം. ഗ്രാമീണ ജനതയെയും കര്‍ഷകരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തിറക്കിയ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയില്‍, ദാരിദ്ര്യരേഖക്ക്‌ മുകളിലും ഇടത്തരക്കാര്‍ക്ക്‌ മധ്യേയുമായി `നിയോ മിഡില്‍ ക്ലാസ്‌' രൂപവത്‌കരിച്ചാണ്‌ മോഡി വോട്ട്‌ തേടുന്നത്‌.

വികസനത്തിലെ യാഥാര്‍ഥ്യം

2007ലെ തിരഞ്ഞെടുപ്പിനു ശേഷമാണ്‌ വികസന നായകനെന്ന പേര്‌ മോഡിക്ക്‌ ചാര്‍ത്തിക്കിട്ടിയത്‌. ജലസേചന പദ്ധതികള്‍ മുതല്‍ വന്‍കിട കമ്പനികളെ വരെ ഗുജറാത്തിലേക്ക്‌ ആകര്‍ഷിക്കാനായതും മോഡിയെ വികസനത്തിന്റെ പ്രതിരൂപമാക്കി. വ്യവസായവത്‌കരണത്തെയും നഗരവത്‌കരണത്തെയും കുറിച്ച്‌ ഉറക്കെ സംസാരിക്കുമ്പോഴും കുട്ടികളിലെ പോഷകാഹാര കുറവിന്റെ ഉള്‍പ്പെടെ പ്രാഥമികാരോഗ്യ കാര്യങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ പിന്നിലാണെന്ന സത്യം മറച്ചുവെക്കുകയാണ്‌. ആസൂത്രണ കമ്മീഷന്‍ 2011ല്‍ പുറത്തിറക്കിയ ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ പ്രകാരം സംസ്ഥാനത്തെ 44 ശതമാനം കുട്ടികളും പോഷകാഹാര കുറവിന്റെ കെടുതി അനുഭവിക്കുന്നുണ്ട്‌. ബീഹാര്‍ പോലുള്ള പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ പുകഴ്‌ത്തുന്ന റിപ്പോര്‍ട്ടില്‍ ഗുജറാത്തിന്റെ സ്ഥിതി മോശമാണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഇതെല്ലാം കോണ്‍ഗ്രസ്‌ പ്രചാരണായുധമാക്കി കളം ചൂട്‌ പിടിപ്പിക്കുന്നു.

ആര്‍ എസ്‌ എസ്‌ Vs ആര്‍ എസ്‌ എസ്‌

തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന സര്‍വേ ഫലങ്ങളില്‍ ഭൂരിഭാഗവും മോഡിക്ക്‌ അനുകൂലമാണ്‌. ഭയമുപേക്ഷിച്ച്‌ മോഡിവിരുദ്ധര്‍ ശക്തമായി രംഗത്തുണ്ടെന്നതും ഇത്തവണ കാണാം. ഗുജറാത്ത്‌ വംശഹത്യ നടക്കുമ്പോള്‍ മോഡിയുടെ വലംകൈയായിരുന്ന ആഭ്യന്തര മന്ത്രി ഗോര്‍ധന്‍ സദാപിയ, പട്ടേല്‍ വോട്ട്‌ ഒന്നിപ്പിക്കാന്‍ കേശുഭായിക്കൊപ്പമുണ്ട്‌. ഗുജറാത്ത്‌ കലാപത്തില്‍ മോഡിക്ക്‌ പങ്കുണ്ടെന്ന്‌ സുപ്രീം കോടതിയില്‍ മൊഴി നല്‍കിയതിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഐ പി എസ്‌ ഉദ്യോഗസ്ഥന്‍ സഞ്‌ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടാണ്‌ മോഡിക്കെതിരെ മണിനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. ഇതിനെല്ലാം പുറമെ, സൂറത്തിലും സൗരാഷ്‌ട്രയിലെ ചില ഭാഗങ്ങളിലും മോഡിയെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തുള്ളത്‌ ആര്‍ എസ്‌ എസാണ്‌. ഇതിന്‌ പരിഹാരം കാണാന്‍ പ്രചാരണത്തിന്റെ തിരക്കുകള്‍ മാറ്റിവെച്ച്‌ മോഡി നാഗ്‌പൂരിലെത്തി ആര്‍ എസ്‌ എസ്‌ മേധാവി മോഹന്‍ ഭഗവത്‌ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.
1995നു ശേഷം കോണ്‍ഗ്രസ്‌ സംസ്ഥാനത്ത്‌ അധികാരത്തിന്‌ പുറത്താണ്‌. പതിനൊന്ന്‌ വര്‍ഷത്തെ ഭരണത്തിനെതിരെ ഉയരുന്ന പൊതു വികാരം ഇത്തവണ മോഡിക്ക്‌ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും അത്‌ അനുകൂലമാക്കാന്‍ കോണ്‍ഗ്രസിന്‌ കാര്യമായി ഇതുവരെ സാധിച്ചിട്ടില്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ സ്‌ത്രീകള്‍ക്ക്‌ സ്ഥലവും വീടും നല്‍കുമെന്നതാണ്‌ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്‌ദാനം. പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ടാബ്‌ലറ്റും കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ കമ്പ്യൂട്ടറും കോണ്‍ഗ്രസ്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.
ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലെന്നതാണ്‌ കോണ്‍ഗ്രസ്‌ നേരിടുന്ന പ്രധാന വെല്ലുവിളി. ബി ജെ പിയില്‍ നിന്ന്‌ കോണ്‍ഗ്രസിലെത്തിയ ശങ്കര്‍സിംഗ്‌ വഗേലയാണ്‌ ചെറിയൊരു അപവാദം. ജി പി സി സി പ്രസിഡന്റ്‌ അര്‍ജുന്‍ മോദ്‌വാദിയ, പ്രതിപക്ഷ നേതാവ്‌ ശക്തിസിംഗ്‌ ഗോയല്‍ എന്നിവരാണ്‌ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. സ്വയം മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാട്ടുന്ന ഇരുവര്‍ക്കും മോഡിയെ അതിജീവിച്ച്‌ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയെന്നത്‌ പ്രയാസമേറിയതാണ്‌. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും പ്രചാരണ രംഗത്തുണ്ട്‌. ആശയപരമായ ദാരിദ്ര്യവും ഗുജറാത്തില്‍ കോണ്‍ഗ്രസിന്‌ വിനയാകും. കോണ്‍ഗ്രസിന്‌ സംസ്ഥാനത്ത്‌ അധികാരത്തില്‍ തിരിച്ചെത്താനുള്ള അവസാന അവസരമായിരിക്കും ഇത്തവണത്തേത്‌. 

Read More......

2011-11-29

നിലച്ചത്‌ ബ്രഹ്മപുത്രയുടെ ഗോത്ര ശബ്ദം


ന്ത്യന്‍ സംഗീതത്തിലെ വേറിട്ട ശബ്‌ദം. അസമിന്റെ തനത്‌ നാടോടി സംഗീതത്തെ അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ ലോക ജനതക്കു മുന്നില്‍ അവതരിപ്പിച്ച്‌ ലക്ഷക്കണക്കിന്‌ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ബ്രഹ്മപുത്രയുടെ സംഗീതജ്ഞന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സൗന്ദര്യം പൂര്‍ണമായും തന്റെ ഗാനങ്ങളില്‍ പ്രതിഫലിപ്പിച്ച അപൂര്‍വ വ്യക്തിത്വം. അതായിരുന്നു ഭുപന്‍ ഹസാരിക.

സംഗീത സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്‌, തിരക്കഥാകൃത്ത്‌, അഭിനേതാവ്‌, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ സര്‍വ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയാണ്‌ ഭുപന്‍ ഹസാരിക. അസമീസ്‌ നാടോടി ഗാനങ്ങള്‍ ഉപയോഗപ്പെടുത്തി ഹസാരിക ഉണ്ടാക്കിയ തരംഗം അദ്ദേഹത്തിന്‌ ബ്രഹ്മപുത്രയുടെ നാടോടിഗായകന്‍ എന്ന വിശേഷണം നല്‍കി. 1993ല്‍ പുറത്തിറങ്ങിയ രുദാലി എന്ന ചിത്രത്തിലെ `ദില്‍ ഹൂം ഹൂം കരേ' എന്ന ഒരൊറ്റ ഗാനം മാത്രം മതിയാകും ഭുപന്‍ ഹസാരിക എന്ന സംഗീത ചക്രവര്‍ത്തിയെ എന്നും ഓര്‍മിക്കാന്‍.

1926ല്‍ അസമിലെ സാദിയയില്‍ അധ്യാപക കുടുംബത്തിലാണ്‌ ഹസാരികയുടെ ജനനം. അക്കാദമിക രംഗത്ത്‌ മികവ്‌ പുലര്‍ത്തിയ ഹസാരിക, 1942ല്‍ ഗുവാഹത്തിയില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസവും ബനാറസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദവും രാഷ്‌ട്ര മീമാംസയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട്‌ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന്‌ മാസ്‌ കമ്മ്യൂണിക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടി. വിദ്യാഭ്യാസ പുരോഗതിക്ക്‌ ചലച്ചിത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ യു എസില്‍ പഠനം നടത്തുന്നതിന്‌ ചിക്കാഗോ സര്‍വകലാശാലയുടെ ഫെല്ലോഷിപ്പും ഹസാരിക നേടി.

യു എസിലെ താമസത്തിനിടയിലാണ്‌ കറുത്ത വംശജനായ പ്രശസ്‌ത ഗായകന്‍ പോള്‍ റോബ്‌സണെ ഹസാരിക പരിചയപ്പെടുന്നത്‌. റോബ്‌സണിന്റെ പ്രസിദ്ധമായ ഗാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഹസാരിക ഹിന്ദിയിലേക്ക്‌ മൊഴിമാറ്റം ചെയ്‌തു. ഓ ഗംഗാ ബെഹ്‌തി ഹോ എന്ന ഗാനം ദീര്‍ഘകാലം യുവാക്കള്‍ നെഞ്ചേറ്റുകയും ചെയ്‌തു. `കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഗോത്ര വിഭാഗങ്ങളുടെ ഗാനങ്ങള്‍ നിരീക്ഷിക്കാറുണ്ട്‌. അതിന്റെ സ്വരലയം ഗാനങ്ങളില്‍ പ്രതിഫലിക്കാറുണ്ട്‌. മാതാവില്‍ നിന്നാണ്‌ ഗായകനെന്ന കഴിവ്‌ ലഭിച്ചത്‌.'- മിക്ക അഭിമുഖങ്ങളിലും ഹാസാരിക പറയാറുണ്ട്‌.

അസമില്‍ നിന്നുള്ള രണ്ടാമത്തെ ശബ്‌ദ ചിത്രമായ ഇന്ദ്രമാലതിയില്‍ ബാലതാരമായാണ്‌ ഹസാരിക തന്റെ കലാ ജീവിതം തുടങ്ങുന്നത്‌. അതിന്‌ മുമ്പ്‌ തന്റെ പത്താം വയസ്സില്‍ ആദ്യ ഗാനം എഴുതുകയും അത്‌ സ്വയം ആലപിക്കുകയും ചെയ്‌തിരുന്നു. അസം ചലച്ചിത്ര മേഖലക്കു പുറമെ 1930- 1990 കാലഘട്ടത്തില്‍ നിരവധി ബംഗാളി, ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക്‌ വേണ്ടിയും ഗാനങ്ങള്‍ രചിക്കുകയും സംഗീത സംവിധാനം ചെയ്‌ത്‌ ആലപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആയിരത്തോളം കവിതകള്‍, നിരവധി ചെറുകഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവയും ഹസാരികയുടെ തൂലികയിലൂടെ പിറവികൊണ്ടു.

അസം ഭാഷയില്‍ പുറത്തിറങ്ങിയ എറ ബത്തര്‍ സൂര്‍, ശാകുന്തള, ലോത്തി ഗോട്ടി, പ്രതിധ്വനി, ചിക്‌ മിക്‌ ബിജുലി, സിരജ്‌ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണം, സംവിധാനം, സംഗീത സംവിധാനം, ഗാനാലാപനം എന്നിവ ഹസാരെ സ്വയം ചെയ്‌തു. അന്തരിച്ച പ്രമുഖ ചിത്രകാരന്‍ എം എഫ്‌ ഹുസൈന്‍ സംവിധാനം ചെയ്‌ത ഗജഗാമിനിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്‌ ഹസാരികയാണ്‌. ഇതിന്‌ പുറമെ ജീവിതയാത്രയില്‍ സഹയാത്രികയായ കല്‍പ്പന ലക്ഷ്‌മിയുടെ രുദാലി, എക്‌ പാല്‍, ധരമിയാന്‍, ദമാന്‍ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംഗീത സംവിധാനമാണ്‌ ഹസാരികയെ ഇന്ത്യ മുഴുവന്‍ പ്രശസ്‌തനാക്കിയത്‌. `താങ്കള്‍ ഗാനങ്ങള്‍ കൊണ്ട്‌ ചിത്രങ്ങള്‍ വരയ്‌ക്കുന്നു. എന്നാല്‍, എന്റെ ബ്രഷ്‌ ഉപയോഗിച്ച്‌ ഗാനം ആലപിക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ലെ'ന്നാണ്‌ ഹസാരികയെ അഭിനന്ദിച്ചുകൊണ്ട്‌ എം എഫ്‌ ഹുസൈന്‍ പറഞ്ഞത്‌. ദില്‍ ഹൂം ഹൂം കരേ എന്ന ഗാനം 1993ലെ ഏഷ്യാ പസഫിക്‌ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹസാരികക്ക്‌ നേടിക്കൊടുത്തു. ആഗോളതലത്തില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകനെന്ന അംഗീകാരം ഈ പുരസ്‌കാര നേട്ടത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. ഇടക്കാലത്ത്‌ രാഷ്‌ട്രീയ പ്രവേശം നടത്തിയെങ്കിലും സജീവമാകാതെ പിരിഞ്ഞു.

1977ല്‍ പത്മശ്രീ ലഭിച്ച ഹസാരികയെ തേടി 2003ല്‍ പത്മഭൂഷണും എത്തി. അസം ചമേലി മേംസാബ്‌ എന്ന ചിത്രത്തിന്‌ 1975ല്‍ ദേശീയ അവാര്‍ഡും ശാകുന്തള, പ്രതിധ്വനി, ലോട്ടിഗോട്ടി എന്നീ ചിത്രങ്ങള്‍ക്ക്‌ രാഷ്‌ട്രപതിയുടെ മെഡലും ലഭിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, ദാദാ സാഹിബ്‌ ഫാല്‍കെ അവാര്‍ഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര വികസന കൗണ്‍സില്‍ അംഗം, സംഗീത നാടക അക്കാദമി ചെയര്‍മാന്‍, പ്രസാര്‍ ഭാരതി ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഗീത ലോകത്തിന്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാറും ആദരിച്ചിട്ടുണ്ട്‌.

Read More......

2011-03-22

വൈകോ മടയിലൊളിക്കുന്നു


1993 ഒക്‌ടോബര്‍ 13. ജയലളിത തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. ഡി എം കെ ജനറല്‍ സെക്രട്ടറി മുത്തുവേല്‍ കരുണാനിധി നടത്തിയ വെളിപ്പെടുത്തല്‍ കേട്ട്‌ തമിഴകം ഞെട്ടിവിറച്ചു. `എന്നെ എല്‍ ടി ടി ഇ ഇല്ലാതാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ വിവരം ലഭിച്ചിരിക്കുന്നു' - സംസ്ഥാന ചീഫ്‌ സെക്രട്ടറിയില്‍ നിന്ന്‌ ലഭിച്ചത്‌ എന്ന ആമുഖത്തോടെ കലൈഞ്‌ജര്‍ പറഞ്ഞു. ഡി എം കെയില്‍ വൈകോയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കലൈഞ്‌ജറെ വെട്ടിയൊതുക്കുകയായിരുന്നുവത്രെ പുലികളുടെ ലക്ഷ്യം.

തീപാറുന്ന പ്രസംഗങ്ങളിലൂടെ തമിഴ്‌ രാഷ്‌ട്രീയത്തെ വൈകോ പ്രകമ്പനം കൊള്ളിച്ചിരുന്ന കാലമായിരുന്നു അത്‌. കരുണാനിധിക്കു ശേഷം വൈകോ ഡി എം കെയുടെ ചുക്കാന്‍ പിടിക്കുമെന്ന്‌ വിശ്വസിച്ചിരുന്ന കാലം. ഈ സമയത്താണ്‌ രണ്ടാം ഭാര്യ ദയാലു അമ്മാളിലുണ്ടായ രണ്ടാമത്തെ മകന്‍ എം കെ സ്റ്റാലിനെ അനന്തരാവകാശിയായി കലൈഞ്‌ജര്‍ കണ്ടെത്തിയത്‌. രക്തത്തിന്‌ വെള്ളത്തേക്കാള്‍ കട്ടി കൂടുതലാണെന്നാണല്ലോ? എന്നിട്ടും നേരെ മൂത്ത സഹോദരന്‍ അഴഗിരിക്കു പോലും ആ തീരുമാനം അത്ര പിടിച്ചിട്ടില്ല. അത്‌ അംഗീകരിക്കാന്‍ അഴഗിരി ഇതുവരെ തയ്യാറായിട്ടുമില്ല. പിന്നെങ്ങനെ വൈകോക്ക്‌ സ്വീകാര്യമാകും? വൈകോയും അനുയായികളും പാര്‍ട്ടിക്കുള്ളില്‍ ചെറിയ തോതില്‍ ഒച്ചവെച്ചു തുടങ്ങിയ കാലത്താണ്‌ കരുണാനിധിയുടെ മേല്‍പ്പറഞ്ഞ ഹൃദയഭേദകമായ വെളിപ്പെടുത്തല്‍. പുലിക്കുട്ടിയായിരുന്ന വൈകോയെ അതേവര്‍ഷം നവംബര്‍ പതിനൊന്നിന്‌ പൂച്ചക്കുട്ടിയെ പോലെ ചെവിക്കുപിടിച്ച്‌ കലൈഞ്‌ജര്‍ പുറത്താക്കി.

പുറത്താക്കപ്പെട്ട രാഷ്‌ട്രീയക്കാരൊന്നും അടങ്ങിയിരുന്ന ചരിത്രമില്ല. വൈകോ ചരിത്രം തിരുത്താന്‍ തുനിഞ്ഞുമില്ല. 1994ല്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴക (എം ഡി എം കെ) വുമായി വൈകോ രംഗത്തെത്തി. മറുമലര്‍ച്ചി എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ എന്ന്‌ അര്‍ഥം. കുരിശിലേറ്റിയ ക്രിസ്‌തു മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ്‌ ബൈബിള്‍ വചനം. ഇതുപോലൊരു തിരിച്ചുവരവ്‌ പേരിലെങ്കിലും ഇരിക്കട്ടെ എന്ന്‌ തോന്നിയെങ്കില്‍ അതില്‍ വൈകോയെ കുറ്റം പറയാനൊക്കില്ല.

ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ്‌ ജയലളിത മൈസുരില്‍ ജനിച്ച്‌ ചെന്നൈയിലേക്ക്‌ കുടിയേറിയാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌. അതിനു സമാനമായി തെലുങ്ക്‌ സംസാരിക്കുന്ന കമ്മാ നായിഡു കുടുംബത്തിലാണ്‌ വൈകോയുടെ ജനനം. വൈയാപുരം ഗോപാല സ്വാമി. അതാണ്‌ യഥാര്‍ഥ നാമം. തമിഴര്‍ അങ്ങനെയാണ്‌. ഹൃദയത്തിലേറ്റി കഴിഞ്ഞാല്‍ പേരുകള്‍ ചുരുങ്ങും. അങ്ങനെ വി ഗോപാലസ്വാമി വൈകോയായി.

തമിഴ്‌ ഈഴത്തിന്‌ വാദിക്കുന്ന എല്‍ ടി ടി ഇക്കും വേലുപ്പിള്ള പ്രഭാകരനും വൈകോ അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌ ഈഴമെന്നത്‌ സ്വന്തം സ്വപ്‌നമായും കൊണ്ടുനടന്നു. ശ്രീലങ്കയില്‍ തമിഴ്‌ പുലികളും സൈന്യവും ശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കെ 1989ല്‍ അതീവ രഹസ്യമായി വൈകോ കടല്‍ കടന്ന്‌ വേലുപ്പിള്ള പ്രഭാകരനുമായി കൂടിക്കാഴ്‌ച നടത്തിയത്‌ വന്‍ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചു. അന്ന്‌ വൈകോ രാജ്യസഭാ എം പിയാണ്‌. കലൈഞ്‌ജര്‍ കരുണാനിധി തമിഴ്‌നാട്‌ മുഖ്യമന്ത്രിയും. വിവാദങ്ങളില്‍ നിന്ന്‌ ഒരുവിധത്തിലാണ്‌ കരുണാനിധി തലയൂരിയത്‌. 91ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട ശേഷം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ വീഡിയോ ചിത്രങ്ങളിലും വൈകോയും പുലിത്തലവനുമായുള്ള കൂടിക്കാഴ്‌ചകളുണ്ടായിരുന്നു. പ്രഭാകരനെ തലൈവരെന്ന്‌ വിളിച്ചപ്പോള്‍ വൈകോവിനെ അണ്ണ (സഹോദരന്‍)നായാണ്‌ പ്രഭാകരന്‍ തിരികെ വിശേഷിപ്പിച്ചത്‌. രാജീവ്‌ ഗാന്ധി വധത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വൈകോയെ പരാമര്‍ശിക്കുന്നുണ്ട്‌. രാജീവ്‌ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

ഡി എം കെയിലെ രണ്ടാമനായിരുന്ന വൈകോ 1978 മുതല്‍ 96 വരെ പതിനെട്ട്‌ വര്‍ഷം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്നു. ഡി എം കെ വിട്ട്‌ എം ഡി എം കെ രൂപവത്‌കരിച്ച ശേഷം നടന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ- കോണ്‍ഗ്രസ്‌ സഖ്യത്തിനും ഡി എം കെ- തമിഴ്‌ മനിലാ കോണ്‍ഗ്രസിനും എതിരായി സി പി എമ്മുമായി സഖ്യമുണ്ടാക്കിയായിരുന്നു വൈകോയുടെ പ്രവര്‍ത്തനം. എന്നാല്‍ കാര്യമായെന്നല്ല, വരവറിയിക്കാന്‍ തന്നെ വൈകോക്ക്‌ സാധിച്ചില്ല. പിന്നീട്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലൈവി കോണ്‍ഗ്രസ്‌ വിട്ട്‌ ബി ജെ പി പാളയത്തിലെത്തിയപ്പോള്‍ പട്ടാളി മക്കള്‍ കക്ഷിക്കൊപ്പം എം ഡി എം കെയും തലൈവിക്കൊപ്പം നിന്നു. കരുണാനിധിയോടുള്ള വിദ്വേഷം ഒന്നുമാത്രമായിരുന്നു ശത്രുപക്ഷത്തുണ്ടായിരുന്ന തലൈവിക്കൊപ്പം നില്‍ക്കാനുള്ള പ്രേരണ.

1999ലെ തിരഞ്ഞെടുപ്പില്‍ പതിമൂന്നാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കുമെതിരെ എം ഡി എം കെ ഒറ്റക്ക്‌ ജനവിധി തേടിയെങ്കിലും ഒരിടത്ത്‌ പോലും വിജയിക്കാന്‍ സാധിച്ചില്ല. 2002ല്‍ എല്‍ ടി ടി ഇ അനുകൂല നിലപാട്‌ കൈക്കൊണ്ട വൈകോയെ പോട്ട നിയമപ്രകാരം ജയലളിത സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസിനൊപ്പം നിന്ന വൈകോ, യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ജയില്‍ മോചിതനായി. 2006ലെ തിരഞ്ഞെടുപ്പ്‌ അടുത്തതോടെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി പി എ സഖ്യം വിട്ട്‌ തലൈവിക്കൊപ്പം ചേര്‍ന്നു. അന്നും പുലികളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വൈകോ തയ്യാറായിരുന്നില്ല. മൂന്ന്‌ സീറ്റ്‌ നേടിയാണ്‌ അന്ന്‌ വരവറിയിച്ചത്‌.

2008ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി വൈകോയെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നായിരുന്നു വൈകോയുടെ ആവശ്യം. അന്ന്‌ കരുണാനിധിയാണ്‌ മുഖ്യമന്ത്രി. വൈകോയുടെ അറസ്റ്റ്‌ രാഷ്‌ട്രീയ പകവീട്ടലാണെന്ന്‌ പറഞ്ഞ്‌ രംഗത്തെത്തിയത്‌ തലൈവി ജയലളിതയും. പിന്നീട്‌ കോടതി ഉത്തരവ്‌ പ്രകാരം ജയില്‍മോചിതനായി.

ഒടുവില്‍ വീണ്ടും തമിഴ്‌നാട്‌ തിരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ വരുമ്പോള്‍ വൈകോ പുറത്താണ്‌. തലൈവി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇരുപത്തൊന്ന്‌ സീറ്റില്‍ നിന്ന്‌ പിന്മാറാന്‍ വൈകോയും പന്ത്രണ്ടിനപ്പുറമില്ലെന്ന്‌ പുരട്‌ചി തലൈവിയും ഉറപ്പിച്ചപ്പോള്‍ വൈകോക്ക്‌ പിന്മാറേണ്ടി വന്നു. ഒറ്റക്ക്‌ മത്സരിക്കാന്‍ ത്രാണിയില്ല. മുന്നണികളിലൊന്നിനും പിന്തുണ പ്രഖ്യാപിക്കാനും സാധിക്കില്ല. പിന്നെ ഒരേയൊരു വഴി തന്ത്രപരമായ പിന്‍വാങ്ങലാണ്‌. പുലികളുടെ രീതി അതാണ്‌. അതുകൊണ്ടു തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം ഡി എം കെ മത്സരിക്കേണ്ടെന്ന്‌ വൈകോ തീരുമാനിച്ചു. മത്സരിക്കാതിരിക്കുന്നതിലും ഭേദം പന്ത്രണ്ട്‌ സീറ്റ്‌ സ്വീകരിക്കുന്നതാണെന്ന്‌ പാര്‍ലിമെന്ററി വ്യാമോഹികള്‍ ഉപദേശിച്ചുവെങ്കിലും ഫലിച്ചിട്ടില്ല. പത്രികാ സമര്‍പ്പണം അവസാനിക്കും വരെ മനസ്സ്‌ മാറാന്‍ സമയമുണ്ട്‌. പക്ഷേ, പുലികളുടെ മനംമാറ്റം അത്ര എളുപ്പമാകില്ല തന്നെ.

Read More......
 

Home | Blogging Tips | Blogspot HTML | Make Money | Payment | PTC Review

ആര്‍ട്ടിക്കിള്‍ 19 © Template Design by Herro | Publisher : Templatemu