വംഗനാട്ടിലെ യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. 1977നു ശേഷം ബംഗാള്‍ കണ്ട ഏറ്റവും വലിയ യുദ്ധത്തിന്റെ അവസാനഘട്ടം. 34 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1972ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മന്ത്രിസഭക്കു ശേഷമുണ്ടായ അതേ അവസ്ഥയിലൂടെയാണ് പശ്ചിമ ബംഗാള്‍ കടന്നുപോകുന്നത്. സിദ്ധാര്‍ഥ് ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്ത് നക്‌സലൈറ്റുകള്‍ സംസ്ഥാനത്ത് സജീവമായിരുന്നു. ഇപ്പോള്‍ സി പി ഐ (മാവോയിസ്റ്റ്) യുടെ സജീവ സാന്നിധ്യമുണ്ട്. 1977ല്‍ ഭൂമി വലിയ രാഷ്‌ട്രീയ പ്രശ്‌നമായിരുന്നു. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമി അനുവദിക്കുന്നത് സി പി എമ്മും ഇടത് പാര്‍ട്ടികളും ഉന്നയിച്ചു. ഇന്നും ഭൂമി പ്രധാന പ്രശ്‌നമാണ്. കൃഷി ഭൂമി വ്യാവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്നതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമാക്കുന്നത് എന്ന് മാത്രം.
1977ല്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിക്കൊപ്പം നിന്നു. പിന്നീടിത്രകാലം ന്യൂനപക്ഷത്തിന്റെ പിന്തുണ അവര്‍ക്കുണ്ടായി. എന്നാല്‍ ന്യൂനപക്ഷം സി പി എമ്മിനെയും ഇടത് മുന്നണിയെയും കൈവിടുന്നുവെന്ന തോന്നലാണ് 2011ലുള്ളത്. ഈ മാറ്റത്തിന്റെയെല്ലാം നേതൃത്വത്തില്‍ ദീദിയാണ്. ലാല്‍ഗഢിലൂടെ ജംഗല്‍ മഹലിലാകെയും അവിടെ നിന്ന് മറ്റിടങ്ങളിലേക്കും സി പി ഐ (മാവോയിസ്റ്റ്) സ്വാധീനം വ്യാപിപ്പിക്കുന്നതും ദീദിയിലൂടെ ഉയര്‍ന്ന മാറ്റങ്ങളുടെ മറപിടിച്ചാണ്.
കോണ്‍ഗ്രസ് ഐയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മമത, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഘടകം സെക്രട്ടറിയായതോടെയാണ് രാഷ്‌ട്രീയത്തില്‍ ശോഭിച്ച് തുടങ്ങിയത്. 1984ല്‍ എട്ടാമത് ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുകയും ചെയ്‌തു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്‌പൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ് മമതയുടെ രംഗപ്രവേശം. കോണ്‍ഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ച 89ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 91ലെ തിരഞ്ഞെടുപ്പില്‍ മമത തിരിച്ചെത്തി. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ന്യൂനപക്ഷ മന്ത്രിയഭയില്‍ സ്‌പോര്‍ട്‌സ്, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയുമായി. കായിക രംഗത്ത് തന്റെ നിലപാടുകള്‍ക്ക് കേന്ദ്രം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചെങ്കിലും പിന്നീട് അതേ വകുപ്പുകള്‍ തന്നെ മമതക്ക് തിരിച്ചു നല്‍കി. പശ്ചിമ ബംഗാളില്‍ സി പി എമ്മിനോട് കോണ്‍ഗ്രസ് മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മമത വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസ് വിടുന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കി യഥാര്‍ഥ കോണ്‍ഗ്രസിനു വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേയുള്ളൂവെന്ന് പൊതുപരിപാടിയില്‍ പറയുകയും ചെയ്‌തു.
96ലെ പതിനൊന്നാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മമത, ഭരണപക്ഷത്തിരിക്കെ പെട്രോള്‍ വില വര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി. 97ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന രാം വിലാസ് പാസ്വാനും മമതയുടെ ചൂട് അറിഞ്ഞതാണ്. റെയില്‍വേ ബജറ്റില്‍ ബംഗാളിനെ തഴഞ്ഞുവെന്നാരോപിച്ച് പാസ്വാന്റെ നേര്‍ക്ക് തന്റെ ഷാള്‍ വലിച്ചെറിഞ്ഞാണ് മമത പ്രതിഷേധം അറിയിച്ചത്. തുടര്‍ന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍, സ്‌പീക്കര്‍ പി എ സാംഗ്‌മ രാജി സ്വീകരിക്കാന്‍ തയ്യാറായില്ല.
97ല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന മമത ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്‌കരിച്ച് പ്രവര്‍ത്തനം ബംഗാളില്‍ വ്യാപിപ്പിച്ചു. വളരെ വൈകാതെ തൃണമൂല്‍ ബംഗാളിലെ മുഖ്യ പ്രതിപക്ഷമായി. അവസരങ്ങള്‍ക്കൊത്ത് സഖ്യങ്ങളിലും മാറ്റം വരുത്തിയായിരുന്നു പിന്നീട് മമതയുടെ യാത്ര. 99ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഘടകക്ഷിയായി നിലകൊണ്ട മമത ജയിച്ചുകയറിയപ്പോള്‍ ആദ്യമായി റെയില്‍വേ മന്ത്രിയുമായി. ബംഗാളിന് വാരിക്കോരി നല്‍കിക്കൊണ്ട് തന്നെയായിരുന്നു 2000ത്തിലെ മമതയുടെ ആദ്യ റെയില്‍വേ ബജറ്റും.
അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ എന്‍ ഡി എയോട് വിട പറഞ്ഞ് കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ചു. കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യമാണ് 2001ലെ പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ബി ജെ പിയുമായി സഖ്യത്തിലെത്തിയ മമത വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. 2004 ജനുവരിയില്‍ എന്‍ ഡി എ മന്ത്രിസഭയിലെത്തിയ മമതക്ക് കല്‍ക്കരി, ഖനനം വകുപ്പുകളാണ് ലഭിച്ചത്. 2004ലെ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്. തൃണമൂല്‍- ബി ജെ പി സഖ്യം, കോണ്‍ഗ്രസ് ഇടതുമുന്നണി എന്നിവ മത്സരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം എന്ന പേരുമായാണ് മമത അത്തവണ ലോക്‌സഭ കണ്ടത്. 42 സീറ്റുകളില്‍ 35 എണ്ണത്തിലും ഇടതുപക്ഷം വിജയിച്ചു. ആറെണ്ണം കോണ്‍ഗ്രസിന് ലഭിച്ചു.
2004ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം തന്നെ വരുത്തി. ഒരു കരണത്തടിച്ചാല്‍ എതിരാളിയുടെ ഇരു കരണത്തും ആഞ്ഞടിക്കുക എന്നായി രീതി. അതിന് മാവോയിസ്റ്റ് സംഘടനകളുമായി രഹസ്യമായ ധാരണയിലെത്തിയതായും ഇടത് കക്ഷികള്‍ ആരോപിക്കുന്നു. സംഘര്‍ഷാത്മകമായ രാഷ്‌ട്രീയത്തിനാണ് അത് വഴിതെളിച്ചത്. അവസരവാദ രാഷ്‌ട്രീയത്തിന്റെ മറയുമായി മമത കോണ്‍ഗ്രസുമായി അടുത്തത് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതോടെയാണ്.
ഇപ്പോഴില്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്ന് ആവര്‍ത്തിച്ചാണ് അന്ന് തിരഞ്ഞെടുപ്പിനെ മമത നേരിടുന്നത്. എന്നാല്‍, സംസ്ഥാനത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ മമതക്കോ തൃണമൂലിനോ സാധിച്ചില്ല. ബംഗാളിലെ ജനങ്ങള്‍ അത്തവണയും ഇടതിനെ തുണച്ചപ്പോള്‍ മുപ്പത് സീറ്റുമായി മമത ഇല്ലാത്ത പ്രതിപക്ഷത്തിരുന്നു.
വ്യവസായവത്‌കരണമാണ് ബംഗാളില്‍ ഇനി വേണ്ടതെന്ന പിന്നീട് അധികാരത്തിലെത്തിയ ബുദ്ധദേവ് സര്‍ക്കാറിന്റെ തീരുമാനം മമതക്ക് തുണയായി. ടാറ്റയുടെ ചെറു കാര്‍ നിര്‍മിക്കുന്നതിന് സിംഗൂരിലെ കൃഷി ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധദേവും സി പി എമ്മും തീരുമാനിച്ചതോടെ ഇടതിന്റെ ശനിദശ തുടങ്ങി. അതിനെതിരെ ഉയര്‍ന്ന കര്‍ഷക രോഷത്തില്‍ തൃണമൂലും എസ് യു സി ഐ, പാര്‍ട്ടി ഓഫ് ഡെമോക്രാറ്റിക് സോഷ്യലിസവും മാവോയിസ്റ്റുകളും സാമൂഹിക സംഘടനകളും കൈകോര്‍ത്തപ്പോള്‍ അതിന്റെ മുന്നണിപ്പോരാളിയായി മമത നിന്നു. ഏറ്റുമുട്ടലുകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഒടുവില്‍ കാര്‍ നിര്‍മാണ യൂനിറ്റ് ടാറ്റ ഗുജറാത്തിലേക്ക് മാറ്റി.
ഇതിനിടെ ജക്കാര്‍ത്തയിലെ സലീം ഗ്രൂപ്പിന് കെമിക്കല്‍ ഹബ്ബ് നിര്‍മിക്കാന്‍ നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു. സിംഗൂരിലെ അതേ വീര്യവുമായി മമത നന്ദിഗ്രാമിലേക്ക് കുതിച്ചു. അവിടെ സി പി എം മമതയെ കാത്തുനിന്നു.
സിംഗൂരില്‍ നടന്നതിനേക്കാളും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് നന്ദിഗ്രാം വേദിയായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു. കെമിക്കല്‍ ഹബ്ബിന് സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ തടിയൂരി.
സിംഗൂരും നന്ദിഗ്രാമും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി മമതക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതോടെ ഇടതുവിരുദ്ധ മുന്നണിക്ക് 1977നു ശേഷം ചരിത്രത്തില്‍ ഏറ്റവുമധികം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പായി 2009ലെ പൊതുതിരഞ്ഞെടുപ്പ് മാറി.
ഒന്‍പത് സീറ്റുകള്‍ സി പി എം നേടിയപ്പോള്‍ പത്തൊന്‍പത് സീറ്റാണ് തൃണമൂല്‍ വാരിക്കൂട്ടിയത്. 84ലെ ഇന്ദിരാ സഹതാപ തരംഗത്തേപ്പോലും അത് കടത്തിവെട്ടി. അന്ന് ഇടത്‌വിരുദ്ധ കക്ഷികള്‍ക്ക് ലഭിച്ചത് പതിനാറ് സീറ്റായിരുന്നു.
ഏഴാം തവണയും ലോക്‌സഭയിലെത്തുകയും രണ്ടാം തവണയും റെയില്‍വേ മന്ത്രിയാകുകയും ചെയ്‌ത മമത, ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തറപ്പിച്ച് പറയുന്നുണ്ട്. ഇടതിനെ തകര്‍ത്ത് കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ തന്റെ ചിരകാല അഭിലാഷമായ ബംഗാള്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ മമത എത്താതിരിക്കില്ല.
Read More......